തുര്‍ക്കിയുടെ ഭരണം ഇനി ആരുടെ കൈകളില്‍ ?

HIGHLIGHTS
  • മല്‍സരം കൂടുതല്‍ വാശിയേറിയ രണ്ടാം റൗണ്ടിലേക്ക്
  • ഭൂകമ്പവും റഷ്യാബന്ധവും തിരഞ്ഞെടുപ്പ് ചര്‍ച്ചാവിഷയം
tayyip-erdogan
തയ്യിപ് എർദൊഗാൻ (Photo: Ozan Kose/AFP)
SHARE

കമാല്‍ അതാതുര്‍ക്ക് എന്ന മുസ്തഫ കമാല്‍ പാഷ ആധുനിക തുര്‍ക്കി രാഷ്ട്രത്തിനു രൂപം നല്‍കിയതിന്‍റെ നൂറാം വാര്‍ഷികമാണ് ഇപ്പോള്‍. ഈ സന്ദര്‍ഭത്തില്‍ രാജ്യത്തിന്‍റെ ഭാഗധേയം മറ്റൊരു കമാലിന്‍റെ കൈകളില്‍ അര്‍പ്പിതമാവുമോ ? അതല്ല, പ്രധാനമന്ത്രിയോ പ്രസിഡന്‍റോ ആയി 20 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ആള്‍ തന്നെ അഞ്ചു വര്‍ഷംകൂടി തുടരുമോ? തുര്‍ക്കിയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച (മേയ് 14) നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഈ ചോദ്യത്തിന് ഉത്തരം നല്‍കുമെന്ന് കരുതിയവര്‍ നിരാശരായി. കാരണം, ജയിക്കാന്‍ ആവശ്യമായത്ര വോട്ട് (മൊത്തം പോള്‍ ചെയ്യപ്പെട്ടതിന്‍റെ പകുതിയിലേറെ) നേടുന്നതില്‍ പ്രസിഡന്‍റ് റജിബ് തയ്യിബ് ഉര്‍ദുഗാനും അദ്ദേഹത്തിന്‍റെ മുഖ്യ എതിരാളിയായ കമാല്‍ കിലിച്ച്ദാരൊലു എന്ന മുന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പരാജയപ്പെട്ടു.  

ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്‍റ് പാര്‍ട്ടിയുടെ (എകെപി) സ്ഥാനാര്‍ഥി ഉര്‍ദുഗാനു 49.50 ശതമാനം വോട്ടു കിട്ടിയപ്പോള്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ റിപ്പബ്ളിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (സിഎച്ച്പി) നേതാവ് കിലിച്ച്ദാരൊലു ഏറെയൊന്നും പിന്നിലായില്ല. 44.89 ശതമാനം വോട്ട്കിട്ടി. മൂന്നാം സ്ഥാനാര്‍ഥിയായ സിനാന്‍ ഓഗനു (നാഷനലിസ്റ്റ് പാര്‍ട്ടി) കിട്ടിയത് 5.17 ശതമാനം.   

മുഹര്‍റം ഇന്‍ജ് (ഹോംലാന്‍ഡ് പാര്‍ട്ടി) എന്ന വേറൊരു സ്ഥാനാര്‍ഥി കൂടി മല്‍സര രംഗത്തുണ്ടായിരുന്നുവെങ്കിലും പോളിങ്ങിന് ഏതാനും ദിവസംമുന്‍പ് അദ്ദേഹം പിന്മാറി. പക്ഷേ, ബാലറ്റ് പേപ്പറില്‍ അദ്ദേഹത്തിന്‍റെ പേരും ഉണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിനു 0.44 ശതമാനം വോട്ട് കിട്ടി.

ജയിക്കാന്‍ ആവശ്യമായത്ര വോട്ട് ആര്‍ക്കും കിട്ടാത്തതിനാല്‍ ഏറ്റവും അധികം വോട്ടു നേടിയ രണ്ടു പേര്‍ മാത്രം തമ്മിലുള്ള മല്‍സരമാണ് ഇനി. ഈ മാസം 28നു നടക്കുന്ന ആ മല്‍സരത്തിന്‍റെ ഫലത്തിനുവേണ്ടി കാത്തിരിക്കുകയാണ് ഇപ്പോള്‍ എല്ലാവരും. ഉര്‍ദുഗാനും (69) കിലിച്ച്ദാരൊലുവും (74) നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ ആദ്യ റൗണ്ടില്‍ മറ്റു രണ്ടു സ്ഥാനാര്‍ഥികള്‍ക്കു വോട്ടു ചെയ്തവര്‍ ആരെ പിന്തുണയ്ക്കും എന്നതും ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു

കഴിഞ്ഞ തവണ (2018ല്‍) പക്ഷേ ഇതായിരുന്നില്ല സ്ഥിതി. ആദ്യ റൗണ്ടില്‍തന്നെ ഉര്‍ദുഗാന്‍ വിജയം നേടുകയായിരുന്നു. അദ്ദേഹത്തിനു 52.59 ശതമാനം വോട്ടു കിട്ടിയപ്പോള്‍ മുഖ്യ എതിരാളിയായ മുഹര്‍റം ഇന്‍ജിനു കിട്ടിയതു വെറും 30.64 ശതമാനം. അതേ മുഹര്‍റം ഇന്‍ജ്തന്നെയാണ് ഇത്തവണ വീണ്ടും മല്‍സര രംഗത്തിറങ്ങുകയും അവസാനഘട്ടത്തില്‍ പിന്‍വാങ്ങുകയും ചെയ്തത്. കഴിഞ്ഞ തവണ അദ്ദേഹം സിഎച്ച്പി സ്ഥാനാര്‍ഥിയായിരുന്നു. 

പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടിനോടൊപ്പം 600 അംഗ പാര്‍ലമെന്‍റിലേക്കു ആനുപാതിക പ്രാതിനിധ്യ രീതിയിലുളള തിരഞ്ഞെടുപ്പും നടന്നു. എകെപി വിജയം ആവര്‍ത്തിച്ചുവെങ്കിലും അവരുടെ സീറ്റുകളുടെ എണ്ണം 296ല്‍നിന്നു 266 ആയി കുറഞ്ഞു. മുഖ്യ പ്രതിപക്ഷ കക്ഷിയായ സിഎച്ച്പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനു 166 സീറ്റ് കിട്ടി. തുര്‍ക്കിയിലെ ഏറ്റവും പഴക്കം ചെന്ന കക്ഷിയാണ് രാഷ്ട്രസ്ഥാപകനായ കമാല്‍ അതാതുര്‍ക്ക് 1919ല്‍ സ്ഥാപിച്ച സിഎച്ച്പി.

പരമ്പരാഗതമായി പാര്‍ലമെന്‍ററി ഭരണരീതി പിന്തുടര്‍ന്നുവന്ന തുര്‍ക്കിയില്‍ 2014 മുതല്‍ നിലവിലുള്ളത് പ്രസിഡന്‍ഷ്യല്‍ ഭരണരീതിയാണ്. ഉര്‍ദുഗാന്‍ നടപ്പാക്കിയതാണിത്. പ്രധാനമന്ത്രിയില്ല. ഭരണ നിര്‍വഹണാധികാരം പൂര്‍ണമായും പ്രസിഡന്‍റിന്‍റെ കൈകളിലാണ്. ഉര്‍ദുഗാനാണെങ്കില്‍ ആ അധികാരം ഏകപക്ഷീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുമുണ്ട്.   

അതിനാല്‍ ഏതു പാര്‍ട്ടിക്കാണ് ഭൂരിപക്ഷം എന്നതിനേക്കാളേറെ പ്രാധാന്യം ആര് പ്രസിഡന്‍റാകും എന്നതിനായി. ഉര്‍ദുഗാനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാവുകയും ചെയ്തു. ഇത്രയും ശക്തമായ എതിര്‍പ്പ് മുന്‍പൊരിക്കലും അദ്ദേഹത്തിനു നേരിടേണ്ടിവന്നിരുന്നില്ല.

പതിനൊന്നു വര്‍ഷം പ്രധാനമന്ത്രിയായ ശേഷമാണ് അദ്ദേഹം ഒന്‍പതു വര്‍ഷമായി പ്രസിഡന്‍റ് പദവി വഹിച്ചുവരുന്നത്. ഇത്രയും ദീര്‍ഘകാലം അധികാരത്തിലിരുന്നവര്‍ ആധുനിക തുര്‍ക്കിയുടെ ചരിത്രത്തിലില്ല. കമാല്‍ അതാതുര്‍ക്ക് ഭരണം നടത്തിയത് 15 വര്‍ഷമായിരുന്നു. 2018ല്‍ ഉര്‍ദുഗാന്‍ അതിനെ മറികടന്നു. അതാതുര്‍ക്കിനുശേഷം തുര്‍ക്കി ഭരിച്ചവരെയെല്ലാം അപേക്ഷിച്ച് രാജ്യത്തിന്‍റെ മേല്‍ ആഴത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. രാജ്യത്തിനകത്തും പുറത്തും വിവാദങ്ങള്‍ക്കും കുറവുണ്ടായില്ല. 

കമാല്‍ അതാതുര്‍ക്ക് പുതിയ തുര്‍ക്കിക്കു രൂപം നല്‍കിയത് മതനിരപേക്ഷതയുടെ കാര്യത്തില്‍ തരിമ്പും വിട്ടുവീഴ്ചയില്ലാത്ത രാജ്യം എന്ന നിലയിലായിരുന്നു. എന്നിട്ടും ഇസ്ലാമിസ്റ്റുകള്‍ എന്നറിയപ്പെടുന്ന എകെപിക്ക് അവിടെ അധികാരം നേടിയെടുക്കാനായി. അതിനു വഴിയൊരുക്കിയത് ഭരണരംഗത്തു നടമാടിയിരുന്ന പിടിപ്പുകേടും അഴിമതിയും അസ്ഥിരതയുമായിരുന്നു. വ്യത്യസ്തമായ ഒരു ഭരണരീതി കാഴ്ചവയക്കാനായി എകെപിയുടെ ശ്രമം.  

രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മായ യൂറോപ്യന്‍ യൂണിയനില്‍ ചേരാനുളള തുര്‍ക്കിയുടെ ശ്രമവും ശ്രദ്ധിക്കപ്പെട്ടു. അതിനിടയില്‍തന്നെ ഭരണഘടനയുടെ അടിസ്ഥാന ശിലയായ മതനിരപേക്ഷതയക്ക് എകെപി തുരങ്കംവയ്ക്കുന്നുവെന്ന ആരോപണവുമുണ്ടായി. വിവാദങ്ങളുടെ തുടക്കം അങ്ങനെയായിരുന്നു. 

അടുത്തകാലത്തായി സാമ്പത്തിക മാന്ദ്യം തുര്‍ക്കിയെ വല്ലാതെ വലയ്ക്കുകയാണ്. നാണയപ്പെരുപ്പം ക്രമാതീതമായി ഉയരുകയും അവശ്യസാധനങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കുകയും ചെയ്തു. സിറിയയിലെ ആഭ്യന്തര കലാപത്തില്‍നിന്നു രക്ഷതേടി അതിര്‍ത്തി കടന്നെത്തിയ 36 ലക്ഷത്തോളം അഭയാര്‍ഥികളുടെ സംരക്ഷണവും തുര്‍ക്കിക്ക് ഏറ്റെടുക്കേണ്ടിവന്നു. 

ഇതിനെല്ലാം ഇടയിലായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ ഇരട്ട ഭൂകമ്പം. അരലക്ഷം പേര്‍ മരിക്കുകയും ഒട്ടേറെ ജനവാസ കേന്ദ്രങ്ങള്‍ തകരുകയും അസംഖ്യമാളുകള്‍ ഭവന രഹിതരാവുകയും ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനം കാര്യക്ഷമമായില്ലെന്നായിരുന്നു പരക്കേയുള്ള പരാതി. കെട്ടിടങ്ങള്‍ പലതും തകരാന്‍ കാരണം അവയുടെ നിര്‍മാണത്തിലുണ്ടായിരുന്ന അപാകതയാണെന്നും അതിന് ഉത്തരവാദി ഗവണ്‍മെന്‍റ് കൂടിയാണെന്നുമുള്ള ആരോപണവും ഉയര്‍ന്നു. ഭൂകമ്പം അങ്ങനെ ഈ തിരഞ്ഞെടുപ്പിലെ ഒരു പ്രധാന ചര്‍ച്ചാവിഷയമായി

ഉര്‍ദുഗാന്‍ ഒരു ഏകാധിപതിയാകാന്‍ ശ്രമിക്കുകയാണെന്ന ആരോപണം നേരത്തെതന്നെയുള്ളതാണ്. 2016ലെ പാളിപ്പോയ പട്ടാളവിപ്ളവത്തെ അതിജീവിച്ച ശേഷം അദ്ദേഹം അഴിച്ചുവിട്ട ശിക്ഷാ നടപടികള്‍ അത്തരത്തിലുള്ളതായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒന്നര ലക്ഷം പേര്‍ക്കു ജോലി നഷ്ടപ്പെടുകയും മാധ്യമ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ അരലക്ഷം പേര്‍ അറസ്റ്റിലാവുകയും ചെയ്തു. 

പാര്‍ലമെന്‍ററി രീതിക്കുപകരം പ്രസിഡന്‍ഷ്യല്‍ രീതികൊണ്ടുവന്നതും അദ്ദേഹത്തിന്‍റെ ഏകാധിപത്യ പ്രവണതയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നവരുണ്ട്. അതിന് ആവശ്യമായ ഭരണഘടനാ ഭേദഗതി പാസ്സാക്കിയെടുക്കാന്‍ ഭരണസഖ്യത്തിനു പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായിരുന്നില്ല. അതിനാല്‍ ഹിതപരിശോധനമുഖേന കാര്യം സാധിച്ചു. നേരിയ ഭൂരിപക്ഷമേ കിട്ടിയിരുന്നുള്ളൂ. 

പാര്‍ലമെന്‍റിലൂടെയല്ലാതെ തന്നെ നിയമങ്ങള്‍ നടപ്പാക്കാന്‍ ഇപ്പോള്‍ പ്രസിഡന്‍റിന് അധികാരമുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പാര്‍ലമെന്‍റ് പിരിച്ചുവിടുകയുംചെയ്യാം. മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നേരിട്ടു നിയമിക്കാം. സുപ്രീം കോടതിയിലെ 15 ജഡ്ജിമാരില്‍ ഭൂരിപക്ഷം പേരെയും നിയമിക്കാനുള്ള അധികാരവും പ്രസിഡന്‍റിനാണ്. മന്ത്രിമാര്‍ക്കു പാര്‍ലമെന്‍റിനോട് ഉത്തരവാദിത്തമില്ല. 

ഇതെല്ലാം ജനാധിപത്യ വിരുദ്ധമാണെന്നു കരുതുന്ന മുഖ്യപ്രതിപക്ഷ കക്ഷിയായ സിഎച്ച്പിയും അവരുടെ നേതാവ് കമാല്‍ കിലിച്ച്ദാരൊലുയും വോട്ടര്‍മാര്‍ക്കു നില്‍കിയ വാഗ്ദാനം ഇതു തങ്ങള്‍ അവസാനിപ്പിക്കുമെന്നാണ്.

അമേരിക്കയിലെ കഴിഞ്ഞ രണ്ടു പ്രസിഡന്‍റ് തിരഞ്ഞെടുപ്പുകളിലും റഷ്യ ഇടപെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. സമാനമായ ആരോപണം ഇത്തവണ തുര്‍ക്കിയിലെ തിരഞ്ഞെടുപ്പ് വേളയിലും ഉണ്ടായത് ഈ തിരഞ്ഞെടുപ്പിലേക്കു ലോകത്തിന്‍റെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായി. 

ആരോപണം റഷ്യ നിഷേധിച്ചിട്ടുണ്ട്. എങ്കിലും റഷ്യയുമായി ഉര്‍ദുഗാന്‍ അടുപ്പത്തിലാണെന്നതും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ അദ്ദേഹം പതിവായി എന്‍റെ സുഹത്ത് എന്നു വിളിക്കാറുണ്ടെന്നതും ആരും നിഷേധിക്കുന്നില്ല. പല മേഖലകളിലുമുള്ള റഷ്യ-തുര്‍ക്കി സൗഹദവും സഹകരണവും മറ്റെന്നത്തെക്കാളും വികസിക്കുകയും വളരുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിലെ സുപ്രധാന അംഗമാണ് തുര്‍ക്കി. യുഎസ് സൈന്യം കഴിഞ്ഞാല്‍ നാറ്റോയിലെ ഏറ്റവും വലിയ സൈന്യം തുര്‍ക്കിയുടേതാണ്. എന്നിട്ടും ഉര്‍ദുഗാന്‍ റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പുടിനുമായി കരാറുണ്ടാക്കി. അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ അതു ഗൗനിക്കാതിരിക്കുകയും ചെയതു. റഷ്യയുമായുളള സൗഹൃദം തുടരുമെങ്കിലും അമേരിക്കയില്‍നിന്ന് അകന്നുപോകാന്‍ തുര്‍ക്കിയെ അനുവദിക്കുകയില്ലെന്നാണ് അദ്ദേഹത്തിന്‍റെ എതിരാളിയായ കമാല്‍ കിലിച്ച്ദാരൊലു വ്യക്തമാക്കിയിട്ടുള്ളത്. ഇതും ഈ തിരഞ്ഞെടുപ്പിലെ ഒരു ചര്‍ച്ചാവിഷയമാണ്. 

Content Summary : Political issues in Turkey                   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS