സ്വർണത്തിന്റെ സുഗന്ധം

488547288
Photo Credit : Muralinath / istockphoto.com
SHARE

സ്വർണത്തിന് സുഗന്ധമുണ്ടോ? ഇല്ല. മഞ്ഞ നിറവും തിളക്കവുമാണ്  സ്വർണത്തിന്റെ ചാരുത. ഇതു  പറയുമ്പോൾ പഴയ ഒരു പാട്ട് ഓർമ്മ വരുന്നു.

'സ്വർണത്തിനെന്തിനു ചാരു ഗന്ധം 

രാജഹംസങ്ങൾക്കെന്തിനു പഞ്ചവർണം'

ഏതു സിനിമയിലേതെന്നോ ആരു പാടിയതെന്നോ ഓർത്തെടുക്കാനാവുന്നില്ല. ശരിയാണ് സ്വർണത്തിനെന്തിനാണ് നല്ല മണം? അല്ലാതെ തന്നെ മനോഹരമല്ലേ? അതുപോലെ വെള്ളനിറമുള്ള അരയന്നങ്ങൾക്ക് എന്തിനാണ് പഞ്ചവർണങ്ങൾ? അല്ലാതെ തന്നെ അവ അതിസുന്ദരമല്ലേ? (ഏതോ നായികയെ വർണിക്കുന്നതാവണം സന്ദർഭം.)        

സ്വർണത്തിന് നാസികാഗോചരമല്ലാത്ത ഒരു സുഗന്ധമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ സ്വർണം ഇങ്ങനെ വിലമതിക്കാനാവാത്തതായി മാറുന്നതെന്തു കൊണ്ട്? എന്ത് വില കൊടുത്തും സ്വർണം സ്വന്തമാക്കാൻ നമ്മൾ തയാറാകുന്നതെന്തുകൊണ്ട് ? ഈ മഞ്ഞലോഹം മനുഷ്യനെ ഇങ്ങനെ ആകർഷിക്കുന്നതെന്തുകൊണ്ട് ?

സ്വർണാഭരണങ്ങൾ മിക്കവർക്കും പ്രിയങ്കരം തന്നെയാണ്. അവ നഷ്ടപ്പെട്ടാൽ വലിയ സങ്കടമാണ്. ഒന്നാമത് അവയോടുള്ള ഭ്രമം. രണ്ടാമത് അവയുടെ വില. എത്ര പണം കൊടുത്താണ് ഒരു സ്വാർണാഭരണം സ്വന്തമാക്കുന്നത്! അതിലൊന്ന് കളഞ്ഞു പോകുമ്പോഴുള്ള നഷ്ടം പറഞ്ഞറിയിക്കാനാവില്ല.

ആ നഷ്ടബോധത്തെക്കുറിച്ചാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്. കാരണം സ്വർണം കളയുന്നവരിൽ ഞാനും ഉണ്ട്.

'സൂക്ഷിക്കാഞ്ഞിട്ടല്ലേ ശ്രദ്ധിക്കാഞ്ഞിട്ടല്ലേ ,ഉണ്ടായിട്ടല്ലേ 'എന്നൊന്നും ചോദിക്കരുത്.

'കമ്മലിന്റെ ആണി  ഇടയ്‌ക്കൊന്നു മുറുക്കണം. മാലയുടെ കൊളുത്തു വല്ലപ്പോഴും ഒന്ന് നോക്കണം. പാദസരം ഉണ്ടോ എന്ന് കൂടെക്കൂടെ നോക്കണം ' എന്നൊക്കെ ശകാരിച്ചിട്ടും  കാര്യമില്ല. എത്ര സൂക്ഷിച്ചാലും എത്ര ശ്രദ്ധിച്ചാലും ചിലപ്പോൾ സ്വർണം കളഞ്ഞു പോകും. എന്റെ അനുഭവം അതാണ്. വളരെയധികം സൂക്ഷിക്കാറുണ്ട് ഞാൻ. എന്നിട്ടും പലതവണ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്.

ആഴ്ച ഫലത്തിലൊക്കെ പറയാറില്ലേ , 'ഈയാഴ്ച ദ്രവ്യനഷ്ടവും തുടർന്ന് മനോവ്യഥയും ഫലം .' 

ഇതിലൊന്നും തീരെ വിശ്വാസമില്ലാത്തയാളാണ് ഞാൻ. എന്നാലും ഇടയ്ക്ക് നഷ്ടപ്പെടുമ്പോൾ സംശയിച്ചു പോകുന്നു .

എനിക്ക് അമ്പതു വയസ്സ് തികഞ്ഞപ്പോൾ '.ചേച്ചിക്ക് അറുപതാകുമ്പോൾ നമ്മൾ രണ്ടാളും ഉണ്ടാവും എന്ന് എന്താണുറപ്പ്? അത് കൊണ്ട് ഷഷ്ടി പൂർത്തി സമ്മാനം ഇപ്പോഴേ തരുന്നു' എന്നൊരു തമാശയുമായി എന്റെ അനുജത്തി മൂന്നു കല്ലുകൾ നിരക്കെ വച്ച മനോഹരമായ ഒരു മോതിരം സമ്മാനിച്ചു. വിരലിൽ ഒരു അസൗകര്യമായി തോന്നുന്നതിനാൽ ഞാൻ സാധാരണ മോതിരം ഇടാറില്ല. ഒരു വിവാഹത്തിനോ മറ്റോ പോയപ്പോൾ എടുത്തണിഞ്ഞു എന്നൊരോർമ. പിന്നെ വന്നു ഊരിവച്ചു. വീണ്ടും ഇടനായി  പിന്നീടൊരിക്കൽ നോക്കുമ്പോൾ മോതിരം കാണാനില്ല .സാധാരണ വയ്ക്കാറുള്ളിടത്തൊക്കെ നോക്കി. വീട് മുഴുവൻ അരിച്ചു പെറുക്കി. ലോക്കറിൽ പോയി നോക്കി. എവിടെയുമില്ല. എവിടെ വച്ച് ,എന്നാണ് കളഞ്ഞത് എന്നൊന്നും ഒരു രൂപവുമില്ലാതെ തിരഞ്ഞിട്ടെന്തിനാ? നിരാശ ഫലം.

ചെറിയ കമ്മലുകളുടെ കല്ല് ഇളകുക, ആണി  വളയുക, കാൽ ഒടിയുക, ഇതൊക്കെ സാധാരണമല്ലേ? അങ്ങനെ അംഗഭംഗം വന്ന ഒരെട്ടുപത്ത് സാധനങ്ങൾ ഒരു കടലാസ്സിൽ പൊതിഞ്ഞു  ഞാൻ സൂക്ഷിച്ചിരുന്നു. എല്ലാം കൂടി മാറ്റി പുതിയതെന്തെങ്കിലും വാങ്ങാമെന്നു കരുതി നോക്കുമ്പോൾ ആ പൊതി കാണാനില്ല. തപ്പിത്തപ്പി മടുത്തു. പെട്ടെന്ന് ഒരു ആറാമിന്ദ്രിയം ഉണർന്നു. എന്നും കത്തിക്കാറുള്ള ഒരു പുകയില്ലാത്ത അടുപ്പുണ്ടായിരുന്നു. തൂത്തു വാരി ചവർ ആ അടുപ്പിലിടുന്ന ശീലം എന്റെ സഹായി സാറാ ചേടത്തിക്കുണ്ട്. എന്നും ചാരം വരിക്കളയുന്ന നല്ല സ്വഭാവം ആ ചേടത്തിക്കില്ല. ഭാഗ്യം.അടുപ്പിലൊന്ന് നോക്കാം. ഞങ്ങൾ ചാരം വാരി ഒരു മുറത്തിലിട്ട് ഇളക്കി നോക്കി. അതാ വരുന്നു കരിപിടിച്ച കുഞ്ഞു കുഞ്ഞു  കമ്മലുകൾ ആണികൾ ഒക്കെ. അതുമായി ഞങ്ങളുടെ പതിവ് ജൂവലറിയിൽ എത്തിയപ്പോൾ അവർ അന്തം വിടുക മാത്രമല്ല പൊട്ടിച്ചിരിക്കുകയും ചെയ്തു.

കുറച്ചു നാൾ മുൻപ് ഒരു ചെറിയവെള്ളക്കമ്മൽ കാണാതായി. ഒരെണ്ണമായി എങ്ങനെ പോകുന്നോ?  ചെപ്പിലിട്ടു വച്ചിരുന്നതാണ്. പിന്നീടൊരു നല്ല അൽപം വലിപ്പമുള്ള സ്വർണക്കമ്മൽ. ജൂവലറിയുടെ തന്നെ ബോക്സിൽ വച്ച് അലമാരയിൽ പൂട്ടി വച്ചിരുന്നതാണ്. ഇടാനായി എടുത്തു  നോക്കുമ്പോൾ ഒരെണ്ണമേയുള്ളു. ജോഡി ഇല്ല. ആരെങ്കിലും എടുക്കാതെ ഇതു  പോകുമോ ? അലമാര തുറന്നെടുക്കാൻ ആർക്കാണ് ധൈര്യം. കള്ളന്മാരാരും വന്നിട്ടില്ല. അന്ന് എനിക്ക് രാവിലെ വന്നു വൈകുന്നേരം പോകുന്ന ജോലിക്കാരുണ്ടായിരുന്നു. കാണാതെ നമുക്ക് ആരെയും സംശയിക്കാനാവില്ല. എന്നാലും ഒരെണ്ണമായിട്ട്  എടുത്തതെന്താ? ഇതു  കേട്ട് ഒരു കൂട്ടുകാരി പറഞ്ഞു.

'ഒന്ന് പോയാൽ അത് നമ്മൾ തന്നെ കളഞ്ഞതാണെന്നു കരുതി നമ്മൾ തെരഞ്ഞു നടന്നോളും. രണ്ടും കൂടി പോയാൽ നമ്മൾ അവരെ സംശയിക്കും.പോലീസിലോ മറ്റോ പറഞ്ഞാലോ. അതാണവരുടെ ബുദ്ധി '

കാര്യം ശരി തന്നെ. എന്റെ കയ്യിൽ നിന്നു തന്നെ പോയതാവാം എന്ന് കരുതി ഞാൻ തിരഞ്ഞു നടന്നു. കിട്ടാതെ നിരാശപ്പെട്ടു.

അപ്പോഴതാ എന്റെ മകൾ ഒരു പഴയ വളയും പഴകിയ ലോക്കറ്റും കൂടി ഒരു ചെറിയ ചെപ്പിൽ ഇട്ടു വച്ചു. മാറ്റി വാങ്ങാനായി എടുത്തു നോക്കുമ്പോൾ ചെപ്പു മാത്രം. അകത്ത് സ്വർണമില്ല.

അധികമാഭരണങ്ങൾ ഒന്നും കയ്യിലില്ല. ഇത് പോലെ ഒന്നോ രണ്ടോ മാത്രം .അതുകൊണ്ടുതന്നെ  ഒരുപാടങ്ങ് പൂട്ടി സൂക്ഷിക്കാറില്ല. എല്ലാവരെയും വിശ്വാസവുമാണ്. എന്ത് പറയാനാണ്. ധനനഷ്ടം ഫലം!

അതി മനോഹരമായ വെള്ള പേളുകൾ പതിച്ച ഒരു കമ്മൽ മകൾ എനിക്ക് തന്നു. 'അമ്മയ്ക്കിത് നന്നായി ചേരും.' അവൾ പറഞ്ഞു. ഇട്ടു നടന്നപ്പോൾ കണ്ടവരൊക്കെ പറഞ്ഞു. നല്ല കമ്മൽ. എന്ത് ഭംഗി. ദേവിച്ചേച്ചിക്കു നല്ല ഇണക്കം. എന്തിനു പറയണം! ഇക്കഴിഞ്ഞ ഒരു ദിവസം കുളി കഴിഞ്ഞു വരുമ്പോൾ ഒരു കാതിൽ  കമ്മലില്ല. മനസ്സ് പിടഞ്ഞു പോയി. ബാത്‌റൂമിൽ നോക്കി. സീവിലൂടെ പോവുകയില്ല. വലിയ കമ്മലാണ്. താഴത്തെ ഫ്ലാറ്റിലേക്ക് പോയപ്പോൾ ലിഫ്റ്റിൽ വീണതാണോ ? ഇല്ല. രണ്ടു ഫ്ലാറ്റിലും നോക്കാനിടമില്ല. ആണിയും വാഷറും  നിലത്തു നിന്ന് കിട്ടി . അപ്പോൾ കമ്മലും കിട്ടും എന്നാശിച്ചു. പക്ഷേ  കിട്ടിയില്ല. ആർക്കെങ്കിലും കിട്ടിയെങ്കിൽ അവർക്കെങ്കിലും ഉപകാരപ്പെട്ടേനെ എന്ന് ചിന്തിക്കുന്ന മനസ്സാണ് എന്റേത്. ആർക്കാർക്കും ഇല്ലാതെ എവിടെയോ പോയെങ്കിൽ കഷ്ടം തന്നെ.

അതൊന്നുമല്ല ,നാഴികയ്ക്കു നാൽപ്പതു വട്ടം കമ്മലിന്റെ ആണി  മുറുകിയിട്ടുണ്ടോ എന്ന് നോക്കുന്നതാണ് ഞാൻ. അന്നൊരു ദിവസം നോക്കിയില്ല, അന്നത് അഴിഞ്ഞ് എവിടെയോ വീണു പോയി. അപ്പോൾ കളയണമെന്നുള്ളത് ഈ ആഭരണങ്ങളുടെ വിധിയാണ്. അതോ നമ്മുടെ ജാതകത്തിലുണ്ടോ സ്വർണം നഷ്ടപ്പെടണമെന്ന്. ആർക്കറിയാം.

ഏതായാലും കളഞ്ഞു പോയവയുടെ ജോഡികൾ കൊടുത്ത് ഒരു ജോഡി പുതിയ കമ്മൽ വാങ്ങി ഞാൻ ജാതകദോഷം തീർത്തു.                                           

"ഈ ദേവിയുടെ ഒരു കാര്യം " എന്ന് പറയും മുൻപ് നിങ്ങളും ശ്രദ്ധിക്കണേ, സൂക്ഷിക്കണേ .സ്വർണത്തിന്റെ സുഗന്ധം അമൂല്യമാണ്.!                                           

Content Summary : Kadhaillayimakal Column by Devi js about Gold     

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA