ഇറാനിലെ ഭരണം ഇനി ആരുടെ കൈകളില്‍
Mail This Article
ജൂണ്‍ 28ന് ഇറാനില്‍ എന്തു സംഭവിക്കുമെന്ന് അറിയാന്‍ കാത്തുനില്‍ക്കുകയാണ് ആ രാജ്യത്തിന്‍റെ മിത്രങ്ങളും ശത്രുക്കളുും ഇതു രണ്ടുമല്ലാത്തവരും എല്ലാവരും. ഇക്കഴിഞ്ഞ ഞായറാഴ്ച (മേയ് 19) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പ്രസിഡന്‍റ് ഇബ്രാഹിം റഈസിയുടെ പകരക്കാരനെ കണ്ടെത്താനുളള തിരഞ്ഞെടുപ്പ് അന്നാണ്.
പ്രസിഡന്‍റ് സ്ഥാനത്ത് ഒഴിവുണ്ടായാല്‍ 50 ദിവസത്തിനകം പിന്‍ഗാമിയെ തിരഞ്ഞെടുക്കണമെന്നാണ് ഇറാനിലെ ഭരണഘടനാ വ്യവസ്ഥ. ഇത്തരമൊരു ഇടക്കാല തിരഞ്ഞെടുപ്പ് മുന്‍പൊരിക്കലും നടന്നിരുന്നില്ല.
ഏതാണ്ട് മൂന്നു വര്‍ഷം മുന്‍പ് തിരഞ്ഞെടുക്കപ്പെട്ട റഈസി വാസ്തവത്തില്‍ ഇറാന്‍റെ എട്ടാമത്തെ പ്രസിഡന്‍റ് മാത്രമായിരുന്നില്ല. പ്രസിഡന്‍റിനേതിനേക്കാള്‍ ഉന്നത പദവിയും അധികാരവുമുളള പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഹുസൈന്‍ ഖമനയിയുടെ ഭാവിയിലെ പിന്‍ഗാമിയായും കരുതപ്പെടുകയായിരുന്നു. ഇറാന്‍റെ ആഭ്യന്തരവും വൈദേശികവുമായ പ്രശ്നങ്ങളോടുളള സമീപനത്തില്‍ അത്രയും ഗാഢമായ ആശയപ്പൊരുത്തമായിരുന്നുവത്രേ അവര്‍ തമ്മില്‍.
എണ്‍പത്തഞ്ച് വയസ്സുളള ഖമനയിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ അടുത്തുതന്നെ അദ്ദേഹത്തിന് പകരക്കാരനെ നിയമിക്കേണ്ടി വരുമെന്നുമായിരുന്നു നേരത്തെതന്നെയുളള സൂചനകള്‍. പകരക്കാരന്‍ റഈസിയായിരിക്കുമെന്നും അനുമാനിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. അതിനിടയിലാണ് 63 വയസ്സുകാരനായ റഈസിക്കുതന്നെ പകരക്കാരനെ കണ്ടെത്തേണ്ടി വന്നിരിക്കുന്നത്.
ഖമനയിതന്നെ 1989ല്‍ പരമോന്നത നേതാവിന്‍റെ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത് എട്ടു വര്‍ഷം പ്രസിഡന്‍റായി സേവനംചെയ്ത ശേഷമായിരുന്നു. സാധാരണ ഗതിയിലുളള അത്തരമൊരു അധികാരക്കൈമാറ്റം പ്രതീക്ഷിച്ചിരുന്നവര്‍ പക്ഷേ നിരാശരായി.
പുതിയ പ്രസിഡന്‍റാവുന്നത് ആരായാലും അദ്ദേഹത്തിനു നേരിടേണ്ടിവരിക തന്‍റെ മുന്‍ഗാമികളില്‍ ആര്‍ക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത അത്രയും ഗുരുതരവും സങ്കീര്‍ണവുമായ ഒരു സ്ഥിതിവിശേഷത്തെയാണ്. കാരണം, ഇറാന്‍കൂടി ഉള്‍പ്പെടുന്ന മധ്യപൂര്‍വദേശം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുന്നു.
പലസ്തീന്‍ തീവ്രവാദി സായുധ സംഘടനയായ ഹമാസും ഇസ്രയേലും തമ്മിലുളള ഗാസയിലെ യുദ്ധം ഏഴു മാസത്തിനു ശേഷവും തുടരുകയാണ്. മരണം 35,000 കവിഞ്ഞു. അഭയാര്‍ഥികളാവുകയും പട്ടിണികിടക്കേണ്ടിവരികയും ചെയ്യുന്നവര്‍ ലക്ഷങ്ങള്‍.
അതിന്‍റെ ഉപകഥയായി ദക്ഷിണ ലെബനനന്‍ അതിര്‍ത്തിയില്‍ അവിടത്തെ ഹിസ്ബുല്ല മിലീഷ്യ ഇസ്രയേല്‍ സൈന്യവുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു. ഹിസ്ബുല്ല ഹമാസിനെ സഹായിക്കുകയാണെന്നാണ് ആരോപണം. ഹമാസ് അനുകൂലികളായ യെമനിലെ ഹൂതികള്‍ ഹോര്‍മുസ് കടലിടുക്കിലും ചെങ്കടലിലും കപ്പലുകളെ ആക്രമിക്കുന്നു.
ഇറാഖിലുമുണ്ട് ഇറാന്‍ അനുകൂല മിലീഷ്യകള്‍. ഇവരെയെല്ലാം ഇറാന്‍ സഹായിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. ഇവരെല്ലാം ഉള്‍പ്പെടുന്ന ഒരു സഖ്യം ചെറുത്തുനില്‍പ്പിന്‍റെ അച്ചുതണ്ട് എന്ന പേരില്‍ വളര്‍ന്നു വരികയാണെന്നും കരുതപ്പെടുന്നു.
ഇസ്രയേലും ഇറാനും തമ്മില്‍ വര്‍ഷങ്ങളായി നടന്നുവന്ന പരോക്ഷയുദ്ധം (പ്രോക്സി വാര്‍) ഈയിടെ പെട്ടെന്നു നേരിട്ടുളള ഏറ്റുമുട്ടലാവുകയും ചെയ്യുകയുണ്ടായി. ഏപ്രിലില്‍ ഒന്നിനു സിറിയയിലെ ദമസ്ക്കസ്സില്‍ ഇറാന്‍റെ കോണ്‍സുലേറ്റ് കെട്ടിടത്തിനു നേരെ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ടു ജനറല്‍മാര്‍ ഉള്‍പ്പെടെ ഇറാന്‍റെ റവലൂഷണറി ഗാര്‍ഡ് വിഭാഗത്തിലെ ഏഴു സീനിയര്‍ ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടു.
രണ്ടാഴ്ചയ്ക്കിടയില്‍ ഇറാന്‍ അതേ വിധത്തില്‍തന്നെ പ്രത്യാക്രമണം നടത്തി. പക്ഷെ, അവരുടെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനത്തെ മറികടക്കാനായില്ല. എങ്കിലും ഒരു വന്‍യുദ്ധത്തെക്കുറിച്ചുളള ഭീതിയില്‍ ആ പ്രദേശമാകെ മുങ്ങിപ്പോവുകയുണ്ടായി.
ഇറാന്‍റെ അര ഡസനോളം ആണവ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ വധിക്കപ്പെട്ടതിന് ഇറാന്‍ ഇസ്രയേലിനെ സശയിക്കുന്നുണ്ട്. ഇസ്രയേല്‍ അതു സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇറാനില്‍ പ്രസിഡന്‍റ് റഈസിയും വിദേശമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും മറ്റ് ഏഴു പേരും കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തിലും ഇസ്രയേലിനു പങ്കുളളതായി സംശയം ഉയരുകയുണ്ടായി.
പതിവിനു വിപരീതമായി ഇസ്രയേല്‍ ഉടന്‍ അതു നിഷേധിച്ചതും ശ്രദ്ധേയമായിരുന്നു. കാരണം ഇത്തരം ഉന്നത പദവിയിലുളള ഒരാളടെ മരണത്തിന്‍റെ കാര്യത്തില്‍ സംശയം അവശേഷിക്കാന്‍ അനുവദിക്കുന്നത് ആപത്ത് വിളിച്ചുവരുത്തുകയാണെന്ന് ഇസ്രയേലിനു ബോധ്യപ്പെട്ടിരിക്കണം.
ഇറാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നതാണ് റഈസിയുടെ പിന്‍ഗാമിക്കു നേരിടേണ്ടിവരുന്ന മറ്റൊരു വന്‍പ്രശ്നം. ആണവ പ്രശ്നത്തിന്‍റെ പേരില്‍ അമേരിക്ക മുന്‍കൈയെടുത്തു നടപ്പാക്കിവരുന്ന രാജ്യാന്തര ഉപരോധമാണ് അതിനു കാരണം.
റഈസിയുടെ ജീവന്‍ അപഹരിച്ച ഹെലികോപ്റ്റര്‍ അപകടത്തിന് ഇടയാക്കിയതുപോലും ഉപരോധമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഉപരോധം കാരണം പുതിയ ഹെലികോപ്റ്ററുകളും വിമാനങ്ങളും അവയ്ക്കാവശ്യമായ സ്പെയര്‍ പാര്‍ട്ടുകളും വിദേശത്തുനിന്നു വാങ്ങാന്‍ ഇറാനു കഴിയുന്നില്ല. പ്രസിഡന്‍റ് യാത്രചെയ്തിരുന്നത് വളരെ പഴക്കംചെന്ന ഹെലികോപ്റ്ററിലായിരുന്നുവത്രേ.
റഈസിയുടെ പിന്‍ഗാമി ആരായിരിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി പല പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്. പരമോന്നത നേതാവ് ഖമനയിയുടെ മകനായ മുജ്തബയെന്ന അന്‍പത്തഞ്ചുകാരനാണ് അവരിലൊരാള്‍. മറ്റൊരാള്‍ റഈസിയുടെ ഒഴിവില്‍ ഇടക്കാല പ്രസിഡന്‍റായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുളള മുന്‍ ഒന്നാം വൈസ് പ്രസിഡന്‍റ് മുഹമ്മദ് മുഖ്ബര്‍ (68) ആണ്. മൂന്നാമതൊരാള്‍ നിലവിലുള്ള പാര്‍ലമെന്‍റ് സ്പീക്കറും രാജ്യതലസ്ഥാന നഗരമായ ടെഹറാനിലെ മുന്‍മേയറുമായ മുഹമ്മദ് ബാഗര്‍ ഘാലിബ്ാവ് (62).
മറ്റൊരു മുന്‍ സ്പീക്കറായ അലി ലാരിജാനി (65), നയതന്ത്രജ്ഞനായ സഈദ് ജലീലി (58), മുന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് (64) എന്നിവരാണ് മറ്റു മൂന്നുപേര്‍. ഇവരില്‍ പലരും റഈസിയെയും മുജ്തബ ഖമനയി, ഇടക്കാല പ്രസിഡന്‍റ് മുഹമ്മദ് മുഖ്ബര്‍ എന്നിവരെയുംപോലെ യാഥാസ്ഥിതികരായി അറിയപ്പെടുന്നു.
സരിഫിനെപ്പോലുളളവര്‍ മിതവാദികളായി വിശേഷിപ്പിക്കപ്പെടുകയാണ്. ആണവ പ്രശ്നം സംബന്ധിച്ച് അമേരിക്ക അടക്കമുളള ലോകരാജ്യങ്ങളുടെ പ്രതിനിധികളുമായി ഇറാനുവേണ്ടി ചര്‍ച്ച നടത്തിയതു മുഖ്യമായും സരിഫായിരുന്നു. ചരിത്രപ്രധാനമെന്നു വാഴ്ത്തപ്പെട്ടിരുന്ന 2015ലെ ആണവ ഉടമ്പടിക്കു രൂപം നല്‍കുന്നതില്‍ അദ്ദേഹം അങ്ങനെ സുപ്രധാന പങ്കു വഹിക്കുകയും ചെയ്തു. അതു നടപ്പായിരുന്നുവെങ്കില്‍ സരിഫിന്‍റെ പ്രശസ്തി കുറേക്കൂടി ഉയരുമായിരുന്നു.
യാഥാസ്ഥിതികരും മിതവാദികളും തമ്മിലുളള ഏറ്റുമുട്ടലാണ് ഇറാനിലെ രാഷ്ട്രീയം. ജൂണ്‍ 28നു നടക്കാന്‍ പോകുന്നതും അതാണ്.