അമേരിക്കയിലെ അടുത്ത പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഇനിയും ഒന്നര വര്‍ഷം അകലെയാണെങ്കിലും രണ്ടാമതും പ്രസിഡന്‍റാകാനായി അതില്‍ മല്‍സരിക്കാന്‍ ഇപ്പോള്‍ തന്നെ മുന്നോട്ടു വന്നരിക്കുകയാണ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഇതോടെ ഒരു കാര്യം വ്യക്തമായി. ഈ തിരഞ്ഞെടുപ്പ് ഏറെക്കുറെ 2020ലെ തിരഞ്ഞെടുപ്പിന്‍റെ ഒരു പുനരാവിഷ്ക്കാരമായിരിക്കും. തീരെ പ്രതീക്ഷിക്കാത്ത സംഭവങ്ങളൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ ബൈഡനും (ഡമോക്രാറ്റ്) മുന്‍പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും (റിപ്പബ്ളിക്കന്‍) തമ്മിലായിരിക്കും വീണ്ടുമൊരു യുദ്ധം. 80, 76 വയസ്സുളളവര്‍ തമ്മിലൊരു പോരാട്ടം.
ഒരാള്‍ തുടര്‍ച്ചയായി രണ്ടു തവണയിലധികം പ്രസിഡന്‍റാകാന്‍ പാടില്ലെന്ന നിയമമുള്ള രാജ്യങ്ങളില്‍ ഒന്നായ അമേരിക്കയില്‍ ഒരു തവണ മാത്രം പ്രസിഡന്‍റായവരുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നെല്‍സന്‍ മണ്ടേല ചെയ്തതു പോലെ അവര്‍ ഒറ്റതവണകൊണ്ട് മതിയാക്കുകയായിരുന്നില്ല, രണ്ടാം തവണ നടത്തിയ ശ്രമത്തില്‍ തോല്‍ക്കുകയായിരുന്നു.

അങ്ങനെ തോറ്റവരില്‍ അവസാനത്തെ ആളാണ് ഡോണള്‍ഡ് ട്രംപ്. ബൈഡന്‍ അമേരിക്കയുടെ 46ാമത്തെ പ്രസിഡന്‍റായത് അദ്ദേഹത്തെ പരാജയപ്പെടുത്തിയാണ്. തന്‍റെ വിജയം ബൈഡന്‍ മോഷ്ടിച്ചതാണെന്ന പരാതിയുളള ട്രംപിന് അക്കാര്യം തെളിയിക്കാന്‍ കിട്ടുന്ന ഒരവസരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.
ഒരു തവണമാത്രം, അതില്‍ കൂടുതല്‍ ഇല്ലെന്നായിരുന്നു 2020ല്‍ മല്‍സരിക്കുമ്പോള്‍ ബൈഡന്‍തന്നെ നല്‍കിയിരുന്ന സൂചനകള്‍. അന്നുതന്നെ 78 വയസ്സായിരുന്ന തനിക്ക് അമേരിക്കയുടെയും അതിലൂടെ പാശ്ചാത്യ ലോകത്തിന്‍റെയും സാരഥിയെന്ന നിലയിലുള്ള ഭാരിച്ചതും സങ്കീര്‍ണവുമായ ഉത്തരവാദിത്തങ്ങള്‍ അധികനാള്‍ കൊണ്ടുനടക്കാനാവില്ലെന്ന തിരിച്ചറിവാണ് പലരും അതിന്‍റെ പിന്നില്‍ കണ്ടത്. ഇപ്പോള്‍ 80ാം വയസ്സില്‍ രണ്ടാം തവണയും മല്‍സരിക്കാനുളള തീരുമാനം അറിയിച്ചുകൊണ്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഏപ്രില്‍ 25) ബൈഡന്‍ നടത്തിയ പ്രഖ്യാപനം അതിനാല്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല.
താന്‍ തുടങ്ങിവച്ച ജോലി ഇനിയും ചെയ്തുതീര്‍ക്കാനുണ്ടെന്നും അതിനു സമയം വേണമെന്നാണ് ഈ മനംമാറ്റത്തിനു ബൈഡന്‍ നല്‍കുന്ന ന്യായീകരണം. "അമേരിക്കയുടെ ആത്മാവിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് നാമെന്നു നാലു വര്‍ഷംമുന്‍പ് പ്രസിഡന്‍റാകാന്‍ മല്‍സരിച്ചപ്പോള്‍ ഞാന്‍ പറയുകയുണ്ടായി. ഇപ്പോഴും ആ പോരാട്ടം തുടരുകയാണ്. അലംഭാവത്തിനുള്ള സമയമല്ലിത്. അതുകൊണ്ടാണ് വീണ്ടും ഞാന്‍ മല്‍സരിക്കുന്നത്. അമേരിക്കയെ എനിക്കറിയാം. തുടങ്ങിവച്ച ജോലി നമുക്കു പൂര്‍ത്തിയാക്കാം. നമുക്കതിനു കഴിയുമെന്ന് എനിക്കറിയാം." ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.

അമേരിക്കയും ലോകവും ഗുരുതരമായ പല പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഈ വേളയില്‍ അവയ്ക്കു ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ കെല്‍പ്പുളള ഒരു നേതാവ് ആവശ്യമാണ്. താരതമ്യേന പ്രായം കുറഞ്ഞ ഒരാള്‍ക്ക് ആ ദൗത്യം നിറവേറ്റാന്‍ കുറേക്കൂടി എളുപ്പമായിരിക്കുമെന്നും പൊതുവില്‍ അഭിപ്രായമുണ്ട്. പക്ഷേ, അത്തരമൊരാളെ കണ്ടെത്താന്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കോ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കോ കഴിയുന്നില്ല. ഡമോക്രാറ്റുകളില്‍നിന്ന് ഒട്ടും വ്യത്യസ്തല്ല റിപ്പബ്ളിക്കന്മാരുടെയും സ്ഥിതി.
അടുത്ത വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ട്രംപ് തന്നെയായിരിക്കുമെന്ന കാര്യത്തില്‍ അധികമാര്‍ക്കും സംശയമില്ല. അദ്ദേഹത്തിന്‍റെ പെരുമാറ്റവും പ്രസ്താവനകളുമെല്ലാം ആ തരത്തിലുളളതാണ്. ഫ്ളോറിഡയിലെ ഗവര്‍ണറായ മുന്‍ സൈനികോദ്യോഗസ്ഥന്‍ റോണ്‍ ഡി സാന്‍റിസ് (44) റിപ്പബ്ളിക്കന്‍ ടിക്കറ്റിനുവേണ്ടി ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും ട്രംപിനെതിരെ അദ്ദേഹത്തിന് എത്രത്തോളം മുന്നേറാന്‍ കഴിയുമെന്നു കാണാനിരിക്കുന്നതേയുള്ളൂ.
അതുപോലെതന്നെയാണ് ഇന്ത്യന്‍ വംശജരായ രണ്ടു പ്രമുഖ റിപ്പബ്ളിക്കന്മാരുടെയും സ്ഥിതി. ട്രംപ് പ്രസിഡന്‍റായിരുന്ന കാലത്ത് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് അംബാസ്സഡറായിരുന്ന നിക്കി ഹേലി (51), വ്യവസായ സംരംഭകനായ വിവേക് രാമസ്വാമി (37) എന്നിവരാണിവര്‍. നിമ്രതയെന്ന നിക്കിയുടെ മാതാപിതാക്കള്‍ പഞ്ചാബികളാണെങ്കില്‍ വിവേക് കേരളത്തില്‍ വടക്കഞ്ചേരിയില്‍നിന്നുള്ള ഒരു കുടുംബത്തിലെ അംഗമാണ്. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ ഇവരും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ട്രംപിനെതിരെ മല്‍സരിക്കാനുള്ള അവരുടെ കഴിവും കാണാനിരിക്കുന്നതേയുള്ളൂ.
നിലവിലുള്ള പ്രസിഡന്‍റ് വീണ്ടും മല്‍സരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയില്‍ നിന്നുതന്നെ ആരെങ്കിലും അദ്ദേഹത്തെ എതിര്‍ക്കുന്നത് അമേരിക്കയില്‍ പതിവില്ലാത്തതാണ്. അതിനിടയിലാണ് രാജ്യത്തെ ഏറ്റവും പ്രശസ്തമായ കെന്നഡി കുടുംബത്തില്‍ നിന്നൊരാള്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ടിക്കറ്റിനു വേണ്ടി ഇത്തവണ രംഗത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍. മുന്‍ പ്രസിഡന്‍റ് ജോണ്‍ കെന്നഡിയുടെ സഹോദരനും അദ്ദേഹത്തിന്‍റെ കീഴില്‍ അറ്റോര്‍ണി ജനറലുമായിരുന്ന റോബര്‍ട്ട് കെന്നഡിയുടെ മകന്‍ റോബര്‍ട്ട് കെന്നഡി ജൂണിയറാണ് അറുപത്തൊന്‍പതുകാരനായ ഈ അഭിഭാഷകന്‍. മാരിയന്ന വില്യംസണ്‍ (70) എന്നൊരു എഴുത്തുകാരിയും പ്രസിഡന്‍റാകാനുള്ള ആഗ്രഹവുമായി ബൈഡന്‍റെ പാര്‍ട്ടിയിലുണ്ട്.

അതേസമയം, ബൈഡന്‍ ഇനിയും മല്‍സരിക്കരുതെന്നും മല്‍സരിച്ചാല്‍ ഒരുപക്ഷേ തോറ്റുപോയേക്കാമെന്നും കരുതുന്നവരും ഡമോക്രാറ്റിക് പാര്‍ട്ടിയിലുള്ളതായി അടുത്തിടെ നടന്ന ചില സര്‍വേകള്‍ സൂചിപ്പിക്കുന്നു. അവരെയും നിരുല്‍സാഹപ്പെടുത്തുന്നത് ബൈഡന്‍റെ പ്രായാധിക്യമാണത്രേ.
ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഏറ്റവും പ്രായംചെന്ന നേതാക്കളില്‍ ഒരാളായ സെനറ്റര്‍ ബേണി സാന്‍േഡേഴ്സ് ബൈഡന്‍റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്തിരിക്കുകയാണെന്ന വസ്തുതയും ശ്രദ്ധിക്കപ്പെടുന്നു. 2016ല്‍ ഹിലരി ക്ളിന്‍റനെതിരെയും 2020ല്‍ ബൈഡനെതിരെയും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ടിക്കറ്റിനുവേണ്ടി വീറോടെ മല്‍സരിച്ചവരില്‍ ഒരാളായിരുന്നു തീവ്രഇടതുപക്ഷക്കാരനായി വിശേഷിപ്പിക്കപ്പെടുന്ന എണ്‍പത്തൊന്നുകാരനായ സാന്‍ഡേഴ്സ്.
"ജനാധിപത്യത്തിനു തുരങ്കം വയ്ക്കുകയും സ്ത്രീകളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുകയും തോക്കുകള്‍ മൂലമുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുന്ന ട്രംപിനെപ്പോലുളള ഒരാള്‍ ഇനിയും അമേരിക്കയുടെ സാരഥിയാകാന്‍ അനുവദിച്ചുകൂടാ." ഇതാണ് സാന്‍േഡേഴ്സ് നല്‍കുന്ന വിശദീകരണം. പാര്‍ട്ടിയിലെ പുരോഗമനവാദികളാരും ബൈഡനെ എതിര്‍ക്കരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുമുണ്ട്.
ഏതായാലും, ബൈഡന്‍റെ പ്രായാധിക്യം അതേപടി അദ്ദേഹത്തിനെതിരായ ആയുധമായി ഉപയോഗിക്കാന്‍ ട്രംപിനോ അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാര്‍ക്കോ ധൈര്യമില്ല. കാരണം ട്രംപിനുതന്നെ 76 വയസ്സുണ്ട്. ബൈഡനേക്കാല്‍ നാലു വര്‍ഷംമാത്രം കുറവ്. 2016ല്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 70 വയസ്സായിരുന്ന ട്രംപ് അതുവരെയുളള യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്‍റുമായിരുന്നു.
ബൈഡന്‍റെ പ്രായത്തില്‍ ഊന്നിയല്ല, ശാരീരികവും മാനസികവുമായ അദ്ദേഹത്തിന്‍റെ ആരോഗ്യത്തില്‍ സംശയം തോന്നിപ്പിക്കുന്ന വിധത്തിലുള്ളതാണ് ട്രംപിന്‍റെ ആക്രമണം. 36 വര്‍ഷം സെനറ്ററും നാലു വര്‍ഷം വൈസ് പ്രസിഡന്‍റുമായിരുന്ന ജോ ബൈഡനെ അദ്ദേഹം 2020ല്‍തന്നെ 'സ്ലീപി ജോ' അഥവാ 'ഉറക്കംതൂങ്ങി ജോ' എന്നു വിളിക്കാന്‍ തുടങ്ങിയത് ആ തന്ത്രത്തിന്‍റെ ഭാഗമായിരുന്നു.
താന്‍ ജീവിച്ചിരിപ്പുണ്ടോയെന്നു പോലും ജോയ്ക്ക് അറിഞ്ഞുകൂടാ, തുടര്‍ച്ചയായി രണ്ടു വാചകങ്ങള്‍ പറയാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല, വ്യക്തമായ ചിന്തിക്കാനോ വ്യക്തമായി സംസാരിക്കാനോ കഴിയുന്നില്ല, ഇങ്ങനെയൊക്കെയായിരുന്നു സമീപകാലത്തു ട്രംപ് നടത്തിയ ചില പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍. യുക്തിപൂര്‍വം ചിന്തിക്കാനും പെരുമാറുമാനുമുള്ള പ്രസിഡന്‍റിന്‍റെ കഴിവില്‍ തങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുണ്ടെന്നു യുഎസ് കോണ്‍ഗ്രസ്സിലെ 54 റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാര്‍ കഴിഞ്ഞ വര്‍ഷം ഒരു കത്തിലൂടെ ബൈഡനെതന്നെ അറിയിച്ചതും ചര്‍ച്ചാവിഷയമായിരുന്നു.

മറവിരോഗമുണ്ടോ എന്നറിയാനുളള പരിശോധനയക്ക് അദ്ദേഹത്തെ വിധേയനാക്കണമെന്നും അവര്‍ ആവശ്യപ്പെടുകയുണ്ടായി. ബൈഡനു പറ്റിയതായി പറയപ്പെടുന്ന അബദ്ധങ്ങളുടെ ഒരു പട്ടികയും കത്തിനോടൊപ്പം ഉണ്ടായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ബൈഡന്‍ വാഷിങ്ടണിനു സമീപമുള്ള പ്രമുഖ സൈനികാശുപത്രിയില്‍ മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന പരിശോധനയ്ക്ക് വിധേയനായി. അതിനു ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചത് ചില ചില്ലറ പ്രശ്നങ്ങളുളളത് ഒഴിവാക്കിയാല്‍ അദ്ദേഹം തന്‍റെ ജോലി നിര്‍വഹിക്കാന്‍ തക്ക വിധത്തില്‍ മാനസികമായും ശാരീരികമായും ആരോഗ്യവാനാണെന്നാണ്.
പക്ഷേ, വിവാദം അവസാനിച്ചില്ല. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിഗമനം ട്രംപിന്‍റെ ഭരണകാലത്തു വൈറ്റ്ഹൗസിലെ ഔദ്യോഗിക ഫിസിഷ്യനായിരുന്ന ഡോക്ടര്‍ തള്ളിക്കളഞ്ഞു. ട്രംപിനുമുന്‍പ് ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള ബറാക് ഒബാമ പ്രസിഡന്‍റായിരുന്നപ്പോഴും വൈറ്റ്ഹൗസിലെ ഫിസിഷ്യനായിരുന്നു ഇദ്ദേഹം. ബൈഡന്‍റെ ആരോഗ്യം സംബന്ധിച്ച കാര്യത്തില്‍ സത്യം മുടിവയ്ക്കപ്പെടുകയാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ കേളികൊട്ട് ഉയരാന്‍ തുടങ്ങിയിരിക്കുന്നത്.
Content Sammary : 2024 US Presidential election