ഇറാന്‍-ഇസ്രയേല്‍ ആദ്യമായി നേര്‍ക്കുനേര്‍

HIGHLIGHTS
  • ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഇറാന്‍ പ്രത്യാക്രമണം
  • ഇനി വേണ്ടെന്നു യുഎസ് ഉപദേശം
iran-Aritra Deb-shutter
Representative image. Photo Credit: Aritra Deb/Shutterstock.com
SHARE

ആറു മാസം മുന്‍പ് ഗാസയില്‍ പലസ്തീന്‍ തീവ്രവാദികളും ഇസ്രയേലും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ക്കേ ഒരു ചോദ്യം അന്തരീക്ഷത്തില്‍ കട്ടപിടിച്ചു നില്‍ക്കുകയാണ്. മധ്യപൂര്‍വദേശത്തെ മാത്രമല്ല, ലോകത്തെ പൊതുവില്‍തന്നെ അപകടത്തിലാക്കുന്ന ഒരു മഹായുദ്ധത്തിന് ഇത് ഇടയാക്കുമോ ? 

അത്തരമൊരു യുദ്ധത്തിനു വഴിയൊരുക്കുന്ന വിധത്തില്‍ ഇസ്രയേലും ഇറാനും തമ്മില്‍ നേരിട്ടു സൈനികമായി ഏറ്റുമുട്ടുമോ എന്നതാണ് എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ടിരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 31വരെ അതൊരു ഭയം മാത്രമായിരുന്നുവെങ്കില്‍ അതിനുശേഷം പെട്ടെന്ന് അതു യാഥാര്‍ഥ്യത്തിന്‍റെ രൂപമണിഞ്ഞു നില്‍ക്കുകയാണ്. 

സിറിയയുടെ തലസ്ഥാനമായ ഡമസ്ക്കസില്‍ ഏപ്രില്‍ ഒന്നിന് ഇറാന്‍റെ കോണ്‍സുലേറ്റ് കെട്ടിടത്തിനുനേരെ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തോടെയായിരുന്നു അതിന്‍റെ തുടക്കം. ഇറാന്‍റെ സവിശേഷ സൈനിക വിഭാഗമായ റവലൂഷണറി ഗാര്‍ഡ് കോറിലെ രണ്ടു സീനിയര്‍ ജനറല്‍മാര്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. 

ഇത്തരം ഒരാക്രമണം ഇറാനെതിരെ മുന്‍പൊരിക്കലും ഇസ്രയേല്‍ നേരിട്ടു നടത്തിയിരുന്നില്ല. സംഭവം ഇസ്രയേല്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തുമില്ല. അതാണ് പതിവ്. ഇറാന്‍ ക്ഷോഭിക്കുകയും തിരിച്ചടിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. 

ഡമസ്ക്കസിലെ കോണ്‍സുലേറ്റ് കെട്ടിടം നയതന്ത്ര നിയമമനുസരിച്ച് ഇറാന്‍റെ അധികാര പരിധിയിലുളള പ്രദേശമാണ്. അതിനെതിരായ ആക്രമണം തങ്ങള്‍ക്കെതിരായ നേരിട്ടുളള ആക്രമണമായുി ഇറാന്‍ കുറ്റപ്പെടുത്തിയതിനു കാരണം അതാണ്. അവര്‍ യുഎന്‍ രക്ഷാസമിതിയില്‍ പരാതിപ്പെടുകയും ഇസ്രയേലിന് എതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. 

സ്വാഭാവികമായും ദിനംപ്രതി സംഘര്‍ഷം മുറുകയായിരുന്നു. ഇറാനും ഇസ്രയേലും തമ്മില്‍ ഏറ്റുമുട്ടിയേക്കാമെന്ന ആശങ്ക യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍തന്നെ പരസ്യമായി പ്രകടിപ്പിക്കുകയുമുണ്ടായി. അധികം വൈകാനിടയില്ലെന്നുകൂടി അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. എങ്കിലും പതിവുപോലെ അദ്ദേഹം ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഡെലാവരിലെ തന്‍റെ വസതിയില്‍ വിശ്രമവാസത്തിനുവേണ്ടി പോകാതിരുന്നുമില്ല. 

അപ്പോഴായിരുന്നു ശനിയാഴ്ച രാത്രി (ഏപ്രില്‍ 13) ഇസ്രയേലിനു നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ഇറാന്‍റെ ആക്രമണം. ഇറാനുമായി സൗഹൃദത്തിലുള്ള ലെബനനിലെ ഹിസ്ബുല്ലയും യെമനിലെ ഹൂത്തികളും സിറിയയിലെയും ഇറാഖിലെയും സമാനമായ തീവ്രവാദി സായുധ സംഘടനകളും മുന്‍പ് പല തവണ പരിമിതമായ തോതില്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തിയിരുന്നു. 

അതിലൊന്നും പക്ഷേ, ഇറാന്‍ നേരിട്ടു പങ്കെടുത്തിരുന്നില്ല. ഇറാന്‍റെ അതിര്‍ത്തിക്കത്തുനിന്നുതന്നെ ഡ്രോണുകളും മിസൈലുകളും ഇസ്രയേലിനുനേരെ വിക്ഷേപിക്കപ്പെടുകയും അതില്‍ ഇറാന്‍ പങ്കെടുക്കുകയും ചെയ്തുവെന്നതാണ് ഇത്തവണത്തെ ആക്രമണത്തിന്‍റെ പ്രത്യേകത. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായി ഇതു ഗണിക്കപ്പെടുന്നു. 

ഇതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്ക പരക്കേ ഉള്‍ക്കിടിലമുണ്ടാക്കി. ഉപദേഷ്ടാക്കളുമായുളള അടിയന്തര കൂടിയാലോചനകള്‍ക്കായി ബൈഡന്‍ പെട്ടെന്നു വൈറ്റ്ഹൗസിലേക്കു മടങ്ങുകയും ചെയ്തു.

അഞ്ചു മണിക്കൂര്‍ നേരമാണ് ആക്രമണം നീണ്ടുനിന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനു ഗാസയില്‍നിന്നു ഹമാസ് നടത്തിയ കടന്നാക്രമണത്തിന്‍റെ ഓര്‍മ്മയില്‍ പ്രത്യേകിച്ചും ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും ഇസ്രയേലിനു കാര്യമായ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. 

ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും ഇസ്രയേലിന്‍റെ അത്യാധുനിക പ്രതിരോധ സംവിധാനത്തെ മറികടക്കാനായില്ല എന്നതാണ് വാസ്തവം. ആകാശത്തുവച്ചുതന്നെ അവ തകര്‍ക്കപ്പെടുകയായിരുന്നു. അതിനുവേണ്ടി അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയുടെ വ്യോമസേനകളുടെ സഹായവും ഇസ്രയേലിനു ലഭിച്ചു. 

ഡ്രോണുകളുടെയും മിസൈലുകളുയും 99 ശതമാനവും ഇങ്ങനെ നശിപ്പിക്കപ്പെട്ടുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്. തങ്ങള്‍ വിജയം നേടിയതായി ഇറാനും അവകാശപ്പെടുന്നു. അതിനാല്‍ സംഭവം തല്‍ക്കാലത്തേക്ക് അവസാനിച്ചെന്നും തുടര്‍ന്നടപടികള്‍ പരിഗണനയിലില്ലെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം തങ്ങളെ ഇസ്രയേല്‍ ഇനിയും ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 

സ്വാഭാവികമായും, ഇനിയെന്ത് എന്ന ചോദ്യമാണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നത്. ഇറാന്‍റെയും മറ്റും ആക്രമണത്തില്‍ ഇസ്രയേലിനു പറയത്തക്ക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും ഇതു നിസ്സാരമാക്കി തളളുന്നതിനോട് ഇസ്രയേലി നേതാക്കള്‍ക്കു യോജിപ്പില്ല. 

ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്നതില്‍നിന്ന് ഇറാനെ പിന്തിരിപ്പിക്കുന്ന വിധത്തിലുള്ള ശിക്ഷ അവര്‍ക്കു നല്‍കിയേ പറ്റൂവെന്ന അഭിപ്രായത്തിന് അവര്‍ക്കിടയില്‍ മുന്‍തൂക്കവുമുണ്ട്. ഇല്ലെങ്കില്‍ അതു തങ്ങളുടെ ദൗര്‍ബല്യമായി വ്യാഖ്യാനിക്കപ്പെടുമെന്നും കൂടുതല്‍ ആക്രമണത്തിനു വഴിയൊരുക്കുമെന്നും അവര്‍ ഭയക്കുകയാണത്രേ. 

ഇറാന്‍റെ അത്യുന്നത ജനറലും റവലൂഷണറി ഗാര്‍ഡ് കമാന്‍ഡറുമായ ഖാസ്സിം സുലൈമാന്‍ നാലു വര്‍ഷംമുന്‍പ് വധിക്കപ്പെട്ടത് ഈ സന്ദര്‍ഭത്തില്‍ ഓര്‍മിക്കപ്പെടുന്നു. ഇറാഖിലെ ബഗ്ദാദ് വിമാനത്താവളത്തിനു പുറത്തുവച്ച് അമേരിക്കയുടെ മിസൈല്‍ ആക്രമണത്തിന് അദ്ദേഹം ഇരയാവുകയായിരുന്നു.

പകവീട്ടാനായി ഇറാനോ അതിനെ സഹായിക്കുന്ന ഹിസ്ബുല്ലയെപ്പോലുളള തീവ്രവാദി സായുധ സംഘങ്ങളോ അമേരിക്കയ്ക്കോ ഇസ്രയേലിനോ എതിരെ ആക്രമണം നടത്തിയേക്കാമെന്നു പരക്കേ ഭയം ജനിച്ചിരുന്നു. അതൊരു വന്‍യുദ്ധത്തിനു തുടക്കം കുറിച്ചേക്കാമെന്ന ഭീതിയും പരക്കുകയുണ്ടായി. എന്നാല്‍ അത്തരമൊരു വന്‍തിരിച്ചടിക്ക് ഇറാന്‍ മടിക്കുകയാണ് ചെയ്തിരുന്നത്. 

ഇക്കഴിഞ്ഞ ഡിസംബറില്‍ ഗാസയില്‍ ഹമാസ്-ഇസ്രയേല്‍ യുദ്ധം മുറുകിക്കൊണ്ടിരിക്കേ ഇറാന്‍ റവലൂഷണറി ഗാര്‍ഡിലെ മറ്റൊരു സീനിയര്‍ ജനറലും (സയ്യിദ് റാസി മൂസാവി) മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. ഇസ്രയേലിനെയാണ് ഇറാന്‍ കുറ്റപ്പെടുത്തിയത്. കനത്ത തിരിച്ചടിയുണ്ടാകുമെന്ന് അപ്പോഴും ഇറാന്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഭയപ്പെട്ടിരുന്നതുപോലുളള നടപടികളുണ്ടായില്ല. 

വിവിധ വര്‍ഷങ്ങളിലായി ഇറാന്‍റെ അഞ്ച് ഉന്നത ആണവ ശാസ്ത്രജ്ഞര്‍ വധിക്കപ്പട്ടതിനും ഉത്തരവാദിയായി ഇറാന്‍ കുറ്റപ്പെടുത്തിയിരുന്നത് ഇസ്രയേലിനെയാണ്. പതിവുപോലെ ഇസ്രയേല്‍ അതു നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിരുന്നില്ല. അതിനും സമാനമായ തോതിലുളള തിരിച്ചടിക്ക് ഇറാന്‍ മുതിരുകയുണ്ടായില്ല. 

ഒരര്‍ഥത്തില്‍ അതിന്‍റെയെല്ലാം തുടര്‍ച്ചയായിരുന്നു ഏപ്രില്‍ ഒന്നിനു ഡമസ്ക്കസിലെ ഇറാന്‍ നയതന്ത്ര കാര്യാലയത്തിനു നേരെ ഇസ്രയേല്‍ നടത്തിയ ആക്രണവും അതിന്‍റെ 13ാം ദിവസം ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ പ്രത്യാക്രമണവും. 

ഇതിനകം 33000ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഗാസയിലെ യുദ്ധം തല്‍ക്കാലത്തേക്കെങ്കിലും വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ നിന്നു മാഞ്ഞുപോയതായിരുന്നു ഈ സംഭവങ്ങളുടെ മറ്റൊരു അനന്തരഫലം. അത് ഇസ്രയേലിനു ഗുണകരമാവുകയും ചെയ്തു. 

ഗാസയിലെ യുദ്ധത്തിന്‍റെ തുടക്കത്തില്‍ ഹമാസിന്‍റെ മിന്നലാക്രമണം രാജ്യാന്തര തലത്തില്‍ ഇസ്രയേലിനു നേടിക്കൊടുത്ത സഹതാപം അടിക്കടി കുറഞ്ഞുവരികയായിരുന്നു. ഗാസാനിവാസികളോടുള്ള ഇസ്രയേലിന്‍റെ സമീപനത്തിലെ രൗദ്രത ഇസ്രയേലിനെ ഏറ്റവുമധികം സഹായിക്കുന്ന അമേരിക്കയ്ക്കുപോലും അതൃപ്തിയുണ്ടാക്കുകയുമുണ്ടായി. 

എന്നാല്‍, ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണത്തോടെ അമേരിക്കയുടെയും മറ്റും സഹതാപം വീണ്ടും നേടിയെടുക്കാന്‍ ഇസ്രയേലിന് അവസരം ലഭിച്ചു. ഇസ്രയേലിനുളള യുഎസ് പിന്തുണ ഇരുമ്പുപോലെ ദൃഡമാമെന്നാണ് പ്രസിഡന്‍റ ജോ ബൈഡന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 

അതേസമയം, ഇറാനെതിരെ പ്രത്യാക്രമണം നടത്താന്‍ തുനിയരുതെന്നും സംയമനം പാലിക്കണമെന്നും അദ്ദേഹം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ ഉപദേശിച്ചിട്ടുമുണ്ട്. പ്രത്യാക്രമണം നടത്തുന്നപക്ഷം അതില്‍ അമേരിക്കയുടെ ഒരുവിധ പങ്കാളിത്തവും ഉണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയുമാണ്. 

ഇസ്രയേലിന്‍റെ നേര്‍ക്കുളള ഇറാന്‍റെ ഡ്രോണ്‍-മിസൈല്‍ ആക്രമണത്തിന് ഏതാനും മണിക്കൂറുകള്‍ മുന്‍പായിരുന്നു ആ മേഖലയുടെ മറ്റൊരു ഭാഗത്ത് ഇസ്രയേല്‍ ബന്ധമുളള ഒരു കപ്പലിനുണ്ടായ ദുരനുഭവം. ആ ചരക്കുകപ്പല്‍ ഹോര്‍മുസ് കടലിടുക്കിനു സമീപം ഇറാന്‍ റവലൂഷണറി ഗാര്‍ഡ് പിടിച്ചെടുക്കുകയും ഇറാന്‍റെ സമുദ്ര പരിധിയിലേക്കു കൊണ്ടുപോവുകയും ചെയ്തു. 

ദിനംപ്രതി ലക്ഷകണക്കിനു ബാരല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളും വഹിച്ച് ലോകത്തിന്‍റെ പലഭാഗങ്ങളിലേക്കുമായി ധാരാളം എണ്ണക്കപ്പലുകള്‍ കടന്നുപോകുന്നതു ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. തങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ ഈ കടലിടുക്കിലൂടെയുളള കപ്പല്‍ ഗതാഗതം അവതാളത്തിലാക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് ഇറാന്‍ മുന്‍പ് പല തവണ ഭീഷണി മുഴക്കിയിരുന്നു.

അത്തരം നീക്കങ്ങളെ പരാജയപ്പെടുത്താന്‍ അമേരിക്കയുടെയും ബ്രിട്ടന്‍റെയും യുദ്ധക്കപ്പലുകല്‍ അവിടെ പതിവായി റോന്തുചുറ്റുന്നുമുണ്ട്. പക്ഷേ, ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA