റോഡ് ക്യാമറ അഴിമതി വിവാദം ചർച്ചയാകുമ്പോൾ, കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളിൽ കെൽട്രോൺ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മറയാക്കി നടന്ന വഴിവിട്ട കരാറുകളുടെ ചരിത്രവും തെളിയുന്നു. വൈദ്യുതി പ്ലാന്റ് മുതൽ സ്മാർട് കാർഡ് വരെ, വിവാദ കരാറുകളുടെ നീണ്ട നിര തന്നെയുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ അഴിമതിക്കും സ്വകാര്യ വ്യക്തികൾക്കു കമ്മിഷൻ അടിക്കാനും മറയാക്കിയിരുന്നു എന്നതിനു രേഖകൾ സാക്ഷി.
നാലു പതിറ്റാണ്ടിന്റെ ചരിത്രം എടുത്താൽ വ്യവസായ വകുപ്പിനു കീഴിൽ ഈ അഴിമതിക്കഥ ആവർത്തിച്ചു കൊണ്ടേയിരുന്നു എന്നു വ്യക്തമാകും; കൂടുതലും ഇടതു സർക്കാരുകളുടെ കാലത്ത്. ഇടതു ഭരണകാലത്ത് അഴിമതിക്കെതിരായ ശബ്ദം പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉണ്ടായി എന്നതും ശ്രദ്ധേയം.
ഇടതു സർക്കാരിന്റെ കാലത്ത് 1990 ലാണ് കെൽട്രോണിന്റെ മറവിൽ നടന്ന വലിയൊരു അഴിമതി നീക്കം വിവാദമായതും അത് കെൽട്രോൺ ചെയർമാൻ കെ.പി.പി.നമ്പ്യാരുടെ രാജിക്കു തന്നെ വഴിയൊരുക്കിയതും.
സോവിയറ്റ് യൂണിനുമായി സഹകരിച്ച് ഇന്ത്യയിൽ നാല് പുതിയ വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾ നിർമിക്കാൻ കേന്ദ്ര സർക്കാർ എടുത്ത തീരുമാനം മറയാക്കിയായിരുന്നു നീക്കം. വിന്ധ്യാചൽ, കായംകുളം, മംഗലാപുരം, മെയ്ത്തോൺ എന്നിവിടങ്ങളിലാണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തത്. അതിന്റെ കൺട്രോൾ സിസ്റ്റം നിർമിക്കുന്നതിനുള്ള കരാർ ലഭിച്ചത് കെൽട്രോണിനാണ്. കെൽട്രോൺ ഈ കരാറിന് നാംടെക് എന്ന സ്വകാര്യ കമ്പനിയെ ടെക്നിക്കൽ ഏജൻസിയാക്കി കമ്മിഷൻ വാങ്ങാൻ അവസരം ഉണ്ടാക്കി എന്നതായിരുന്നു ആരോപണം. അന്നത്തെ കെൽട്രോൺ ചെയർമാൻ കെ.പി.പി.നമ്പ്യാരുടെ മകൻ ബെംഗളൂരുവിൽ നടത്തുന്ന സ്ഥാപനമായിരുന്നു നാംടെക് എന്ന വാർത്ത പുറത്തായതോടെ വിവാദം കത്തി. നാംടെക്കിന് കമ്മിഷൻ കിട്ടുന്ന ഇടപാട് വ്യവസായ മന്ത്രി ഗൗരിയമ്മ അറിഞ്ഞാണ് എന്നാരോപിച്ച് സിഐടിയു തന്നെ രംഗത്തുവന്നതോടെ വിവാദം കൊഴുത്തു. സോവിയറ്റ് യൂണിയനുമായി ഉണ്ടാക്കിയ കരാറിൽ നാംടെക്കിനെ ഒരു ഏജൻസിയായി അംഗീകരിച്ച് ഏഴര ശതമാനം കമ്മിഷൻ അടിക്കാൻ ഒത്താശ ചെയ്തുകൊടുക്കുന്നു എന്നതായിരുന്നു ഗൗരിയമ്മയ്ക്കെതിരായ ഗുരുതരമായ ആരോപണം. വാർത്ത പുറത്തുകൊണ്ടുവന്നത് അന്നു മനോരമ തിരുവനന്തപുരം ബ്യൂറോയിലെ സ്പെഷൽ കറസ്പോണ്ടന്റായിരുന്ന ജോയ് ശാസ്താംപടിക്കൽ. വാർത്തയുടെ ഉറവിടം ഇടതുമുന്നണിയിലെ ഒരു പ്രമുഖനും.
മനോരമ വാർത്തയെ തുടർന്ന് കെ.പി.പി.നമ്പ്യാരുടെ വഴിവിട്ട ഇടപെടൽ, ചെയർമാൻ എന്ന നിലയിൽ നമ്പ്യാർ നടത്തുന്ന സ്വകാര്യ വിദേശപര്യടനങ്ങൾ, നാംടെക്കിനെ മറിയാക്കി നടത്തുന്ന കമ്മിഷൻ ഇടപാടുകൾ തുടങ്ങി ഗൗരിയമ്മയ്ക്കെതിരെ ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സിഐടിയു പ്രസ്താവനയും ഇറക്കി. കെ.ആർ.ഗൗരിയമ്മ പത്രസമ്മേളനം നടത്തി ആരോപണങ്ങൾ നിഷേധിച്ചു. കെ.പി.പി.നമ്പ്യാരെ വഴിവിട്ട് സഹായിക്കാൻ താനൊന്നും ചെയ്തിട്ടില്ലെന്നും സ്വകാര്യ വ്യക്തികളാരെങ്കിലും കമ്മിഷൻ വാങ്ങുന്നുണ്ടെങ്കിൽ അത് ന്യായീകരിക്കാൻ താനില്ലെന്നുമായിരുന്നു ഗൗരിയമ്മയുടെ വിശദീകരണം.
ആരോപണത്തോടു പ്രതികരിച്ച കെ.പി.പി.നമ്പ്യാർ, ആരോപണം കുത്തിപ്പൊക്കിയത് ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ ജാമാതാവ് ഡോ. എ.ഡി.ദാമോദരനും സംസ്ഥാന സർക്കാരിലെ ഒരു സീനിയർ ഉദ്യോഗസ്ഥനും ആണെന്നു പരസ്യമായി ആരോപിച്ചു. തുടർന്ന് അദ്ദേഹം കെൽട്രോണിന്റെ ചെയർമാൻ സ്ഥാനം ഉൾപ്പെടെ സർക്കാരിൽ വഹിച്ചിരുന്ന എല്ലാ പദവികളും രാജിവച്ചു.
അഴിമതിക്കഥ അവിടെയും അവസാനിക്കുന്നില്ല. അതിനും ആറു വർഷം മുമ്പ് കരുണാകരൻ സർക്കാരിന്റെ കാലത്ത്, 1984 ൽ കെൽട്രോൺ കൺട്രോൾ വിഭാഗത്തിന് ആവശ്യമായ ട്രാൻസ്മിറ്ററുകൾ വാങ്ങുന്നതിന് അമേരിക്കയിലെ റോണർ എൻജിനീയറിങ് എന്ന കമ്പനിക്ക് കെൽട്രോൺ നൽകിയ കരാറിലും സ്വകാര്യ വ്യക്തി കമ്മിഷനടിച്ചു എന്ന് ആരോപണം ഉണ്ടായി. അതിലും ആരോപണത്തിന്റെ കുന്തമുന കെ.പി.പി.നമ്പ്യാർക്കെതിരെയായിരുന്നു
2006 ലെ അച്യുതാന്ദൻ സർക്കാരിന്റെ കാലത്താണ് വിവാദമായ സ്മാർട് കാർഡ് അരോപണം ഉണ്ടായത്. ഡ്രൈവിങ് ലൈസൻസിനും ആർസി ബുക്കിനും പകരം രണ്ടും കൂടി ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട് കാർഡ് ഉണ്ടാക്കാൻ പൊതുമേഖലാ സ്ഥാപനത്തിന്റെ മറവിൽ നടത്തിയ അഴിമതി നീക്കമാണ് വാർത്തയായത്. റോഡ് ക്യാമറയുടെ കാര്യത്തിൽ എന്നപോലെ ബെംഗളൂരുവിലെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മറവിൽ മൂന്ന് സ്വകാര്യ കമ്പനികളുടെ കൺസോർഷ്യം ഉണ്ടാക്കി കമ്മിഷൻ തട്ടാനായിരുന്നു നീക്കം. ഒരു കാർഡിന് 385 രൂപ നിരക്കിൽ സ്മാർട് കാർഡ് ഉണ്ടാക്കാൻ ആയിരുന്നു കരാർ. ആരോപണങ്ങളെ തുടർന്ന് അതു റദ്ദാക്കി. അഴിമതി നീക്കം അന്നും ഇടതുമുന്നണിയിൽനിന്നു തന്നെയാണ് ഈ ലേഖകന് ചോർത്തിക്കിട്ടിയത്. അതേ കാർഡ് പിന്നീട് 60 രൂപയ്ക്ക് ഇറക്കി.