വാർദ്ധക്യ വിനോദം

anandaBGD-istock
Representative image. Photo Credit: anandaBGD/istockphoto.com
SHARE

ശൈശവം, ബാല്യം, കൗമാരം, യൗവ്വനം എന്നപോലെ ജീവിതത്തിന്റെ ഒരു ദശ തന്നെയാണ് വാർദ്ധക്യവും. ജീവിത സായാഹ്നം എന്നു  പറയാറുണ്ട്. വർദ്ധക്യവും നമ്മൾ ജീവിച്ചു  തീർക്കുക തന്നെ  വേണം. പലരും പല തരത്തിലാണ് വർദ്ധക്യകാലം കഴിച്ചു കൂട്ടുന്നത്. തീരെ വയ്യാതായി കിടപ്പിലാകുന്ന വൃദ്ധരെ കുറിച്ചല്ല ഞാൻ പറയുന്നത്. അല്ലറ ചില്ലറ അസുഖങ്ങൾ ഒക്കെയുണ്ടെങ്കിലും, സാമാന്യം ആരോഗ്യമുള്ള, സ്വന്തം കാര്യങ്ങൾ പരസഹായം കൂടാതെ ചെയ്യാൻ കഴിയുന്ന വയസ്സായവർ മിക്കവാറും വാർദ്ധക്യം ആസ്വദിച്ചു ജീവിക്കുന്നവരാണ്. പ്രായം കേവലം ഒരു നമ്പർ മാത്രമാണ് എന്നു  വിശ്വസിക്കുന്നവർ. അങ്ങനെ ഒരുപാടുപേരുണ്ട്  

പണ്ടത്തെക്കാലത്ത്  വയസ്സായാൽ അടങ്ങിയൊതുങ്ങി വീടിനുള്ളിൽ കഴിയുക എന്നതായിരുന്നു രീതി. എന്റെ അച്ഛനമ്മമാരൊക്കെ അങ്ങനെ തന്നെ ആയിരുന്നു. അത്യാവശ്യങ്ങൾക്കേ പുറത്തു പോയിരുന്നുള്ളു. ഒടുവിലൊടുവിൽ അതും നിറുത്തി. ഡോക്ടറെ കാണാനും ചെക്കപ്പുകൾ നടത്താനും മാത്രമേ പോയിരുന്നുള്ളു. ബാക്കി സമയം മുറിക്കുള്ളിൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യും. റേഡിയോയിൽ പാട്ടു കേൾക്കുന്നതും റ്റി വി കാണുന്നതും പത്രം വായിക്കുന്നതുമൊക്കെ അതിനകത്തിരുന്നു തന്നെ. ഭക്ഷണം കഴിക്കാൻ ഡൈനിങ് റൂമിൽ വരും. സന്ദർശകരാരെങ്കിലും വന്നാൽ പൂമുഖത്തു വന്ന്  അവരോടപ്പമിരിക്കും. അങ്ങനെ ഇഹലോകവാസം വെടിയുന്നതു വരെ അവർ ആ ബെഡ്‌റൂമിൽ സുഖവാസത്തിലായിരുന്നു.     

ഇപ്പോൾ അങ്ങനെയല്ല. യാത്രകൾ പോവുക എന്നത്  വൃദ്ധരുടെ ഇടയിലും ട്രെൻഡ് ആണ്. മക്കൾ വിദേശത്തുള്ള മിക്ക അച്ഛനമ്മമാരും പ്രായം വക വയ്ക്കാതെ മക്കളെ സന്ദർശിക്കുകയും അവരുടെ കൂടെ വിദേശത്തു താമസിക്കുകയും ചെയ്യാറുണ്ട്.  ഇതിനു പുറമെ സ്ഥലങ്ങൾ കാണാനും ആസ്വദിക്കാനുമായി ടൂറുകൾ പോകുന്നതും അപൂർവമല്ല  ഇതൊക്കെ  ഓരോരുത്തരുടെ താത്പര്യമനുസരിച്ചാണ് വേണ്ടത് . ചിലർക്ക് യാത്രകൾ ഇഷ്ടമല്ല. ചിലർക്ക് വളരെ ഇഷ്ടമാണ്. പോകാൻ പറ്റുമെങ്കിൽ, ആഗ്രഹമുണ്ടെങ്കിൽ പോകണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. യാത്രകൾ പോകാൻ അതീവ താത്പര്യമുള്ള ചില കൂട്ടുകാരെ  ഈ സന്ദർഭത്തിൽ ഓർക്കുകയാണ്.

എഴുപത്തിയേഴിനു മുകളിൽ പ്രായമുള്ള ലില്ലിച്ചേച്ചി യാത്രകൾ പോകുന്ന ഗ്രൂപ്പുകളുടെ കൂടെ ശ്രീലങ്കയിൽ പോയി, ഗൾഫിൽ പോയി. പിന്നെയും എവിടെയൊക്കെയോപോയി. 'എന്ത് രാസമാണെന്നോ ദേവീ' ലില്ലിച്ചേച്ചി പറയുന്നു.  

മറ്റൊരാൾ  ജെസ്സിയാണ്. അവരുടെ ഭർത്താവു കുര്യന് വിദേശയാത്രകൾ ഇഷ്ടമല്ല. ഇടയ്ക്ക് സ്വന്തം തറവാട്ടിൽ പോയി ഒറ്റയ്ക്ക് താമസിക്കുന്ന സഹോദരനോടൊപ്പം കുറച്ചു നാൾ താമസിക്കുന്നതാണ് അയാൾക്കിഷ്ടം. എന്നാൽ ജെസ്സി എവിടെ പോകുന്നതിലും അയാൾക്ക്‌ വിരോധമില്ല. മക്കൾ വിദേശത്തായതിനാൽ അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ പലതവണ പോയി. മക്കളുടെ അടുത്തേയ്ക്കായതിനാൽ ആ യാത്രകളിൽ  കുര്യനും കൂടെ കൂടി. 'എനിക്കേറ്റവും ഇഷ്ടമാണ് യാത്രപോകുന്നതും സ്ഥലങ്ങൾ കാണുന്നതും.' എന്നോളം പ്രായമുള്ള ജെസ്സി പറയുന്നു. ഈയിടെ ജെസ്സി ചൈനയിൽ പോയി വന്നു. കൂട്ടുകാരും ബന്ധുക്കളും അടങ്ങുന്ന ഒരു വലിയ സംഘത്തോടൊപ്പമാണ് പോയത് . സുനന്ദ മകളോടും മരുമകനോടും ഒപ്പം സിംഗപ്പൂർ സന്ദർശിച്ചു. രണ്ടാഴ്ച കറങ്ങിയാണ് തിരിച്ചു വന്നത്. ഇതു പോലെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലുമുണ്ട്. യാത്ര ഹരമായിട്ടുള്ളവർ . പല നാടുകൾ കാണുന്നതിന് ഉത്സാഹമുള്ളവർ. 

ഞങ്ങളുടെ പെൻഷൻ ഗ്രൂപ്പ് ഇടയ്ക്കിടെ ദൂരയാത്രകൾ അറേഞ്ച് ചെയ്യാറുണ്ട്. അതിൽ പകുതിപ്പേരും എഴുപതു കഴിഞ്ഞവരാണ്. അവർ പലേ വിദേശ രാജ്യങ്ങളിൽ പോയി. ഇന്ത്യയ്ക്കകത്ത് ഒരുപാടു സ്ഥലങ്ങൾ കണ്ടു. 'ദേവിയ്ക്ക് ചെറിയ യാത്രകൾക്കെങ്കിലും വന്നുകൂടെ ?' പലരും ചോദിക്കാറുണ്ട്. യാത്ര ചെയ്യുന്നതിൽ എനിക്കുള്ള ബുദ്ധിമുട്ടുകൾ മുൻപൊരു ലേഖനത്തിൽ പറഞ്ഞിട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല. 'താത്‌പര്യം' അതു  തന്നെയാണ് പ്രധാനം. പിന്നെ ആരോഗ്യം ഉണ്ടാവണം. ഇതിനെല്ലാം പുറമെ ചെലവഴിക്കാനുള്ള പണവും വേണം.

കാശ്മീരിൽ റ്റൂളിപ്പ് ഫെസ്റ്റിവൽ കണ്ടു മടങ്ങിയ അമ്മിണി പറഞ്ഞു. 'ഒന്നും അറിയണ്ട ദേവീ. എല്ലാം ഗ്രൂപ് ലീഡേഴ്‌സ് അറേഞ്ച് ചെയ്തോളും. പൈസ മാത്രം കൊടുത്താൽ മതി. സുഖമായി പോയി വരാം '. സുഖമായി എന്ന് കേട്ടപ്പോൾ ഞാൻ ചിരിച്ചു. കാരണം ആ സംഘത്തിൽ പലരും നൂറു നൂറ് അസുഖങ്ങൾ പറയുന്നവരാണ്. 

മക്കളുടെ അടുത്തേയ്ക്കുള്ള യാത്രകൾ ഇഷ്ടമാണ് ലളിതയ്‌ക്ക്‌. പക്ഷേ പോയാൽ ഒരാഴ്ചയല്ലെങ്കിൽ രണ്ട്. ഉടനെ തിരിച്ചു വരണം.രണ്ടു മക്കളും ബാംഗ്ലൂരിൽ സ്ഥിരതാമസമാണ്. രണ്ടാളും വിളിക്കും കുറച്ചുദിവസം അവിടെ ചെന്നു നിൽക്കാൻ. ഭർത്താവ് മരിച്ചതിൽ പിന്നെ ലളിത ഒറ്റയ്ക്കാണ് താമസം. മക്കളുടെ അടുത്ത് പോകും , താമസിയാതെ .ലളിത മടങ്ങും. 'അതേ  ശരിയാകൂ ദേവീ. അവർക്കു പലപരിപാടികളാണ്. എല്ലാത്തിനും എന്നെ കൂട്ടാൻ  പറ്റില്ല. ഒറ്റയ്ക്കാക്കി പോകാൻ അവർക്കു വിഷമം. അവർക്ക് അവരുടെ സ്വാതന്ത്ര്യം. എനിക്ക് എന്റേതും. ഇടയ്ക്കൊരു യാത്ര അതൊരു രസമാണ്.' ലളിത പറയുന്നു.

മറ്റൊരു സുഹൃത്തിന്റെ കഥ കേൾക്കൂ. വയസ്സായെങ്കിലും നല്ല സ്മാർട്ട് ആയ അവർ മക്കളും കൊച്ചുമക്കളും മരുമക്കളും ഒക്കെയായി ഒരു നീണ്ട ഉല്ലാസയാത്ര പോയി. ഇടയ്ക്കിടെ അങ്ങനെ പോകാറുള്ളതാണ്. ഇത്തവണ അടിച്ചു പൊളിച്ചു സന്തോഷത്തോടെ മടങ്ങിയെത്തിയതും പുള്ളിക്കാരിയ്ക്ക് പെട്ടെന്ന് സുഖമില്ലാതായി. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അവർ യാത്രയായി. കേട്ടവർ പറഞ്ഞതെന്താണെന്നോ, 'എന്ത് നല്ല മരണം' എന്ന്. സന്തോഷത്തിന്റെ ക്ലൈമാക്സിൽ  വിട പറഞ്ഞു.

ദുഃഖിച്ചും സങ്കടപ്പെട്ടും നിരാശപ്പെട്ടും വാർദ്ധക്യം കഴിച്ചു തീർക്കുന്നതെന്തിന്? എന്നയാലും  ഒരു ദിവസം ഇവിടെ നിന്ന് പോകേണ്ടി വരും. അതു വരെ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട്, ദുഃഖങ്ങൾ മറന്ന്, സന്തോഷത്തോടെ ജീവിച്ചു കൂടെ? ചോദ്യം ന്യായം. പക്ഷേ  എല്ലാവർക്കും   അത് സാധിച്ചെന്നു വരില്ല. എന്നാലും പറ്റുന്നവർക്ക്  ആകാമല്ലോ. ദൂരയാത്രകൾ ചെയ്യാനാവില്ലെങ്കിൽ വേണ്ട. അടുത്തുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാം. എന്നും അമ്പലത്തിലേയ്‌ക്കോ  പള്ളിയിലേയ്‌ക്കോ  കടകളിലേയ്‌ക്കോ ഒക്കെ പോകാം. ചെറിയൊരു നടപ്പ്. പിന്നെ വീടിനു പുറത്തെ ശുദ്ധവായു. ഇതിനെല്ലാം പുറമെ പരിചയക്കാരെ കാണുന്നതും കുശലാന്വേഷണങ്ങൾ പങ്കിടുന്നതും നല്ലകാര്യമാണ്. ശരീരത്തിനും മനസ്സിനും ആയാസം ലഭിയ്ക്കും. ടെൻഷനും സ്‌ട്രെസും അസുഖങ്ങളും കുറയും. അങ്ങനെ വാർദ്ധക്യം ഒരു വിനോദമാക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA