ആത്മഹത്യയ്ക്ക് മുൻപ് !

kadhayillaimakal-column-by-devi-js-on-suicide
SHARE

ആത്മഹത്യ ഭീരുത്വമാണ്. ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്.എന്നൊക്കെ പറയാറുണ്ട്. പക്ഷേ അല്ല. അത് ഭീരുത്വമോ ഒളിച്ചോട്ടമോ അല്ല. ഒരാളെ കൊല്ലാൻ, അത് അവനവനെ തന്നെയാണെങ്കിലും നല്ല ധൈര്യം വേണം. മടുത്തു ജീവിതം എന്ന് തോന്നുമ്പോഴും അതവസാനിപ്പിക്കാൻ ഏവരും മടിക്കുന്നത് ഭയം കൊണ്ട് മാത്രമല്ല .ജീവിതത്തോടുള്ള അഭിനിവേശം കൊണ്ട് കൂടിയാണ്.  ദേഹിക്ക് ദേഹം എത്രയും പ്രിയങ്കരം എന്നല്ലേ മഹത് വചനം.

പെട്ടെന്ന് ഒരു എടുത്തു ചട്ടത്തിൽ ചെയ്തു പോകുന്നതാവാം. പതുക്കെ പ്ലാൻ ചെയ്ത് ചെയ്യുന്നത് മാവാം ഈ സ്വയം ഹത്യ.

എന്തിന്, എന്തിനാണിങ്ങനെ ജീവിതം അവസാനിപ്പിക്കുന്നത്? ജീവിതം ഇത്ര നിസ്സാരമോ?. ഓരോ ആത്മഹത്യയെക്കുറിച്ച് കേൾക്കുമ്പോഴും ഞാൻ ചോദിക്കാറുണ്ട്. ആരോട്? മരിച്ചവർ അത് കേൾക്കുകയില്ലല്ലോ.

ഈയിടെയായി ആത്മഹത്യകളുടെ എണ്ണം ദിവസേനയെന്നോണം വർധിക്കുന്നു. കാര്യകാരണങ്ങൾ എന്തുമാകട്ടെ, അത്യന്തം ദുഃഖകരമായ ഒരു സംഭവം തന്നെയാണത്. ഒരു ജീവനല്ലേ നിലച്ചു പോകുന്നത് ! ഒരു ജീവിതമല്ലേ അങ്ങു തീർന്നു പോകുന്നത് ! സങ്കടകരം തന്നെയാണത്. എത്രപേരെയാണ് ഒരു ആത്മഹത്യ തീരാ ദുഃഖത്തിലാഴ്ത്തുന്നത്. ഇതൊക്കെ സ്വയം മരിക്കാനൊരുങ്ങുന്നവർ ചിന്തിക്കാറുണ്ടോ?

ഈയിടെ എന്റെ ഒരു യുവസുഹൃത്തിന്റെ പതിനാറു വയസ്സായ മകൻ തൂങ്ങി മരിച്ചു. അതുകണ്ടു വന്ന അച്ഛന്റെ മാനസികാവസ്ഥ നമുക്ക് ഊഹിക്കാൻ പോലുമാവില്ല. എന്തിനാണവൻ അങ്ങനെ ചെയ്തതെന്ന് ഒരു പക്ഷെ അച്ഛനും അമ്മയ്ക്കും അറിയാമായിരിക്കും. പക്ഷേ  അറിയില്ല എന്നാണവർ പറയുന്നത്. അതിനും സാദ്ധ്യതയുണ്ട്. ആ കുട്ടി ആരോടും ഒന്നും പറഞ്ഞിട്ടുണ്ടാവില്ല. കുറെ കാലമായി അവൻ വളരെ നിശ്ശബ്ദനായിരുന്നു. ഇനി വല്ല ഡിപ്രഷനും ആയിരുന്നോ? എങ്കിൽ അതിനും കാരണം വേണമല്ലോ. ഏതു സമയവും  മൊബൈലിൽ നോക്കി ഇരിപ്പായിരുന്നത്രേ. ഗെയിം കളിക്കുമായിരുന്നു എന്ന് പറയപ്പെടുന്നു. ചില ഗെയിമുകൾ മരണത്തിലേയ്ക്ക് നയിക്കുന്നവയാണെന്ന് എല്ലാവർക്കുമറിയാം. അതിൽ പെട്ടുപോയാൽ തീർന്നു. അഡിക്റ്റ് ആയിപ്പോയവർ നിസ്സാഹയരാകും.

ഈ ഗെയിമുകളും മൊബൈലുമൊന്നും ഇല്ലാതിരുന്ന കാലത്തും കുട്ടികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. അൻപതിലേറെ വർഷങ്ങൾക്കു മുൻപ് എന്റെ ഒരു പരിചയക്കാരിയുടെ മകൻ ആത്മഹത്യ ചെയ്തു. അവൻ ഒൻപതാം ക്ലാസ്സിൽ തോറ്റു. പക്ഷേ  ഈ വിവരം വീട്ടിൽ  അറിയിച്ചില്ല. പാസ്സായി എന്നു നടിച്ച് പത്താം  ക്ലാസ്സിലെ പുസ്തകങ്ങൾ വാങ്ങി. ഇന്നത്തെപ്പോലെ സ്കൂളിൽ നിന്ന് മാതാപിതാക്കളുടെ മൊബൈലിൽ മെസ്സേജ് വരുന്ന കാലമൊന്നുമല്ലല്ലോ. കുട്ടികൾ തന്നെ സ്കൂളിൽ പോയി റിസൾട്ട്  അറിഞ്ഞു വരികയായിരുന്നു പതിവ്. ദിവസങ്ങൾ കഴിഞ്ഞു പോയതോടെ അവന് നിൽക്കക്കള്ളിയില്ലാതായി. പത്തിലെ പ്രയാസമുള്ള വിഷയങ്ങൾക്ക് ട്യൂഷന് പോകാൻ അച്ഛനുമമ്മയും നിർബന്ധിച്ചു. ഒൻപതിലെ  പാഠങ്ങൾ എടുത്തു പഠിക്കാനാവുമോ? അച്ഛനെയും അമ്മയേയും കബളിപ്പിക്കുകയായിരുന്നു എന്ന് തുറന്നു പറയാനും  വയ്യ. ഒടുവിൽ അവൻ ജീവനൊടുക്കി. അച്ഛനും അമ്മയും ചേട്ടനും ചേച്ചിയുമെല്ലാം അവനെ എത്രമാത്രം സ്നേഹിച്ചിരുന്നു. അവന്റെ ആത്മഹത്യ അവരെ എത്രമാത്രം സങ്കടപ്പെടുത്തും ഇതൊന്നും അവൻ ഓർത്തതേയില്ലല്ലോ. അച്ഛനും അമ്മയും ഉദ്യോഗസ്ഥർ.ധാരാളം സമ്പത്ത്. ആർഭാടകരമായ ജീവിതം. സുഖസൗകര്യങ്ങൾ കൂടിപ്പോയാലും അതിനൊരു വിലയുണ്ടാവില്ല എന്ന് അന്ന് പലരും പറഞ്ഞു.

ആത്മഹത്യയ്ക്ക് പലർക്കും പലകാരണങ്ങൾ ഉണ്ടാവും. എന്റെ ബാല്യകാല സഖി സുമതി മരിച്ചു കളഞ്ഞത് രോഗഭയം കൊണ്ടായിരുന്നു. അസുഖങ്ങൾ അലട്ടിയപ്പോൾ ഡോക്ടറെ കണ്ടു. ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവൾക്കു കാൻസർ ആണെന്ന് അവൾ ഭയന്നു. അതിന്റെ യാതനകൾ സഹിക്കവയ്യ എന്ന് തോന്നിയിട്ടാണ് അവൾ ജീവിതം അവസാനിപ്പിച്ചത്. അന്ന് തീരെ  കുട്ടികളായിരുന്ന രണ്ടു മക്കളെ അവൾ ഓർത്തില്ലല്ലോ എന്ന് ഇന്നും ഞാൻ ചിന്തിക്കാറുണ്ട്.

മെഡിസിന് അഡ്‌മിഷൻ കിട്ടിയില്ല. അവൻ അത്രയ്ക്ക് ആഗ്രഹിച്ചതാണ്. വീണ്ടും എൻട്രൻസ് എഴുതി ശ്രമിക്കുന്നതിനു പകരം അവൻ മരണം വരിക്കുകയാണുണ്ടായത്. രണ്ടു തവണ എഴുതി കിട്ടിയില്ല. അപ്പോൾ എത്ര ശ്രമിച്ചാലും കിട്ടുകയില്ല എന്നവൻ ഉറപ്പിച്ചു. പൈസ കൊടുത്ത് അഡ്‌മിഷൻ വാങ്ങിക്കൊടുക്കില്ല എന്ന് അച്ഛൻ തീർത്തു പറഞ്ഞു .അതോടെ അവൻ നിരാശനായി. 'മെഡിസിന് പോയില്ലെങ്കിലെന്താ ?വേറെ എന്തെല്ലാം പഠിക്കാം. എന്നവനെ പറഞ്ഞു മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ലേ?' ഞാനവന്റെ അമ്മയോട് ചോദിച്ചു. 'അതിനവൻ  ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞിട്ട് വേണ്ടേ? അവന്റെ ലാപ് ടോപ് പോലും  എല്ലാം ഡിലീറ്റ് ചെയ്ത്  അവൻ ക്ലിയർ ആക്കിയിരുന്നു'.  അവന്റെ അമ്മ പറഞ്ഞു. അവർ ഇന്നും അതോർത്ത് നിരാശപ്പെടുന്നു.

അതാണ് കാര്യം. ആത്മഹത്യയിലേക്ക് നടന്നടുക്കും മുൻപേ എന്ത് കൊണ്ട് ആരോടെങ്കിലും എല്ലാമൊന്ന് തുറന്നു പറയാൻ ഇവർ തയാറാകുന്നില്ല. കാമുകിയെ കുത്തിക്കൊന്ന് സ്വയം  കുത്തിച്ചാകുന്നവൻ, ആരോടെങ്കിലും പക തീർക്കാനായി സ്വയം കത്തിച്ച് ചാകുന്നവർ, പെട്ടെന്നുള്ള പ്രകോപനം കൊണ്ട് പുഴയിലോ കിണറിലോ ചാടി ചാകുന്നവർ , കുടുംബത്തെ മുഴുവൻ കൊന്നിട്ട് സ്വയം ചാകുന്നവർ, അവരെയൊക്കെ വിട്ടേക്കൂ. അവർ മദ്യത്തിനോ, മയക്കു മരുന്നിനോ, അടിമയായവരാകും .മനസ്സിന്റെ സമനിലതെറ്റിയവരാകും. നമുക്കൊന്നും ചെയ്യാനാവില്ല. പെട്ടന്നുള്ള ക്ഷോഭം കൊണ്ട് അല്ലെങ്കിൽ പതുക്കെ മരിക്കാനുള്ള തീരുമാനത്തിലെത്തുന്നവരെ നമുക്ക് തിരുത്താനാവും. അവർ പ്രശ്നങ്ങൾ ആരോടെങ്കിലും ചർച്ച ചെയ്യുമെങ്കിൽ. ഒരു നിമിഷം ഒന്ന്  അറച്ചു നിന്നാൽ അല്ലെങ്കിൽ ഒന്ന് പിന്തിരിഞ്ഞാൽ അവർ ആ ക്രൂര കൃത്യത്തിൽ നിന്ന് പിന്മാറും. പക്ഷെ അതിനുള്ള അവസരങ്ങൾ മിക്കപ്പോഴും ലഭിക്കുകയില്ല എന്നതാണ് സങ്കടകരം. 

           

പ്രണയം നിരസിക്കപ്പെടുമ്പോൾ ചാവുക മാത്രമല്ല ,മറ്റെയാളെ കൊല്ലുകയും ഇപ്പോൾ പതിവാണല്ലോ. എന്തു പറ്റി  ഈ യുവ തലമുറയ്ക്ക്. മരണവും കൊലപാതകവുമൊക്കെ അവർക്ക്  ഇത്ര നിസ്സാരമോ ? ജീവൻ എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലാക്കാനുള്ള ചിന്താശക്തി ഈ തലമുറയ്ക്കില്ലേ? ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് പണ്ട് മുതലേ അറിവുള്ളവർ പറഞ്ഞു വച്ചിട്ടുണ്ട്.എന്തായാലും ലോകാവസാനം വരെയൊന്നും ആരും ജീവിക്കാൻ പോകുന്നില്ല. ദുഃഖമായാലും ദുരിതമായാലും അതിനൊരവസാനമുണ്ടാകും. അതുവരെ സഹിച്ചു കൂടെ? ദൈവം തന്ന ജന്മം (നമ്മൾ ദൈവവിശ്വാസികളാണെങ്കിൽ )ജീവിച്ചു തീർക്കുകയാണ് വേണ്ടത്.      

        

English Summary : Kadhayillaimakal column by Devi JS on suicide                              

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}