യാത്രകൾ!

Libin-John-istock-ksrtc
Representative image. Photo Credit: Libin John/istockphoto.com
SHARE

ദൂരയാത്രകൾ, വിനോദയാത്രകൾ, വിദേശയാത്രകൾ ഇതൊക്കെ ഏവരും പ്രായഭേദമന്യേ  ഒരു 'ട്രെൻഡ് ' ആക്കി മാറ്റിയ ഇക്കാലത്ത് യാത്രകൾ പോകാൻ ഇഷ്ടമില്ലാത്ത, യാത്ര ചെയ്യാത്ത ഒരാൾ ! അതേ ഈ ദേവി തന്നെ. അങ്ങനെയുള്ള എന്നെപ്പറ്റി ഞാൻ തന്നെ പറയട്ടെ.

ഗ്രൂപ്പുകൾ ഉണ്ടാക്കുക, സംഘം ചേരുക, ഓരോരോ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക ഇതൊക്കെ ഇക്കാലത്തെ രീതികളാണ്. സ്കൂളിലും കോളേജിലും ഒരുമിച്ചു പഠിച്ചവർ, ഒരേ സ്ഥാപനത്തിൽ ഒരേ കാലഘട്ടത്തിൽ ജോലിചെയ്തു വിരമിച്ചവർ ഇവരൊക്കെയാണ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നത്.ഒത്തു ചേരലുകൾ, യാത്രകൾ ഇതൊക്കെയവർ നടത്താറുണ്ട്. ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് പെൻഷൻ പറ്റിയവർക്ക് ഇത്തരത്തിലുള്ള ഒന്നിലേറെ ഗ്രൂപ്പുകൾ ഉണ്ട്. എല്ലാം വളരെ ആക്റ്റീവ് ആണ് എന്നാണ് അറിയുന്നത്. ഒരു ഗ്രൂപ്പിൽ ഞാനും അംഗമാണ്. എല്ലാക്കാര്യത്തിലുമെന്നപോലെ ഒരു നിശബ്ദ മെമ്പർ. വളരെ അത്യാവശ്യത്തിനു മാത്രമേ ഗ്രൂപ്പിന്റെ വാട്ട്സാപ്പിൽ പ്രത്യക്ഷപ്പെടാറുള്ളു .

ഗ്രൂപ്പിന്റെ പ്രവർത്തനത്തിൽ പ്രധാനമാണ് വിനോദയാത്രകൾ. വീട്ടിനകത്തെ വിരസമായ റിട്ടയർമെന്റ് ജീവിതത്തിനു ഒരു മാറ്റം. സ്ഥലങ്ങൾ കാണാം. കൂട്ടുകാരുമൊത്ത് ഏതാനും ദിവസങ്ങൾ ഉല്ലാസപ്രദമായി ചെലവഴിച്ച്, പുതിയ ഒരുണർവ്വോടെ തിരിച്ചെത്താം. പുറാം നാടുകളിലെ  അത്ഭുതങ്ങളും , വിചിത്രമായ ഭക്ഷ ണങ്ങളും, ഷോപ്പിങ്ങും ഒക്കെ രസകരവും പ്രയോജനപ്രദവുമാണ്. എന്റെ സഹപ്രവർത്തകർ ദുബായിൽ പോയി, സിംഗപ്പൂരിൽ പോയി , ലക്ഷദ്വീപിൽ പോയി, തായ്‌ലൻഡിൽ പോയി, പിന്നെയും എത്രയോ സ്ഥലങ്ങളിൽ പോയി. ഇപ്പോഴിതാ കാശ്മീരിൽ പോയിരിക്കുന്നു.

യാത്രകളിൽ താത്പര്യമില്ലാത്തയാളാണ് ഞാൻ. അതറിയാവുന്നതു കൊണ്ടാണോ എന്തോ, വരുന്നോ എന്ന് ഗ്രൂപ്പിൽ ഉള്ള ആരും തന്നെ എന്നോട് ചോദിക്കാറില്ല. യാത്രയുടെ വിശദാംശങ്ങൾ നേരത്തെ കൂട്ടി ഗ്രൂപ്പിൽ വരും. പേര് കൊടുക്കാം.പൈസ അടയ്ക്കാം. എല്ലാം അവർ അറേഞ്ച് ചെയ്തോളും. ഇതിനൊന്നും ഞാൻ മുന്നോട്ടു ചെല്ലാറില്ല. ഒരു പക്ഷെ എന്റെ സാഹചര്യങ്ങൾ എവിടെയും പോകാൻ എന്നെ അനുവദിക്കില്ലെന്നും യാത്രയ്ക്ക് വേണ്ടിവരുന്ന ഭീമമായ ചെലവ് എനിക്ക്  വഹിക്കാനാവില്ലെന്നും എന്നെ പരിചയമുള്ള എല്ലാവർക്കും  അറിയുന്നതല്ലേ? അത് കൊണ്ടാവും ആരും ഒന്നും ചോദിക്കാറില്ല.

ചില പ്രത്യേക കാരണങ്ങൾ കൊണ്ടാണ് പണ്ട് മുതൽക്കേ ഞാൻ ഉല്ലാസ യാത്രകൾ ഒഴിവാക്കുന്നത്.  ഒന്ന് എനിക്ക് ഭയങ്കര യാത്രച്ചൊരുക്കാണ്. വഴി നീളെ ഛർദ്ദിക്കുന്നത്, എനിക്ക് മാത്രമല്ല, ഒപ്പം യാത്രചെയ്യുന്നവർക്കും പ്രയാസമാകും. സ്വതേ അനാരോഗ്യവതിയായതു കൊണ്ട് യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ക്ഷീണം എന്നെ തളർത്തും.. ഒന്നും ആസ്വദിക്കാനാവാതെ പെട്ടെന്ന് പനിയോ മറ്റോ പിടിപെട്ടു ഞാൻ കിടപ്പിലാവുകയും ചെയ്യും. അങ്ങനെയുള്ള ഞാൻ എന്തിനാണ് കൂട്ടുചേർന്നുള്ള യാത്രകൾക്ക് ഒരുങ്ങുന്നത്?മറ്റുള്ളവരെ മെനക്കെടുത്താൻ!

അങ്ങനെ പണ്ടൊരിക്കൽ സംഭവിക്കുകയും ചെയ്തു. ചിലകൂട്ടുകാർക്കൊപ്പം ഞാൻ മൂകാംബികയിൽ പോയി. വർഷങ്ങൾക്കു   മുൻപാണ്. ട്രെയിനിലും ബസിലുമൊക്കെയായി മൂകാംബികയിലെത്തിയപ്പോൾ ഞാൻ അവശയായി.  അമ്പലത്തിൽ ഒന്നു  തൊഴുതു വന്ന്  ഞാൻ ഹോട്ടലിൽ  കിടപ്പായി. നല്ല പനിയും തുടങ്ങി. പിറ്റേന്ന് രാവിലത്തേയ്ക്ക് പ്ലാൻ ചെയ്തിരുന്ന കുടജാദ്രി യാത്ര മുടങ്ങുന്ന മട്ടായി. "നിങ്ങൾ പോയി വരൂ, ഞാൻ ഹോട്ടലിൽ കിടന്നോളാം "എന്ന് ഞാൻ പ റഞ്ഞെങ്കിലും  അവരും  യാത്ര വേണ്ടാന്ന് വയ്ച്ച് എന്നോടൊപ്പമിരുന്നു. പിറ്റേന്ന് ഞങ്ങൾ മടങ്ങി പോരുകയും  ചെയ്തു.

യാത്രകൾ ഞാൻ ഒഴിവാക്കുന്നതിനുള്ള പ്രധാനകാരണം ഇതൊന്നുമല്ല. എനിക്ക് ഒരിടത്തും പോകണമെന്നില്ല. ഒന്നും കാണണമെന്നുമില്ല.  വീടാണ് എന്റെ ലോകം. ഞങ്ങളുടെ കുട്ടിക്കാലത്ത്  അവധിക്കു ദൂരയാത്രകൾ കുടുംബത്തോടെ പോകുന്ന പതിവൊന്നുമില്ല. പോകുന്നത് അമ്മവീട്ടിലേയ്‌ക്കോ  അച്ഛന്റെ     തറവാട്ടിലേയ്‌ക്കോ മാത്രം.  ബന്ധു വീടുകളിൽ വല്ല കല്യാണത്തിനോ മറ്റോ പോയാലായി. എന്റെ മാതാപിതാക്കളും ഗ്രാൻഡ് പേരന്റസും യാത്രകളിൽ തത്പരരായിരുന്നില്ല. എന്നു  വച്ച് അപൂർവം ചില യാത്രകളൊക്കെ ചെയ്തിട്ടുണ്ട് ഞാനും. അതൊക്കെ ഒഴിച്ച് കൂടാൻ വയ്യാത്ത സാഹചര്യങ്ങളിൽ എന്ന് എടുത്തു പറയേണ്ടതുണ്ട്. 

യാത്രചെയ്യാൻ മടി തോന്നുന്നതിനുള്ള മറ്റൊരു കാരണം അനാരോഗ്യ അവസ്ഥ തന്നെ. കയറാനും ഇറങ്ങാനും നടക്കാനുമൊക്കെ ബുദ്ധിമുട്ടു തോന്നാറുണ്ട്. ദിനചര്യകളും ടോയ്‌ലെറ്റും ഒക്കെ പ്രശ്നമാകും.   ഇതിലേറെ പ്രായം ചെന്നവർ,രോഗങ്ങൾ ഉള്ളവർ യാത്രചെയ്യുന്നുണ്ട്. അതൊരു മാനസീകാവസ്ഥകൂടിയാണ്. 'ആശ' അതൊരു പ്രധാന കാരണം തന്നെ യാണ്.എന്തിനും ആഗ്രഹം  വേണം. എനിക്കതില്ല..      

യാത്രകൾ ഞാൻ എന്ജോയ് ചെയ്യാറില്ല. വീട്ടിനകത്തെ സുഖം എനിക്ക് മറ്റെവിടെയും കിട്ടാറില്ല .കാഴ്ചകൾ കാണാൻ കമ്പവുമില്ല.പിന്നെ എന്തിനു പോകണം.

എന്റേതായ വിനോദങ്ങൾ എനിക്കുണ്ട്. വായിക്കും.എഴുതും. സിനിമ കാണും. പാട്ടു കേൾക്കും . ഓരോരുത്തർക്ക് താത്പര്യം ഓരോന്നിലല്ലേ ? യാത്രകൾ എഴുതാനൊക്കെ മുതൽക്കൂട്ടാണ്. വലിയ എഴുത്തുകാരെല്ലാം ധാരാളം യാത്രകൾ ചെയ്യുന്നവരാണ്. പക്ഷേ  എന്ത് ചെയ്യാം , സാധിക്കണ്ടേ? തോന്നണ്ടേ?മനസ്സും ശരീരവും അനുവദിക്കണ്ടേ? ഈ ജന്മം എനിക്ക് ഇത്രയൊക്കെയേ പറഞ്ഞിട്ടുള്ളു എന്ന് സമാധാനിക്കാം.         

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA