സെൽഫിയിലെ ‘ചാംപ്യൻഷിപ് 2019’

mohibullah-ahamed-murder-case-perumbavoor
കേസ് തെളിയാൻ വഴിയൊരുക്കിയ പ്രതിയുടെ സെൽഫി ചിത്രം താഴെ. അതേ സ്ഥാനത്തു നിന്ന് എഎസ്ഐ വിനോദ് എടുത്ത സെൽഫി മുകളിൽ. ചാംപ്യൻഷിപ് 2019 എന്നെഴുതിയ ഫ്ലെക്സ് ബോർഡിന്റെ ഭാഗം പിന്നിൽ കാണാം.
SHARE

സ്വന്തം വിലാസമില്ല അന്വേഷിച്ചു ചെല്ലാൻ. ബന്ധുക്കളില്ല വിവരം ചോദിച്ചറിയാൻ. സ്ഥിരം മൊബൈൽ നമ്പറില്ല. ദേശാടകനായ ഈ കൊലക്കേസ് പ്രതിയെ പിടികൂടിയ എഎസ്ഐ വി.കെ. വിനോദ് നടത്തിയ കുറ്റാന്വേഷണം ശരിക്കും ഒരു വർഷം നീണ്ട തപസ്സായിരുന്നു.

2019 ഫെബ്രുവരി 24. ഒക്കൽ പമ്പിൽ പെട്രോളിന്റെ മണത്തെയും കടത്തിവെട്ടി ദുർഗന്ധം പരന്നു. ഉറവിടം തേടിയ പമ്പിലെ ജീവനക്കാർ കണ്ടത് എതിർവശത്തെ വാടക മുറിയിൽനിന്ന് ഈച്ചകൾ പറക്കുന്നതാണ്. പമ്പിലെ ജീവനക്കാരായ അസം സ്വദേശികളായ മൊഹിബുല്ലയും പങ്കജ് മണ്ഡലും താമസിക്കുന്ന ആ മുറിയുടെ മുന്നിൽ മൂക്കുപൊത്തി അവർ നിന്നു. 4 ദിവസം മുൻപാണ് ഇവരെ അവസാനമായി കണ്ടത്. മൊഹിബുല്ലയ്ക്കു പ്രായം 23. പങ്കജിന്  21. അസം നൗഗോൺ മഹ്ബോർഅലി ഗ്രാമവാസികളാണ് ഇരുവരും. പങ്കജ് മണ്ഡലിന്റെ മാതാപിതാക്കൾ ചെറുപ്പത്തിൽ മരിച്ചു. അടുത്ത ബന്ധുക്കളില്ല. അനാഥനാണ്.മൊഹിബുല്ലയ്ക്കു ഭാര്യയും ചെറിയ ആൺകുട്ടിയുമുണ്ട്. കുടുംബം നോക്കാനാണു തൊഴിൽ തേടി കേരളത്തിലെത്തിയത്. പങ്കജും ഒപ്പം ഒക്കലിലെത്തി. പൊലീസും നാട്ടുകാരും വാടകമുറിയുടെ പൂട്ടു പൊളിച്ചു. അകത്തു കണ്ട കാഴ്ച...

മൊഹിബുല്ല കൊല്ലപ്പെട്ടിരിക്കുന്നു. തല തകർന്നിട്ടുണ്ട്. പങ്കജിനെ കാണാനില്ല. അയാൾക്ക് എന്തു സംഭവിച്ചു? ആരാണിതു ചെയ്തത്?

മൊഹിബുല്ലയുടെ ബാഗ് പരിശോധിച്ചിട്ടുണ്ട്. പണമോ വിലപിടിപ്പുള്ള സാധനങ്ങളോ കണ്ടില്ല. പങ്കജിന്റെ ബാഗോ വസ്ത്രങ്ങളൊ മുറിയിലില്ല. പങ്കജ് സംശയത്തിന്റെ നിഴലിലായി. പങ്കജിനും അപായം സംഭവിച്ചിട്ടുണ്ടെങ്കിൽ അയാളുടെതായ എന്തെങ്കിലും മുറിയിൽ അവശേഷിക്കും. അതുണ്ടായില്ല. എല്ലാം തൂത്തുവാരി കൊണ്ടുപോയിട്ടുണ്ട്. പുറത്തുനിന്നു താഴിട്ടു മുറി പൂട്ടിയിരുന്നു. 2 ജീവനക്കാർ 4 ദിവസം ജോലിക്കു വന്നില്ല. എന്നിട്ടും പമ്പുടമ എന്തുകൊണ്ടു പൊലീസിനെ അറിയിച്ചില്ല? 

കേരളത്തിൽ ഏറ്റവും കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന പെരുമ്പാവൂരിലെ പൊലീസിന് അതിലത്ര അസ്വാഭാവികത തോന്നിയില്ല. സാധാരണ മനുഷ്യരുടെ ജീവിതാന്തസ്സുകളൊന്നും അവർക്കില്ല. മുന്നറിയിപ്പില്ലാതെ വരാതിരിക്കുന്നതും ജോലി കഴിഞ്ഞ് ആരോടും പറയാതെ നാട്ടിലേക്കു ട്രെയിൻ കയറുന്നതും ഇതരസംസ്ഥാന തൊഴിലാളികളുടെ സ്വഭാവമാണ്. അച്ചടക്കത്തോടെ ജോലി ചെയ്തു ജീവിച്ചിരുന്ന മൊഹിബുല്ലയുടെ തിരോധാനത്തിൽ സഹതൊഴിലാളികൾക്ക് അസ്വാഭാവികത തോന്നി. അതാണു ദുർഗന്ധം വമിച്ചപ്പോൾ ചുറ്റുപാടും അന്വേഷിച്ചോടിയതും ഈച്ച പറക്കുന്നതു കണ്ടു പൊലീസിനെ വിവരം അറിയിച്ചതും. 4 ദിവസം മുൻപു ഫെബ്രുവരി 20 നാണു കൊല നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. പത്തോളം പേർ അസമിൽ നിന്ന് എത്തിയിരുന്നു. അതു പതിവില്ലാത്തതാണ്. മഹ്ബോർഅലി ഗ്രാമത്തിനു മൊഹിബുല്ല പ്രിയപ്പെട്ടവനായിരുന്നു. മൊഹിബുല്ലയുടെ കുടുംബം, കുഞ്ഞ്, അവരുടെ വേദനിപ്പിക്കുന്ന മുഖങ്ങൾ... ഇതെല്ലാം പെരുമ്പാവൂരിലെ ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥന്റെ മനസ്സിൽ വല്ലാതെ പതിഞ്ഞിരുന്നു.

‘‘സർ ഞാൻ തൊട്ടടുത്ത് എത്തി...’’

ആഴ്ചകൾ പിന്നിട്ടു. വിലാസമോ മൊബൈൽ നമ്പറോ ഇല്ലാത്ത പങ്കജ് മണ്ഡലിനെ തേടി പൊലീസിനു മടുത്തു. മഹ്ബോർഅലിയിൽ എത്തിയ ഉദ്യോഗസ്ഥരോടു ഗ്രാമവാസികൾ പറഞ്ഞു: ‘‘ഇവിടെ വന്നാൽ ഞങ്ങൾ അവനെ പിടിച്ചു തരാം. നിങ്ങൾ ഇവിടെ തങ്ങി ബുദ്ധിമുട്ടേണ്ട. അവിടെ കേരളത്തിൽ അന്വേഷിച്ചു പ്രതിയെ പിടിച്ചാൽ ഉപകാരം സർ...’’ പൊലീസ് വൈകാതെ മടങ്ങി. പെരുമ്പാവൂർ, ആലുവ പ്രദേശങ്ങൾ അരിച്ചു പെറുക്കി. ഫലമുണ്ടായില്ല. മൊഹിബുല്ല വധക്കേസ് പൊടിപിടിക്കാൻ തുടങ്ങി. ഒരാൾ മാത്രം പങ്കജ് മണ്ഡലിനെ വിട്ടില്ല, എഎസ്ഐ വി.കെ.വിനോദ്. സ്വന്തമായി മൊബൈൽ ഫോണില്ലാത്ത ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിതരീതികൾ അദ്ദേഹം പഠിച്ചു. സ്മാർട്ഫോൺ ഇല്ലാത്തവർക്കും ഫെയ്സ്ബുക് അക്കൗണ്ടുള്ള കാര്യം അങ്ങനെയാണു മനസ്സിലാക്കിയത്. ഒപ്പം ജോലി ചെയ്യുന്ന കൂട്ടുകാരുടെ സ്മാർട് ഫോണിലാണ് ഉപയോഗം.

മേലുദ്യോഗസ്ഥനായ ഇൻസ്പെക്ടർ ബൈജു പൗലോസിന്റെ അറിവോടെ വിനോദ് പുതിയൊരു സിംകാർഡും ഫോണും വാങ്ങി ഒരു യുവതിയുടെ പേരിൽ ഫെയ്സ്ബുക് അക്കൗണ്ട് എടുത്തു. പുതിയ ഫോൺ നമ്പർ മറ്റാർക്കും കൈമാറിയില്ല. ‘പങ്കജ് മണ്ഡൽ’ എന്നു പല സ്പെല്ലിങ് ടൈപ്പ് ചെയ്തു നോക്കിയിട്ടും പ്രതിയുടെ പ്രൊഫൈൽ കണ്ടെത്താൻ കഴിഞ്ഞില്ല, മാസങ്ങൾ പിന്നിട്ടു. അതിനിടയിൽ വിനോദ് പലപ്പോഴും പങ്കജ് മണ്ഡലിന്റെ പ്രൊഫൈൽ തിരഞ്ഞു.

ഒരിക്കൽ വേഗത്തിൽ ടൈപ്പ് ചെയ്തപ്പോൾ 2 പേരുകൾക്കിടയിലെ ‘സ്പേസ്’ വിട്ടുപോയി ‘പങ്കജ്മണ്ഡൽ’ എന്നു സേർച് ചെയ്യാൻ അബദ്ധത്തിൽ ഇടയായി. വിനോദിനെ ‍ഞെട്ടിച്ചു പ്രതിയുടെ പ്രൊഫൈൽ ചിത്രം ഫോണിൽ തെളിഞ്ഞു. അപ്പോൾ തന്നെ ചിരിയടയാളം (സ്മൈലി) അയച്ചു കാത്തിരുന്നു. അനക്കമില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു സ്മൈലി തിരികെ കിട്ടി. മാസങ്ങളായി തിരഞ്ഞ കൊലക്കേസ് പ്രതി കുരുങ്ങി. ഇനി ചൂണ്ട പൊട്ടാതെ തക്കത്തിൽ പൊക്കിയെടുക്കണം. എവിടെയാണു പ്രതിയുള്ളത്?

ഫെയ്സ്ബുക് പരിശോധിക്കാൻ പങ്കജ് സെൽഫോൺ ഉപയോഗിച്ച ടവറുകളുടെ ലൊക്കേഷൻ പെരുമ്പാവൂർ, കാലടി, മാറമ്പള്ളി പ്രദേശങ്ങളായിരുന്നു. 2 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികൾ ഈ പ്രദേശങ്ങളിൽ തങ്ങുന്നുണ്ട്. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോഴാണ് അയാൾ ഫെയ്സ്ബുക് പരിശോധിക്കുന്നത്. ഈ ഇടവേളയിലാകണം സുഹൃത്തുക്കളുടെ സ്മാർട് ഫോൺ കയ്യിൽ കിട്ടിയത്. കൊല നടന്ന ഒക്കൽ പ്രദേശത്തും പെട്രോൾ പമ്പിലും അന്വേഷിച്ചപ്പോൾ പങ്കജിനു സിമന്റ് ഇഷ്ടിക നിർമാണം അറിയാമെന്നു മനസ്സിലാക്കി. പല തവണ ഹിന്ദിയിലും ഇംഗ്ലിഷിലും സന്ദേശങ്ങൾ അയച്ചെങ്കിലും പ്രതികരണമില്ല. പിന്നീടാണു മനസ്സിലായതു പങ്കജിന് ഒരു ഭാഷയും എഴുതാനും വായിക്കാനും അറിയില്ല.

അപ്പോഴാണു വിനോദിനൊരു ബുദ്ധി തോന്നിയത്. വാട്സാപ്പിന്റെ പച്ചനിറത്തിലുള്ള ഫോ‍ൺ ചിഹ്നവും പുതിയ ഫോൺ നമ്പറും ചേർത്തു പങ്കജിനു വീണ്ടും അയച്ചു. 2019 നവംബറിലാണ് ഈ സന്ദേശം അയച്ചത്. രണ്ടര മാസങ്ങൾക്കു ശേഷം ഫെബ്രുവരി 10നാണു പങ്കജ് അതു നോക്കിയത്.

അതിനിടയിൽ പുതിയൊരു സെൽഫിയും പങ്കജ് എഫ്ബിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ പ്രതി സ്മാ‍ർട് ഫോൺ വാങ്ങിയിട്ടുണ്ടെന്നു വിനോദ് അനുമാനിച്ചു. തുടർന്നുള്ള ദിവസങ്ങളിലും പങ്കജ് സ്വന്തം എഫ്ബി അക്കൗണ്ട് സന്ദർശിച്ചു. പ്രതീക്ഷിച്ച പോലെ സംഭവിച്ചു. പങ്കജിന്റെ വിളി വിനോദിന്റെ പുതിയ നമ്പറിലേക്ക് എത്തി. സുന്ദരിയായ യുവതിയുടെ നമ്പറാണെന്നു തെറ്റിദ്ധരിച്ചാണു പ്രതി വിളിക്കുന്നതെന്ന് അറിയാവുന്നതിനാൽ വിനോദ് ഫോൺ എടുത്തില്ല. പ്രതിയുടെ ലൊക്കേഷൻ മാറമ്പിള്ളിയാണെന്ന് ഉറപ്പിച്ചു.

പിറ്റേന്നു മാറമ്പള്ളി പ്രദേശത്ത് ഇതരസംസ്ഥാനക്കാർ ഫോൺ റീചാർജ് ചെയ്യാൻ എത്താറുള്ള കടകളിൽ കയറി ഇറങ്ങി. പങ്കജിന്റെ പുതിയ നമ്പർ അവിടെയൊന്നും റീചാർജ് ചെയ്തിട്ടില്ല. കഴിഞ്ഞ 15 നു ശനിയാഴ്ച ഉച്ചയോടെ ശക്തമായ ചൂടു സഹിക്കാൻ കഴിയാതെ തണുത്ത മിനറൽ വാട്ടർ വാങ്ങി വിനോദ് സമീപത്തെ വെയ്റ്റിങ് ഷെഡിൽ കയറിയിരുന്നു. കുപ്പിവെള്ളം കുടിക്കാൻ മുഖം ഉയർത്തി. അതായിരുന്നു മാസങ്ങൾ നീണ്ട വിനോദിന്റെ അധ്വാനത്തിന്റെ ഭാഗ്യ നിമിഷം. കൊടിയദാഹത്താൽ ആർത്തിയോടെ വെള്ളം കുടിക്കുന്നതിനിടയിൽ ആ കാഴ്ച കണ്ടു. പങ്കജിന്റെ സെൽഫി ചിത്രത്തിന്റെ പശ്ചാത്തലത്തിൽ കണ്ട ‘ചാംപ്യൻഷിപ് 2019’ എന്ന അതേ എഴുത്ത് വെയ്റ്റിങ് ഷെഡിന്റെ മേൽക്കൂരയ്ക്കു താഴെ. തൊട്ടു പിന്നിലെ മതിലിലേക്കു ചാരി വച്ച ഫ്ലെക്സ് ബോർഡിന്റെ ഭാഗമായിരുന്നു അത്.ഒരാഴ്ച മുൻപു പങ്കജ് സെൽഫിയെടുത്ത അതേ വെയ്റ്റിങ് ഷെഡിലാണു താനിപ്പോൾ ഇരിക്കുന്നതെന്നു വിനോദ് തിരിച്ചറിഞ്ഞു.പ്രതിയുടെ അതേ പോസിലിരുന്നു വിനോദും സെൽഫിയെടുത്തു 2 ചിത്രങ്ങളും കൂടി മേലുദ്യോഗസ്ഥന് അയച്ചു, ഒരു അടിക്കുറിപ്പോടെ: ‘‘ സർ, ഞാൻ തൊട്ടടുത്തെത്തി’’

വിനോദ് പരിസരം നിരീക്ഷിച്ചു. കുറച്ചു മാറി സിമന്റ് ഇഷ്ടിക ഫാക്ടറി. അതിനു സമീപം കട. കടക്കാരനെ പരിചയപ്പെട്ടു പങ്കജ് മണ്ഡലിന്റെ സെൽഫി കാണിച്ചു. കടക്കാരൻ തിരിച്ചറിഞ്ഞു. പ്രതി ഫാക്ടറിയിലുണ്ടെന്ന് ഉറപ്പാക്കാ‍ൻ കടക്കാരന്റെ സഹായം തേടി. അയാൾ പോയി നോക്കി തിരിച്ചു വന്നു. ‘‘അവൻ അവിടെ പാട്ടു കേട്ടിരിപ്പുണ്ട്.’’ വൈകിയില്ല വിനോദ് ലോക്കൽ സ്റ്റേഷനിൽ വിവരം അറിയിച്ചു. പിന്നെയെല്ലാം വാർത്തയായി.

എനിക്കുള്ള പാരിതോഷികം

മഹ്ബോർഅലി ഗ്രാമവാസികൾ പിരിവിട്ട് ഒരു ലക്ഷം രൂപ സ്വരൂപിച്ചിരുന്നു. മൊഹിബുല്ലവധക്കേസ് പ്രതി പങ്കജ് മണ്ഡലിനെ പിടിക്കുന്നവർക്കു പാരിതോഷികം നൽകാൻ. എഎസ്ഐ വിനോദിനെ തേടിയെത്തിയ ബന്ധുക്കളോടു വിനോദ് പറഞ്ഞു: ‘‘ഈ തുക നിങ്ങൾ മൊഹിബുല്ലയുടെ മകന്റെ പേരിൽ നിക്ഷേപിച്ച് അവന്റെ പഠനത്തിന് ഉപയോഗിക്കണം എന്നിട്ട് അവനെ ഒരു പൊലീസ് ഉദ്യോഗസ്ഥനാക്കണം– അതാണ് എനിക്കുള്ള പാരിതോഷികം’’.

മൊഹിബുല്ലയെ എന്തിനു കൊന്നു?

മദ്യപാനവും ചീട്ടുകളിയുമാണു പങ്കജിന്റെ ജീവിതം. സംഭവദിവസം പണം മുഴുവൻ നഷ്ടപ്പെട്ടു മദ്യപിച്ചു മുറിയിലെത്തിയ പങ്കജ് വാതിൽ കുറ്റിയിട്ടു കിടന്നുറങ്ങി. രാത്രി ഡ്യൂട്ടി കഴിഞ്ഞെത്തിയ മൊഹിബുല്ല എത്രവിളിച്ചിട്ടും പങ്കജ് വാതിൽ തുറന്നില്ല. ലീവർ ഉപയോഗിച്ചു വാതിൽ തിക്കിത്തുറന്നു മൊഹിബുല്ല അകത്തു കയറി പങ്കജിനെ വിളിച്ചുണർത്തി ചീത്തപറഞ്ഞു. ദേഷ്യം സഹിക്കാതെ ഒരു തല്ലും കൊടുത്തു കിടന്നുറങ്ങി. പങ്കജ് പിന്നെ ഉറങ്ങിയില്ല. ആ ലീവർ കൊണ്ടു തലയ്ക്കടിച്ചാണു കൊലപ്പെടുത്തിയത്. എന്നിട്ടു വാതിൽ പുറത്തു നിന്നു പൂട്ടി കടന്നു കളഞ്ഞു.

English Summary : Detective Column by Jijo John Puthezhath - Mohibullah Ahmed Murder Case, Perumbavoor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ