പട്ടാളത്തിന്‍റെ പിടിയിലാകുന്ന ആഫ്രിക്ക

HIGHLIGHTS
  • നൈജര്‍ സൈനിക അട്ടിമറിയില്‍ പ്രസിഡന്‍റ് പുറത്ത്
  • ഫ്രാന്‍സിനും അമേരിക്കയ്ക്കും തിരിച്ചടി
niger-article
Representative image. Photo Credit:Bumble Dee/Shutterstock.com
SHARE

പട്ടാള അട്ടിമറിയുടെ വിശാലലോകം എന്ന കുപ്രസിദ്ധിയുമായി നില്‍ക്കുകയാണ് 54 രാജ്യങ്ങള്‍ അടങ്ങിയ ആഫ്രിക്ക ഭൂഖണ്ഡം. അവിടെ പ്രത്യേകിച്ച്, ഉത്തര–മധ്യ മേഖലയില്‍ സഹാറ മരൂഭൂമിയുമായി ചേര്‍ന്ന്, പടിഞ്ഞാറു ഭാഗത്ത് അറ്റ്ലാന്‍റിക് സമുദ്രതീരം മുതല്‍ കിഴക്കു ചെങ്കടല്‍ തീരംവരെ ഒരു ബെല്‍റ്റ് പോലെ നീണ്ടുകിടക്കുന്ന സാഹില്‍ എന്നറിയപ്പെടുന്ന പ്രദേശം അക്കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. 

സാഹിലിലെ ഒരു ഡസന്‍ രാജ്യങ്ങളില്‍ മിക്കതിലും ഒന്നോ അതിലധികമോ തവണ സിവിലിയന്‍ ഭരണകൂടത്തെ പട്ടാളം അട്ടിമറിക്കുകയും അധികാരം പിടിച്ചടയ്ക്കുകയുമുണ്ടായി. അക്കൂട്ടത്തില്‍ താരതമ്യേന ഒരു വലിയ രാജ്യമാണ് നൈജര്‍. അവിടെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനെ ഈയിടെ പട്ടാളം പുറത്താക്കുകയും അധികാരം കൈക്കലാക്കുകയും ചെയ്തു. 

ആ മേഖലയില്‍ ഏതാണ്ട് നാലു പതിറ്റാണ്ടായി നടന്നുവരുന്ന അട്ടിമറിക്കഥാപരമ്പരയിലെ ഏറ്റവും പുതിയ അദ്ധ്യായമാണിത്. പശ്ചിമ-മധ്യ ആഫ്രിക്കയില്‍ 2020നു ശേഷം നടക്കുന്ന ഏഴാമത്തെ സമാനസംഭവമായും ഇത് എണ്ണപ്പെടുന്നു. 

തൊട്ടടുത്തുള്ള മാലിയിലും ബുര്‍ക്കിന ഫാസ്സോയിലും കഴിഞ്ഞ ചില വര്‍ഷങ്ങളായി പട്ടാളമാണ് അധികാരത്തില്‍. നൈജറില്‍തന്നെ 1970 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ നാലു തവണയും പട്ടാളം അട്ടിമറി നടത്തി. എങ്കിലും ഏതാനും വര്‍ഷങ്ങളായി ജനാധിപത്യ പാതയില്‍ മുന്നേറുകയായിരുന്നു രണ്ടരക്കോടി ജനങ്ങളുള്ള ആ രാജ്യം. 

സ്വതന്ത്ര നൈജറിന്‍റെ 63 വര്‍ഷക്കാലത്തെ ചരിത്രത്തില്‍ ആദ്യമായി നടന്ന 2021ലെ സമാധാനപരമായ അധികാരക്കൈമാറ്റം ആ പ്രയാണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. അങ്ങനെ ജനാധിപത്യരീതിയില്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ആളാണ് അറുപത്തിമൂന്നുകാരനായ മുഹമ്മദ് ബാസൂം. നൈജറിയന്‍ പാര്‍ട്ടി ഫോര്‍ ഡമോക്രസി ആന്‍ഡ് സോഷ്യലിസത്തിന്‍റെ നേതാവായ അദ്ദേഹം മുന്‍പ് തന്‍റെ മുന്‍ഗാമിയുടെ ഗവണ്‍മെന്‍റില്‍ വിദേശ മന്ത്രിയായിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച (ജൂലൈ 26) അദ്ദേഹത്തെ  സ്വന്തം അംഗരക്ഷയുടെ ചുമതലയുള്ള സൈനിക വിഭാഗംതന്നെ പുറത്താക്കുകയും തടവിലാക്കുകയും ചെയ്തു. ഒട്ടേറെ മന്ത്രിമാരും അറസ്റ്റിലായി. അട്ടിമറി നടത്തിയ സൈനിക വിഭാഗത്തിന്‍റെ തലവന്‍ ജനറല്‍ അബ്ദുര്‍ റഹ്മാന്‍ ഷിയാനി (62) രണ്ടു ദിവസത്തിനുശേഷം പുതിയ രാഷ്ട്രത്തലവനായി അവരോധിക്കപ്പെടുകയും ചെയ്തു. ഭരണഘടന താല്‍ക്കാലികമായി മരവിപ്പിക്കപ്പെട്ടു.   

രാജ്യ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ബാസൂം വീഴ്ച വരുത്തിയെന്നതാണ് അദ്ദേഹത്തെ പുറത്താക്കിയതിനുളള പട്ടാളത്തിന്‍റെ ന്യായീകരണം. വിശദീകരണമൊന്നും അവര്‍ നല്‍കിയതായി റിപ്പോര്‍ട്ടുളില്ല. എങ്കിലും, ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്), അല്‍ഖായിദ, ബോക്കോ ഹറാം എന്നിവ പോലുള്ള ഭീകരസംഘടനകള്‍ നൈജറിനും അയല്‍രാജ്യങ്ങള്‍ക്കും സുരക്ഷാ ഭീഷണിയായി വളരുകയാണെന്നത് ഒരു വസ്തുതയാണ്. 

മുഖ്യമായി അമേരിക്കയുടെയും ഫ്രാന്‍സിന്‍റെയും സഹായത്തോടെ പ്രസിഡന്‍റ് ബാസൂമിന്‍റെ ഗവണ്‍മെന്‍റ് അവര്‍ക്കെതിരേ പോരാടിവരികയായിരുന്നു. ഫ്രാന്‍സിന്‍റെ 1500 സൈനികര്‍ നൈജറില്‍ സേവനം ചെയ്യുന്നുമുണ്ട്. അയല്‍ രാജ്യങ്ങളായ മാലിയിലും ബുര്‍ക്കിന ഫാസ്സോയിലും ഫ്രഞ്ച് ഭടന്മാരുണ്ടായിരുന്നു. 

അവിടങ്ങളില്‍ പട്ടാളം അധികാരം പിടിച്ചടക്കിയപ്പോള്‍ ഫ്രാന്‍സ് ആ ഭടന്മാരെ മാറ്റിയതും നൈജറിലേക്കാണ്. ഫ്രാന്‍സിനും അമേരിക്കയ്ക്കും നൈജറില്‍ സൈനിക താവളങ്ങളുമുണ്ട്. രണ്ടു രാജ്യങ്ങളും നൈജറിനു ഗണ്യമായ തോതില്‍ സാമ്പത്തിക സഹായവും നല്‍കിവരുന്നു.

ഭീകരരെ നേരിടുന്ന കാര്യത്തിലോ മറ്റേതെങ്കിലും പ്രശ്നങ്ങളിലോ പ്രസിഡന്‍റ് ബാസൂമിനെതിരെ കാര്യമായ പരാതികള്‍ ഉയരുകയോ അതിന്‍റെ പേരില്‍ പ്രക്ഷോഭമോ പ്രതിഷേധ പ്രകടനങ്ങളോ നടക്കുകയോ ചെയ്തിരുന്നില്ല. പൊടുന്നനെയുണ്ടായ പട്ടാള അട്ടിമറിയിലൂടെ ബാസൂം അധികാരത്തില്‍നിന്നു പുറംതള്ളപ്പെട്ടതോടെ ആ മേഖലയിലെ ഭീകരസംഘടനകള്‍ക്കെതിരായ അമേരിക്കയുടെയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടെയും ശ്രമങ്ങള്‍ക്കു ക്ഷീണം സംഭവിക്കുന്നു. സാഹില്‍ മേഖലയില്‍ സ്വന്തം സ്വാധീനം വര്‍ധിപ്പിക്കാനുള്ള അവരുടെ നീക്കങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയായും ഈ സംഭവം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.  

ബാസൂമിനെതിരായ പട്ടാള അട്ടിമറിയുടെ അഞ്ചാം നാള്‍ അതിന് അനുകൂലമായിതലസ്ഥാനനഗരമായ നിയാമെയില്‍ നടന്ന പ്രകടനം ഇതിനു സാക്ഷ്യം വഹിക്കുന്നു. ആയിരങ്ങളാണ് അതില്‍ പങ്കെടുത്തത്. പ്രകടനക്കാര്‍ സൈനിക നടപടിയെ സ്വാഗതം ചെയ്യുക മാത്രമല്ല, ഫ്രാന്‍സിനും അമേരിക്കയ്ക്കും എതിരെ മുദ്രാവാക്യം വിളിക്കുകയും ഫ്രഞ്ച് പതാക കത്തിക്കുകയും ഫ്രഞ്ച് എംബസ്സിയുടെ കവാടത്തിനു തീവയ്ക്കുകയും ചെയ്തു. സാഹില്‍ മേഖലയിലെ മറ്റു ചില രാജ്യങ്ങളെപ്പോലെ ദീര്‍ഘകാലം ഫ്രാന്‍സിന്‍റെ  കോളണിയായിരുന്നു നൈജര്‍.

പ്രകടനത്തിനിടയില്‍ ഏറ്റവും അല്‍ഭുതം ഉളവാക്കിയത് മറ്റൊന്നാണ്. പ്രകടനക്കാര്‍ റഷ്യന്‍ പതാക ഉയര്‍ത്തിപ്പിടിക്കുകയും റഷ്യക്കും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും അനുകൂലമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. നൈജറിലെ പട്ടാള അട്ടിമറിയെ സ്വാഗതം ചെയ്യുന്ന ഒരു പ്രസ്താവന വാഗ്നര്‍ എന്ന റഷ്യന്‍ കൂലിപ്പട്ടാളത്തിന്‍റെ നേതാവ് യെവ്ജനി പ്രിഗോഷിന്‍റേതായി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു. 

കഴിഞ്ഞ മാസം യുക്രെയിന്‍ യുദ്ധത്തിന്‍റെ പേരില്‍ പുടിനുമായി പിണങ്ങിയശേഷം റഷ്യയുടെ അയല്‍രാജ്യമായ ബെലാറുസില്‍ താമസമാക്കിയ പ്രഗോഷിന്‍ എവിടെനിന്നാണ് പ്രസ്താവന പുറപ്പെടുവിച്ചതെന്നു വ്യക്തമല്ല. ഏതായാലും, സാഹില്‍ മേഖലയിലെ ചില രാജ്യങ്ങളില്‍ റഷ്യന്‍ അനുകൂല രാഷ്ട്രീയശക്തികള്‍ക്കുവേണ്ടി വാഗ്നര്‍ സൈനികര്‍ പോരാടുന്നുണ്ടെന്നത് ഓര്‍മിക്കാന്‍ ഇത് ഇടയാക്കുന്നു. ആ രാജ്യങ്ങളുടെ പട്ടികയില്‍ കാലക്രമത്തില്‍ നൈജറും ഉള്‍പ്പെടാനുള്ള സാധ്യത പാശ്ചാത്യ രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നാണ് നൈജര്‍. വലിയൊരു ഭാഗം മരുഭൂമിയാണ്. എങ്കിലും യുറേനിയം നിക്ഷേപമുണ്ട്. അതാണ് മുഖ്യ കയറ്റുമതിച്ചരക്കും പധാന വരുമാന മാര്‍ഗവും. വൈദ്യുതി ഉല്‍പ്പാദനം, കാന്‍സര്‍ ചികില്‍സ എന്നിവ പോലുള്ള സമാധാനപരമായ ആവശ്യങ്ങള്‍ക്കെന്ന പോലെ ആണവ ബോംബ് നിര്‍മാണത്തിനും യുറേനിയം ഉപയോഗിക്കപ്പെടുന്നു. ഇക്കാരണത്താലും നൈജറിലെ പുതിയ സംഭവവികാസം ലോകത്തിന്‍റെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.

നൈജറുമായി തൊട്ടുകിടക്കുന്ന മാലിയിലും ബുര്‍ക്കിന ഫാസ്സോയിലും കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ പട്ടാളം അധികാരം പിടിച്ചടക്കിയപ്പോള്‍ അതിന്‍റെ പ്രത്യാഘാതം ആ മേഖലയില്‍ പൊതുവെ കാര്യമായി അുഭവപ്പെട്ടിരുന്നില്ല. എന്നാല്‍, നൈജറിലെ സംഭവത്തിന്‍റെ അനന്തരഫലങ്ങള്‍ വ്യത്യസ്തമാവുകയാണ്.  

ആഫ്രിക്കന്‍ രാജ്യങ്ങളുടെ സംഘടനയായ ആഫ്രിക്കന്‍ യൂണിയന്‍ പട്ടാള നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും 15 ദിവസത്തിനകം മുന്‍ സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇല്ലെങ്കില്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്ന താക്കീതും നല്‍കി. ഇസ്ലാമിക സഹകരണസംഘടനയിലെ അംഗമായ നൈജറിനോടു പ്രസിഡന്‍റ് ബാസൂമിനെ ഉടന്‍ വിട്ടയക്കാനും നിയമവാഴ്ച നിലനിര്‍ത്താനും  ആ സംഘടനയും ആവശ്യപ്പെട്ടു.

ഇക്കോവാസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പശ്ചിമാഫ്രിക്കന്‍ രാഷ്ട്ര സാമ്പത്തിക കൂട്ടായ്മയുടെ പ്രതികരണം അസാധാരണമായ വിധത്തില്‍ രൂക്ഷമായിരുന്നു. നൈജറിന്‍റെ മറ്റൊരു അയല്‍രാജ്യമായ  നൈജീരിയയിലെ അബുജയില്‍ അടിയന്തര യോഗം ചേര്‍ന്ന 15 അംഗ ഇക്കോവാസ് ഒരാഴ്ചയ്ക്കകം ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ അന്ത്യശാസനം നല്‍കി. ഇല്ലെങ്കില്‍ ബലപ്രയോഗം ഉണ്ടാകുമെന്ന സൂചനയും നല്‍കി. നൈജറുമായുള്ള ബന്ധം ഇക്കോവാസ് മരവിപ്പിക്കുകയും ആ രാജ്യവുമായുള്ള മറ്റ് അംഗരാജ്യങ്ങളുടെ അതിര്‍ത്തികള്‍ അടച്ചുപൂട്ടുകയും ചെയ്തു.

ഇക്കോവാസിന്‍റെ താക്കീതു നൈജറിലെ പട്ടാള ഭരണകൂടം തള്ളിക്കളയുകയാണ് ചെയ്തത്. മാലിയിലെയും ബുര്‍ക്കിന ഫാസ്സോയിലെയും സൈനിക ഭരണകൂടങ്ങള്‍ അവര്‍ക്കു പിന്തുണ പ്രഖ്യാപിക്കാന്‍ മടിച്ചുമില്ല. ആരെങ്കിലും നൈജറില്‍ സൈനിക നടപടിക്കു തുനിഞ്ഞാല്‍ അതു നൈജറിനു മാത്രമല്ല തങ്ങള്‍ക്കും എതിരായ യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഏതായാലും നൈജറിലെ പട്ടാള അട്ടിമറിയുടെ അനന്തര  ഫലങ്ങള്‍ ആ രാജ്യത്ത് ഒതുങ്ങി നില്‍ക്കണമെന്നില്ല. 

Content Highlights: Videsharangam | Opinion | Niger | Column | K Obeidulla

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS