പുടിനെ പിടികൂടാന്‍ 'കടലാസ് പുലി' ?

HIGHLIGHTS
  • റഷ്യന്‍ പ്രസിഡന്റിനെതിരെ ഐസിസി അറസ്റ്റ് വാറന്‍റ്
  • യുദ്ധപ്രഖ്യാപനമെന്നു റഷ്യ
icc-aarrest-warrants-for-vladimir-putin
SHARE

കടലാസ് പുലി, പല്ലില്ലാത്ത കടുവ എന്നിങ്ങനെയാണ് രാജ്യാന്തര ക്രിമിനല്‍ കോടതിയെപ്പറ്റി പറഞ്ഞുകേട്ടിരുന്നത്. ഐസിസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അത് ഇപ്പോള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളത് പക്ഷേ, അങ്ങനെല്ല. ലോക വന്‍ശക്തികളില്‍ ഒന്നായ റഷ്യയുടെ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരിക്കുകയാണ് ഐസിസിയിലെ മൂന്നു ജഡ്ജിമാര്‍. ഒരു വര്‍ഷത്തിലേറെയായി തുടര്‍ന്നുവരുന്ന യുക്രെയിന്‍ യുദ്ധത്തോടനുബന്ധിച്ചുള്ള ഒരു കേസിലാണ് ഈ നടപടി. 

യുക്രെയിനിലെ ഏതാണ്ട് 16,000 കുട്ടികളെ അവരുടെ സമ്മതമോ രക്ഷിതാക്കളുടെ അനുമതിയോ കൂടാതെ റഷ്യയിലേക്കു കടത്തിക്കൊണ്ടുപോയെന്നാണ് കേസ്. അവരെ റഷ്യയില്‍ പുനര്‍വിദ്യാഭ്യാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചുവത്രേ. ഇതു യുദ്ധക്കുറ്റങ്ങളില്‍ ഉള്‍പ്പെടുമെന്നാണ് ആരോപണം. പുടിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷയായ മരിയ ലവോവ ബെലോവയ്ക്ക് എതിരെയും ഇതേ കേസില്‍ ഐസിസി മാര്‍ച്ച് 17ന് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. 

കുട്ടികളെ കൊണ്ടുപോയ കാര്യം റഷ്യ നിഷേധിക്കുന്നില്ല. അവരുടെ രക്ഷയ്ക്കുവേണ്ടി യുദ്ധഭൂമിയില്‍നിന്നു മാറ്റിപ്പാര്‍പ്പിച്ചുവെന്നാണ് വാദം. മാത്രമല്ല, ഐസിസിയില്‍ റഷ്യ അംഗമല്ലാത്തതിനാല്‍ വാറന്‍റ് തങ്ങളെ ബാധിക്കില്ലെന്നു പറഞ്ഞു പുഛിച്ചുതള്ളുകയും ചെയ്തു. എന്നാല്‍, മുന്‍പ്രധാനമന്ത്രിയും  മുന്‍പ്രസിഡന്‍റും ഇപ്പോള്‍ റഷ്യയുടെ സുരക്ഷാ വിഭാഗം ഉപമേധാവിയുമായ ദിമിത്രി മേദ്വദേവിന്‍റെ പിന്നീടുള്ള പ്രതികരണം ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു. 

ഇതൊരു യുദ്ധപ്രഖ്യാപനമാണെന്നു പറഞ്ഞ അദ്ദേഹം വേണ്ടി വന്നാല്‍ ഹൈപ്പര്‍സോണിക് (ശബ്ദത്തിന്‍റെ പത്തിലേറെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന) മിസൈലുകള്‍ ഉപയോഗിച്ചു ഐസിസിയുടെ ആസ്ഥാനത്തെ ആക്രമിക്കുമെന്നു പോലും മുന്നറിയിപ്പ് നല്‍കി. വാറന്‍റ് പുറപ്പെടുവിച്ച ജഡ്ജിമാരും അതിനവരെ പ്രേരിപ്പിച്ച ചീഫ് പ്രോസിക്യൂട്ടറും പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നു സൂചിപ്പിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ വംശജനായ ബ്രിട്ടീഷ് ബാരിസ്റ്റര്‍ കരീം ഖാനാണ് ചീഫ് പ്രോസിക്യൂട്ടര്‍. 

ഐക്യരാഷ്ട്ര സംഘടനയുടെ ഘടകമായ രാജ്യാന്തര നീതിന്യായ കോടതി അഥവാ ലോകകോടതിയെപ്പോലെ ഐസിസിയും സ്ഥിതി ചെയ്യുന്നതു യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍ഡ്സിലെ ഹേഗിലാണ്. ഈ രാജ്യം പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിലെ അംഗമായതിനാല്‍ ഹേഗ് ആക്രമിക്കപ്പെട്ടാല്‍ നാറ്റോ വെറുതെ നോക്കിയിരിക്കാനിടയില്ല. അംഗരാജ്യത്തിനെതിരെ ആക്രമണമുണ്ടായാല്‍ അതിനെ ചെറുക്കാന്‍ മറ്റ് അംഗരാജ്യങ്ങള്‍ സഹായിക്കണമെന്നാണ് നാറ്റോയിലെ നിയമം. ഏതായാലും, കാര്യങ്ങള്‍ അത്രവരെ നീണ്ടുപോകില്ലെന്നു പ്രതീക്ഷിക്കാം.  

പുടിന്‍ ജര്‍മ്മനിയില്‍ വന്നാല്‍ അറസ്റ്റ് ചെയ്യമെന്നു ജര്‍മ്മന്‍ നീതിന്യായ മന്ത്രി മാര്‍ക്കോ ബുഷ്മാന്‍ പറഞ്ഞതിനോടും മെദ്വദേവ് രോഷത്തോടെയാണ് പ്രതികരിച്ചത്. റഷ്യന്‍ റോക്കറ്റുകള്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റ് മന്ദിരത്തിനു നേരെ പറക്കുന്നതു കാണാം എന്നദ്ദേഹം വെട്ടിത്തുറന്നുപറഞ്ഞു.  

ഐസിസിക്കു സ്വന്തമായ പൊലീസ് സേനയില്ല. അതിനാല്‍ വാറന്‍റ് നടപ്പാക്കാന്‍ അംഗരാജ്യങ്ങളുടെ സഹായം വേണ്ടിവരും. റഷ്യ ഐസിസി അംഗമല്ലാത്തതിനാല്‍ പുടിനെ പിടിച്ചുകൊടുക്കാന്‍ റഷ്യക്കു നിയമപരമായ ബാധ്യതയുമില്ല. ആള്‍ ഏതെങ്കിലും അംഗരാജ്യത്ത് എത്തിയാല്‍ അവിടത്തെ പൊലീസ് അല്ലെങ്കില്‍ ഗവണ്‍മെന്‍റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഹേഗിലേക്ക് അയക്കണമെന്നാണ് ഐസിസി ആവശ്യപ്പെടുന്നത്. ഇതിനര്‍ത്ഥം പുടിന്‍റെ വിദേശ യാത്രകള്‍ പരിമിതപ്പെടുത്തേണ്ടിവരുമെന്നാണ്.  

ഈ വര്‍ഷം തന്നെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ചില സുപ്രധാന പരിപാടികളില്‍ പങ്കെടുക്കാന്‍ പുടിന്‍ ഉദ്ദേശിക്കുന്നുണ്ട്. ജൂണില്‍ ഇന്ത്യയിലെ വാരാണസിയില്‍ നടക്കുന്ന ഷാങ്ഹായ് സഹരണ കൗണ്‍സില്‍ ഉച്ചകോടി, സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി-20 ഉച്ചകോടി, ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടി എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. അതിനെയെല്ലാം ഐസിസി വാറന്‍റ് ബാധിക്കുമോ എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. 

യുക്രെയിന്‍ യുദ്ധത്തിന്‍റെ പേരിലുളള പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം കാരണം ഇപ്പോള്‍തന്നെ പുടിന്‍ വിദേശയാത്രകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ നവംബറില്‍ ഇന്തൊനീഷ്യയിലെ ബാലിയില്‍ നടന്ന ജി-20 ഉച്ചകോടിയിലും തായ്​ലന്‍ഡില്‍ നടന്ന ഏഷ്യ പസിഫിക് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. 

ഈ പശ്ചാത്തലത്തില്‍ ഐസിസിയുടെ ചരിത്രവും സ്വഭാവവും പ്രവര്‍ത്തനങ്ങളും ചര്‍ച്ചാവിഷയമാകുന്നതു സ്വാഭാവികം. യുഎന്‍ ഘടകമായ ലോകകോടതിയുടെ ജോലി രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയാണെങ്കില്‍ ഐസിസി കൈകാര്യം ചെയ്യുന്നതു യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റങ്ങള്‍, വംശീയഹത്യ എന്നിവ സംബന്ധിച്ച് വ്യക്തികള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളാണ്. 

രണ്ടാം ലോകമഹായുദ്ധത്തിന് ഉത്തരവാദികളായ ജര്‍മ്മനിയിലെയും ജപ്പാനിലെയും രാഷ്ട്രീയ നേതാക്കളെയും സൈനിക മേധാവികളെയും വിചാരണ ചെയ്തത് ആ യുദ്ധത്തിനു ശേഷം ന്യൂറംബര്‍ഗിലും (ജര്‍മ്മനി) ടോക്യോയിലും (ജപ്പാന്‍) സ്ഥാപിതമായ അത്തരം കോടതികളായിരുന്നു. പില്‍ക്കാലത്ത് യൂറോപ്പില്‍ യുഗൊസ്ളാവിയയിലും ആഫ്രിക്കയില്‍ റുവാണ്ടയിലും പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തിലെ കുറ്റവാളികളെ വിചാരണ ചെയ്യാന്‍ യുഎന്‍ ആഭിമുഖ്യത്തില്‍ ഹേഗില്‍ പ്രത്യേക കോടതികളുണ്ടായി. 

യുഗൊസ്ളാവിയയില്‍ ക്രൊയേഷ്യയിലെയും ബോസ്നിയയിലെയും കൊടിയ പാതകങ്ങളുടെ പേരില്‍ മുന്‍പ്രസിഡന്‍റ് സ്ലൊബോദന്‍ മിലോസെവിച്ച് ജീപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. 2006ല്‍ അദ്ദേഹം ജയിലില്‍ ഹൃദയാഘാതംമൂലം മരിച്ചു.

ഇതെല്ലാം പ്രത്യേക കേസുകള്‍ വിചാരണചെയ്യാനായി താല്‍ക്കാലികമായി സ്ഥാപിതമായ കോടതികളായിരുന്നു. സ്ഥിരം കോടതി വേണമെന്ന അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ തീരുമാന പ്രകാരം 2002ല്‍ സ്ഥാപിതമായതാണ് ഐസിസി. പക്ഷേ, യുഎന്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളും (193) ഇതില്‍ ചേര്‍ന്നില്ല. റോം സ്റ്റാറ്റ്യൂട്ട് എന്നറിയിപ്പെടുന്ന ഇതു സംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പിട്ടതു 123 രാജ്യങ്ങള്‍ മാത്രം. മറ്റു ചില രാജ്യങ്ങള്‍ ഒപ്പിട്ടുവെങ്കിലും ആ രാജ്യങ്ങളിലെ പാര്‍ലമെന്‍റുകള്‍ അതംഗീകരിച്ചില്ല. അങ്ങനെ അവ അംഗമല്ലാതാവുകയും ചെയ്തു. 

ഐസിസിയില്‍ ചേരാതെ നില്‍ക്കുന്ന രാജ്യങ്ങളില്‍ റഷ്യയ്ക്കു പുറമെ അമേരിക്കയും ഇന്ത്യയും ചൈനയും പാക്കിസ്ഥാനും ഇസ്രയേലും ഉള്‍പ്പെടുന്നു. ഐസിസിയുടെ രൂപീകരണത്തില്‍ ശ്രദ്ധേയമായ പങ്കു വഹിച്ച രാജ്യമാണ് ഇന്ത്യ. പക്ഷേ, ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള കൂട്ടനശീകരണായുധങ്ങളുടെ പ്രയോഗം, ഭീകരപ്രവര്‍ത്തനം എന്നിവ സംബന്ധിച്ച കേസുകളില്‍ ഐസിസി ഇടപെടില്ലെന്നത് ഇന്ത്യക്ക് അതില്‍ ചേരുന്നതിനു തടസ്സമായി. തങ്ങളുടെ പൗരന്മാര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കു വിധേയരായി മറുനാടുകളില്‍ കേസുകളില്‍ കുടുങ്ങുമെന്ന ഭയം മറ്റു ചില രാജ്യങ്ങളെയും പിന്തിരിപ്പിച്ചു. 

യക്രെയിന്‍ അംഗമല്ലാതിരുന്നിട്ടും റഷ്യയ്ക്കെതിരായ അതിന്‍റെ പരാതി ഐസിസി പരിഗണനയ്ക്കെടുക്കുകയായിരുന്നു. ഐസിസി നിയമമനുസരിച്ച് പ്രതിയുടെ സാന്നിധ്യത്തിലല്ലാതെ കോടതി അയാളെ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യില്ല. അതിനാല്‍ പുടിനെ വിചാരണ ചെയ്യണമെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയാലേ പറ്റൂ. 

കഴിഞ്ഞ 20 വര്‍ഷത്തെ ചരിത്രത്തില്‍ ഐസിസി വിചാരണ ചെയ്തവര്‍ നാലു ഡസനോളം വരും. അധികപേരും വിവിധ രാജ്യങ്ങളിലെ ജനറല്‍മാരും വിമത സൈനിക മേധാവികളും ഉന്നത രാഷ്ട്രീയ നേതാക്കളുമാണ്. ആഫ്രിക്കയിലെ ഐവറി കോസ്റ്റില്‍  2011ലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ കലാപത്തിലെ പങ്കിന്‍റെ പേരില്‍ വിചാരണ ചെയ്യപ്പെട്ട മുന്‍പ്രസിഡന്‍റ് ലോറന്‍റ് ഗിബോബ്ഗയെ കുറ്റക്കാരനല്ലെന്നു കണ്ടു വിട്ടയച്ചു. ആഫ്രിക്കയില്‍തന്നെ കെന്യയിലെ മുന്‍പ്രസിഡന്‍റ് ഉഹൂറു കെന്യാത്തയ്ക്കും സമാനമായ കേസില്‍ വിചാരണയെ നേരിടേണ്ടിവന്നുവെങ്കിലും തെളിവില്ലെന്നു കണ്ട് കേസ് പിന്‍വലിക്കപ്പെട്ടു. .  

ആഫ്രിക്കയില്‍ തന്നെ സുഡാനിലെ പ്രസിഡന്‍റ് ഉമര്‍ ഹസ്സന്‍ അല്‍ ബഷീറിന് എതിരെയുള്ള 2009ലെയും 2010ലെയും രണ്ട് അറസ്റ്റ് വാറന്‍റുകളാണ് ഇതിനു മുന്‍പ് ഏറെ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നത്. അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രത്തലവനെതിരെ  ഐസിസി വാറന്‍റെ പുറപ്പെടുവിക്കുന്നത് അന്നാദ്യമായിരുന്നു. സുഡാനിലെ ദാര്‍ഫുറില്‍ 2003 മുതല്‍ ഏതാനും വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര കലാപത്തില്‍ അദ്ദേഹത്തിനു സജീവമായ പങ്കുണ്ടെന്ന പേരിലായിരുന്നു അത്. 

ബഷീര്‍ പിന്നീട് 2019ല്‍ സുഡാനിലെ അധികാരത്തില്‍ നിന്നു പുറത്താക്കപ്പെടുകയും ജയിലിലാവുകയും ചെയ്തു. പക്ഷേ സുഡാനിലെ പുതിയ ഭരണാധികാരികളും സഹകരിക്കാത്തതിനാല്‍ വാറന്‍റുകള്‍ക്കുശേഷം ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും അദ്ദേഹം ഐസിസിയുടെ പിടിയിലായിട്ടില്ല. സുഡാന്‍ ഐസിസിയില്‍ അംഗമല്ല. 

ആഫ്രിക്കക്കാര്‍ക്കെതിരെ ഐസിസി പക്ഷഭേദം കാണിക്കുകയാണെന്ന ആരോപണം ഉയരാനും  ബഷീറിനെതിരായ വാറന്‍റ് പശ്ചാത്തലമായിരുന്നു. ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ സംഘടനയായ ആഫ്രിക്കന്‍ യൂണിയന്‍ ഐസിസിയുമായി സഹകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. 

ദക്ഷിണാഫ്രിക്കയിലെ ജോഹാന്നസ്ബര്‍ഗില്‍ 2015ല്‍ നടന്ന ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സുഡാന്‍ പ്രസിഡന്‍റെന്ന നിലയില്‍ ബഷീറും എത്തിയിരുന്നു. പക്ഷേ, ദക്ഷിണാഫ്രിക്ക ഐസിസി അംഗമായിരുന്നിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചു. രാഷ്ട്രത്തലവന്‍മാര്‍ക്ക് ഇത്തരം നടപടികളില്‍നിന്നു പരിരക്ഷയുണ്ടെന്ന വാദമാണ് ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്‍റ് ഉന്നയിച്ചത്. 

ഹൈക്കോടതി ഇടപെടുകയും ഇതു സംബന്ധിച്ച തര്‍ക്കത്തില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ബഷീറിനെ തടഞ്ഞുവയ്ക്കണമെന്നു ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, രാജ്യം വിട്ടുപോകാന്‍ ഗവണ്‍മെന്‍റ് അദ്ദേഹത്തെ അനുവദിച്ചു. ഹൈക്കോടതിയും സുപ്രീം കോടതിയും അതിനെ വിമര്‍ശിക്കുകയും ചെയ്തു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഈ വര്‍ഷം ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും സന്ദര്‍ശിക്കാനിരിക്കേ ഈ സംഭവം സ്വാഭാവികമായും ഓര്‍മ്മയിലെത്തുന്നു. 

Content Summary : ICC arrest warrants for Vladimir Putin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS