ട്രംപിന്‍റെ നാളുകള്‍ വീണ്ടും

HIGHLIGHTS
  • സെനറ്റിലെ രണ്ടാം കുറ്റവിചാരണയ്ക്കു തുടക്കം
  • തീപ്പാറുന്ന വാക്പോരിനു കളമൊരുങ്ങുന്നു
USA-ELECTION/TRUMP
Donald Trump. Photo Credit : Carlos Barria / Reuters
SHARE

മൂന്നാഴ്ചയോളമായി ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റല്ല. ജനുവരി 20നു രാവിലെ വൈറ്റ്ഹൗസില്‍നിന്നിറങ്ങി ഫ്ളോറിഡയിലെ തന്‍റെ എസ്റ്റേറ്റിലേക്കു പോയശേഷം അദ്ദേഹത്തെപ്പറ്റി കാര്യമായ ഒരു വിവരവുമില്ല. പ്രകോപനപരമായ പ്രസ്താവനകള്‍ക്കു വേണ്ടി ഉപയോഗിക്കുന്നുവെന്ന കാരണത്താല്‍ ട്വിറ്ററും  ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്രംപിന്‍റെ എക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ പതിവുപോലുള്ള അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകടനങ്ങളും നടക്കുന്നില്ല. 

ആകപ്പാടെ ഒരു നിശ്ശബ്ദത. എന്നാല്‍, ഈ നാളുകളും അവസാനിക്കുകയാണ്. അടുത്ത ചില ആഴ്ചകളില്‍ അമേരിക്കയില്‍നിന്നുള്ള വാര്‍ത്തകളില്‍ വീണ്ടും നിറഞ്ഞു നില്‍ക്കുന്നത് ഒരുപക്ഷേ ട്രംപായിരിക്കും. അദ്ദേഹത്തിന്‍റെ രണ്ടാം ഇംപീച്ച്മെന്‍റ് വിചാരണ സെനറ്റില്‍ ആരംഭിച്ചുകഴിഞ്ഞു. പ്രസിഡന്‍റിനെ പ്രതിനിധിസഭ രണ്ടാം തവണയും ഇംപീച്ച്ചെയ്യുകയും അതിന്‍റെ വിചാരണ രണ്ടാമതും സെനറ്റില്‍ നടക്കുകയും ചെയ്യുന്നത് അമേരിക്കയുടെ ഏതാണ്ടു രണ്ടര നൂറ്റാണ്ടുകാലത്തെ  വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ്.

മറ്റൊരു ചരിത്രവും ഇതോടൊപ്പം രചിക്കപ്പെടുന്നുണ്ട്. സ്ഥാനമൊഴിഞ്ഞ ഒരു പ്രസിഡന്‍റ് സെനറ്റില്‍ വിചാരണ ചെയ്യപ്പെടുന്നതും ആദ്യമാണ്. ഈ വര്‍ഷം ജനുവരിയില്‍ പ്രതിനിധിസഭ രണ്ടാം തവണയും ട്രംപിനെ ഇംപീച്ച് ചെയ്യുമ്പോള്‍ അദ്ദേഹം തിരഞ്ഞെടുപ്പില്‍ തോറ്റിരുന്നുവെങ്കിലും സ്ഥാനമൊഴിയാന്‍ ഒരാഴ്ചകൂടി ബാക്കിയുണ്ടായിരുന്നു. അതിനിടയില്‍ സെനറ്റിലെ വിചാരണയും നടന്നിരുന്നുവെങ്കില്‍ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. പക്ഷേ, അത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് അസാധ്യമായിരുന്നു. വിചാരണ തുടങ്ങാറായപ്പോഴേക്കും ട്രംപ് വൈറ്റ്ഹൗസ് വിട്ടു മൂന്നാഴ്ചയാവുകയും ചെയ്തു. 

പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നു ഡിസംബര്‍ ആറിനു വാഷിങ്ടണിലെ ക്യാപിറ്റോള്‍ മന്ദിരത്തിലേക്കു ജനക്കൂട്ടം ഇരച്ചുകയറുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തതാണ് രണ്ടാം കുറ്റവിചാരണയ്ക്കു കാരണമായിത്തീര്‍ന്നത്. അക്രമികളെ അതിനു പ്രേരിപ്പിച്ചതു ട്രംപിന്‍റെ പ്രസംഗങ്ങളാണെന്നാണ് ആരോപണം. 

തിരഞ്ഞെടുപ്പിലെ വിജയവും അങ്ങനെ രണ്ടാം തവണയും പ്രസിഡന്‍റാകാനുള്ള അവസരവും നഷ്ടപ്പെട്ടതില്‍ ക്ഷുഭിതനായിരുന്നു ട്രംപ്. തിരഞ്ഞെടുപ്പ് ഫലത്തിന് അംഗീകാരം നല്‍കാന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനം നടന്നുകൊണ്ടിരിക്കേയാണ് അദ്ദേഹത്തിന്‍റെ അനുകൂലികള്‍ അവിടേക്ക് തള്ളിക്കയറിയത്. ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കു ജീവനുംകൊണ്ട് ഓടിപ്പോവുകയോ ഡസ്ക്കിനടിയില്‍ ഒളിച്ചിരിക്കുകയോ ചെയ്യേണ്ടിവന്നു. ഇത്തരമൊരു സംഭവവും അമേരിക്കയില്‍ മുന്‍പുണ്ടായിട്ടില്ല. 

ഇങ്ങനെ ട്രംപ് ഗുരുതരമായ കുറ്റംചെയ്തുവെന്നും അതിനാല്‍ അദ്ദേഹത്തെ ശിക്ഷിച്ചേതീരൂവെന്നുമുള്ള നിലപാടിലാണ് ഡമോക്രാറ്റിക് പാര്‍ട്ടിക്കാര്‍. ഭാവിയില്‍ ഇത്തരം സംഭവമുണ്ടാകുന്നതു തടയാനും ഇതാവശ്യമാണെന്ന് അവര്‍ വാദിക്കുന്നു. ട്രംപിന്‍റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ചിലരും അതിനോടു യോജിക്കുന്നു. പ്രതിനിധിസഭയില്‍ ഇംപീച്ച്മെന്‍റിനുവേണ്ടി വോട്ടുചെയ്ത ഡമോക്രാറ്റുകളോടൊപ്പം 10 റിപ്പബ്ളിക്കന്മാരും ഉണ്ടായിരുന്നു. മുന്‍വൈസ്പ്രസിഡന്‍റ് ഡിക്ക് ചെയ്നിയുടെ മകളും പാര്‍ട്ടിയിലെ ഒരു പ്രമുഖ വനിതയുമായ ലിസ് ചെയ്നിയായിരുന്നു അവരിലൊരാള്‍.

TOPSHOT-US-POLITICS-DEPARTURE-TRUMP
Donald Trump and Melania Trump. Photo Credit : Alex Edelman / AFP

എന്നാല്‍, റിപ്പ്ബ്ളിക്കന്മാര്‍ പൊതുവില്‍ ട്രംപിനെ പിന്തുണയ്ക്കുകയാണ്. ക്യാപ്പിറ്റോള്‍   ആക്രമണത്തിനു ട്രംപ് ഉത്തരവാദിയല്ലെന്നും തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടതില്‍ തങ്ങള്‍ക്കുണ്ടായിരുന്ന നിരാശയും രോഷവും ട്രംപിന്‍റെ ആരാധകര്‍ സ്വമേധയാതന്നെ പ്രകടിപ്പിക്കുകയായിരുന്നുവെന്നും അവര്‍ വാദിക്കുന്നു.

മാത്രമല്ല, സെനറ്റിലെ ഇംപീച്ച്മെന്‍റ് വിചാരണയ്ക്ക്  ഭരണഘടനാ സാധുത ഇല്ലാത്തതിനാല്‍ അതു തടയണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതിനുവേണ്ടി അവര്‍ കൊണ്ടുവന്ന പ്രമേയത്തിന് 100 അംഗ സെനറ്റില്‍ 45 വോട്ട് കിട്ടുകയുണ്ടായി. പക്ഷേ, ഡമോക്രാറ്റിക് പാര്‍ട്ടിയിലെ മുഴുവന്‍ പേരും (50) എതിര്‍ത്തതിനാല്‍ പ്രമേയം തള്ളപ്പെട്ടു.

പ്രസിഡന്‍റ് കുറ്റക്കാരനാണെന്ന പ്രതിനിധിസഭയുടെ നിഗമനം വിലയിരുത്തുകയും നിരപരാധിയാണെന്നു കണ്ടാല്‍ വിട്ടയയ്ക്കുകയും അല്ലാത്തപക്ഷം ശിക്ഷിക്കുകയും ചെയ്യാനുള്ള അധികാരം സെനറ്റിനാണ്. പക്ഷേ, ട്രംപ് പ്രസിഡന്‍റ് അല്ലാതായിക്കഴിഞ്ഞതിനാല്‍ അദ്ദേഹത്തെ അധികാരത്തില്‍നിന്നു പുറത്താക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. അതേസമയം, സെനറ്റ് കുറ്റക്കാരനെന്നു വിധിച്ചാല്‍, അതിന്‍റെ അടിസ്ഥാനത്തില്‍ ട്രംപിനു അയോഗ്യത കല്‍പ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഡമോക്രാറ്റുകള്‍. പലരുടെയും അഭിപ്രായത്തില്‍ അതാണ് അവരുടെ പരമമായ ലക്ഷ്യവും. 

അയോഗ്യത കല്‍പ്പിക്കപ്പെട്ടാല്‍ 2024ലെ തിരഞ്ഞെടുപ്പില്‍ ട്രംപിനു മല്‍സരിക്കാനാവില്ല. പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ആജീവനാന്ത സുരക്ഷ തുടങ്ങിയ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യും. ഇതും അമേരിക്കയുടെ ചരിത്രത്തില്‍ അഭൂതപൂര്‍വമാണ്.   

പക്ഷേ, ഡമോക്രാറ്റുകള്‍ ആഗ്രഹിക്കുന്നതു പോലെ കാര്യം നടക്കണമെങ്കില്‍ സെനറ്റില്‍ അവര്‍ക്കു മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടായിരിക്കണം. ഇപ്പോള്‍ 50 പേരുള്ള അവരോടൊപ്പം ചുരുങ്ങിയത് 17 റിപ്പബ്ളിക്കന്മാരും ചേരണമെന്നര്‍ഥം. അതിനുള്ള സാധ്യതയും ഇപ്പോഴില്ല. മുന്‍പ് ഇംപീച്ച്ചെയ്യപ്പെട്ട ട്രംപ് ഉള്‍പ്പെടെയുള്ള മൂന്നു പ്രസിഡന്‍റുമാരും പിന്നീടു കുറ്റവിമുക്തരാക്കപ്പെട്ടത് അത്രയും പേര്‍ അവര്‍ക്കെതിരെ അണിനിരക്കാന്‍ ഇല്ലാത്തതു കൊണ്ടായിരുന്നു.  

എങ്കില്‍ പിന്നെയെന്തിനു സെനറ്റിലെ ഈ നാടകം എന്നാണ് റിപ്പബ്ളിക്കന്മാര്‍ ഉന്നയിക്കുന്ന ചോദ്യം. അധികാരത്തില്‍ ഇല്ലാത്ത പ്രസിഡന്‍റിനെ വിചാരണയ്ക്കു വിധേയനാക്കുന്നതിനു ഭരണഘടനാ സാധുതയില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. 

സെനറ്റിലെ വിചാരണയില്‍ അധ്യക്ഷത വഹിക്കേണ്ടതു സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസായിരിക്കണമെന്നാണ് ഭരണഘടനയിലെ വ്യവസ്ഥ. അതനുസരിച്ച്. ട്രംപിനെതിരായ ആദ്യത്തെ വിചാരണയില്‍ അധ്യക്ഷത വഹിച്ചതു ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സായിരുന്നു. എന്നാല്‍, രണ്ടാം വിചാരണയുടെ നിയമസാധുത വിവാദമായിരിക്കേ, അതില്‍ അധ്യക്ഷത വഹിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. 

സെനറ്റിലെ ഏറ്റവും പഴക്കംചെന്ന അംഗമായ പാട്രിക് ലീഹി (80) എന്ന ഡമോക്രാറ്റ് പാര്‍ട്ടിക്കാരനാണ് പകരക്കാരന്‍. പ്രതിനിധിസഭയില്‍നിന്നുള്ള 10 പേര്‍ (എല്ലാവരും ഡമോക്രാറ്റുകള്‍) പ്രോസിക്യൂട്ടര്‍മാരും സെനറ്റിലെ മുഴുവന്‍ അംഗങ്ങളും (100) ജൂറിമാരുമായിരിക്കും. 

സഭയില്‍ നേരിട്ടു ഹാജരായി മൊഴി നല്‍കാന്‍ ട്രംപിനെ സെനറ്റ് ക്ഷണിച്ചുവെങ്കിലും അദ്ദേഹം അതു തള്ളിക്കളയുകയാണ് ചെയ്തത്. ആദ്യത്തെ വിചാരണയിലും ട്രംപ് ഹാജരായിരുന്നില്ല. ആവശ്യമാണെങ്കില്‍ സമണ്‍സ് അയക്കാന്‍ സെനറ്റിന് അധികാരമുണ്ടെങ്കിലും അതുപയോഗിക്കപ്പെടാനും സാധ്യതയില്ല. സാക്ഷികളെ വിളിക്കണമോ എന്ന കാര്യത്തിലും തൂരുമാനമായില്ല. 

ഇംപീച്ച്മെന്‍റ് മാനേജര്‍മാര്‍ എന്നറിയപ്പെടുന്ന പ്രോസിക്യൂട്ടര്‍മാരും ട്രംപിന്‍റെ അഭിഭാഷകരും തമ്മിലുളള തീപ്പാറുന്ന പോരാട്ടമായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ നടക്കുക. പേരുകേട്ട അഭിഭാഷകരെയാണ് തനിക്കുവേണ്ടി വാദിക്കാന്‍ ട്രംപ് കണ്ടെത്തിയിട്ടുള്ളത്. സെനറ്റിന്‍റെ തീരുമാനം എന്തായാലും അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നിര്‍ണായക സംഭവമായിരിക്കും അതും.     

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Vidhesharangom Column - Donald Trump impeachment trial In Senate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA