ജഡ്ജിമാര്‍ക്ക് കടിഞ്ഞാണുമായി ഇസ്രയേല്‍

HIGHLIGHTS
  • നീതിന്യായ സംവിധാനത്തില്‍ മാറ്റം വരുത്താനുള്ള നീക്കത്തില്‍ ജനരോഷം
  • പിന്മാറാതെ പ്രധാനമന്ത്രി നെതന്യാഹു
Israel
Representative image. Photo Credit:it:Ekaterina_Lin/istockphoto.com
SHARE

ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി ഗവണ്‍മെന്‍റിന് എതിരെ ദിവസങ്ങളോളം സമരം നടത്തുകയും ഗതാഗതം സ്തംഭിപ്പിക്കുകയും പാര്‍ലമെന്‍റിന് അകത്തും പുറത്തും കുത്തിയിരിപ്പ് നടത്തുകയും ചെയ്യുക - ഇതൊന്നും ഇസ്രയേലില്‍ അപൂര്‍വമോ അസാധാരണമോ അല്ല. എങ്കിലും, ഇപ്പോള്‍ നടന്നുവരുന്ന സമരം ഇസ്രയേലിന്‍റെ മുക്കാല്‍ നൂറ്റാണ്ടു കാലത്തെ ചരിത്രത്തിലെ അഭൂതപൂര്‍വമായ അധ്യായമായി എണ്ണപ്പെടുന്നു. 

വെള്ളയും നീലയും നിറത്തിലുള്ള ദേശീയ പതാകയുമായി ഇത്രയേറെ ജനങ്ങള്‍ ഇത്രയും വാശിയോടെ തെരുവുകള്‍ പിടിച്ചടക്കിയ സന്ദര്‍ഭങ്ങള്‍ മുന്‍പണ്ടായിട്ടില്ലത്രേ. രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ കാതലായ മാറ്റംവരുത്താനുള്ള ഗവണ്‍മെന്‍റിന്‍റെ നീക്കത്തില്‍ പ്രതിഷേധിക്കുകയാണവര്‍.

നീതിന്യായ വ്യവസ്ഥ പരിഷ്ക്കരിക്കാനെന്ന പേരില്‍ ഗവണ്‍മെന്‍റ് തയാറാക്കിയ ബില്ലുകള്‍ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും തുരങ്കം വയ്ക്കുമെന്നും സ്വേഛാധിപത്യത്തിനു വഴിയൊരുക്കുമെന്നുമുള്ള ആശങ്കയാണ് സമരത്തിനു പിന്നില്‍. ബില്ലുകള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്‍റെ ഗവണ്‍മെന്‍റ്  ഈ വര്‍ഷം ജനുവരിയില്‍ മുന്നോട്ടു വന്നപ്പോള്‍തന്നെ അതിനെതിരായ പ്രതിഷേധ പ്രകടനങ്ങളും തുടങ്ങുകയുണ്ടായി.  

മിക്കവാറും വാരാന്ത്യങ്ങളിലാണ് സമരം. ആദ്യഘട്ടത്തില്‍തന്നെ ചില ദിവസങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പേര്‍ തെരുവിലിറങ്ങി. തലസ്ഥാനമായ ജറൂസലമിനു പുറമെ, മുന്‍തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമായ ടെല്‍അവീവും ഹൈഫ, ബീര്‍ഷേബ തുടങ്ങിയ മറ്റു നഗരങ്ങളും പട്ടണങ്ങളും സ്തംഭിച്ചു. പല ദിവസങ്ങളിലായി പണിമുടക്കും കൂട്ട നിരാഹാര സമരങ്ങളും നടന്നു. പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും വസതികളുടെ മുന്നില്‍ ജനം തടിച്ചുകൂടി. പ്രസിഡന്‍റ് ഇസാക് ഹെര്‍സോഗ് ഇടപെടാന്‍ നിര്‍ബന്ധിതനാവകയും പ്രശ്നം ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കാന്‍ ഇരുപക്ഷങ്ങളോടും അഭ്യര്‍ഥിക്കുകയും ചെയ്തു. 

അതിനിടയിലുണ്ടായ മറ്റൊരു സംഭവം ഭരണകക്ഷിയില്‍തന്നെ ഇതു സംബന്ധിച്ചുള്ള അഭിപ്രായ ഭിന്നതയിലേക്കു വിരല്‍ചൂണ്ടിയതും ശ്രദ്ധേയമായിരുന്നു. പ്രതിരോധമന്ത്രി യോവ് ഗല്ലാന്‍റ് പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും വിവാദ ബില്ലുകള്‍ പാസ്സാക്കുന്നതു നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നെതന്യാഹു നയിക്കുന്ന ലിക്കുഡ് പാര്‍ട്ടിയിലെ ഒരു പ്രമുഖ അംഗവും സൈന്യത്തിലെ ഒരു മുന്‍ മേജര്‍ ജനറലുമാണ് ഇദ്ദേഹം. 

ക്ഷുഭിതനായ നെതന്യാഹു ഉടന്‍തന്നെ അദ്ദേഹത്തെ താന്‍ മന്ത്രിസഭയില്‍നിന്നു പുറത്താക്കിയതായി പ്രഖ്യാപിച്ചു. അതിനെതിരെയും പ്രതിഷേധ പ്രകടനങ്ങളുണ്ടായി. മന്ത്രിയെ പുറത്താക്കാനുള്ള തീരുമാനം നെതന്യാഹു പിന്‍വലിക്കുകയും ചെയ്തു. 

മാര്‍ച്ചില്‍ പാര്‍ലമെന്‍റ് പിരിഞ്ഞതിനുശേഷം മൂന്നു മാസത്തിലേറെയായി സ്ഥിതിഗതികള്‍ താരതമ്യേന ശാന്തമായിരുന്നു. അതിനിടയില്‍ ഗവണ്‍മെന്‍റും പ്രക്ഷോഭകാരികളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. പക്ഷേ, ഒത്തുതീര്‍പ്പുണ്ടായില്ല. നീതിന്യായ സംവിധാനത്തില്‍ മാറ്റം വരുത്താനുളള ബില്ലുകള്‍ പിന്‍വലിക്കാന്‍ ഗവണ്‍മെന്‍റോ അതിനോടുള്ള എതിര്‍പ്പില്‍ അയവുവരുത്താന്‍ പ്രക്ഷോഭകാരികളോ തയാറായില്ല. 

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം പാര്‍ലമെന്‍റ് ഈയിടെ വീണ്ടും സമ്മേളിച്ചത് ആ പശ്ചാത്തലത്തിലാണ്. ഗവണ്‍മെന്‍റിന്‍റെ തീരുമാനങ്ങളും നടപടികളും 'യുക്തിശൂന്യം' എന്ന കാരണത്താല്‍ അസാധുവാക്കുന്നതിനുളള സുപ്രീംകോടതിയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്ലാണ് പാര്‍ലമെന്‍റിന്‍റെ പരിഗണനയിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ജൂലൈ 11) അതിന്‍റെ ഒന്നാം വായന പൂര്‍ത്തിയാവുകയും ബില്‍ 56ന് എതിരെ 64 വോട്ടുകളോടെ പാസ്സാവുകയും ചെയ്തു. 

രണ്ടു വായനകള്‍കൂടി നടക്കുകയും പാസ്സാവുകയും ചെയ്താലാണ് പ്രസിഡന്‍റിന്‍റെ അംഗീകാരത്തോടെ ബില്‍ നിയമമാവുക. ഈ മാസാവസാനം പാര്‍ലമെന്‍റ് വീണ്ടും പിരിയുന്നതിനുമുന്‍പ് ആ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള ദൃഡനിശ്ചയത്തിലാണ് ഗവണ്‍മെന്‍റ്. നെതന്യാഹുവിന്‍റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി ഗവണ്‍മെന്‍റിന് 120 അംഗ പാര്‍ലമെന്‍റില്‍ 64 സീറ്റോടെ ഭൂരിപക്ഷമുണ്ടെന്നത് അവര്‍ക്ക് അതിനുള്ള ആത്മവിശ്വാസം നല്‍കുന്നു. 

അതേസമയം, വിവാദ ബില്ലുകളുമായി മുന്നോട്ടു പോകാന്‍ സമ്മതിക്കില്ലെന്ന നിലപാടില്‍ സമരക്കാരും ഉറച്ചുനില്‍ക്കുന്നു. ബില്‍ പാസ്സായ ദിവസവും അടുത്ത വാരാന്ത്യത്തിലും നടന്നതും ആയിരങ്ങള്‍ പങ്കെടുത്തതുമായ രാജ്യവ്യാപക പ്രതിഷേധ പ്രകടനങ്ങളിലൂടെ അവര്‍ അതു ഒരിക്കല്‍കൂടി  വ്യക്തമാക്കുകയും ചെയ്തു. 

തീവ്രവലതുപക്ഷക്കാരായി അറിയപ്പെടുന്ന നെതന്യാഹുവിനെപ്പോലുള്ളവര്‍ക്ക് സുപ്രീംകോടതി അവരുടെ കണ്ണിലെ കരടാണ്. സുപ്രീംകോടതി ജഡ്ജിമാര്‍ ഇടതുപക്ഷ ചിന്താഗതിക്കാരാണെന്നു കരുതുന്ന അവര്‍ തങ്ങളുടെ നയപരിപാടികള്‍ നടപ്പാക്കുന്നതിന് ആ ജഡ്ജിമാര്‍ പലപ്പോഴും തടസ്സം നില്‍ക്കുകയാണെന്നതില്‍ രോഷം കൊള്ളുന്നു. 

ഗവണ്‍മെന്‍റും സുപ്രീം കോടതിയും പല തവണ ഇടയുകയും ചെയ്തു. അത്തരമൊരു സംഭവം അടുത്ത കാലത്തുപോലുമുണ്ടായി. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രധാനമന്ത്രിയായ നെതന്യാഹു തന്‍റെ ആഭ്യന്തരമന്ത്രിയായി നിയമിച്ചിരുന്നതു സഖ്യകക്ഷിയായ ഷാസ് പാര്‍ട്ടിയുടെ തലവന്‍ ആര്‍യെ ഡെറിയെയായിരുന്നു. ഡെറി മുന്‍പൊരു അഴിമതേിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആളായതിനാല്‍ ആ നിയമനം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. മന്ത്രിയാകാന്‍ ഡെറി യോഗ്യനല്ലെന്നായിരുന്നു കോടതി വിധി. 

നെതന്യാഹുവിന് അദ്ദേഹത്തെ പിരിച്ചുവിടേണ്ടിവന്നു. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പാര്‍ലമെന്‍റിനാണ് സുപ്രീംകോടതിയെക്കാള്‍ അധികാരമെന്നും പാര്‍ലമെന്‍റിന്‍റെ അംഗീകാരമുള്ള ഗവണ്‍മെന്‍റിന്‍റെ നടപടികള്‍ സുപ്രീം കോടതി ചോദ്യം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നുമുള്ള അഭിപ്രായം നേരത്തെതന്നെ നെതന്യാഹുവിനെപ്പോലുള്ളവര്‍ക്കുണ്ട്. 

ഇക്കാര്യത്തില്‍ നെതന്യാഹുവിന്‍റെതിനേക്കാള്‍ കൂടുതല്‍ കര്‍ക്കശമായ നിലപാടാണ് അദ്ദേഹത്തിന്‍റെ ചില സഖ്യകക്ഷികള്‍ക്കുള്ളതെന്നതും രഹസ്യമല്ല. മുഖ്യമായി അവരുടെ ആശയങ്ങളും ആവശ്യങ്ങളുമാണ് നീതിന്യായ സംവിധാനം ഉടച്ചുവാര്‍ക്കാനുള്ള ബില്ലുകളില്‍ പ്രതിഫലിക്കുന്നതെന്നും കരുതപ്പെടുന്നു. ഇത്രയും തീവ്രവലതുപക്ഷ സ്വഭാവമുളള ഒരു ഗവണ്‍മെന്‍റ് ഇതിനു മുന്‍പൊരിക്കലും ഇസ്രയേലില്‍ ഉണ്ടായിട്ടില്ലത്രേ. 

പലസ്തീന്‍ പ്രദേശമായ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ പൗരന്മാരുടെ അനിയന്ത്രിതമായ കുടിയേറ്റം അനുവദിക്കുക, വെസ്റ്റ്ബാങ്ക് ഇസ്രയേലില്‍ ലയിപ്പിക്കുക, മതപഠനം തുടരാന്‍ ആഗ്രഹിക്കുന്ന യുവാക്കളെ നിര്‍ബന്ധിത സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ തീവ്രവലതുപക്ഷ കക്ഷികളുടെ അജന്‍ഡയില്‍ ഉള്‍പ്പെടുന്നു. ഇതിനൊന്നും തടസ്സം നില്‍ക്കാത്ത ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ ഉണ്ടായിക്കാണാന്‍ സ്വാഭാവികമായും അവര്‍ ആഗ്രഹിക്കുന്നു. 

സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ ഗവണ്‍മെന്‍റിനു നിലവിലുള്ളതിനേക്കാള്‍  കൂടുതല്‍ പങ്ക് നല്‍കുക, അതിനുവേണ്ടി ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന സമിതിയിലെ ഗവണ്‍മെന്‍റ് പ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിക്കുക, സുപ്രീം കോടതി വിധികളെ വലഭൂരിപക്ഷത്തോടെ മറികടക്കാന്‍ പാര്‍ലമെന്‍റിനു അധികാരം നല്‍കുക, സുപ്രീംകോടതി അസാധുവായി പ്രഖ്യാപിച്ച നിയമം വീണ്ടും കൊണ്ടുവരാന്‍ പാര്‍ലമെന്‍റിനെ അനുവദിക്കുക, എന്നീ ഉദ്ദേശ്യങ്ങളോടുകൂടിയ ബില്ലുകളും പരിഗണനയിലുണ്ട്. 

ഈ മാറ്റങ്ങളിലൂടെ സുപ്രീംകോടതിയെ സ്വന്തം വരുതിയിലാക്കാന്‍ നെതന്യാഹു ശ്രമിക്കുന്നതിനു വ്യക്തപരമായ കാരണമുണ്ടെന്നും ആരോപിക്കപ്പെടുന്നു. മൂന്ന് അഴിമതിക്കേസുകളില്‍ അദ്ദേഹത്തിനെതിരെ കുറ്റംചമുത്തിയിട്ടുണ്ട്. നാലു വര്‍ഷമായി വിചാരണ നടന്നുവരുന്നു. ഇത്തരം കേസുകളില്‍ കുറ്റം തെളിഞ്ഞാല്‍ ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടിവരും. എങ്കിലും, വിചാരണ നടന്നുകൊണ്ടിരിക്കേ പ്രധാനമന്ത്രിയെ രാജിക്ക് നിര്‍ബന്ധിക്കാന്‍ ഇസ്രയേലില്‍ നിയമമില്ല.

ശിക്ഷിക്കപ്പെടുകയാണെങ്കില്‍ സുപ്രീംകോടതിയിലെങ്കിലും രക്ഷ ഉറപ്പാക്കാനായി നെതന്യാഹു കാലേക്കൂടി പ്ളാനിടുകയാണെന്നും പുതിയ ബില്ലുകള്‍ അതിന്‍റെ ഭാഗമാണെന്നും അദ്ദേഹത്തിന്‍റെ എതിരാളികള്‍ കുറ്റപ്പെടുത്തുന്നു.  ഈ ആരോപണം മാത്രമല്ല, അഴിമതിക്കേസുകളിലെ ആരോപണങ്ങളും അദ്ദേഹം നിഷേധിക്കുന്നു. വിവാദങ്ങളുടെ ചുഴിയില്‍പ്പെട്ടിരിക്കുമ്പോഴും ഇസ്രയേലില്‍ ഏറ്റവും ദീര്‍ഘകാലം പ്രധാനമന്ത്രി പദത്തിലിരുന്ന ആളെന്നുകൂടി വിശേഷിപ്പിക്കപ്പെടുകയാണ് എഴുപത്തിമൂന്നുകാരനായ നെതന്യാഹു. മുന്‍പ് ഈ വിശേഷണത്തിന് അര്‍ഹനായിരുന്നത് 13 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന രാഷ്ട്രസ്ഥാപകനേതാവ് ഡേവിഡ് ബെന്‍ഗൂരിയനായിരുന്നു. 2019ല്‍തന്നെ അദ്ദേഹത്തെ നെതന്യാഹു മറികടന്നു.

കഴിഞ്ഞ വര്‍ഷാവസാനം നടന്ന (അഞ്ചു വര്‍ഷത്തിനിടയിലെ നാലാമത്തെ) തിരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ കക്ഷിയുടെ തലവനെന്ന നിലയില്‍ നെതന്യാഹു ആറാം തവണയും പ്രധാനമന്ത്രിയായി. ഏതാനും ഇടവേളകളോടെ ഇപ്പോള്‍ പതിനഞ്ചാം വര്‍ഷത്തില്‍ എത്തിനില്‍ക്കുന്നു. 

Content Summary: Vidhesharangam Column about Isael by K. Obeidulla

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS