ഭയം എന്തിന് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എന്തിനെയെങ്കിലും ഭയമില്ലാത്തവരുണ്ടോ? മറ്റെല്ലാമെന്നപോലെ ജന്മനാ മനുഷ്യനിൽ ഉള്ള ഒരു വികാരം തന്നെയാണ് ഭയവും. ഭയം തീരെയില്ലാത്ത ചിലരുമുണ്ട് എന്നത് മറ്റൊരു കാര്യം. പേടിയില്ലായ്‌മയെക്കുറിച്ചല്ല പേടിയുള്ളതിനെക്കുറിച്ചാണ് ഈ ലേഖനം.
ഒന്നുമറിയാത്ത കൊച്ചുകുഞ്ഞുങ്ങൾക്കു പോലും പേടികളുണ്ട്. മൂന്നോ നാലോ മാസമാകുമ്പോൾ അമ്മയെയും വീട്ടിലുള്ളവരെയും തിരിച്ചറിഞ്ഞു തുടങ്ങുന്ന കുഞ്ഞ് അപരിചിതരെ പേടിച്ചു തുടങ്ങും. ഈ പേടി ചില കുഞ്ഞുങ്ങൾക്ക് വളരെ കൂടുതലാണ്. പരിചയമില്ലാത്തവരെ കണ്ടാൽ ഈ കുഞ്ഞുങ്ങൾ ഉറക്കെ കരയും. നമ്മൾ വളരുന്തോറും ഈ പേടികൾ കുറയും. ചിലപ്പോൾ പേടികൾ നമ്മളോടൊപ്പം വളരും. എപ്പോഴാണ് നമ്മൾ ധൈര്യം ആർജ്ജിക്കുക ! എന്നങ്ങു തീർത്തു പറയാനാവില്ല. ഒന്നിനെക്കുറിച്ചും ഭയമില്ലാത്ത ചില സുഹൃത്തുക്കൾ എനിക്കുണ്ട്. വളരെ പോസിറ്റീവാണ് എല്ലാകാര്യത്തിലും ഇവർ. അതേ സമയം എല്ലാത്തിനെക്കുറിച്ചും എപ്പോഴും ആവശ്യമില്ലാത്ത ഉത്ക്കണ്ഠയും ഭയവും ഉള്ള കൂട്ടുകാരും എനിക്കുണ്ട്. മിക്കവാറും ഒരു നെഗറ്റീവ് ചിന്താഗതിയാണ് ഇവർക്ക്.
കണ്ണിനു തീരെ കാഴ്ചക്കുറവുള്ള ഒരു കൂട്ടുകാരിയോട് ഞാൻ ചോദിച്ചു .
"കാറ്ററാക്റ്റ് ഓപ്പറേഷൻ ചെയ്തോ?"
"ഇല്ല ദേവീ.എനിക്ക് കണ്ണിൽ ഓപ്പറേഷൻ ചെയ്യുന്നത് പേടിയാണ് ."
"എന്തിന് പേടി? ഞങ്ങൾക്കൊക്കെ പണ്ടേ ചെയ്തതല്ലേ? ഒരു വേദനയുമില്ലാത്ത സുഖകരമായ ഓപ്പറേഷൻ ആണ്."
"അതല്ല ദേവീ കണ്ണു മൂടി വയ്ക്കില്ലേ, അതെനിക്ക് പേടിയാണ്."
ചെറുപ്പം മുതലേ ഓപ്പറേഷനുകളും തീയേറ്ററുകളും ചിരപരിചിതമായതിനാൽ എനിക്ക് അത്തരം പേടികളില്ല. എത്ര തവണയാണ് ഞാൻ ഓപ്പറേഷൻ തീയേറ്ററിലെ മേശപ്പുറത്ത് മയങ്ങിക്കിടന്നിട്ടുള്ളത്! എത്ര തവണയാണ് ഉടൽ കീറി മുറിക്കപ്പെട്ടിട്ടുള്ളത്. പിന്നെയാണോ ഒരു തിമിര ശസ്ത്രക്രീയ?
ഒരു ചെറിയ പനി വന്നാൽ മതി എന്റെ ഒരു കൂട്ടുകാരി ആശുപത്രിയിൽ പോയി ഡോക്ടറെക്കണ്ട് സകല ടെസ്റ്റുകളും ചെയ്യും. അസുഖമൊന്നുമില്ലയെന്ന് ഡോക്ടർ പറഞ്ഞാലും വിശ്വാസമില്ല. എപ്പോഴും രോഗഭയമാണ്. ഒരുപാട് അനുഭവിച്ചിട്ടുള്ളതു കൊണ്ടാവാം രോഗത്തെക്കുറിച്ചുള്ള പേടിയും എനിക്കില്ല.
ചിലർക്ക് മരണത്തെയാണ് ഭയം. ജീവിച്ചു കൊതി തീരാഞ്ഞിട്ടാണോ, രോഗങ്ങളും യാതനകളും വേദനകളുമായാണോ മരണം വരിക എന്ന പേടിയാണോ, മക്കളെയും കൊച്ചുമക്കളെയും വിട്ടു പോകാനുള്ള വിഷമം കൊണ്ടാണോ ഈ മരണഭീതി? അറിയില്ല . ജീവിതത്തിൽ ഉറപ്പുള്ള ഒരേ ഒരു കാര്യം മരണമല്ലേ ? എന്നായാലും എപ്പോഴായാലും വരാതിരിക്കില്ല. പിന്നെ പേടിച്ചിട്ടെന്തു കാര്യം?
എത്രയോ തരം പേടികളുണ്ട്. വെള്ളം പേടി, വള്ളം പേടി, ഇടി പേടി, വെടി പേടി. കിണറു പേടി, കുളം പേടി. പട്ടിയെപ്പേടി, പോത്തിനെപ്പേടി. ഇതൊക്കെ സാധാരണ പേടികൾ. ഇതിനു പുറമെ ഭൂതപ്രേത പിശാചുക്കളെ പേടിയാണ് ചിലർക്ക്. സ്വന്തം വീട്ടിനകത്തു പോലും ഒറ്റയ്ക്കിരിക്കാൻ പേടിയാണ്. അതിന് ഉദാഹരണമാണ് സിന്ധു. രാത്രി ഒറ്റയ്ക്ക് അടുക്കളയിൽ നിൽക്കാൻ പോലും ധൈര്യമില്ല.
"ജനലും വാതിലുമൊക്കെ അടച്ചു പൂട്ടി ഫ്ലാറ്റിനകത്തിരിക്കാൻ എന്തിനാണ് പേടി സിന്ധൂ. പോരെങ്കിൽ ശശി കൂടെയില്ലേ ?" എന്ന് ചോദിച്ചാൽ അവൾ പറയും .
"എന്റെ ചേച്ചീ ഭൂതപ്രേതങ്ങൾക്ക് എങ്ങനെയും വരാല്ലോ.'
"ജീവിച്ചിരിക്കുന്നവരെ പേടിച്ചാൽ മതി സിന്ധൂ, കള്ളന്മാരെയും ദുഷ്ടന്മാരെയും. മരിച്ചവർ നമ്മളെ ഒന്നും ചെയ്യുകയില്ല." ഞാൻ സമാധാനിപ്പിച്ചു. പക്ഷേ ഇന്നും സിന്ധുവിന്റെ പേടി മാറിയിട്ടില്ല.
ഭൂതം പ്രേതം യക്ഷി ഇവയിലൊന്നും എനിക്ക് വിശ്വാസമില്ല. പക്ഷേ ഞാൻ പേടിക്കഥകൾ വായിക്കാറില്ല. യക്ഷിക്കഥകൾ കേൾക്കാറില്ല. ഹൊറർ സിനിമകൾ കാണാറില്ല. വെറുതെ എന്തിന് എന്റെ മനസ്സിനെ അസ്വസ്ഥമാക്കണം. ഒറ്റയ്ക്കാകുമ്പോൾ അതൊക്കെ ഓർത്തു ഞാൻ ഭയവിവശയായാലോ? ഉള്ള ധൈര്യം കളയണ്ട.
സ്വതവേ ഒരു വിധം ധൈര്യമുള്ള കൂട്ടത്തിലാണ് ഞാൻ. പക്ഷേ ധീരവനിത എന്നൊന്നും എന്നെ വിശേഷിപ്പിച്ചു കളയരുത്. വളരെ വിചിത്രമായ കുറെ പേടികൾ എനിക്കുണ്ട്. കേട്ടാൽ ആരും ചിരിച്ചു പോകും.
വലിയ വൃക്ഷങ്ങളെ എനിക്ക് പേടിയാണ്. അസാമാന്യമായ ഉയരവും, അനേകം ശാഖകളും, തിങ്ങി നിറഞ്ഞ് ഇലകളുമുള്ള ഒറ്റപ്പെട്ട മരങ്ങൾ. അവയ്ക്കടുത്തു കൂടെ പോകുമ്പൊമ്പോൾ അതുവരെ വെറുതെ നിന്ന മരത്തിൽ പെട്ടന്ന് കാശു വീശുന്നുവെന്നും ശാഖകൾ ആടിയുലയുന്നുവെന്നും ഇലകൾ മർമ്മരം പുറപ്പെടുവിക്കുന്നുവെന്നും എനിക്ക് തോന്നും .
വന്മലകൾ കാണാൻ എനിക്ക് ഇഷ്ടമല്ല. അവയ്ക്കടുത്തു കൂടെ വാഹനത്തിലായാൽ പോലും പോകുമ്പോൾ പഴയ വൈശാലി സിനിമയിലെപ്പോലെ ഗർജിച്ചു കൊണ്ട് അവ വലിയ പാറകൾ ഉരുട്ടിയിടുമോ എന്ന് ഞാൻ ഭയപ്പെടും.
അണക്കെട്ടുകൾ കാണാൻ ഞാൻ പോകാറേയില്ല. ചെറുപ്പത്തിൽ മലമ്പുഴയും, പീച്ചിയും , ഇടുക്കിയും, ഷോളയാറുമൊക്കെ കണ്ടിട്ടുണ്ട്. അന്ന് തുടങ്ങിയ പേടിയാവണം. അവയുടെ ഉയരമോ, വലിപ്പമോ, ആകൃതിയോ, അവയ്ക്കുള്ളിൽ കെട്ടി നിർത്തിയിരിക്കുന്ന വെള്ളത്തിന്റെ വ്യാപ്തിയോ, എന്താണെന്നെ പേടിപ്പിക്കുന്നതെന്ന് എനിക്കറിയില്ല.
പിന്നെ ഭീകരമായ വലിപ്പമുള്ള പ്രതിമകൾ എവിടെയൊക്കെയോ ഇല്ലേ? കോയമ്പത്തൂരിലെ ശിവന്റെ അർദ്ധകായ പ്രതിമ, ജടായുപ്പാറയിലെ ഭീമാകാരനായ ജടായു, മൂവാറ്റുപുഴയിലെ പീയാത്ത-എന്റെ ദൈവമേ ഇവയുടെയൊക്കെ പടം കണ്ടാൽ പോലും ഞാൻ ഭയന്നു വിറയ്ക്കും. അതിലും പടുകൂറ്റൻ പ്രതിമകൾ ലോകത്തു പലയിടത്തുമുണ്ടാകും. അതൊക്കെ അവിടെ സ്ഥിതി ചെയ്‌തോട്ടെ. ഇങ്ങോട്ടു വന്ന് അവയൊന്നും എന്നെ പേടിപ്പിക്കുകയില്ല. അങ്ങോട്ട് പോകാതിരുന്നാൽ പോരെ ?
അതിഭയങ്കരമായ ശബ്ദങ്ങളും എന്നെ നടുക്കും. ഇടി വെട്ടുമ്പോൾ ഞാൻ കാത് പൊത്തും. തീയേറ്ററിൽ സിനിമ കാണുമ്പോൾ സ്പീക്കറുകളിലൂടെ (ഡോൾബി)
ശബ്ദമുയരുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടും.
"ഇതൊരു വല്ലാത്ത മാനസികാവസ്ഥയല്ലേ ദേവീ."പലരും എന്നോട് ചോദിച്ചിട്ടുണ്ട്. സത്യത്തിൽ എനിക്കറിയില്ല. ചെറുപ്പത്തിലെന്നോ ഉടലെടുത്ത ഭയങ്ങളാണോ? അതിനു ഒരു അനിഷ്ടസംഭവവും കുട്ടിക്കാലത്തു ഉണ്ടായിട്ടില്ലല്ലോ.
മിക്കവർക്കും ഉണ്ടാവും ഇത്തരം വിചിത്രമായ പേടികൾ ! പിന്നെ അവരത് പറയുന്നില്ലെന്നേയുള്ളു.
English Summary : Kadhayillaimakal column by Devi JS on fear