'എന്‍റെ രാജ്യത്തെ രക്ഷിക്കണമേ, രക്ഷിക്കാന്‍ സഹായിക്കണമേ' എന്ന അഭ്യര്‍ഥനയുടെ അകമ്പടിയോടെ ഓരോ രാജ്യത്തേക്കും ഓടുകയാണ് ഒരു നാല്‍പ്പത്തഞ്ചുകാരന്‍. പേര് വൊളോഡിമിര്‍ ഒലക്സാന്‍ഡ്രാവിച്ച് സെലന്‍സ്കി. യുക്രെയിനിലെ പ്രസിഡന്‍റായ അദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നടത്തിയ യാത്രകള്‍ അതിനു കാരണമായ റഷ്യന്‍ ആക്രമണത്തിന്‍റെ അത്രതന്നെ ലോകത്തിന്‍റെ സവിശേഷ ശ്രദ്ധയ്ക്കു പാത്രമാവുന്നു.
ഒടുവില്‍, അദ്ദേഹം ഇക്കഴിഞ്ഞ ആഴ്ച സൗദി അറേബ്യയിലെ ജിദ്ദയിലും ജപ്പാനിലെ ഹിരോഷിമയിലുമെത്തി. ജിദ്ദയില്‍ 22 അംഗ അറബ് രാഷ്ട്ര സംഘടനയായ അറബ് ലീഗിന്‍റെയും ഹിരോഷിമയില്‍ ലോകത്തെ ഏഴു വന്‍കിട വ്യാവസായിക രാജ്യങ്ങളുടെ കൂട്ടായ്മായ ജി-7ന്‍റെയും ഉച്ചകോടി നടക്കുകയായിരുന്നു. യുക്രെയിനില്‍ ഒരു വര്‍ഷത്തിലേറെയായി നടന്നുവരുന്ന യുദ്ധത്തിന്‍റെ ഭീകരചിത്രം ആ വേദികളില്‍ അദ്ദേഹം വരച്ചുകാട്ടി. അതില്‍നിന്നു രക്ഷപ്പെടാന്‍ യുക്രെയിനെ സഹായിക്കണമെന്ന അഭ്യര്‍ഥന ആവര്‍ത്തിക്കുകയും ചെയ്തു.

ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് എട്ടു സുപ്രധാന രാജ്യങ്ങളുടെ ഭരണാധിപന്മാരും ആശയവിനിമയത്തിനുവേണ്ടി ജി-7 ഉച്ചകോടിയിലേക്കു ക്ഷണിക്കപ്പെട്ടിരുന്നു. അങ്ങനെ ഹിരോഷിമയില്‍വച്ച് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ടു സംസാരിക്കാനും സെലന്‍സ്കിക്ക് അവസരം ലഭിച്ചു. യുക്രെയിന്‍ പ്രശ്നം സമാധാനപരമായി പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നു മോദി അദ്ദേഹത്തിന് ഉറപ്പുനല്‍കുകയും ചെയ്തു. റഷ്യയുമായുളള ഇന്ത്യയുടെ സുദൃഢ ബന്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതിന് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു.
ജിദ്ദയിലും ഹിരോഷിമയിലും എത്തുന്നതിനു മുന്‍പ് സെലന്‍സ്കിയുടെ യാത്രകള്‍ യുദ്ധത്തില്‍ യുക്രെയിനെ പല വിധത്തിലും സഹായിച്ചുവരുന്ന രാജ്യങ്ങളിലേക്കായിരുന്നു-അമേരിക്കയിലേക്കും ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും. യുഎസ് കോണ്‍ഗ്രസ്സിലും ബെല്‍ജിയത്തിലെ യൂറോപ്യന്‍ പാര്‍ലമെന്‍റ് സമ്മേളനത്തിലും അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു.
അറബ് ലീഗ്, ജി-7 ഉച്ചകോടികളില്‍ അദ്ദേഹം സഹായം തേടിയ രാജ്യങ്ങളില്‍ പലതും ആ വിധത്തിലുള്ളതല്ല. യുക്രെയിന്‍ യുദ്ധത്തിന്‍റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പൊതുവില്‍ റഷ്യയെ പരസ്യമായി കുറ്റപ്പെടുത്തുമ്പോള്‍ ഈ രാജ്യങ്ങള്‍ അതില്‍നിന്നു മാറിനില്‍ക്കുകയാണ്. അവരുടെ കൂടി പിന്തുണ നേടിയെടുക്കാനുള്ള സെലന്‍സ്ക്കിയുടെ ശ്രമത്തിന്‍റെ ഭാഗമായിരുന്നു ജിദ്ദയിലേക്കും ഹിരോഷിമയിലേക്കുമുള്ള അദ്ദേഹത്തിന്‍റെ യാത്രകള്‍. അതിനുവേണ്ടി ഫ്രാന്‍സ് തങ്ങളുടെ ഒരു വിമാനം അദ്ദേഹത്തിനു വിട്ടുകൊടുക്കുകയായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഏറ്റവും ഭീകരമായ യുദ്ധമാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24നു മുതല്‍ യുക്രെയിനില്‍ നടന്നുവരുന്നത്. ഭാവിയില്‍ യുക്രെയിന്‍ റഷ്യക്കു ഭീഷണിയായിത്തീരുമെന്നു ഭയപ്പെടുന്ന റഷ്യ അതു തടയാനായി യുക്രെയിനെ കീഴ്പ്പെടുത്താനും അതിന്‍റെ തലസ്ഥാനമായ കീവില്‍ ഒരു റഷ്യന്‍ പാവഗവണ്‍മെന്‍റിനെ വാഴിക്കാനും ഉദ്ദേശിക്കുകയായിരുന്നു. എളുപ്പത്തില്‍ അതു സാധ്യമാകുന്നതു റഷ്യ സ്വപ്നം കണ്ടിട്ടുമുണ്ടാകും. യുക്രെയിനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ഖാര്‍ക്കീ വരെ ഏതാനും ദിവസങ്ങള്‍ക്കകം റഷ്യന്‍ സൈന്യം എത്തുകയും ചെയ്തു.
പക്ഷേ, പിന്നീടുണ്ടായതു കനത്ത തിരിച്ചടികളാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പണവും ആയുധങ്ങളും നല്‍കി യുക്രെയിനെ സഹായിക്കാന്‍ തുടങ്ങി. യുക്രെയിന്‍റെ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും നേതൃത്വം നല്‍കിക്കൊണ്ടു സെലന്‍സ്ക്കി രാജ്യാന്തര തലത്തില്‍ സവിശേഷ ശ്രദ്ധയ്ക്കു പാത്രമാകാന്‍ തുടങ്ങിയത് അങ്ങനെയാണ്.
യുദ്ധത്തിന്‍റെ പ്രാരംഭഘട്ടത്തില്‍തന്നെ അദ്ദേഹത്തെ വധിക്കാനോ അല്ലെങ്കില്‍ തട്ടിക്കൊണ്ടുപോകാനോ റഷ്യ പരിപാടി ആസൂത്രണം ചെയ്തിരുന്നതായും പറയപ്പെടുന്നു. റഷ്യന്‍ സൈന്യത്തോടൊപ്പം യുക്രെയിനില്‍ യുദ്ധം ചെയ്യുന്ന വാഗ്നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളത്തെയും റഷ്യയുടെ ഭാഗമായ ചെച്നിയയിലെ ഒരു ഭീകര സംഘത്തെയുമാണത്രേ കൃത്യം നടത്താന്‍ ഏര്‍പ്പാടു ചെയ്തിരുന്നത്. പക്ഷേ, റഷ്യന്‍ ചാരവിഭാഗത്തില്‍നിന്നു രഹസ്യം ചോര്‍ന്നുപോയതിനാല്‍ പരിപാടി നടന്നില്ല.

വിവരം അറിഞ്ഞ ഉടനെ സെലന്‍സ്ക്കിയെയും കുടുംബത്തെയും രക്ഷപ്പെടുത്താനായി പ്രത്യേക വിമാനം അയക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതു വേണ്ടെന്നും തനിക്ക് കൂടുതല്‍ ആയുധങ്ങള്‍ അയച്ചുതന്നാല്‍മതി എന്നുമായിരുന്നുവത്രേ സെലന്‍സ്ക്കിയുടെ പ്രതികരണം.
ഏതായാലും, സെലന്‍സ്ക്കിയെ ഇല്ലാതാക്കണമെന്ന ചിന്ത റഷ്യക്കാരുടെ മനസ്സില്‍നിന്ന് ഇനിയും പോയിക്കഴിഞ്ഞിട്ടില്ലെന്നു തോന്നുന്നു. റഷ്യയുടെ മുന്‍ പ്രധാനമന്ത്രിയും മുന്‍ പ്രസിഡന്‍റും ഇപ്പോള്‍ അവരുടെ സുരക്ഷാ വിഭാഗം ഉപാധ്യക്ഷനുമായ ദിമിത്രി മെദ്വദേവ് ഈയിടെ നടത്തിയ ഒരു പ്രസ്താവന ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഡ്രോണ്‍ ആക്രമണത്തിലൂടെ പുടിനെ വധിക്കാന്‍ യുക്രെയിന്‍ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞത് സെലന്‍സ്ക്കിയെ ശാരീരികമായി ഇല്ലായ്മ ചെയ്യുകയല്ലാതെ തങ്ങള്‍ക്കു പോംവഴിയില്ലെന്നാണ്.
നാലു വര്‍ഷം മുന്‍പ് നാല്‍പ്പത്തൊന്നാം വയസ്സില്‍ യുക്രെയിന്‍റെ ആറാമത്തെ പ്രധാനമന്ത്രിയാകുമ്പോള്‍ ഇതാണ് തനിക്കു സംഭവിക്കാന്‍ പോകുന്നതെന്നു സെലന്‍സ്കി ഒരുപക്ഷേ നിനച്ചിട്ടുണ്ടാവില്ല. ഒരു ജൂത കുടുംബത്തില്‍ കംപ്യൂട്ടര്‍ സയന്‍സ് പ്രഫസറുടെയും വനിതാ എന്‍ജിനീയറുടെയും മകനായി ജനിച്ച അദ്ദേഹം നിയമ ബിരുദധാരിയാണ്. പക്ഷേ, തൊഴിലായി തിരഞ്ഞെടുത്തത് അഭിനയമായിരുന്നു.
സിനിമ-ടിവി സീരിയല്‍ നടനായും ടിവി ഹാസ്യപരിപാടികളിലെ അവതാരകനായും പേരെടുത്തു. ഫിലിം നിര്‍മാണക്കമ്പനിയും തുടങ്ങി. ഒട്ടേറെ അവാര്‍ഡുകള്‍ നേടി. മാതൃഭാഷയായ യുക്രെയിനു പുറമെ റഷ്യനും ഇംഗ്ലിഷും നന്നായി സംസാരിക്കുന്നു.

വളരെ പ്രശസ്തമായ ഒരു ടിവി ഹാസ്യ പരമ്പരയില്‍ സെലന്‍സ്കി അഭിനയിച്ചത് രാജ്യത്തിന്‍റെ പ്രസിഡന്‍റായിത്തന്നെയായിരുന്നു. പക്ഷേ, യഥാര്‍ഥ ജീവിതത്തില്‍ എടുത്തു പറയാവുന്ന വിധത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തന പരിചയമൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും 2019ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും നിലവിലുണ്ടായിരുന്ന പ്രസിഡന്‍റിനെതിരെ 73 ശതമാനം വോട്ടുനേടി വിജയിക്കുകയും ചെയ്തു. റഷ്യയുമായുള്ള പ്രശ്നത്തിനു രമ്യമായ പരിഹാരം കണ്ടെത്തുമെന്നായിരുന്നു അദ്ദേഹം ജനങ്ങള്‍ക്കു നല്‍കിയിരുന്ന വാഗ്ദാനം.
അതിനുശേഷം യുക്രെയിന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ സെലന്‍സ്കി ആദ്യമായി രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതിനു കാരണം റഷ്യയല്ല, അമേരിക്കയായിരുന്നു. ആ സംഭവം പിന്നീട് അമേരിക്കയുടെ അന്നത്തെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് 2019 ഡിസംബറില്‍ കുറ്റവിചാരണയെ നേരിടുന്ന സ്ഥിതിയില്‍വരെ എത്തി. സെലന്‍സ്കിയുമായി ട്രംപ് നടത്തിയ ടെലിഫോണ്‍ സംഭാഷണമായിരുന്നു അതിന്‍റെ തുടക്കം. 2020ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനായി ട്രംപ് സെലന്‍സ്കിയുടെ സഹായം തേടിയത്രേ.
ആ തിരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ എതിരാളിയായായിരുന്ന ഇപ്പോഴത്തെ പ്രസിഡന്‍റ് ജോ ബൈഡന്‍റെ മകന്‍ ഹണ്ടര്‍ മുന്‍പ് യുക്രെയിനിലെ ഒരു കമ്പനിയുടെ ഡയറക്ടറായിരുന്നു. ഹണ്ടര്‍ ഒരു കേസില്‍ കുടുങ്ങിയെന്നും അന്നു വൈസ് പ്രസിഡന്‍റായിരുന്ന ബൈഡന്‍ ആ പദവി ഉപയോഗിച്ച് യുക്രെയിന്‍ അധികൃതരില്‍ സ്വാധീനം ചെലുത്തി കേസ് ഒതുക്കിയെന്നും ട്രംപ് അറിയാനിടയായി. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടണമെന്നായിരുന്നു സെലന്‍സ്കിയുടെ മുന്നില്‍ ട്രംപ് വച്ച ആവശ്യം.
റഷ്യയില്‍നിന്നു ഭീഷണി നേരിടുന്ന യുക്രെയിനു നല്‍കാന്‍ യുഎസ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്ന 39 കോടി ഡോളറിന്‍റെ സൈനിക സഹായം ട്രംപ് തടഞ്ഞുവയ്ക്കുകയുമുണ്ടായി. ട്രംപിനെ വൈറ്റ്ഹൗസില്‍ ചെന്നുകാണാന്‍ സെലന്‍സ്കി നടത്തിയ ശ്രമങ്ങള്‍ ഫലിച്ചുമില്ല. വ്യക്തിപരമായ രാഷ്ട്രീയ കാര്യ ലാഭത്തിനുവേണ്ടി ട്രംപ് വിദേശരാജ്യത്തിന്‍റെ സഹായം തേടുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്ന ആരോപണം ഉയരുകയും അതു കുറ്റവിചാരണയ്ക്കു കാരണമാവുകയും ചെയ്തു.

പരമ്പരാഗത ദേശീയ വേഷമോ അല്ലെങ്കില്‍ പാശ്ചാത്യ രീതിയിലുളള സൂട്ടോ ആണ് രാഷ്ട്ര നേതാക്കള്‍ വിദേശ പര്യടന വേളകളിലും വിദേശ നേതാക്കളുമായുളള ഔപചാരിക സംഗമ വേളകളിലും അണിയുക പതിവ്. എന്നാല്‍, യുക്രെയിന്‍ ആക്രമിക്കപ്പെട്ട ശേഷം നാട്ടിലും മറുനാടുകളിലും സെലന്‍സ്കി പ്രത്യക്ഷപ്പെടുന്നത് ഇതു രണ്ടിലുമല്ല. തവിട്ടുനിറവും പച്ചയും കൂടിക്കലര്‍ന്ന നിറത്തിലുള്ള ടീഷര്‍ട്ട്, അതിന്‍റെ മുന്‍ ഭാഗത്തും പാര്‍ശ്വങ്ങളിലും യുക്രെയിന്‍റെ ഔദ്യോഗിക മുദ്ര, കോളജ് കുമാരന്മാര്‍ ധരിക്കുന്ന മാതിരി കാര്‍ഗോ പാന്‍റ്സ്, കട്ടികൂടിയ ബൂട്ടുകള്‍. എവിടെയും ആദരപൂര്‍വം സ്വീകരിക്കപ്പെടാന്‍ ഇതൊന്നും പക്ഷേ, അദ്ദേഹത്തിനു തടസ്സമാവുന്നില്ല.
Content Summary: Videsharangom Column by K.Obeidulla on Volodymyr Zelenskyy