ലോകം പലസ്തീന്‍റെ കൂടെ

HIGHLIGHTS
  • യുഎസ്, ബ്രിട്ടീഷ് കാമ്പസുകളില്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍
  • പൂര്‍ണ യുഎന്‍ അംഗത്വം ലഭിക്കാന്‍ വീണ്ടും ശ്രമം
videsharangam-israel-article
Representative image. Photo Credit: rrodrickbeiler/istockphoto.com
SHARE

പലസ്തീന്‍ എന്ന ഒരു പ്രദേശം ഉണ്ടായിരുന്നില്ലെന്നു പറഞ്ഞത് 1969ല്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ഗോള്‍ഡ മെയറായിരുന്നു. പലസ്തീന്‍കാര്‍ എന്നൊരു കൂട്ടര്‍തന്നെ ഇല്ലെന്നുമായിരുന്നു ആ പറഞ്ഞതിനര്‍ഥം. അതാണ് വസ്തുതയെങ്കില്‍ പിന്നെ പലസ്തീന്‍ പ്രശ്നം തന്നെയില്ലല്ലോ. 

ഇസ്രയേലിനെപ്പോലുളള ഒരു രാജ്യം പലസ്തീന്‍കാര്‍ക്കും വേണമെന്നും ആ രാജ്യത്തിന് ഐക്യരാഷ്ട്ര സംഘടനയില്‍ അംഗത്വം നല്‍കണമെന്നുമുളള ആവശ്യം അങ്ങനെ അപ്രസക്തമാവുന്നു. ഇങ്ങനെ വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നവര്‍ ഇപ്പോഴുമുണ്ട്. 

അതു കാരണം പലസ്തീന്‍ പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയും അതിന്‍റെ പ്രത്യാഘാതങ്ങള്‍ അതുമായി ബന്ധപ്പെട്ട എല്ലാവരും അനുഭവിക്കേണ്ടിവരികയും ചെയ്യുന്നു. പലസ്തീന്‍ തീവ്രവാദി സായുധ സംഘടനയായ ഹമാസ് കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേലിനെതിരെ നടത്തിയ മിന്നലാക്രമണവും തുടര്‍ന്നു ഗാസയില്‍ ഇസ്രയേല്‍ നടത്തിവരുന്ന പ്രത്യാക്രമണവും ഇതിന് ഉദാഹരണമാണ്. 

ഈ പശ്ചാത്തലത്തില്‍ പലസ്തീനും പലസ്തീന്‍കാരും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതില്‍ ഒട്ടും അല്‍ഭുതമില്ല. കഴിഞ്ഞ ചില ആഴ്ചകള്‍ പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു. ഗാസയിലെ യുദ്ധം ഏഴു മാസത്തിനുശേഷവും ഭീകരമായ 

വിധത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കേ അമേരിക്കയിലും യൂറോപ്പിലും കോളജുകളിലെയും സര്‍വകലാശാലകളിലെയും കാംപസ്സുകളില്‍ പലസ്തീന്‍ പതാക ഉയരുകയും പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴങ്ങുകയും ചെയ്തു. 

ഗാസയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരപരാധികള്‍ കൂട്ടക്കൊല ചെയ്യപ്പെടുകയും പട്ടിണി കിടന്നു മരിക്കുകയും ചെയ്യുന്നതിലുളള തങ്ങളുടെ വേദനയും നടുക്കവും പ്രകടിപ്പിക്കുകയായിരുന്നു ആ വിദ്യാര്‍ഥികള്‍. പല സ്ഥലങ്ങളിലും അവരോടൊപ്പം അധ്യാപകരും ചേര്‍ന്നു. 

തങ്ങളുടെ സൈനികശക്തി മുഴുവന്‍ ഗാസയിലെ സാധാരണ ജനങ്ങളുടെമേല്‍ പ്രയോഗിക്കുന്നുവെന്ന പേരില്‍ ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിക്കുന്ന മുദ്രാവാക്യങ്ങളും മുഴങ്ങുകയുണ്ടായി. ഇസ്രയേലിന്‍റെയും ഗാസ യുദ്ധവുമായി ബന്ധമുളള കമ്പനികളുടെയും സാമ്പത്തിക സഹായം സ്വീകരിക്കുന്നതു നിര്‍ത്തണമെന്നും അവയുമായുളള ബന്ധം ഉപേക്ഷിക്കണമെന്നുമുളള ആവശ്യവും ചില സര്‍വകലാശാലകളില്‍ ഉയര്‍ന്നു.

ഈ സമരത്തെ വിദ്യാര്‍ഥികള്‍ സ്റ്റൂഡന്‍റ്സ് ഇന്‍തിഫാദ എന്നു വിളിക്കുന്നു. ഇസ്രയേലിന്‍റെ അതിക്രമങ്ങള്‍ക്കെതിരായ തങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു പലസ്തീന്‍കാര്‍ വിളിക്കുന്ന പേരാണ് ഇന്‍തിഫാദ. 

ന്യൂയോര്‍ക്കിലെ പ്രശസ്തമായ കൊളംബിയ സര്‍വകലാശാലയില്‍ ഏപ്രില്‍ മധ്യത്തോടെയായിരുന്നു പ്രതിഷേധ പ്രകടനങ്ങളുടെ തുടക്കം. അതിവേഗം അത് രാജ്യത്തിന്‍റെ മറ്റു നൂറിലേറെ സര്‍വശാലകളിലേക്കും വ്യാപിച്ചു. വിദ്യാര്‍ഥികളുടെ സമരപ്പന്തലുകള്‍ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അവര്‍ തമ്മില്‍ ഏറ്റുട്ടലുമുണ്ടായി. നൂറുകണക്കിനു വിദ്യാര്‍ഥികള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പല സര്‍വകലാശാലകളിലും ബിരുദദാനച്ചടങ്ങുകള്‍ മാറ്റിവയ്ക്കേണ്ടിവന്നു.

വിയറ്റ്നാം യുദ്ധത്തിനെതിരെ 1968-1972 കാലത്ത് അമേരിക്കയിലെ സര്‍വകലാശാലകളില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ ഓര്‍മിപ്പിക്കുന്ന വിധത്തിലുളളതാണ് ഈ സംഭവങ്ങള്‍. അന്നത്തെ ഒരു സംഭവം പ്രത്യേകിച്ചും അമേരിക്കയെ മുഴുവന്‍ പിടിച്ചുകുലുക്കുകയുണ്ടായി. 

ഒഹയോ സംസ്ഥാനത്തെ കെന്‍റ് സര്‍വകലാശാല കാംപസ്സില്‍ 1970 മേയ് നാലിനു പൊലീസ് നടത്തിയ വെടിയവയപില്‍ നാലു വിദ്യാര്‍ഥികള്‍ മരിക്കുകയും ഒന്‍പതു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പ്രസിഡന്‍റ് റിച്ചഡ് നിക്സന്‍റെ ഭരണത്തില്‍ വിയറ്റ്നാം യുദ്ധം പിന്നെയും അഞ്ചു വര്‍ഷത്തോളം നീണ്ടുപോയെങ്കിലും എത്രയും വേഗം അതവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കം കുറിക്കുന്നതില്‍ ആ സംഭവം ഗണ്യമായ പങ്കു വഹിച്ചതായി കരുതപ്പെടുന്നു.  

പലസ്തീന്‍ അനുകൂല വിദ്യാര്‍ഥി പ്രക്ഷോഭം അമേരിക്കയില്‍നിന്ന് യൂറോപ്പിലേക്കും പടര്‍ന്നു. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ബല്‍ജിയം, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും കാമ്പസ്സുകളില്‍ വിദ്യാര്‍ഥികള്‍ കുത്തിയിരിപ്പ് നടത്തുകയും പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ബ്രിട്ടനിലെ പ്രശസ്തമായ ഓക്സ്ഫഡ്, കാംബ്രിജ്, ലിവര്‍പൂള്‍, എഡിന്‍ബര്‍ഗ് എന്നീ സര്‍വകലാശാലകളുടെയും സ്കൂള്‍ ഓഫ് ഓറിയന്‍റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസിലെയും കാംപസ്സുകളില്‍ സമരപ്പന്തലുകള്‍ ഉയര്‍ന്നു.

ലോകം പൊതുവില്‍ പലസ്തീനോടൊപ്പം നില്‍ക്കുകയാണന്നന്നു വിളിച്ചറിയിക്കുന്ന മറ്റൊരു സംഭവം ഉണ്ടായതും ഇതിനിടയിലാണ്. ഐക്യരാഷ്ട്ര സംഘടനയില്‍ പലസ്തീനു പൂര്‍ണ അംഗത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഇക്കഴിഞ്ഞ വെള്ളിയാഴ്ച (മേയ് 10) യുഎന്‍ പൊതുസഭ വന്‍ഭൂരിപക്ഷത്തോടെ പാസ്സാക്കി. 

ഇതു സംബന്ധിച്ച് യുഎഇ അവതരിപ്പിച്ച പ്രമയേമയത്തെ 193 അംഗ സംഘടനയിലെ 143 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ വെറും ഒന്‍പതു രാജ്യങ്ങളാണ്. സാധാരണ ഭൂപടങ്ങളിലൊന്നും കാണാന്‍ പറ്റാത്ത മൈക്രോനേഷ്യ, നൗറു, പലാവ് എന്നിവയും പതിവുപോലെ അമേരിക്കയുടെയും ഇസ്രയേലിന്‍റെയും കൂടെച്ചേര്‍ന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു.  

പാശ്ചാത്യ സഖ്യത്തിലെ ഒരു പ്രമുഖ അംഗമായ ഫ്രാന്‍സ് റഷ്യയുടെയും ചൈനയുടെയും ഇന്ത്യയുടെയും കൂടെച്ചേര്‍ന്നു പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ബ്രിട്ടന്‍ മറ്റ് 24 രാജ്യങ്ങളോപ്പം ചേര്‍ന്നു വോട്ടെടുപ്പില്‍നിന്നു മാറിനില്‍ക്കുകയാണ് ചെയ്തത്. 

ഇന്ത്യ ഉള്‍പ്പെടെ 142 രാജ്യങ്ങള്‍ ഇപ്പോള്‍തന്നെ പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുകയും അതുമായി നയതന്ത്ര ബന്ധം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്.എങ്കിലും ഐക്യരാഷ്ട്ര സംഘടനയില്‍ അതിനു അംഗത്വരഹിത നിരീക്ഷക പദവി മാത്രമേയുള്ളൂ. അതനുസരിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കുകയും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും പരാതികള്‍ ഉന്നയിക്കുകയും ചെയ്യാം. പക്ഷേ, വോട്ടവകാശം ഉണ്ടായിരിക്കുകയില്ല. 

വോട്ടവകാശത്തോടു കൂടിയ പൂര്‍ണ അംഗത്വം ലഭിക്കണമെങ്കില്‍ രക്ഷാസമിതി അതിന് അനുകൂലമായി തീരുമാനമെടുക്കുകയും തുടര്‍ന്നു പൊതുസഭ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അത് അംഗീകരിക്കുകയും വേണം. അങ്ങനെ ചെയ്യണമെന്ന അപേക്ഷയും പൊതുസഭ ഈയിടെ പാസ്സാക്കിയ പ്രമേയത്തിലുണ്ട്. 

പൊതുസഭയുടെ അംഗീകാരത്തിന് ഒരു തടസ്സവും ആരും പ്രതീക്ഷിക്കുന്നില്ല. അതേസമയം രക്ഷാസമിതിയുടെ തീരുമാനം പലസ്തീന് അനുകുലമാവില്ലെന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല. കാരണം അമേരിക്ക വീറ്റോ ചെയ്യും. 

സമാനമായ ആവശ്യം ഉള്‍ക്കൊള്ളുന്ന ഒരു പ്രമേയം അല്‍ജീരിയ കൊണ്ടുവന്നത് ഇക്കഴിഞ്ഞ ഏപ്രിലില്‍ രക്ഷാസമിതിയുടെ മുന്‍പാകെയെത്തിയിരുന്നു. സമിതിയിലെ 15ല്‍ 12 അംഗങ്ങള്‍ പിന്തുണച്ചിട്ടും അമേരിക്ക എതിര്‍ത്തതിനാല്‍ അതു പാസ്സായില്ല. 

യൂറോപ്യന്‍ സാമ്പത്തിക കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനിലെ എട്ട് അംഗങ്ങള്‍ ഇപ്പോള്‍തന്നെ പലസ്തീനെ അംഗീകരിക്കുന്നുണ്ട്. ആറു രാജ്യങ്ങള്‍കൂടി അടുത്തുതന്നെ അംഗീകരിക്കുമെന്നും പറയപ്പെടുന്നു. ഇന്ത്യ ഉള്‍പ്പെടുന്ന ജി-20 കൂട്ടായ്മയിലെ പത്തു രാജ്യങ്ങളും പലസ്തീനെ അംഗീകരിക്കുന്നുണ്ട്. പൂര്‍ണ യുഎന്‍ അംഗത്വത്തിനുവേണ്ടിയുളള പ്രമേയം ഇനിയും രക്ഷാസമിതിയില്‍ എത്തുമ്പോള്‍ എന്തു സംഭവിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS