ഷൂസ്നോക്കാനും വീട്ടിലെത്തും

HIGHLIGHTS
  • സാധനങ്ങളും സേവനങ്ങളും വീട്ടുപടിക്കൽ എത്തുമ്പോൾ
business-boom
SHARE

ഉൽപന്നങ്ങളുടെ ഹോം ഡെലിവറിയെക്കാൾ, സേവനങ്ങൾ വീട്ടുപടിക്കലേക്കു വരുന്നതാണത്രെ ഇനി കാണാൻ പോകുന്നത്. മൊബൈൽ എടുത്തുകുത്തി സകലതും ചെയ്യുന്ന കാലത്ത് സേവനങ്ങൾ മൊബൈലാകുന്നതു സ്വാഭാവികം. പഴയ കാലത്ത് മുടിവെട്ട് മൊബൈൽ സേവനമായിരുന്നു. മാവിൻ ചുവട്ടിലൊരു കസേരയിട്ട് വീട്ടിലെ സകല ആൺ പ്രജകളുടെയും മുടിവെട്ടിയിട്ട് കാശും വാങ്ങി കാപ്പിയും കുടിച്ചു പോകും. 

അതു നിലച്ചിട്ട് ബാർബർഷോപ്പിലും സ്പായിലും സലൂണിലും പോകാൻ തുടങ്ങി. വണ്ടി പഞ്ചറായാൽ പഴയ കാലത്ത് തൊന്തരവായിരുന്നു. സ്റ്റെപ്നി മാറ്റിയിട്ടിട്ട് അടുത്ത പഞ്ചറൊട്ടിക്കൽ കടയിൽ കൊണ്ടു പോകണം. ഇന്നതൊരു മൊബൈൽ സേവനമാണ്. സ്റ്റെപ്നി മാറ്റിയിടേണ്ട. വിളിക്കാൻ നമ്പറുകളുണ്ട്. കംപ്രസർ ഫിറ്റ് ചെയ്ത സ്കൂട്ടറുമായി ആളെത്തും. ഒട്ടിക്കാനും പുതിയ സാങ്കേതികവിദ്യകളാണ്. മൊബൈൽ സേവനത്തിന് 350 രൂപ വരെ ഇടാക്കാം.

അമേരിക്കയിലൊക്കെ റണ്ണിങ് ഷൂസ് നന്നാക്കൽ സേവനം എത്തിയിട്ടുണ്ടത്രെ. സകലമാന പേരും നടപ്പോ ഓട്ടമോ ഫുട്ബോൾ, ടെന്നിസ്, ബാഡ്മിന്റൻ പോലുള്ള കളികളോ നടത്തുന്നവരാണ്. ഏതു ഷൂസ് വാങ്ങണം? അത് എത്രകാലം നിൽക്കും? കേടായാൽ എങ്ങനെ നന്നാക്കും? സോൾ തേഞ്ഞോ പുതിയതു വാങ്ങണോ എന്ന് എങ്ങനെ അറിയാം? ഇതൊക്കെ അവർക്കിടയിൽ ഒരു വിഷയമാണ്. നടപ്പുകാരും കളിക്കാരും തമ്മിലൊരു സംഭാഷണ വിഷയമാണ് ഷൂസിന്റെ ആരോഗ്യം. എന്നാൽ പിന്നെ അതൊരു മൊബൈൽ സേവനമാക്കിയാലോ? ആള് വീട്ടിൽ വരും. ഡോക്ടർ രോഗിയെ പരിശോധിക്കും പോലെ ഷൂസ് പരിശോധിക്കും. കുറവുകൾ തീർക്കും, നന്നാക്കും. തേഞ്ഞെങ്കിൽ അതു പറഞ്ഞിട്ട് പുതിയതു തരും. അതിനായി കടകൾ കേറി ഇറങ്ങേണ്ട. വാങ്ങിയ ഷൂസിന്റെ സൈസ് മാറിപ്പോയെന്ന പ്രശ്നമില്ല. ഷൂ ഡോക്ടർ അതെല്ലാം നോക്കി ചെയ്യും. ഫീസ് കൊടുക്കണമെന്നു മാത്രം.

ഫാഷനിലും ഇങ്ങനെ മൊബൈൽ സേവനമുണ്ട്. നിങ്ങൾക്ക് ചേരുന്ന ഫാഷൻ വസ്ത്രമേത്? ഏത് ബ്രാൻഡ്, ഏത് നിറം? ഏത് സൈസ്...? ആണിനും പെണ്ണിനും കംപ്ലീറ്റ് മേക്കോവർ നടത്താം. എക്സ്പേർട്ട് വീട്ടിൽ വന്ന് ആളെ കണ്ടിട്ട് കുറേ സിലക്ട് ചെയ്തു കൊണ്ടു വരും. ധരിച്ചുനോക്കി ഇഷ്ടപ്പെട്ടതിനൊക്കെ കാശ് കൊടുക്കുക. വസ്ത്രക്കടകളിലെ ഫാഷൻ വിദഗ്ധയ്ക്ക് ഇതൊരു കമ്മിഷൻ ബിസിനസ് മാത്രമല്ല ഈ സേവനത്തിനു ഫീസുമുണ്ട്. സ്റ്റൈലായി ഡ്രസ് ചെയ്യാനും ചെയ്യിക്കാനും അറിയാമോ? ഹൈഫൈ ബിസിനസാണെന്നു മാത്രം. കാശുണ്ടെങ്കിലല്ലേ എന്തും വീട്ടിൽ വരൂ...!!

ഒടുവിലാൻ∙ നഗരങ്ങളിൽ പഞ്ചറൊട്ടിപ്പു കേന്ദ്രങ്ങൾ ഇല്ലാതാവുന്നു. ടയർ റീട്രെഡിങ് അവസാനിച്ചു. പണ്ട് ഗുജറാത്തിലെ റോഡുകളിൽ പഞ്ചറൊട്ടിപ്പ്– ടയർ റീട്രെഡിങ്  ബിസിനസ് നടത്താൻ പോയിരുന്നു ആയിരക്കണക്കിനു മലയാളികൾ...!

English Summary : Buisness Boom, The Future of Doorstep Deliveries

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.