തുടര്‍ക്കഥയാവുന്ന ആഫ്രിക്കന്‍ പട്ടാള അട്ടിമറികള്‍

HIGHLIGHTS
  • ഗാബോണില്‍ 56 വര്‍ഷം നീണ്ടുനിന്ന കുടുംബാധിപത്യത്തിന് അന്ത്യം?
  • സമ്പന്ന രാജ്യമായിട്ടും ജനങ്ങള്‍ ദാരിദ്യത്തില്‍
niger-shutterstock
Image Credit: Libin Jose/shutterstock.com
SHARE

ആഫ്രിക്കയുടെ പശ്ചിമ-മധ്യ മേഖലയില്‍ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ എട്ടാമതൊരു പട്ടാള അട്ടിമറികൂടി. മറ്റൊരു ഭൂഖണ്ഡത്തിലും ആഫ്രിക്കയില്‍തന്നെയും മുന്‍പൊരിക്കലും ഇങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടായിട്ടില്ല. ഗാബോണില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച (ഓഗസ്റ്റ് 30) പട്ടാളം പ്രസിഡന്‍റിനെ പുറത്താക്കുകയും വീട്ടുതടങ്കിലാക്കുകയും ചെയ്തത് നൈജറില്‍ സമാനമായ സംഭവം നടന്നതിന്‍റെ മുപ്പത്തഞ്ചാം ദിവസമാണ്. 

നൈജറില്‍ രണ്ടു വര്‍ഷം മുന്‍പ് ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് ബാസൂമിനെ ജൂലൈ 26ന് അട്ടിമറിച്ചത് അദ്ദേഹത്തിന്‍റെതന്നെ സുരക്ഷയുടെ ചുമതലയുള്ള സൈനിക വിഭാഗമായിരുന്നു. അതിന്‍റെ തലവന്‍ പട്ടാള ഭരണകൂടത്തിന്‍റെ അധിപനായി അവരോധിക്കപ്പെടുകയും ചെയ്തു. 

ഗാബോണില്‍  പ്രസിഡന്‍റ് അലി ബോംഗോ ഓന്‍ഡിംബയെ (64) പുറത്താക്കിയതും രാഷ്ട്രത്തലവന്‍റെ അംഗരക്ഷകര്‍ അടങ്ങിയ സൈനിക വിഭാഗമാണ്. അവരുടെ നേതാവ് ജനറല്‍ ബ്രൈസ് ഒലിഗുയി എന്‍ഗുയെമ (48) പുതിയ ഭരണകൂടത്തിന്‍റെ തലവനാവുകയും ചെയ്തു. അതിനു നാലു ദിവസം മുന്‍പ് നടന്ന തിരഞ്ഞെടുപ്പിലൂടെ അലി ബോംഗോ മൂന്നാം തവണയും പ്രസിഡന്‍റായതായി പ്രഖ്യാപിക്കപ്പെട്ട് ഏതാനും മണിക്കൂറുകള്‍ മാത്രം കഴിഞ്ഞപ്പോഴായിരുന്നു പട്ടാളത്തിന്‍റെ ഇടപെടലും അട്ടിമറിയും. 

അത്ലാന്‍റിക് സമുദ്രതീരത്തു കിടക്കുന്ന ഗാബോണ്‍ ഒരു കാലത്ത് ഫ്രാന്‍സിന്‍റെ കോളണിയായിരുന്നു. നൈജര്‍, മൂന്‍വര്‍ഷങ്ങളില്‍ പട്ടാള അട്ടിമറി നടന്ന മാലി, ബുര്‍ക്കിനഫാസ്സോ, ഗിനി എന്നിവ ഉള്‍പ്പെടെ ആഫ്രിക്കയിലെ പകുതിയോളം രാജ്യങ്ങള്‍ ഫ്രാന്‍സിന്‍റെ അധീനത്തിലോ നിയന്ത്രണത്തിലോ ആയിരുന്നു. 1960ല്‍ സ്വതന്ത്രമാകുന്നതിനുമുന്‍പുള്ള 75 വര്‍ഷക്കാലം ഗാബോണില്‍ ഫ്രഞ്ച് മേല്‍ക്കോയ്മ നീണ്ടുനിന്നു. അതിനുശേഷവും ഫ്രഞ്ച് സ്വാധീനം തുടര്‍ന്നു. 

സ്വാതന്ത്ര്യത്തിന്‍റെ  നാലാം വര്‍ഷംതന്നെ ഗാബോണിലെ പ്രഥമ പ്രസിഡന്‍റ് ലിയോണ്‍ എംബയെ പട്ടാളം അട്ടിമറിച്ചപ്പോള്‍ അദ്ദേഹത്തെ സഹായിക്കാന്‍ കുതിച്ചെത്തിയത് പ്രസിഡന്‍റ് ചാള്‍സ് ഡിഗോള്‍ അയച്ച ഫ്രഞ്ച് സൈന്യമായിരുന്നു. ഭരണം വീണ്ടെടുത്ത ലിയോണ്‍ എംബ ഫ്രഞ്ച് സഹായത്തോടെ 1967ല്‍ മരണംവരെ അധികാരത്തില്‍ തുടരുകയും ചെയ്തു. 

അതിനുശേഷം പ്രസിഡന്‍റായ ഉമര്‍ ബോംഗോ ഒന്‍ഡിംബ അധികാരത്തിലിരുന്നത് നീണ്ട 42 വര്‍ഷമാണ്. 2009ല്‍ അദ്ദേഹത്തിന്‍റെ മരണശേഷം പ്രസിഡന്‍റായ മകന്‍ അലി ബോംഗോ രാജ്യം ഭരിച്ചത് 14 വര്‍ഷവും. അങ്ങനെ ബോഗോ കുടുംബത്തിന്‍റെ ഭരണം നീണ്ടുനിന്നത് മൊത്തം 56 വര്‍ഷം.   

പ്രഥമ പ്രസിഡന്‍റിന്‍റെ കീഴില്‍ വൈസ് പ്രസിഡന്‍റായിരുന്നു ഉമര്‍ ബോംഗോ. അലി ബോംഗോയാണെങ്കില്‍ പിതാവ് പ്രസിഡന്‍റായിരുന്നപ്പോള്‍ വിദേശകാര്യമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്നു. അധികാരത്തിന്‍റെ സുഖാനുഭൂതികള്‍ ആ പദവികളില്‍ ഇരുന്നും അവര്‍ അനുഭവിച്ചുവരികയായിരുന്നുവെന്നര്‍ഥം. പ്രസിഡന്‍റ് അലി ബോംഗോയുടെ മകന്‍ നൂറുദ്ദീന്‍ ഉള്‍പ്പെടെയുള്ള മറ്റു കുടൂംബാംഗങ്ങളും ഗവണ്‍മെന്‍റിലെ ഉന്നത പദവികള്‍ വഹിച്ചുവരികയായിരുന്നു. നൂറുദ്ദീനും മറ്റു പലരും ഇപ്പോള്‍ അറസ്റ്റിലായി. 

ബോംഗോ കുടുംബം അധികാരം നിലനിര്‍ത്തിയത് തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണെന്ന ആരോപണവും ഉയരുകയുണ്ടായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ലെ തിരഞ്ഞെടുപ്പ് തന്നെ അതിന് ഉദാഹരണമായിരുന്നു. മുഖ്യ പ്രതിപക്ഷ സ്ഥാനാര്‍ഥിയായിരുന്ന മുന്‍ മന്ത്രി ആല്‍ബര്‍ട്ട് ഓന്‍ഡോ ഓസ്സക്കു 30.77 ശതമാനം മാത്രം വോട്ടു കിട്ടിയപ്പോള്‍ പ്രസിഡന്‍റ് അലി ബോംഗോ 64.27 ശതമാനം വോട്ടോടെ വിജയിച്ചുവെന്നായിരുന്നു ഇലക്ഷന്‍ കമ്മിഷന്‍റെ പ്രഖ്യാപനം. അധികാരം പിടിച്ചടക്കിയ പട്ടാളം തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. പുതിയ തിരഞ്ഞെടുപ്പ് നടത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും തീയതിയൊന്നും പറഞ്ഞില്ല. 

നൈജറിലെന്നപോലെ ഗാബോണിലും പട്ടാള ഇടപെടലിനെ ജനങ്ങളില്‍ ഒരു വിഭാഗം തെരുവുകളില്‍ നൃത്തം ചെയ്തുകൊണ്ടു സ്വാഗതം ചെയ്തു. അതേസമയം, ഗാബോണില്‍ പട്ടാള അട്ടിമറിക്കെതിരെയും ശബ്ദമുയര്‍ന്നു. രാജ്യഭരണം ബോംഗോ കുടുംബത്തിന്‍റെ കൈകളില്‍ തന്നെ നിലനിര്‍ത്തുന്നതിനു സഹായകമായ വിധത്തിലുള്ള ഒരു കൊട്ടാര വിപ്ളവമാണ് നടന്നതെന്നു തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രതിപക്ഷ സ്ഥാനാര്‍ഥിയായിരുന്ന ഓസ്സ കുറ്റപ്പെടുത്തുന്നു. പട്ടാളഭരണത്തലവന്‍ മുന്‍പ്രസിഡന്‍റിന്‍റെ കസിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. 

ഒരു മാസം മുന്‍പ് പട്ടാളം അധികാരം പിടിച്ചടക്കിയ നൈജര്‍ ആഫ്രിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നാണെങ്കില്‍ ഗാബോണ്‍ ആ ഭൂഖണ്ഡത്തിലെ സമ്പന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. എണ്ണയും ഇരുമ്പയിരും കയറ്റുമതി ചെയ്തു ഗാബോണ്‍ ധാരാളം പണം സമ്പാദിക്കുന്നുണ്ട്. പക്ഷേ, ജനങ്ങളില്‍ മൂന്നിലൊരു ഭാഗം ജീവിക്കുന്നതു ദാരിദ്ര്യരേഖയുടെ താഴെയാണ്. തൊഴിലില്ലായ്മ 37 ശതമാനം. 

രാജ്യത്തിന്‍റെ സമ്പത്ത് ബോംഗോ കുടുംബ കൊള്ളയടിക്കുന്നുവെന്നായിരുന്നു പരക്കേയുള്ള ആക്ഷേപം. ഫ്രാന്‍സിലും സ്വിറ്റ്സര്‍ലന്‍ഡിലും അമേരിക്കയിലും അവര്‍ക്കു ശതകോടികള്‍ വില മതിക്കുന്ന സ്വത്തുക്കളുണ്ടെന്ന് ആരോപിക്കപ്പെടുന്നു. അവരുടേതെന്നു പറയപ്പെടുന്ന നൂറുകണക്കിന് ആഡംബര കാറുകളെയും വിദേശ ബാങ്ക് എക്കൗണ്ടുകളെയും കുറിച്ചുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.    

അലി ബോംഗോയെ അട്ടിമറിക്കാന്‍ പട്ടാളം ശ്രമിക്കുന്നത് ഇതാദ്യമല്ല. ആദ്യശ്രമം 2019 ലായിരുന്നു. അതിന്‍റെ തലേവര്‍ഷം അദ്ദേഹത്തിന് മസ്തിഷക്കാഘാതമുണ്ടായി. തുടര്‍ന്നു പത്തുമാസത്തോളെം മൊറോക്കോയില്‍ ചികില്‍സയില്‍ കഴിയേണ്ടിവന്നു. ഭരണത്തില്‍ തുടരാന്‍ അദ്ദേഹം അശക്തനാണെന്ന പേരിലായിരുന്നു പട്ടാളത്തിന്‍റെ ഇടപടല്‍. പക്ഷേ, വിജയിച്ചില്ല. 

പുതിയ പട്ടാള അട്ടിമറിയെ തുടര്‍ന്ന് നൈജര്‍ ഉള്‍പ്പെടെയുള്ള അംഗ രാജ്യങ്ങളുടെ കാര്യത്തില്‍ ചെയ്തതുപോലെ ആഫ്രിക്കന്‍ രാഷ്ട്ര കൂട്ടായ്മയായ ആഫ്രിക്കന്‍ യൂണിയന്‍ (എയു) ഗാബോണിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഒരു മാസം മുന്‍പ് നൈജറില്‍ പട്ടാളം ഭരണം പിടിച്ചടക്കിയപ്പോള്‍ 15 ദിവസത്തിനകം മുന്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് അവരോട് എയു ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നു താക്കീതു നല്‍കുകയുമുണ്ടായി. പക്ഷേ, അവര്‍ ചെവിക്കൊണ്ടില്ല. 

ഇക്കോവാസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 15 അംഗ പശ്ചിമാഫ്രിക്കന്‍ രാഷ്ട്ര സാമ്പത്തിക കൂട്ടായ്മ  നൈജറിനു ഒരാഴ്ചത്തെ അന്ത്യശാസനവും നല്‍കിയിരുന്നു. പട്ടാള ഭരണകൂടം അതും തള്ളി. മാലിയിലെയും ബുര്‍ക്കിനഫാസ്സോയിലെയും സൈനിക ഭരണകൂടങ്ങള്‍ അവര്‍ക്കു പിന്തുണ പ്രഖ്യാപിക്കുകയും സഹായ വാഗ്ദാനം നല്‍കുകയും ചെയ്തു.  

മുന്‍ കോളണി ശക്തിയായ ഫ്രാന്‍സിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ഒരു വലിയ തലവേദനയായി മാറിക്കൊണ്ടിരിക്കുന്നു. നൈജറില്‍ പട്ടാളത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു പ്രകടനം നടത്തിയവര്‍ ഫ്രഞ്ച് വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ഫ്രഞ്ച് പതാക കത്തിക്കുകയും ഫ്രഞ്ച് എംബസ്സിയുടെ കവാടത്തിനു തീവയ്ക്കുകയും ചെയ്തു. യുഎസ് വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കിയ അവര്‍ റഷ്യയ്ക്കും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമായിരുന്നു. 

നൈജറില്‍ ഫ്രാന്‍സിനു സൈനിക താവളവും അവിടെ 1500 ഫ്രഞ്ച് ഭടന്മാരുമുണ്ട്. നേരത്തെ മാലിയിലും ബുര്‍ക്കിനഫാസ്സോയിലും ഉണ്ടായിരുന്ന ഫ്രഞ്ച് സൈനികരെ ആ രാജ്യങ്ങളിലെ പട്ടാള അട്ടിമറിയെ തുടര്‍ന്ന് ഫ്രാന്‍സ് പിന്‍വലിച്ചതും നൈജറിലേക്കായിരുന്നു. ഇവരെയെല്ലാം ഒഴിപ്പിച്ചുകൊണ്ടു പോകണമെന്നും ഫ്രഞ്ച് സൈനിക താവളം അടച്ചുപൂട്ടണമെന്നും നൈജറിലെ പട്ടാള ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യവുമായി ആയിരക്കണക്കിനാളുകള്‍ ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ സൈനിക താവളത്തിനു സമീപം പ്രകടനം നടത്തുകയും ചെയ്തു.

ഫ്രഞ്ച് അംബാസ്സഡറെ 48 മണിക്കൂറിനകം തിരിച്ചുവളിക്കണമെന്നും നൈജറിലെ പട്ടാളഭരണകൂടം ഫ്രാന്‍സിന് അന്ത്യശാസനം നല്‍കിയിരുന്നു. ഈ ഗവണ്‍മെന്‍റിനെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും അതിനാല്‍ അവര്‍ പറയുന്നത് അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നുമുള്ള നിലപാടിലാണ് ഫ്രാന്‍സ്. പട്ടാള ഗവണ്‍മെന്‍റ് അംബാസ്സഡറുടെ വീസ റദ്ദാക്കുകയും അദ്ദേഹത്തെ പുറത്താക്കാന്‍ പെലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. 

ഇരുകൂട്ടര്‍ക്കും ഇതൊരു അഭിമാന പ്രശ്നമായി മാറി. ഏറ്റുമുട്ടലിനുള്ള സാധ്യത വര്‍ധിച്ചുവരുന്നു. അതിനിടയിലാണ് ഫ്രാന്‍സിനെ സംബന്ധിച്ചിടത്തോളം കൂനിന്മേല്‍ കുരുവെന്നപോലെ ഗാബോണിലും പട്ടാളം അട്ടിമറി നടത്തുകയും ഭരണം പിടിച്ചടയ്ക്കുകയും ചെയ്തത്.

Content Highlights:  Niger | Africa | Opinion | Column

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS