ഒരു ഭാഗത്ത്, അധികാരത്തില്‍ തിരിച്ചെത്താനുളള മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ദൃഢനിശ്ചയം. മറുഭാഗത്ത് അതിനെ എങ്ങനെയെങ്കിലും തടയാനുള്ള എതിരാളികളുടെ അത്രതന്നെ ദൃഢമായ തീരുമാനം. ഈ നിലപാടുകള്‍ തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലാണ് കഴിഞ്ഞ ചില മാസങ്ങളായി പാക്കിസ്ഥാനിലെ രാഷ്ട്രീയം. പട്ടാളവും ജുഡീഷ്യറിയുമെല്ലാം ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അതില്‍ പങ്കാളികളായിക്കൊണ്ടിരിക്കുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മേയ് ഒന്‍പത്) മുതല്‍ക്കുണ്ടായ നാടകീയ സംഭവങ്ങള്‍ ആ പശ്ചാത്തലത്തില്‍ ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. ഒരു കേസിനോട് അനുബന്ധിച്ച് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരായ ഇമ്രാനെ അര്‍ധസൈനിക വിഭാഗമായ റേഞ്ചേഴ്സിലെ നൂറോളം പേര്‍ ചേര്‍ന്നു കോടതി പരിസരത്തുവച്ച്തന്നെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാം ദിവസം സുപ്രീംകോടതി അത്രയും നാടകീയതോടെതന്നെ അദ്ദേഹത്തെ വിട്ടയക്കാന്‍ ഉത്തരവിടുകയും ചെയ്തു. അതും വിവാദമായി.
എഴുപതുകാരനായ മുന്‍പ്രധാനമന്ത്രിയെ ബലംപ്രയോഗിച്ചു വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. മര്‍ദ്ദിച്ചതായും പറയപ്പെടുന്നു. അഴിമതി നിര്‍മാര്‍ജ്ജന വിഭാഗമായ നാഷനല്‍ എക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എന്‍എബി) വാറന്‍റ് അനുസരിച്ച് അറസ്റ്റ് ചെയ്ത ഇമ്രാനെ പൊലീസ് അവരുടെ ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ച ശേഷം ബുധനാഴ്ച രാവിലെ അവിടെവച്ചുതന്നെ എക്കൗണ്ടബിലിറ്റി ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കി. ജഡ്ജി അദ്ദേഹത്തെ എട്ടു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. തന്‍റെ ജീവനു നേരെ ഭീഷണിയുള്ളതിനാല്‍ വിട്ടയക്കണമെന്ന ഇമ്രാന്‍റെ അപേക്ഷ ജഡ്ജി തള്ളിക്കളയുകയായിരുന്നു. അറസ്റ്റ് നിയമവിധേയമാണെന്നായിരുന്നു പിന്നീടു ഇസ്ലാമാബാദ് ഹൈക്കോടതിയുടെ വിധിയും.
ഇമ്രാന്‍റെ അറസ്റ്റിനോടുളള അദ്ദേഹത്തിന്‍റെ പാക്കിസ്ഥാന്‍ തെഹ്രീഖെ ഇന്‍സാഫ് പാര്‍ട്ടിക്കാരുടെ (പിടിഐ) പ്രതികരണം രൂക്ഷവും അക്രമാസക്തവുമായത് അധികമാരെയും അല്‍ഭുതപ്പെടുത്തിയിട്ടുണ്ടാവില്ല. അണികളെ അത്രയും ആവേശം കൊള്ളിക്കുന്ന വിധത്തിലാണ് അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരുന്നത്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കല്ലേറും തീവയ്പും പൊലീസുമായുള്ള ഏറ്റുമുട്ടലുമുണ്ടായി. എട്ടു പേര്‍ മരിച്ചു. പ്രധാന നഗരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. പഞ്ചാബ്, ഖൈബര്‍പഖ്തൂന്‍ഖ്വ, ബലൂചിസ്ഥാന്‍ എന്നീ പ്രവിശ്യകളില്‍ പൊലീസിനെ സഹായിക്കാന്‍ സൈന്യം രംഗത്തിറങ്ങേണ്ടിവന്നു. പിടിഐ നേതാക്കളായ മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.
ഒട്ടും പ്രതീക്ഷിക്കാത്തതും അഭൂതപൂര്‍വവുമായ സംഭവങ്ങളുമുണ്ടായി. ഇസ്ലാമാബാദിനു സമിപമുള്ള റാവല്‍പിണ്ടിയിലെ കരസേനാ ആസ്ഥാനം ആക്രമിക്കപ്പെട്ടു. ലഹോര്‍ മേഖലയിലെ കരസേനാ കമാന്‍ഡറുടെ വീട്ടിലേക്ക് ആളുകള്‍ തള്ളിക്കയറുകയും സാധനസാമഗ്രികള്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. പട്ടാളത്തിനെതിരായ ഇമ്രാന്‍റെ ആരോപണങ്ങള്‍ക്ക് അടുത്തകാലത്തായി മൂര്‍ച്ചകൂടിക്കൊണ്ടിരുന്നുവെങ്കിലും പട്ടാളത്തിനു നേരെ തിരിയാന്‍ അതു തന്‍റെ അനുയായികളെ പ്രേരിപ്പിക്കുമെന്ന് ഒരുപക്ഷേ അദ്ദേഹം പോലും സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ല.
പാക്കിസ്ഥാന്‍റെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായം എന്നാണ് ഇതിനെ പട്ടാളം ഒരു പ്രസ്താവനയില്‍ വിശേഷിപ്പിച്ചത്. ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നു താക്കീതു നല്‍കുകയും ചെയ്തു.
അധികാരത്തില്‍ തിരിച്ചെത്താനുള്ള ഇമ്രാന്‍റെ തീവ്രശ്രമം കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് അദ്ദേഹം അവിശ്വാസ പ്രമേയത്തിലൂടെ പുറന്തള്ളപ്പെട്ടതു മുതല്‍ക്കേ തുടങ്ങിയതാണ്. പല വിധ കേസുകളിലൂടെ അതിനു തടയിടാന്‍ പാക്കിസ്ഥാന്‍ മുസ്ലിംലീഗ്-എന്‍ നേതാവായ പുതിയ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സഖ്യകക്ഷി നേതാക്കളും കച്ചകെട്ടി. അഴിമതി, ഭീകരപ്രവര്‍ത്തനം, മതനിന്ദ, കൊലപാ0തകം തുടങ്ങിയവയുമായി ബന്ധപ്പെട്ട നൂറിലേറെ കേസുകളുണ്ടെന്നാണ് ഇമ്രാന്‍തന്നെ ഈയിടെ വെളിപ്പെടുത്തിയത്.
ഇമ്രാന്‍റെ നാലു വര്‍ഷത്തെ (2018-2022) ഭരണത്തില്‍ അദ്ദേഹത്തിന്‍റെ പല രാഷ്ട്രീയ പ്രതിയോഗികളും അഴിമതിക്കേസുകളില്‍ പ്രതികളാവുകയും തടങ്കലിലാവുകയും ചെയ്തിരുന്നു. മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫ് (പിഎംഎല്‍-എന്‍), അദ്ദേഹത്തിന്‍റെ അനുജനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ്, മുന്‍പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി (പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി), മറ്റൊരു മുന്‍പ്രധാനമന്ത്രിയായ ഷാഹിദ് ഖക്കന്‍ അബ്ബാസി (പിഎംഎല്‍-എന്‍) എന്നിവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. ഇമ്രാനെതിരായ കേസൂകള്‍ ഇവരുടെ പകവീട്ടലുകളാണെന്നു കരുതുന്നവരുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തോഷക്കാന അഴിമതിക്കേസിനോട് അനുബന്ധിച്ചായിരുന്നു ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള ആദ്യശ്രമം. അതിനുവേണ്ടി എത്തിയ പൊലീസിന് ഇമ്രാന്‍റെ അനുകൂലികളുടെ ശക്തമായ ചെറുത്തുനില്‍പ്പ് കാരണം വെറുംകൈയോടെ മടങ്ങേണ്ടിവന്നു. വിദേശ സന്ദര്‍ശന വേളകളില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ലഭിച്ച സമ്മാനങ്ങള്‍ (കോടികള്‍ വിലമതിക്കുന്ന വാച്ചുകളും മറ്റും) ഇമ്രാന്‍ ചുളുവിലയ്ക്കു സ്വന്തമാക്കുകയും കൂടിയ വിലയക്കു മറിച്ചു വില്‍ക്കുകയും അതു സംബന്ധിച്ച വിശദവിവരങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്തുവെന്നാണ് കേസ്. തോഷക്കാന എന്നാല്‍ അത്തരം സമ്മാനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലമാണ്.
ചൊവ്വാഴച ഇമ്രാന്‍ അറസ്റ്റിലായത് അല്‍ഖാദിര്‍ ട്രസ്റ്റ് കേസ് എന്നറിയപ്പെടുന്ന മറ്റൊരു കേസിലാണ്. പഞ്ചാബില്‍ ഒരു പുതിയ സര്‍വകലാശാല സ്ഥാപിക്കാനായി രൂപീകരിച്ചതാണ് ഇമ്രാന്‍, ഭാര്യ ബുഷറ ബീബി എന്നിവരടങ്ങിയ അല്‍ഖാദിര്‍ ട്രസ്റ്റ്.മാലിക് റിയാസ് എന്ന ബിസിനസ് പ്രമാണി അതിനു 600-700 കോടി പാക്കിസ്ഥാന്‍ രൂപ വിലമതിക്കുന്ന ഭൂമി സംഭാവനയായി നല്‍കുകയുണ്ടായി.
റിയാസ് നേരത്തെ 19 കോടി പൗണ്ടുമായി (ഏകദേശം 6000 കോടി രൂപ) ലണ്ടനില്‍ പിടിയിലായിരുന്നു. ആ തുക ബ്രിട്ടന്‍ പാക്കിസ്ഥാനു കൈമാറേണ്ടതായിരുന്നു. റിയാസിനുതന്നെ നല്‍കാന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ഇമ്രാന്‍ അനുവദിച്ചു. ട്രസ്റ്റിനു റിയാസ് ഭൂമി നല്‍കിയത് അതിനു പകരമായിട്ടാണെന്നാണ് കേസ്.
ഒരു വര്‍ഷം മുന്‍പ് ഭരണം നഷ്പ്പെട്ടതു മുതല്‍ക്കുതന്നെ ഇമ്രാന്‍ അതിന് ഉത്തരവാദികളായി പട്ടാളത്തെയും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. 2018ലെ തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം പ്രധാനമന്ത്രിയായതു പട്ടാളത്തിന്‍റെ ഒത്താശയോടെയാണെന്നത് വലിയു രഹസ്യമായിരുന്നില്ല. പക്ഷേ, കാലക്രമത്തില്‍ പട്ടാളത്തലവന്‍ ജനറല്‍ ഖമര്‍ ബാജ്വയുമായി അദ്ദേഹം പിണങ്ങി. 2022 ഏപ്രിലില്‍ തനിക്കു പാര്‍ലമെന്‍റിലെ ഭൂരിപക്ഷം നഷ്ടപ്പെടുന്ന വിധത്തില്‍ തന്‍റെ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കിയത് ബാജ്വയാണെന്നാണ് ഇമ്രാന്‍റെ ആരോപണം.
അധികാരം നഷ്ടപ്പെട്ട ശേഷം തനിക്കെതിരെ രണ്ടു വധശ്രമം നടന്നുവെന്നും അവ രണ്ടിലും പട്ടാളത്തിനു പങ്കുണ്ടായിരുന്നുവെന്നും ഇമ്രാന്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ പഞ്ചാബിലെ വസീറിസ്ഥാനില്‍ ഒരു റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കേ കാലിനു വെടിയേറ്റത് ആദ്യ ശ്രമത്തിന്‍റെ ഫലമായിരുന്നു.
ഗൂഡാലോചനാ രഹസ്യം ചോര്‍ന്നുപോയതിനാലാണത്രേ രണ്ടാമത്തെ ശ്രമം നടന്നില്ല. പട്ടാളത്തിന്‍റെ കീഴിലുള്ള ചാരവിഭാഗമായ ഐഎസ്ഐയുടെ കൗണ്ടര്‍ ഇന്‍റലിജന്‍സ് തലവന്‍ മേജര്‍ ജനറല്‍ ഫൈസല്‍ നസീറാണ് ഈ രണ്ടു വധശ്രമങ്ങളുടെയും പിന്നിലെ ബുദ്ധികേന്ദ്രമെന്നും ഇമ്രാന്‍ വെട്ടിത്തുറന്നു പറഞ്ഞു.താന്‍ വധിക്കപ്പെടാന്‍ ഇനിയും സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു.
അടിസ്ഥാനരഹിതമായ ആരോപണമെന്നു പറഞ്ഞു പട്ടാളത്തിന്‍റെ മാധ്യമ വിഭാഗം ഇതിനെതിരെ ഇമ്രാനെ താക്കീതു ചെയ്തിരുന്നു. ഇമ്രാന്‍ അതു പുഛിച്ചുതള്ളുകയും ആരോപണം കൂടുതല്‍ വീറോടെ ആവര്‍ത്തിക്കുകയും ചെയ്തു. അര്‍ഷാദ് ഷരീഫ് എന്ന പ്രശസ്ത ടിവി ജേണലിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിലും ഫൈസല്‍ നസീറിനു പങ്കുണ്ടെന്നു സൂചിപ്പിക്കാനും മടിച്ചില്ല.
പട്ടാളത്തിന് അനിഷ്ടകരമായ പല കാര്യങ്ങളും പുറത്തുകൊണ്ടുവന്ന അന്‍പതുകാരനായ അര്‍ഷാദ് ഷരീഫ് പാക്കിസ്ഥാനില്‍നിന്നു കാണാതായ ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആഫ്രിക്കയിലെ കെന്യയില്‍ അവിടത്തെ പൊലീസിന്‍റെ വെടിയേറ്റുമരിക്കുകയായിരുന്നു. അബദ്ധത്തില്‍ ആളുമാറി വെടിവച്ചുപോയതാണെന്നായിരുന്നു അവരുടെ വിശദീകരണം. പട്ടാളത്തിന്‍റെ താക്കീത് വകവയ്ക്കാതെ ഇമ്രാന്‍ ഫൈസല്‍ നസീറിനെതിരായ ആരോപണം ആവര്‍ത്തിക്കുകയാണ് ചെയ്തത്. അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത് അതിന്‍റെ പിറ്റേന്നാണ്.
രാഷ്ട്രീയരംഗമാകെ ഇത്രയും ഭീകരമായ വിധത്തില്‍ കലങ്ങിമറിയുന്ന സ്ഥിതി 75 വര്‍ഷത്തെ ചരിത്രത്തില്‍ ഇതിനുമുന്‍പ് പാക്കിസ്ഥാനില്‍ ഉണ്ടായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയില്‍പെട്ടു ജനം നട്ടംതിരിയുകയാണ്. കഴിഞ്ഞ ചില ആഴ്ചകളില്‍ ഒരു ഭാഗത്തു ഗവണ്‍മെന്‍റും പാര്‍ലമെന്‍റും മറുഭാഗത്തു ജുഡീഷ്വറിയും നിലയുറപ്പിച്ചുകൊണ്ടുള്ള വടംവലിയും നടക്കുകയായിരുന്നു.
അധികാരത്തില്‍ തിരിച്ചെത്താന്‍ ഇമ്രാന്‍ ഖാന്‍ നടത്തിവരുന്ന ശ്രമങ്ങളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉമര്‍ അത ബാന്ദിയാല്‍ വഴിവിട്ടു സഹായിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നു. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച (മേയ് 11) നടന്ന നാടകീയ സംഭവങ്ങളും ചീഫ് ജസ്റ്റിസിന്‍റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്.
ഇമ്രാന്‍റെ അറസ്റ്റ് നിയമവിധേയമാണെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജി സ്വീകരിച്ച മൂന്നംഗ ബെഞ്ചെിന്‍റെ തലവനായ അദ്ദേഹം ഒരു മണിക്കൂറിനകം ഇമ്രാനെ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഇമ്രാന്‍ എത്തിയപ്പോള്‍ കണ്ടത് സന്തോഷം എന്നു പറഞ്ഞു സ്വാഗതം ചെയ്തു. ഇമ്രാന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടന്‍ വിട്ടയയക്കണമെന്നും ഉത്തരവിടാന്‍ അധികമൊന്നും താമസമുണ്ടായില്ല.
ചില മന്ത്രിമാര്‍ ഉള്‍പ്പെടെയുളള ഭരണകക്ഷി നേതാക്കള്‍ കടുത്ത രോഷത്തോടെയാണ് ഇതിനോടു പ്രതികരിച്ചത്. ചീഫ് ജസ്റ്റിസ് വീണ്ടും ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. അദ്ദേഹത്തിന് ഇനി ഇമ്രാന്‍റെ പാര്‍ട്ടിയില്‍ ചേരാം, ആ പാര്‍ട്ടിയുടെ പതാക സുപ്രീം കോടതിയുടെ മുകളില്‍ തൂക്കുകയും ചെയ്യാം എന്നായിരുന്നു മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ മകളുംപിഎംഎല്‍-എന്‍ നേതാവുമായ മറിയം നവാസിന്‍റെ പരിഹാസം.
Content Summary : Videsharangam - Pakistan political crisis and Imran Khan