തുര്‍ക്കിയില്‍ മാറ്റത്തിന്‍റെ കാറ്റ്?

HIGHLIGHTS
  • പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കു തിരിച്ചടി
  • ഇസ്തംബുള്‍ മേയര്‍ പുതിയ താരം
LeoPatrizi-istock
Representative image. Photo Credit: LeoPatrizi/istockphoto.com
SHARE

വിജയവും പരാജയവും ഒന്നും അവസാന വാക്കല്ലെന്ന സാരോപദേശം ഇപ്പോള്‍ ലോകത്തെ ഓര്‍മിപ്പിക്കുന്നത് തുര്‍ക്കിയില്‍ ഒരാഴ്ച മുന്‍പ് നടന്ന തിരഞ്ഞെടുപ്പാണ്. പ്രസിഡന്‍റിനെയോ പാര്‍ലമെന്‍റ് അംഗങ്ങളെയോ തിരഞ്ഞെടുക്കാനുളളതായിരുന്നില്ല രാജ്യവ്യാപകമായി നടന്ന ആ വോട്ടെടുപ്പ്. നഗരസഭാ മേയര്‍മാര്‍ ഉള്‍പ്പെടെയുളള പ്രാദേശിക ഭരണസമിതി ഭാരവാഹികളെ തിരഞ്ഞെടുക്കാനുളളതായിരുന്നു. 

പക്ഷേ, അതിന്‍റെ ഫലം പുറത്തുവന്നപ്പോള്‍ അതിനു പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെയും പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെയും അത്രതന്നെ പ്രാധാന്യം കൈവരികയും ആഴത്തിലുള്ള അവലോകനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അതു കാരണമാവുകയും ചെയ്തു. രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായി തുര്‍ക്കിയില്‍ ഭരണമാറ്റം ഉണ്ടാവാന്‍ പോകുന്നതിന്‍റെ സൂചനപോലും ഇതില്‍ കാണുന്നവരുണ്ട്. 

അത്രയും വലിയ തിരിച്ചടിയാണ് പ്രസിഡന്‍റ് റജിബ് തയ്യിബ് എര്‍ദൊഗാന്‍റെ നേതൃത്വത്തിലുളള ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്‍റ് പാര്‍ട്ടിക്കു (തുര്‍ക്കി ഭാഷയിലുള്ള ചുരുക്കപ്പേര് എകെപി) ഈ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്നത്. മുന്‍പ് പല തവണ രാജ്യം ഭരിച്ചിരുന്നതും തുര്‍ക്കിയിലെ ഏറ്റവും പഴക്കം ചെന്നതുമായ പീപ്പിള്‍സ് റിപ്പബ്ളിക്കന്‍ പാര്‍ട്ടി (സിഎച്ച്പി) തിരിച്ചുവരവിന്‍റെ കാഹളം മുഴക്കിക്കൊണ്ട് വന്‍വിജയം നേടുകയും ചെയ്തു. 

ആധുനിക തുര്‍ക്കിയുടെ പിതാവായി അറിയപ്പെടുന്ന കമാല്‍ അതാതുര്‍ക്ക് ഒരു നൂറ്റാണ്ട് മുന്‍പ് സ്ഥാപിച്ച മധ്യ ഇടതുപക്ഷ കക്ഷിയായ സിഎച്ച്പി 1977നുശേഷം ഒരിക്കലും ഇത്രയും വലിയ തിരഞ്ഞെപ്പ് വിജയം നേടിയിട്ടില്ലത്രേ. അതിന്‍റെ ഭാവിയിലെ നേതാവാകുമെന്നു കരുതപ്പെടുന്ന ഇസ്തംബുള്‍ മേയര്‍ ഇക്രം ഇമാമോഗ്ലുവെ തുര്‍ക്കിയുടെ അടുത്ത പ്രസിഡന്‍റായി ഇപ്പോള്‍തന്നെ പലരും സങ്കല്‍പ്പിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. 2028ലാണ് അടുത്ത പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്.

തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരവും സാംസ്ക്കാരിക തലസ്ഥാനവുമാണ് മുന്‍പ് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എന്നറിയപ്പെട്ടിരുന്ന ഇസ്തംബുള്‍. 30 വര്‍ഷംമുന്‍പ് രാഷ്ട്രനേതാവാകാനുള്ള തന്‍റെ പ്രയാണത്തിന് എര്‍ദൊഗാന്‍ തുടക്കം കുറിച്ചതും ഇസ്തംബുളിലെ മേയറായി തിരഞ്ഞടുക്കപ്പെട്ടുകൊണ്ടായിരുന്നു. എര്‍ദൊഗാനും (70) ഇമാമോഗ്ലുവും (52) ജനിച്ചതും ആ നഗരത്തിലാണ്. എര്‍ദൊഗാന്‍ പിന്നീട് പ്രധാനമന്ത്രിയും ഒടുവില്‍ പ്രസിഡന്‍റുമായി. കഴിഞ്ഞ വര്‍ഷം മേയില്‍ മൂന്നാം തവണയും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.

തുര്‍ക്കിയിലെ 81 പ്രവിശ്യകളിലെ നഗരസഭാധ്യക്ഷര്‍, നഗരസഭാംഗങ്ങള്‍, മറ്റു സ്വയം ഭരണ സ്ഥാപന ഭാരവാഹികള്‍ എന്നിവരുടെ തിരഞ്ഞെടുപ്പാണ് മ്യാര്‍ച്ച് 31നു നടന്നത്. ഇസ്തംബൂളിനു പുറമെ, രാജ്യതലസ്ഥാന നഗരമായ അങ്കറ, മറ്റു പ്രധാന നഗരങ്ങളായ ഇസ്മിര്‍, ബര്‍സ, അദാന എന്നിവയടക്കം 35 പ്രവിശ്യാ തലസ്ഥാനങ്ങളിലെ ഭരണം സിഎച്ച്പിയുടെ നിയന്ത്രണത്തിലായി. എകെപിക്കു ജയിക്കാന്‍ കഴിഞ്ഞതു 24 പ്രവിശ്യകളില്‍ മാത്രം. എകെപിക്കു കിട്ടിയ മൊത്തം 35.5 ശതമാനം വോട്ടുകള്‍ക്കെതിരെ സിഎച്ച്പിക്കു 37.8 ശതമാനം വോട്ടും കിട്ടി. 

രാജ്യത്ത് ഏറ്റവുമധികം ജനങ്ങളുളള നഗരം കൂടിയായ ഇസ്തംബുളിലെ മേയര്‍ തിരഞ്ഞെടുപ്പ് പ്രത്യേകിച്ചും ശ്രദ്ധിക്കപ്പെടാന്‍ വേറെയും കാരണമുണ്ട്. തുര്‍ക്കിയുടെ അടുത്ത പ്രസിഡന്‍റായി ഇപ്പോള്‍തന്നെ പലരും സങ്കല്‍പ്പിക്കാന്‍ തുടങ്ങിയിട്ടുള്ള ഇക്രം ഇമാമോഗ്ലു അവിടെ മേയറായി തിരഞ്ഞെടുക്കപ്പെടുന്നത് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്നാം തവണയാണ്.

ബിസിനസുകാരനായിരുന്ന അദ്ദേഹം ആദ്യ തവണ ജയിച്ചത് 2019ലായിരുന്നു. പക്ഷേ, കൃത്രിമം നടന്നുവെന്ന എകെപാര്‍ട്ടിയുടെ പരാതിയെ തുടര്‍ന്നു വീണ്ടും പോളിങ്ങിനെ നേരിടേണ്ടിവന്നു. കൂടുതല്‍ ഭൂരിപക്ഷത്തോടെ വീണ്ടും ജയിച്ചു. ഇത്തവണ ജയിച്ചത് അതിലുമധികം ഭൂരിപക്ഷത്തോടെയും. 

തുര്‍ക്കിയില്‍ ഏറ്റവും ഒടുവില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കും പാര്‍ലമെന്‍റിലേക്കുമുളള തിരഞ്ഞെടുപ്പ് നടന്നിട്ട് 11 മാസം കഴിഞ്ഞതേയുളളൂ. എര്‍ദൊഗാന്‍ തുടര്‍ച്ചയായി മൂന്നാം തവണ പ്രസിഡന്‍റാവുകയും പാര്‍ലമെന്‍റില്‍ എകെപി വീണ്ടും ഭൂരിപക്ഷം നേടുകയും ചെയ്തു. എങ്കിലും മാറ്റത്തിന്‍റെ കാറ്റടിക്കാന്‍ തുടങ്ങുകയാണെന്ന തോന്നല്‍ പലര്‍ക്കും അന്നേ അനുഭവപ്പെട്ടിരുന്നു. 

ആദ്യത്തെ രണ്ടു പ്രസിഡന്‍റ് തിരഞ്ഞെടുപ്പുകളില്‍ ആദ്യവട്ട വോട്ടെടുപ്പില്‍തന്നെ 50 ശതമാനത്തിലേറെ വോട്ടു നേടി വിജയം വരിച്ചിരുന്ന എര്‍ദൊഗാന് ഇത്തവണ അതു സാധ്യമാകാത്തതിനാല്‍ രണ്ടാം റൗണ്ടിലും മല്‍സരിക്കേണ്ടിവന്നു. പ്രതിപക്ഷ സ്ഥാനാര്‍ഥിയുമായുള്ള വോട്ടു വ്യത്യാസം മുന്‍പത്തേതിനേക്കാള്‍ കുറയുകയും ചെയ്തു. പാര്‍ലമെന്‍റില്‍ എകെപിക്കു കിട്ടിയ സീറ്റുകളുടെ എണ്ണത്തിലും ഗണ്യമായ ഇടിവുണ്ടായി.

കഴിഞ്ഞ ചില വര്‍ഷങ്ങളായി തുര്‍ക്കിയെ വലച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രയാസങ്ങളാണ് ഇതിനു മുഖ്യകാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നാണ്യപ്പെരുപ്പത്തിന്‍റെ തോത് അടിക്കടി ഉയര്‍ന്ന് 67 ശതമാനത്തിലെത്തി. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങളെ വീര്‍പ്പുമുട്ടിക്കുന്നു. 

വിദേശനാണ്യ കരുതല്‍ ശേഖരം കുറഞ്ഞുകൊണ്ടിരിക്കുന്നു. തുര്‍ക്കിയുടെ നാണ്യമായ ലീറയ്ക്കു യുഎസ് ഡോളറുമായുള്ള വിനിമയ നിരക്കില്‍ കഴിഞ്ഞ അഞ്ചു വ്ര്‍ഷത്തിനിടയില്‍ 83 ശതമാനത്തിന്‍റെ കുറവുണ്ടായി. 

സിറിയയിലെ ആഭ്യന്തര കലാപവും തുര്‍ക്കിക്ക് ഒരു വലിയ ഭാരമായിത്തീര്‍ന്നു. അഭയംതേടി അതിര്‍ത്തി കടന്നെത്തിയ 36 ലക്ഷം സിറിയന്‍ അഭയാര്‍ഥികളുടെ സംരക്ഷണം തുര്‍ക്കി ഏറ്റെടുക്കേണ്ടിവന്നു. അതിനിടയില്‍ അര ലക്ഷത്തോളം പേരുടെ മരണത്തിനു കാരണമായി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലുണ്ടായ ഇരട്ട ഭൂകമ്പവും തുര്‍ക്കിയെ അവതാളത്തിലാക്കി.

ദുരിതാശ്വാസ പ്രവര്‍ത്തനം കാര്യക്ഷമല്ലെന്ന പരാതികളുണ്ടായി. കെട്ടിട നിര്‍മാണ നിയമം നടപ്പാക്കുന്നതില്‍ ഗവണ്‍മെന്‍റ് വീഴ്ചവരുത്തിയതാണ് പല കെട്ടിടങ്ങളും തകരാന്‍ കാരണമെന്ന ആരോപണവും ഉയര്‍ന്നു. ഇതെല്ലാം കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും ചര്‍ച്ചാവിഷയമാവുകയുമുണ്ടായി. 

പ്രസിഡന്‍റ് സ്ഥാനത്തേക്കും പാര്‍ലമെന്‍റിലേക്കുമുളള കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പുകളുടെ ഫലത്തെ ഈ പ്രശ്നങ്ങള്‍ ബാധിക്കുന്നതു തടയുന്ന വിധത്തില്‍ വോട്ടര്‍മാരെ സമാശ്വസിപ്പിക്കാനായി ഗവണ്‍മെന്‍റ് ചില ജനകീയ പരിപാടികള്‍ പ്രഖ്യാപിച്ചരുന്നു. പക്ഷേ, ഇക്കഴിഞ്ഞ തരഞ്ഞടുപ്പില്‍ ഗവണ്‍മെന്‍റ് ആ വഴി പിന്തുടര്‍ന്നില്ല. കാരണം, ഖജനാവില്‍ അധികമൊന്നും കാശ് ബാക്കിയില്ലത്രേ. 

കഴിഞ്ഞ രണ്ടു ദശകങ്ങളിലെ ഭരണത്തില്‍ എകെ പാര്‍ട്ടി ഏറ്റവും വലിയ രണ്ടു നേട്ടങ്ങളായി അവകാശപ്പെട്ടിരുന്നത് സാമ്പത്തിക ഭദ്രതയും ഭരണരംഗത്തെ സ്ഥിരതയുമാണ്. പക്ഷേ, വോട്ടുകള്‍ നേടാനായി സാമ്പത്തിക പുരോഗതി ഉയര്‍ത്തിക്കാട്ടാന്‍ ഇത്തവണ അവര്‍ക്കു കഴിയാതായി. 

എകെപി 2003ലെ തിരഞ്ഞെടുപ്പിലൂടെ ആദ്യമായി അധികാരത്തിലെത്തുന്നതിനു മുന്‍പു തുര്‍ക്കിയില്‍ നടന്നുകൊണ്ടിരുന്നത് അല്‍പ്പായുസ്സുകളായ മന്ത്രിസഭകളുടെ കസേരകളിയായിരുന്നു. മൂന്നു തവണ പട്ടാളം ഭരണം പിടിച്ചെടുക്കുകയുമുണ്ടായി. എകെപിയുടെ ഭരണത്തില്‍ അതെല്ലാം അടഞ്ഞ അധ്യായങ്ങളായത് അവരുടെ പ്രതിഛായയ്ക്കു തിളക്കം നല്‍കി. പക്ഷേ, ആ തിളക്കമൊന്നും ഇപ്പോള്‍ കാണാനില്ല.

പതിനൊന്നു വര്‍ഷം പ്രധാനമന്ത്രിയായ ശേഷം 10 വര്‍ഷമായി പ്രസിഡന്‍റ് പദം വഹിച്ചുവരുന്ന എര്‍ദൊഗാന്‍റെ വ്യക്തിപരമായ പ്രതിഛായയക്കും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നാണ് ആക്ഷേപം. പരമ്പരാഗതമായി പാര്‍ലമെന്‍ററി ഭരണരീതി പിന്തുടര്‍ന്നുവന്ന തുര്‍ക്കിയില്‍ 2014 മുതല്‍ പ്രസിഡന്‍ഷ്യല്‍ ഭരണരീതി നിലവില്‍വന്നതോടെയായിരുന്നു അതിന്‍റെ തുടക്കം. 

ഭരണ നിര്‍വഹണാധികാരം പൂര്‍ണമായും പ്രസിഡന്‍റിന്‍റെ കൈകളിലായി. റിപ്പബ്ളിക്കാകുന്നതിനു മുന്‍പുളള ഓട്ടോമന്‍ തുര്‍ക്കി ഭരണാധികാരികളെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ പലരും അദ്ദേഹത്തെ പുതിയ തുര്‍ക്കി സുല്‍ത്താന്‍ എന്നും വിളിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS