ഇറാനും ഇസ്രയേലും അന്നും ഇന്നും

HIGHLIGHTS
  • അമേരിക്കയുമായും ഇസ്രയേലുമായും മുന്‍പ് ഇറാനു സൗഹൃദം
  • പലസ്തീന്‍ പ്രശ്നത്തില്‍ ഇറാനു തീവ്രനിലപാട്
iran-israel-tension
Israel and Iran: Zeferli/https://www.istockphoto.com/
SHARE

ഇറാനിലെ ഇസ്ലാമിക വിപ്ളവത്തിന്‍റെ തലവനായിരുന്ന ആയത്തുല്ല റൂഹുല്ല ഖുമൈനി ഇസ്രയേലിനെ വിളിച്ചിരുന്നത് ചെറിയ ചെകുത്താന്‍ എന്നാണ്.  അമേരിക്കയായിരുന്നു വലിയ ചെകുത്താന്‍. ഇപ്പോള്‍ ഇറാനെ നയിക്കുന്ന, അദ്ദേഹത്തിന്‍റെ പിന്‍ഗാമികളുടെ  അഭിപ്രായവും വ്യത്യസ്തമല്ല. 

അത്രയും കടുത്ത ശത്രുക്കളായിട്ടാണ് അവര്‍ ഇസ്രയേലിനെയും അമേരിക്കയെയും കാണുന്നത്. അമേരിക്കയും ഇസ്രയേലും ഇറാനെ കാണുന്നതും വേറൊരു  വിധത്തിലല്ല.  

എന്നാല്‍, നാലര പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സ്ഥിതി നേരെ മറിച്ചായിരുന്നു. അമേരിക്കയുമായും ഇസ്രയേലുമായും ഏറ്റവും ഗാഢമായ സൗഹൃദം പുലര്‍ത്തിവരികയായിരുന്നു ഇറാന്‍. പശ്ചിമേഷ്യയില്‍ യുഎസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതില്‍ ആ സൗഹൃദം നിര്‍ണായകമായ പങ്ക് വഹിക്കുകയും ചെയ്തു.   

ഇസ്രയേല്‍ രാഷ്ട്രം 1948ല്‍ സ്ഥാപിതമായപ്പോള്‍ അതിനെ ആദ്യംതന്നെ അംഗീകരിച്ച രണ്ടു മുസ്ലിം രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇറാന്‍. മറ്റത് തുര്‍ക്കി. 

ISRAEL-IRAN-PALESTINIAN-CONFLICT
ഇസ്രയേൽ യുദ്ധ വിമാനം. Photo by Israeli Army / AFP

മൂന്നാമതൊരു മുസ്ലിം രാജ്യം (ഈജിപ്ത്) ഇസ്രയേലിനെ അംഗീകരിച്ചത് മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ്. രാജഭരണമായിരുന്നു ഇറാനില്‍. വിവിധ മേഖലകളില്‍ അമേരിക്കയുമായെന്നപോലെ ഇസ്രയേലുമായുമുളള ഇറാന്‍റെ സഹകരണം അടിക്കടി ശക്തിപ്പെടുകയായിരുന്നു. ഇറാനില്‍ ഷാ മുഹമ്മദ് റിസ പഹ്ലവിയുടെ ഭരണം നിലനിര്‍ത്തുന്നതില്‍ കാര്യമായ പങ്കു വഹിച്ചിരുന്നതാണ് സവാക് എന്ന കുപ്രസിദ്ധ രഹസ്യപ്പൊലീസ്. അവര്‍ക്കു പരിശീലനം നല്‍കിയത് ഇസ്രയേലിന്‍റെ ചാരവിഭാഗമായ മൊസ്സാദ്.  

ഇറാനില്‍നിന്ന് എളുപ്പത്തില്‍ ഇസ്രയേലിലേക്ക് എണ്ണ കൊണ്ടുപോകുന്നതിനുള്ള പൈപ്പ്ല്ന്‍ൈ സ്ഥാപിക്കാനും ആലോചനയുണ്ടായിരുന്നു. അതിന് അമേരിക്ക പിന്തുണ നല്‍കി. ആണവ പ്രവര്‍ത്തനം തുടങ്ങാന്‍ ഇറാനെ സഹായിച്ചതും അമേരിക്കയാണ്. ന്യൂക്ളിയര്‍ റിയാക്ടറും യുറേനിയം ഇന്ധനവും നല്‍കി. 

അങ്ങനെ ബന്ധം അടിക്കടി വികസിച്ചുകൊണ്ടിരിക്കേയായിരുന്നു അതിനെയെല്ലാം തകിടം മറിച്ചുകൊണ്ടുളള 1979ലെ ഇസ്ലാമിക വിപ്ളവം.     

രാജാവ് (ഷാ) അട്ടിമറിക്കപ്പെടുകയും ഭരണം ഖുമൈനിയും അനുയായികളും പിടിച്ചടയ്ക്കുകയും ചെയ്തു. രാജാവ് അമേരിക്കയില്‍ അഭയം തേടി. ആ ഘട്ടത്തിലും ഷായെ സഹായിക്കാന്‍ അമേരിക്ക തയാറായത് ഇറാന്‍-യുഎസ് ബന്ധത്തിന്‍റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതേയുളളൂ. 

ഷായെ വിട്ടുതരണമെന്ന് ഇറാന്‍ ആവശ്യപ്പെടുകയും അമേരിക്ക അതിനു വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായത് അഭൂതപൂര്‍വമായ നാടകീയ സംഭവങ്ങളാണ്. ടെഹറാനിലെ യുഎസ് എംബസ്സി ഇറാനിലെ ഒരു സംഘം യുവാക്കള്‍ പിടിച്ചടയ്ക്കുകയും നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 53 പേരെ  ബന്ദികളാക്കുകയും ചെയ്തു. 

കമാന്‍ഡോ ഓപ്പറേഷനിലൂടെ അവരെ മോചിപ്പിക്കാന്‍ യുഎസ് പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ നടത്തിയ ശ്രമം അവസാനിച്ചത് ദയനീയമായ പരാജയത്തിലാണ്. 

israel-iran-02
ഫയല്‍ ചിത്രം.

ഷായെ പുറത്താക്കാന്‍ അമേരിക്ക സമ്മതിച്ചതോടെയായിരുന്നു 444 ദിവസം നീണ്ടുനിന്ന ഉദ്വേഗജനകമായ ആ ബന്ദിനാടകത്തിന്‍റെ അന്ത്യം. ഷായ്ക്ക്  ഈജിപ്ത് അഭയം നല്‍കുകയും 1980ല്‍ കാന്‍സര്‍രോഗംമൂലം അദ്ദേഹം അന്തരിക്കുകയും ചെയ്തു. 

ഇറാന്‍-യുഎസ് നയതന്ത്രബന്ധം വിഛേദിക്കപ്പെട്ടു. അതിനുമുന്‍പ്തന്നെ ഇസ്രയേലുമായുളള ഇറാന്‍റെ ബന്ധവും തകര്‍ന്നിരുന്നു. ഇസ്രയേലിനെ ഇറാന്‍ ഒരു രാജ്യമായി അംഗീകരിക്കുന്നുപോലുമില്ല. 

പലസ്തീന്‍ പ്രദേശത്തു നിയമ വിരുദ്ധമായി സ്ഥാപിക്കപ്പെട്ടതായതിനാല്‍ ഇസ്രയേലിനു നിലനില്‍ക്കാന്‍ അവകാശമില്ലെന്ന നിലപാടിലാണ് ഇറാന്‍. അതിനെ  ഭൂപടത്തില്‍നിന്നു തുടച്ചുനീക്കണമെന്നുപോലും 2012ല്‍ അന്നത്തെ ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് അഹ്മദിനിജാദ് പ്രസംഗിച്ചിരുന്നു.

ഏതാണ്ട് സമാനമായ അഭിപ്രായമാണ് തുടക്കം മുതല്‍ക്കേ മിക്ക അറബ് രാജ്യങ്ങള്‍ക്കുമുണ്ടായിരുന്നത്. എങ്കിലും ഒത്തുതീര്‍പ്പിലെത്താനും ഇസ്രയേലിനോടൊപ്പം ഒരു പലസ്തീന്‍ രാഷ്ട്രമെന്ന ദ്വിരാഷ്ട്ര പരിഹാരം അംഗീകരിക്കാനും പിന്നീട് അവര്‍ തയാറായി. പലസ്തീന്‍ മിതവാദികള്‍ അവരോടൊപ്പം നില്‍ക്കുമ്പോള്‍ ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നിവ പോലുളള തീവ്രവാദികള്‍ എതിര്‍ക്കുന്നു. 

ഇസ്രയേലിലുമുണ്ട് ഒത്തുതീര്‍പ്പിനെ എതിര്‍ക്കുന്നവര്‍. ഉദാഹരണം അവരുടെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുതന്നെ. ഹമാസിനെയും മറ്റും ഇറാന്‍ പിന്തുണയ്ക്കുമ്പോള്‍ ഇറാനെ സഹായിക്കാന്‍ ആ മേഖലയില്‍ വേറെ ചില മിലീഷ്യകള്‍ അഥവാ സായുധ സംഘടനകളുമുണ്ട്. 

ലെബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂത്തികള്‍ എന്നിവയും സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന സമാന സംഘടനകളും ഇക്കൂട്ടത്തില്‍പ്പെടുന്നു.  പലസ്തീനുവേണ്ടി വാദിക്കാനുളള ദൗത്യം അറബികളുടെ കൈകളില്‍നിന്ന് അങ്ങനെ ഇറാന്‍റെ കൈകളിലെത്തി. 

iran-israel
ഇസ്രയേലിനെതിരെ നടത്തിയ പ്രത്യാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഇറാനിൽ നടന്ന പ്രകടനം. Photo credit: AFP

ഇറാനോടൊപ്പം ഈ മിലീഷ്യകളെയും നേരിടുകയാണ് ഇസ്രയേല്‍. മറുഭാഗത്ത് അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ഇസ്രയേലിനോടൊപ്പവും നില്‍ക്കുന്നു. 

ഇക്കഴിഞ്ഞ ഏപ്രില്‍ 13നു ഇസ്രയേലിനെതിരെ ഇറാന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണം നടത്തിയപ്പോള്‍ ഒപ്പം ഹിസ്ബുല്ല, ഹൂത്തികള്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. ഇറാന്‍റെ മണ്ണില്‍നിന്നുതന്നെ ഇസ്രയേല്‍ ആക്രമിക്കപ്പെടുന്നത് അതാദ്യവുമായിരുന്നു. 

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അടിക്കടി മുറുകിക്കൊണ്ടിരിക്കേ, ആ മേഖലയിലും പുറത്തും എല്ലാവരും ഭയപ്പെടുന്നത് ആണവായുങ്ങള്‍ ഉപയോഗിക്കപ്പെടാനുളളസാധ്യതയാണ്. ആണവ ബോംബുകള്‍ ഇസ്രയേല്‍ നിര്‍മിച്ചുകഴിഞ്ഞുവെന്നാണ് കരുതപ്പെടുന്നത്. ഇസ്രയേല്‍ അതു സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. 

ആണവ നിര്‍വ്യാപന ഉടമ്പടയില്‍ ഇസ്രയേല്‍ ഒപ്പിട്ടില്ലാത്തതിനാല്‍ യുഎന്‍ രാജ്യാന്തര ആണവോര്‍ജ്ജ  ഏജന്‍സിക്ക് അതു സംബന്ധിച്ച് അന്വേഷണം നടത്ത്രാന്‍ കഴിയുന്നില്ല. അതേസമയം, ഇറാന്‍ ആണവ ബോംബുകള്‍ നിര്‍മിക്കുകയോ നിര്‍മിക്കാനുളള സാങ്കേതിക വിദ്യ സ്വായത്തമാക്കുകയോ ചെയ്തുകഴിഞ്ഞുവെന്ന് ഇസ്രയേല്‍ ആരോപിക്കുന്നുമുണ്ട്. ഇറാന്‍ ഇതു നിഷേധിക്കുകയും തങ്ങളുടെ ആണവ പ്രവര്‍ത്തനം സമാധാനപരവും സുതാര്യവുമാണെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു.

ഇറാന്‍റെ ആണവ പരിപാടി അട്ടിമറിക്കാനുള്ള ശ്രമവും പല തവണ നടന്നു. അതുമായി ബന്ധപ്പെട്ട കംപ്യൂട്ടര്‍ ശൃംഖലകള്‍ വൈറസ് ആക്രമണത്തിനിരയായി.

അഞ്ച് പ്രമുഖ ആണവ ശാസ്ത്രജ്ഞര്‍ വധിക്കപ്പെട്ടു. എല്ലാറ്റിനും ഇറാന്‍ ഇസ്രയേലിനെ കുറ്റപ്പെടുത്തിയെങ്കിലും ഇസ്രയേല്‍ ഒന്നും സ്ഥിരീകരിക്കുകയോ  നിഷേധിക്കുകയോ ചെയ്തില്ല. 

ആണവ ബോംബ് ഉണ്ടാക്കുന്നുവെന്ന സംശയത്തില്‍ ഇറാഖിന്‍റെ ഒരു ആണവ നിലയം 1981ല്‍ ഇസ്രയേല്‍ ബോംബിട്ടു തകര്‍ത്തിരുന്നു. അത്തരം ഒരാക്രമണം ഇറാന്‍റെ ആണവ നിലയങ്ങള്‍ക്കെതിരെയും ഉണ്ടാകുമെന്ന ഭീതി അന്നുമുതല്‍ നിലവിലുണ്ട്. പ്രത്യാഘാതങ്ങള്‍ ഭയന്ന് അമേരിക്ക ഇസ്രയേലിനെ അതില്‍നിന്നു പിന്തിരിപ്പിക്കുന്നുവെന്നായിരുന്നു  റിപ്പോര്‍ട്ടുകള്‍.

ആണവ ബോംബ് നിര്‍മാണത്തില്‍ ഇസ്രയേലും ഇറാനും എത്രത്തോളം മുന്നേറിക്കഴിഞ്ഞുവെന്ന വ്യക്തമായ വിവരം ഇപ്പോള്‍ ആരുടെ പക്കലുമില്ല. എങ്കിലും അവര്‍ തമ്മില്‍ നേരിട്ടുള്ള തുറന്ന യുദ്ധം ഉണ്ടാവുകയും സ്ഥിതി നിയന്ത്രണാതീതമാവകയും ചെയ്താല്‍ അതൊരു ആണവ യുദ്ധമായിത്തീരുമോ എന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS