‘സൂം ഫെറ്റീഗ്’ എന്നു വിളിക്കുന്ന ചർച്ചാ മടുപ്പ്

HIGHLIGHTS
  • എന്തൊരു സമയം മിനക്കെടുത്തൽ! ഇതൊരു ആഗോള പ്രതിഭാസമാകുന്നു
  • ഒരു യോഗം കഴിഞ്ഞ് അടുത്തത്. ഓഫിസിൽ പോയാ മതിയേ എന്ന ചിന്തയായി
meeting-onilne
SHARE

സന്ദർശകൻ എത്തുമ്പോൾ കമ്പനി സിഇഒ ഉദ്യോഗസ്ഥരുമായി ഓൺലൈൻ യോഗത്തിലായിരുന്നു. അപ്പോയിന്റഡ് സമയത്തു തന്നെ എത്തിയതിനാൽ ആഗതനെ അകത്തേക്ക് ഇരുത്തി. ലാപ്ടോപ്പിലേക്കു നോക്കി സിഇഒ പറഞ്ഞു–കുറച്ചു നേരം വെയ്റ്റ് ചെയ്യൂ. ഞാൻ തിരികെ എത്താം.

അനന്തരം അരമണിക്കൂറോളം സന്ദർശകനുമായി കൂടിക്കാഴ്ച. ചർച്ചക്കാർ ഓൺലൈനിൽ സൊറപറഞ്ഞ് നേരം പോക്കി. എന്തൊരു സമയം മിനക്കെടുത്തൽ! ഇതൊരു ആഗോള പ്രതിഭാസമാകുന്നു. പലർക്കും ‘സൂം ഫെറ്റീഗ്’ എന്നു വിളിക്കുന്ന ചർച്ചാ മടുപ്പ് വന്നു തുടങ്ങിയിരിക്കുന്നു. ഒരു യോഗം കഴിഞ്ഞ് അടുത്തത്. ഓഫിസിൽ പോയാ മതിയേ എന്ന ചിന്തയായി. ഓഫിസ് യോഗങ്ങളിലെ ബിസ്ക്കറ്റും നട്സും കാപ്പിയുമൊന്നും ഇതിലില്ല താനും.

ഐടി കമ്പനികളിൽ നിന്നു വീട്ടിലിരുന്നു ജോലി ചെയ്യുന്ന പലരും അടച്ചിട്ട മുറി തുറന്നു പുറത്തിറങ്ങുന്നത് രാത്രി 9 കഴിഞ്ഞിട്ടാണ്. ഓഫിസിൽ പോയിരുന്ന കാലത്ത് വൈകിട്ട് ഏഴുമണിയോടെ പുറത്തിറങ്ങി വീട്ടിലോ പുറത്തോ പോയി ഉല്ലസിച്ചിരുന്ന സമയത്തും ജോലിയായി. വേറൊന്നും ചെയ്യാനുമില്ല, എങ്ങും പോകാനുമില്ലെന്നതും കാരണമാണ്.

കംപ്യൂട്ടറിൽ ജോലി ചെയ്യുന്ന 13000 പേരിൽ നടത്തിയ വൻ സർവേ കണ്ടെത്തിയത് മിക്കവാറും കഴിഞ്ഞ വർഷം കൂടുതൽ ജോലി ചെയ്തെന്നാണ്. ദിവസം 2 മണിക്കൂറെങ്കിലും കൂടുതൽ. താൻ എപ്പോഴും ഓൺലൈനിൽ വന്നില്ലെങ്കിൽ ഉഴപ്പുകയാണെന്നു വിചാരിച്ചാലോ എന്ന പേടിയും ഈ അമിത ജോലിത്വരയിലുണ്ട്. മാനേജർമാരാകട്ടെ സദാ ഓൺലൈൻ മീറ്റിങ്ങുകൾ സംഘടിപ്പിക്കുന്നു. വെറുതേ ഇരിക്കുകയല്ല ഒരുപാടു ചെയ്തുകൂട്ടുന്നുണ്ടെന്നു വരുത്താനാണു മിക്ക മീറ്റിങ്ങുകളും. 

എല്ലാവരും അച്ചുകുത്തിയിട്ട് വീട്ടിലിരുന്നുള്ള പണി മതിയാക്കി ഓഫിസുകളിൽ തിരിച്ചെത്തിയാലോ? പഴയ രീതികൾ പലതും മാറാം. ജോലി സ്ഥലത്തെ ഫ്ലെക്സി ടൈമിങ് കൂടുതലാകും. സ്റ്റാഫ് വീട്ടിലിരിക്കുമ്പോൾ മാനേജർമാർക്ക് എംപതി കൂടുതലായി വേണ്ടിവരും. അവിടെ പാലുകാച്ച് ഇവിടെ കല്യാണം, ഇവിടെ ജനനം അവിടെ മരണം തുടങ്ങിയ കാര്യങ്ങളും മനസ്സിലാക്കി ഇടപെടണം. ആള് ഓഫിസിൽ വന്നു കഴിഞ്ഞാൽ ഇതൊന്നും അറിയേണ്ട കാര്യമില്ല.

സ്റ്റാഫ് വീട്ടിലിരുന്നിട്ടും ഉൽപാദനം കുറഞ്ഞിട്ടില്ല, കൂടിയിട്ടേയുള്ളൂ എന്നു കമ്പനികളും കണ്ടറിഞ്ഞിരിക്കുന്നു. അതിന്റെ കൂടെ കറന്റും വെള്ളവും വണ്ടികളുടെ ഓട്ടവും യാത്രകളും ടിഎയും മറ്റും ചുരുക്കാമെന്നു മനസ്സിലാക്കിയിരിക്കുന്നു. അടിച്ച വഴിയേ ഓടിക്കാതെ ഓടുന്ന വഴിയേ തന്നെ അടിച്ചാലോ...?

ഒടുവിലാൻ∙ഓഫിസ് വിട്ട് വീട്ടിലിരുന്നു പണി തുടങ്ങിയിട്ടു മാസം 10 തികഞ്ഞു. ഡിങ്ക്സ് (ഡബിൾ ഇൻകം നോ കിഡ്സ്) ആയിരുന്ന പല ദമ്പതികളും ഇപ്പോൾ കൊച്ചിനെ നോക്കുന്ന തിരക്കിലാണ്.

English Summary : Business Boom Column - Why are online meetings so tiring?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.