ആരാധനയോടെ ആരാധിക

thalakkuri-ias
സിവിൽ സർവീസ് നേടിയ ആരാധികയ്ക്ക് അനുജത്തി അദ്വൈതയുടെ മുത്തം
SHARE

സിവിൽ സർവീസ് ഒരുകാലത്ത് ആൺ കുത്തകയായിരുന്നു. ആദ്യ റാങ്കുകളിൽ പെൺകുട്ടികൾ എത്തുന്നത് അത്യപൂർവം. കാലം മാറി. ഇത്തവണ സിവിൽ സർവീസിൽ ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾ കരസ്ഥമാക്കിയിരിക്കുന്നു. ആദ്യ മൂന്നു റാങ്കുകളിലെത്തിയ നാലു മലയാളികളിൽ മൂന്നും പെൺകുട്ടികൾ. ആറാം റാങ്കിന്റെ തിളക്കവുമായി പാലാ മുത്തോലി സ്വദേശി ഗഹന നവ്യ ജയിംസ് തിളങ്ങുമ്പോൾ, അപകടത്തിൽ നഷ്ടപ്പെട്ട വലം കൈ ഇല്ലാതെ ഇടം കൈകൊണ്ടു സിവിൽ സർവീസ് നേടിയെടുത്ത് തിരുവനന്തപുരം സ്വദേശി അഖിലയും ചക്രക്കസേരയിലിരുന്നെഴുതി സിവിൽ സർവീസിന്റെ പടി കയറിയ ഷെറിൻ ഷഹാനയും എല്ലാവരുടെയും കണ്ണിലുണ്ണികളായി മാറുന്നു. ഒറ്റമുറി വാടകവീട്ടിൽനിന്ന് ആദ്യം പ്ലസ്ടുവിന് എല്ലാ വിഷയത്തിനും എ പ്ലസും ഇപ്പോൾ സിവിൽ സർവീസിൽ 491 റാങ്കും നേടിയ തിരുവനന്തപുരത്തുകാരി ആരാധികയുടെ നേട്ടത്തിനുമുണ്ട് വേറിട്ടൊരു സൗന്ദര്യം. അതിൽ മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകളില്ലാതെ മലയാളത്തെ സഹായിക്കാൻ സൻമനസ്സുള്ള ഒരു പറ്റം വിദേശ മലയാളികളുടെ സ്നേഹത്തിന്റെയും കരുണയുടെയും സ്പർശമുണ്ട്; അവരുടെ നന്മകൾ എവിടെയും രേഖപ്പെടുത്തപ്പെടുന്നില്ലെങ്കിലും.

thalakkuri-aradhana-mayor
ആരാധിക, പിതാവ് ബാലചന്ദ്രൻ, അമ്മ മായ, സഹോദരി അദ്വൈത എന്നിവരെ സന്ദർശിക്കാനെത്തിയ മേയർ കെ. ചന്ദ്രികയും കൗൺസിലർ പുഷ്പലതയും

എട്ടു വർഷം മുമ്പ് തിരുവനന്തപുരത്തിന്റെ മേയറായിരുന്ന കെ. ചന്ദ്രിക അന്ന് പന്ത്രണ്ടാം ക്ലാസിൽ എല്ലാ വിഷയത്തിനും നൂറിൽ നൂറു മാർക്കും നേടിയ ഒരു പെൺകുട്ടിയെ തേടി തലസ്ഥാന നഗരിയിലെ മേട്ടുക്കടയിൽ എത്തുന്നു. പരീക്ഷയിൽ മികച്ച വിജയം നേടുന്ന മിടുക്കിക്കുട്ടികളെ കണ്ടെത്തി ആദരിക്കാനുള്ള മേയറുടെ പതിവു യാത്രയായിരുന്നു അത്. എന്നാൽ പെൺകുട്ടിയുടെ വീട് അവരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഒരു ഒറ്റമുറി വാടകവീട്ടിൽ അച്ഛനും അമ്മയും പ്രായമായ രണ്ടു പെൺകുട്ടികളും താമസിക്കുന്നു. അച്ഛനും അമ്മയും ഉറങ്ങുന്ന കിടക്കമുറി വേർതിരിക്കുന്നത് ഒരു തുണിക്കർട്ടൻ കൊണ്ട്. അലമാരയില്ലാത്ത വീട്ടിൽ ഏക കബോഡിൽ കുത്തി നിറച്ച മെഡലുകളും ട്രോഫികളും. കബോർഡിനു പുറത്തേക്ക് അവ അങ്ങനെ പരന്നു കിടന്നു.

thalakkuri-aradhana-house
മേയർ കെ. ചന്ദ്രിക ആരാധികയുടെ ഒറ്റമുറി വീട് സന്ദർശിച്ചപ്പോൾ

മേയർ ചന്ദ്രിക സിപിഎംകാരി ആണെങ്കിലും നേരേ വിളിച്ചത് മനോരമ ഓഫിസിലേക്ക്. തിരുവനന്തപുരം നഗരസഭാ വാർത്തകൾ കൈകാര്യം ചെയ്യുന്ന ജി.കെ.രഞ്ജിത് കുമാർ എന്ന ലേഖകനെ. വിവരമറിഞ്ഞതും രഞ്ജിത് കുമാർ ആ വീട്ടിൽ പാഞ്ഞെത്തി. ആരാധിക എന്നായിരുന്നു പെൺകുട്ടിയുടെ പേര്. അനുജത്തി അദ്വൈതയും മിടുമിടുക്കി. പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ്. വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ച രഞ്ജിത് കുമാർ അതൊരു വാർത്തയാക്കി.

thalakkuri-aradhana-upsc

തിരുവനന്തപുരം മനോരമയിലെ വാർത്ത ദുബായിലിരുന്ന് മനോരമ ഓൺലൈനിൽ വായിച്ച തിരുവനന്തപുരം സ്വദേശിയും സുഹൃത്തുമായ വ്യവസായി കബീർ ജലാലുദ്ദീൻ പിറ്റേന്ന് ഫോണിൽ വിളിക്കുന്നു. മിടുക്കരായ കുട്ടികളുടെ പഠനത്തിന് എന്തു സഹായം വേണമെങ്കിലും ചെയ്യാമെന്ന് അറിയിക്കുന്നു. പഠന സഹായത്തെക്കാൾ അവർക്ക് ആവശ്യം സ്വന്തമായി ഒരു വീടാണ് എന്നു പറഞ്ഞപ്പോൾ ഉത്തരവാദിത്തം ജലാലുദ്ദീൻ ഏറ്റെടുക്കുന്നു. സ്വന്തം ഭൂമിയുണ്ടെങ്കിൽ വീടു പണിതു കൊടുക്കാം എന്ന് അറിയിക്കുന്നു. എന്നാൽ സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ല എന്ന് ആരാധികയുടെ അച്ഛൻ, ആർടി ഒാഫിസിലെ ഒാട്ടോ കൺസൽറ്റന്റായ ബാലചന്ദ്രൻ പറഞ്ഞതോടെ പ്രതീക്ഷകൾ അസ്തമിച്ചു. 

പക്ഷേ ജലാലുദ്ദീൻ വിട്ടില്ല. ദൈവ നിയോഗത്തിലെന്നപോലെ അദ്ദേഹം അടുത്ത ദിവസം തിരുവനന്തപുരത്ത് മനോരമ ഓഫിസിൽ പ്രത്യക്ഷപ്പെട്ടു. അടുത്ത് എവിടെയെങ്കിലും ചെറിയൊരു വീട് കണ്ടെത്തിയാൽ വാങ്ങിക്കൊടുക്കാൻ തയാറാണെന്ന് ജലാൽ. ഞങ്ങളൊന്നിച്ച് ബാലചന്ദ്രന്റെ വീട്ടിൽ പോയി. ചുറ്റുവട്ടത്ത് അന്വേഷിച്ച് ബാലചന്ദ്രൻ കണ്ടെത്തിയ വീടിനു വില പക്ഷേ, 33 ലക്ഷം രൂപ. അത്രയും വില കൊടുത്ത് വീടു വാങ്ങൽ നടക്കില്ലെന്നു കരുതി പിൻവാങ്ങാനൊരുങ്ങുമ്പോൾ ജലാൽ വീണ്ടും ഉദാരമതിയായി. ‘‘അവർ ആഗ്രഹിച്ച വീടല്ലേ, വാങ്ങാം.’’ എന്നായി ജലാൽ. ഒടുവിൽ ജലാലിനൊപ്പം പോയി വീട്ടുടമയുമായി വിലപേശി 31 ലക്ഷം രൂപയ്ക്ക് ഉറപ്പിക്കുന്നു. 31 ലക്ഷം രൂപയുടെ ചെക്ക് എഴുതി വീടിന്റെ റജിസ്ട്രേഷൻ നടത്താൻ ജലാൽ നിർദ്ദേശിക്കുന്നു. തുടർന്നുള്ള പഠനച്ചെലവും ഏറ്റെടുക്കുന്നു. ആരാധികയെ കാണാനും അഭിനന്ദിക്കാനും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഭാര്യ മറിയമാമ്മയും പിറ്റേന്ന് ആ വാടക വീട്ടിലെത്തി. സിവിൽ സർവീസിനു ശ്രമിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഉപദേശം. അങ്ങനെ ആരാധിക എല്ലാവരുടെയും ആരാധനാ പാത്രമാകുന്നു.

thalakuri-aradhana-family1
കുടുംബത്തോടൊപ്പം ആരാധിക

ഒരു മാസത്തിനുള്ളിൽ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറ്റി. റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിലായിരുന്നു താക്കോൽ കൈമാറ്റം. താക്കോൽ കൈമാറുമ്പോൾ ജലാൽ പകരമായി ഒന്നേ ആരാധികയോട് ആവശ്യപ്പെട്ടുള്ളു. ‘‘നന്നായി പഠിക്കണം. സിവിൽ സർവീസ് എഴുതണം. ഭാവിയിൽ സിവിൽ സർവീസിൽ എത്തുമ്പോൾ ഇതുപോലൊരു വീടു നിർമിച്ച്, പഠിക്കാൻ മിടുക്കുള്ള, പാവപ്പെട്ട മറ്റൊരു കുട്ടിക്ക് നൽകണം.’’ ആരാധിക അന്നു പറഞ്ഞു: ‘‘എനിക്ക് സ്വന്തമായി ഒരു ജോലി ലഭിച്ചു കഴിഞ്ഞാൽ ഈ വീടു തന്നെ ഞാൻ മറ്റൊരു പാവപ്പെട്ട കുട്ടിക്കു നൽകും.’’

ഇന്ന് ആ സ്വപ്നത്തിന്റെ ആദ്യഭാഗം യാഥാർഥ്യമായിരിക്കുന്നു. ആറു വർഷത്തിനുള്ളിൽ ആരാധിക ആ ലക്ഷ്യം നേടി. അനുജത്തി അദ്വൈത എംബിബിഎസിനു പഠിക്കുന്നു. ജാതിഭേദവും മതദ്വേഷവും ഇല്ലാതെ, അർഹരായ കുട്ടികളെ സഹായിക്കാൻ സൻമനസുള്ള വിദേശ മലയാളികൾ കാത്തിരിക്കുന്നു...

Content Summary: Thalakuri - Column on Civil Service Rank Holder Aradhana Life 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA