പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെന്ന നിലയിലുള്ള തന്‍റെ ആദ്യത്തെ ശ്രീലങ്ക സന്ദര്‍ശനം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഇമ്രാന്‍ ഖാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത് ഒരു സന്തോഷ വാര്‍ത്തയായിരുന്നു. പക്ഷേ, കേള്‍ക്കേണ്ടിവന്നത് ദുഃഖവാര്‍ത്തയാണ്.
ഭീകരര്‍ക്കു സാമ്പത്തിക സഹായം ഉളള്‍പ്പെടെയുള്ള സഹായങ്ങള്‍ കിട്ടുന്നതു തടയുന്നതില്‍ പാക്കിസ്ഥാന്‍ വീണ്ടും വീഴ്ചവരുത്തിയതായി മുദ്രകുത്തപ്പെട്ടു. അതിന്‍റെ പേരില്‍ രാജ്യാന്തരസമൂഹത്തിന്‍റെ നോട്ടപ്പുള്ളികളുടെ പട്ടികയില്‍ അകപ്പെട്ടുപോയ പാക്കിസ്ഥാന്‍ അതില്‍നിന്നു പുറത്തുകടക്കാനുള്ള ശ്രമത്തില്‍ വീണ്ടും പരാജയപ്പെടുകയും ചെയ്തു.
കള്ളപ്പണം വെളുപ്പിക്കുകയും ഭീകരര്‍ക്കു സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യുന്നതു തടയാനായി ദശകങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന രാജ്യാന്തര സംഘടനയാണ് ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) അഥവാ സാമ്പത്തിക നടപടിക്കുളള കര്‍മസേന. ആസ്ഥാനമായ പാരിസില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച (ഫെബ്രുവരി 21) മുതല്‍ അഞ്ച് ദിവസം എഫ്എടിഎഫ് സമ്മേളിച്ചപ്പോള്‍ മുഖ്യ ചര്‍ച്ചാവിഷയമായത് ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ എവിടെ നില്‍ക്കുന്നുവെന്നതായിരുന്നു.
എഫ്എടിഎഫ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ പാക്കിസ്ഥാന്‍ വീണ്ടും വീഴ്ച വരുത്തിയെന്ന നിഗമനത്തിലാണ് സമ്മേളനം എത്തിച്ചേര്‍ന്നത്. ഇതുകാരണം, നേരത്തെതന്നെ എഫ്എടിഎഫിന്‍റെ നോട്ടപ്പുള്ളികളുടെ പട്ടികയിലായിരുന്നു പാക്കിസ്ഥാന്‍. അതില്‍നിന്നു രക്ഷപ്പെടാനുള്ള ആഗ്രഹം നിഷ്ഫലമായ സ്ഥിതിക്ക് ഇനി ജൂണില്‍ നടക്കുന്ന അടുത്ത എഫ്എടിഎഫ് യോഗംവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. അതിനുമുന്‍പ് പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നു കുറ്റമറ്റതും തൃപ്തികരവുമായ നടപടികള്‍ ഉണ്ടാവുകയും വേണം.
ഭീകരര്‍ക്കു ഗുണകരമാവുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നു രാജ്യങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ് എഫ്എടിഎഫ്. പക്ഷേ അതിനുവേണ്ടി നിയമ നിര്‍മാണവും നിയമം നടപ്പിലാക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ എടുക്കുന്ന കാര്യത്തില്‍ പാക്കിസ്ഥാന്‍ നിരന്തരമായി വീഴ്ച വരുത്തുന്നു. അങ്ങനെയാണ് എഫ്എടിഎഫിന്‍റെ നോട്ടപ്പുള്ളികളുടെ പട്ടികയിലായതും.
ഗ്രേലിസ്റ്റ് അഥവാ ചാരനിറത്തിലുള്ള പട്ടിക എന്നറിയപ്പെടുന്ന ഇതില്‍ മറ്റു ചില രാജ്യങ്ങളുമുണ്ട്. അല്‍ബേനിയ, ബാര്‍ബഡോസ്, ജമൈക്ക, ഘാന, ബോത്സ്വാന, കംബോഡിയ, ഐസ്ലന്‍ഡ്, മൗറീഷ്യസ്, മംഗോളിയ, മ്യാന്‍മര്‍, നിക്കരാഗ്വ, പാനമ, സിറിയ, യുഗാണ്ട, യെമന്‍, സിംബാബ്വെ എന്നിവ ഉദാഹരണം. എഫ്എടിഎഫുമായി സഹകരിക്കാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ബ്ളാക്ക്ലിസ്റ്റ് അഥവാ കരിമ്പട്ടികയാണ് അതിന്‍റെ തൊട്ടുമുകളില്‍.
കരിമ്പട്ടികയില്‍ ഇപ്പോള്‍ രണ്ടു രാജ്യങ്ങളേയുള്ളൂ-ഉത്തര കൊറിയയും ഇറാനും. ഭീകരതയ്ക്കെതിരെ നടപടിയെടുക്കുന്നതായി അവകാശപ്പെടുകയും അതേസമയം തന്നെ ഭീകരരെ സഹായിക്കുകയും ചെയ്യുന്ന പാക്കിസ്ഥാനെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വാദവും ഉയരുകയുണ്ടായി.
കരിമ്പട്ടികയില്‍ അകപ്പെട്ടുപോയാല്‍ അതിന്‍റെയൊരു ഫലം രാജ്യാന്തര നാണയ നിധി (ഐഎംഎഫ്), ലോക ബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് (എഡിബി), യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍നിന്നു ധനസഹായം നിഷേധിക്കപ്പെടുമെന്നതാണ്. മറ്റു രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപത്തിനും തടസ്സമുണ്ടാവും. ഇപ്പോള്‍തന്നെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോവുന്ന പാക്കിസ്ഥാന് അതൊന്നും
താങ്ങാനാവില്ല. ഗ്രേലിസ്റ്റില്‍ അകപ്പെട്ടുപോയ കാരണത്താല്‍ തന്നെ പാക്കിസ്ഥാന്‍ പ്രയാസങ്ങളെ അഭിമൂഖീകരിച്ചുവരുന്നു. തല്‍ഫലമായി പാക്കിസ്ഥാന്‍റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 38 ശതകോടി ഡോളറിന്‍റെ നഷ്ടം ഇതിനകം സംഭവിച്ചുവെന്ന ഒരു കണക്കും ഇതോടനുബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്.
പാക്കിസ്ഥാന്‍ ഏറ്റവും ഒടുവില്‍ എഫ്എടിഎഫിന്‍റെ ഗ്രേലിസ്റ്റിലായത് 2018 ജൂണിലായിരുന്നു. നേരത്തെയും ഈ പട്ടികയില്‍ ഉണ്ടായിരുന്നുവെങ്കിലും 2015ല്‍ പുറത്തുകടന്നു. 2018ല്‍ വീണ്ടും ഗ്രേലിസ്റ്റിലായ ശേഷം രണ്ടുതവണ കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഘട്ടംവരെ എത്തുകയും ചെയ്തു. ചൈന, തുര്‍ക്കി, മലേഷ്യ എന്നിവയുടെ സഹായത്താല്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 27 കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കര്‍മപദ്ധതി എഫ്എടിഎഫ് പാക്കിസ്ഥാന്‍റെ മുന്നില്‍ വയ്ക്കുകയും മൂന്നു മാസത്തിനകം അതു നടപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
വീഴ്ച വരുത്തിയാല്‍ കരിമ്പട്ടികയില്‍ ആകുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. അങ്ങനെ ജൂണില്‍ ചേരേണ്ടിയിരുന്ന എഫ്എടിഎഫ് യോഗം പക്ഷേ, കോവിഡ് മഹാമാരി കാരണം ഒക്ടോബര്‍വരെ മാറ്റിവയക്കേണ്ടിവന്നു. കര്‍മ പദ്ധതി നടപ്പാക്കാന്‍
പാക്കിസ്ഥാന് മൂന്നു മാസത്തിനു പകരം എഴു മാസംവരെ സമയം കിട്ടുകയും ചെയ്തു. എന്നിട്ടും അതു പൂര്‍ണമായി നടപ്പാക്കാനായില്ല. അതിനു വേണ്ടി പാക്കിസ്ഥാന്‍ ആത്മാര്‍ഥമായി ശ്രമിച്ചില്ലെന്നായിരുന്നു വിമര്‍ശനം. പാക്കിസ്ഥാനെ ഗ്രേലിസ്റ്റില്‍തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചുകൊണ്ടാണ് ആ യോഗം സമാപിച്ചതും.
അതിനുശേഷമുണ്ടായ സ്ഥിതി അവലോകനം ചെയ്യാനായി ഇക്കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തില്‍ പാക്കിസ്ഥാന്‍ നല്‍കിയ വിശദീകരണവും എഫ്എടിഎഫിനു തൃപ്തികരമായില്ല. ജൂണില്‍ ചേരുന്ന അടുത്ത യോഗത്തിനുവേണ്ടി കാത്തിരിക്കുയാണ് അവര്‍. അതുവരെ ഗ്രോലിസ്റ്റിലെ പാക്ക് സാന്നിധ്യം തുടരുകയുംചെയ്യും.
സ്വര്‍ണം, ലഹരി മരുന്ന്, ആയുധങ്ങള്‍ തുടങ്ങിയവയുടെ കള്ളക്കടത്തിലൂടെയും വ്യാപാരത്തിലൂടെയും പണം സമ്പാദിക്കുന്നവര്‍ അതു നിയമവിധേയമായ മാര്‍ഗത്തിലൂടെ സമ്പാദിച്ച പണമായി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നു. അതിനുവേണ്ടി ബാങ്ക് ഇടപാടുകളും വാണിജ്യ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുന്നു. മണി ലോണ്ടറിങ് അഥവാ കള്ളപ്പണം വെളുപ്പിക്കല്‍ എന്നറിയപ്പെടുന്ന ഈ പരിപാടി രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കുന്നു. ഇതു തടയുന്നതിനുവേണ്ടി 1989ല്‍ രാജ്യാന്തര തലത്തില്‍ രൂപംകൊണ്ട സംഘടനയാണ് എഫ്എടിഎഫ്. ഇത്തരമൊരു സംവിധാനം കൂടിയേ തീരൂവെന്നത് ലോകത്തെ ഏഴു വന്‍ സമ്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ന്‍റെ ആ വര്‍ഷത്തെ പാരിസ് ഉച്ചകോടിയുടെ തീരുമാനമായിരുന്നു.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും കള്ളപ്പണം ധാരാളമായി ഉപയോഗിക്കപ്പെടുന്നുവെന്ന വസ്തുതയിലേക്കു ലോകശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായ സംഭവമായിരുന്നു അമേരിക്കയില്‍ 2001 സെപ്റ്റംബറില്‍ നടന്ന ഭീകരാക്രമണം. പാക്കിസ്ഥാനില്‍ ഭരണകൂടത്തിന്‍റെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യാവിരുദ്ധ ഭീകര സംഘടനകളായ ലഷ്ക്കറെ തയിബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളിലും കള്ളപ്പണം നിര്‍ണായക പങ്ക് വഹിക്കുന്നതായി കണ്ടെത്തുകയുണ്ടായി. അതിനെതിരെയും കര്‍ശന നടപടികള്‍ എടുക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നു. അങ്ങനെയാണ് ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടയ്ക്കാനുള്ള യജ്ഞവും എഫ്എടിഎഫിന്‍റെ മുഖ്യമായ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ ഒന്നായത്.
ഭീകരര്‍ക്കെതിരായ പാക്ക് നിയമനടപടികള്‍ പലപ്പോഴും ഒളിച്ചുകളിയായി മാറുകയാണ് പതിവ്. ലഷ്ക്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നിവ പോലുള്ള ഭീകര സംഘടനകളുടെ തലവന്മാര്‍ക്ക് നാട്ടില്‍ സ്വൈരവിഹാരം നടത്താന്‍ അവസരം ലഭിക്കുന്നു. ഏറ്റവുമൊടുവില്‍, ഡാനിയല്‍ പേള്‍ എന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലെ പ്രതികളെ വിട്ടയയ്ക്കാന്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ പാക്ക് സുപ്രീംകോടതി ഉത്തരവിട്ട സംഭവവും ഇതോടു ചേര്‍ത്തുവായിക്കപ്പെടുന്നു.
ആ കേസിലെ മുഖ്യപ്രതിയായ അഹമദ് സയീദ് ഉമര്‍ ഷെയ്ക്കിനു കറാച്ചിയിലെ പ്രത്യേക കോടതി 2002 ജൂലൈയില്‍ വധശിക്ഷ വിധിക്കുകയും മറ്റു മൂന്നു പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷ നല്‍കുകയും ചെയ്തിരുന്നു. ഉമര്‍ ഷെയ്ക്കിന്‍റെ വധശിക്ഷ സിന്ധ് ഹൈക്കോടതി കഴിഞ്ഞ വര്‍ഷം വെട്ടിച്ചുരുക്കി, ഏഴു വര്‍ഷത്തെ തടവുശിക്ഷയാക്കി. പേളിനെ തട്ടിക്കൊണ്ടുപോയതു ഉമര്‍ ഷെയ്ക്കാണെങ്കിലും വധിച്ചത് അയാളാണെന്നു പ്രോസിക്യൂഷനു തെളിയിക്കാനായില്ലെന്നായിരുന്നു വിധി.
അതിനകം ഏഴു വര്‍ഷത്തിലേറെ തടവുശിക്ഷ അനുഭവിച്ചു കഴിഞ്ഞതിനാല്‍ ഉമര്‍ ഷെയ്ക്കിനെ വിട്ടയക്കാനും ഹൈക്കോടതി ഉത്തരവിട്ടു. മറ്റു മൂന്നു പേര്‍ക്കും കുറ്റകൃത്യത്തില്‍ പങ്കള്ളതായി തെളിഞ്ഞിട്ടില്ലെന്നു പറഞ്ഞ് അവരെയും വിട്ടയക്കാന്‍ ഉത്തരവുണ്ടായി. ഇക്കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി അതു ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ സിന്ധ് സംസ്ഥാന ഭരണകൂടവും പാക്ക് കേന്ദ്ര ഗവണ്‍മെന്‍റും പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഭീകരതയ്ക്ക് എതിരെ പാക്കിസ്ഥാന്‍ നടത്തുന്നുവെന്ന് അവകാശപ്പെടുന്ന പോരാട്ടത്തിന്‍റെ ഒരു സാമ്പിളാണിത്.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : FATF keeps Pakistan on grey list until June despite 'significant progress'