കൈയെത്തും ദൂരെ

stockimagesbank-shutter
Representative image. Photo Credit: stockimagesbank/istockphoto.com
SHARE

'ലൈഫ് വിത്ത് ഗ്രാന്റ് ഫാദർ' എന്നൊരു കഥാപുസ്തകം കുട്ടിക്കാലത്തു വായിച്ചിട്ടുണ്ട്. അത് ആരെഴുതിയതാണ് എന്നൊന്നും ഓർമയില്ല. വൃദ്ധനായ അപ്പൂപ്പനോടൊപ്പം അവധിക്കാലം ചെലവഴിക്കാനെത്തുന്ന ഒരാൺകുട്ടിയുടെ വികൃതികളായിരുന്നു ആ കഥയ്ക്ക് വിഷയം. അതു  പോലെ ഒരു കുട്ടിക്കാലം എനിക്കും എന്റെ അമ്മ വീട്ടിൽ ഉണ്ടായിരുന്നു. എത്ര പുസ്തകങ്ങൾ വേണമെങ്കിലും രചിക്കാനും മാത്രമുള്ള അനുഭവകഥകളും യക്ഷിക്കഥകളും അന്ന് എന്റെ അമ്മൂമ്മ പറഞ്ഞു തന്നിരുന്നു. ഞാൻ വികൃതി കുട്ടിയേയല്ല. ഒരു പേടിത്തൊണ്ടിയാണ് താനും. ധൈര്യത്തിന് ഒരു പര്യായമാണ് എന്റെ അമ്മൂമ്മ. ചെറുപ്പത്തിൽ അമ്മൂമ്മ ഗർഭിണി ആയിരുന്ന സമയത്ത് ഒരു ദിവസം വെള്ളം കോരുന്ന തൊട്ടി കിണറ്റിൽ പോയി. പരിസരത്തൊന്നും ആരുമില്ല. അപ്പൂപ്പൻ എത്തിയിട്ടില്ല. വെള്ളത്തിന് ആശ്രയം അന്ന് കിണറു മാത്രമാണ്. രണ്ടും കൽപ്പിച്ച് മുണ്ടു മടക്കി തറ്റുടുത്ത് ഗർഭിണിയായ ആ യുവതി കിണറ്റിലിറങ്ങി തൊട്ടിയെടുത്തു. കൂൾ ആയി തിരികെ കയറി വന്നു. കിണറ്റിൽ ഒന്നെത്തി നോക്കാൻ പോലും പേടിയുള്ള ഞാൻ ഈ കഥ കേട്ട് എത്രയോ തവണ കിടുങ്ങി വിറച്ചിട്ടുണ്ട്.     

അതേ സമയം ഭയത്തിന്റെ ഇരിപ്പിടമാണ് എന്റെ അമ്മ. കിണറ്റിനടുത്തു പോകരുത്, എത്തി നോക്കരുത്, കായൽ തീരത്തു പോകുമ്പോൾ സൂക്ഷിക്കണം. തെങ്ങിൻ ചോട്ടിൽ പോയി നിന്ന് കളിക്കരുത്. ഉണങ്ങിയ ഓലയോ തേങ്ങയോ തലയിൽ വീഴും. കാവിനകത്തൊന്നും  കേറരുത്. പാമ്പുണ്ടാകും. ഇങ്ങനെയൊക്കെ ഉപദേശിച്ചാണ് ഞാനും പേടിക്കാരിയായത്. എന്റെ പേടി കുറയ്ക്കാൻ അമ്മൂമ്മ അവരുടെ വീരകഥകൾ പലതും പറഞ്ഞു തരും. എന്തു കാര്യം? പേടി കൂട്ടിയിട്ടേയുള്ളൂ. 

അതിലൊന്ന് കുട്ടിക്കാലത്ത് അമ്മൂമ്മയും കൂട്ടുകാരികളും തനിയെ കായലിൽ ഇറങ്ങി നീന്തൽ പഠിച്ച കഥയാണ്. രണ്ടു പേട്ടു  തേങ്ങകൾ (ഉള്ളിൽ കാമ്പില്ലാത്തത്) ഒരു കയർ കൊണ്ട് കൂട്ടിക്കെട്ടി കായലിൽ ഇട്ടാൽ അത് പൊങ്ങിക്കിടക്കും. പഴയ കാലത്തെ സേഫ്റ്റി ബെൽറ്റാണത്. ആ കയറിന്റെ  മീതെ കമഴ്ന്നു കിടന്ന് കൈകാലിട്ടടിക്കുക. ക്രമേണ ആ സേഫ് ബെൽറ്റില്ലാതെ തന്നെ കൈകാലിട്ടടിച്ച് നീന്താനാവുമത്രെ. എന്തൊരു ധൈര്യം! വീട്ടിൽ അറിയിക്കാതെയാണ് അമ്മുമ്മയും കൂട്ടുകാരികളും ചേർന്ന് ഈ നീന്തു പഠിത്തം. പറഞ്ഞാൽ സമ്മതിക്കില്ല. ആൺകുട്ടികളെയൊക്കെ നീന്താൻ പഠിപ്പിക്കും. അവർ നീന്താൻ അറിയുന്ന കൂട്ടുകാരോടൊപ്പം പോയി തനിയെ പഠിക്കും. പിന്നെ പെൺകുട്ടികൾക്കെന്താ? അന്നത്തെ ധീരവനിതകൾ വിടുമോ? അവരും നീന്താൻ പഠിച്ചു. ഓളമിളകുന്ന കായലിൽ ഇറങ്ങാൻ എങ്ങനെ ധൈര്യം വന്നോ അവർക്ക്? സ്വതന്ത്രമായി കളിച്ചു നടക്കുന്ന ആ കാലത്ത് ഒന്നിനും തടസ്സമില്ലല്ലോ. മരം കേറാനും, മീൻ പിടിക്കാനുമൊക്കെ പോയിട്ടുള്ള കഥകൾ അമ്മൂമ്മ പറയുമ്പോൾ എനിക്ക് കൊതിയാകും. പക്ഷേ ധൈര്യത്തിന് എവിടെ പോകും. അന്നത്തെ ബാല്യകൗമാരങ്ങൾ സ്വതന്ത്രരാണ്.

ഇന്ന് അതാണോ? ഫ്ളാറ്റുകൾക്കകത്ത്, അല്ലെങ്കിൽ വീട്ടിനകത്തല്ലേ കുട്ടികൾ. എല്ലാ മറന്നു ഓടിക്കളിച്ചു തിമിർക്കാൻ അവസരമെവിടെ? (മൈതാനങ്ങളിലോ പാർക്കുകളിലോ ഫ്ലാറ്റിന്റെ താഴെയുള്ള കാർ പാർക്കിലോ ഒക്കെ കളിക്കുന്നില്ല എന്ന് പറയാനാവില്ല.)

അമ്മൂമ്മയുടെയും അമ്മയുടേയുമൊക്കെ തലമുറയ്ക്കുശേഷം ഞങ്ങളുടെ കുട്ടിക്കാലത്തും അവധിക്കാലം മുഴുവൻ കളിച്ചു നടക്കുന്ന പരിപാടി ഉണ്ടായിരുന്നു. ഒറ്റായൊറ്റ വീടുകളല്ലേ, ചുറ്റും പറമ്പും വലിയ മുറ്റവുമൊക്കെയുണ്ട്. ഓടിക്കളി, ഒളിച്ചുകളി, സാറ്റ് കളി അങ്ങനെ എന്തെല്ലാം. ഞങ്ങളുടെ അയല്പക്കത്ത് ആൺപെൺ ഭേദമില്ലാതെ ഞങ്ങൾ കുട്ടികൾ കളിച്ചിരുന്നു. മധ്യവേനൽ അവധിയാണ് കളിയുടെ കാലം. പാട്ടും നൃത്തവും നാടകാഭിനയവും ഒക്കെ ഉണ്ടായിരുന്നു. അന്ന് ഒരുമിച്ചു കളിച്ചവരുടെ പേരുകളും രൂപവും വരെ ഓർമയുണ്ട്. (അവരിൽ ചിലർ ഇന്ന് ജീവിച്ചിരിപ്പില്ല എന്ന് സങ്കടത്തോടെ ഓർക്കുന്നു.) രാവിലെ ഭക്ഷണം കഴിഞ്ഞു കളിക്കാനിറങ്ങിയാൽ ഉച്ചയ്ക്ക് വിശപ്പ് ആളിക്കത്തുമ്പോൾ തിരികെ കയറിയാലായി.  അപൂർവമായി ഏതെങ്കിലും വീട്ടിലൊക്കെ കയറി ഊണു കഴിച്ചിട്ടുണ്ട്. എല്ലാ വീടുകളിലുമുണ്ട് മൂന്നും നാലും കുട്ടികൾ. ഒന്നോ രണ്ടോ പേർ  കൂടി ചോറുണ്ടാലെന്താ? ഒന്നുമില്ല. ഉച്ചയ്ക്ക് ശേഷം വീണ്ടും കളി തുടരും. നാലുമണി പലഹാരങ്ങളും കളിയ്ക്കാൻ ഒത്തു കൂടുന്ന കുട്ടികൾക്കെല്ലാം കൊടുക്കുന്ന അമ്മമാരും ഉണ്ടായിരുന്നു. അന്ന് ഞങ്ങളുടെ തിരുവനന്തപുരം ഇന്നത്തെപ്പോലെ തിരക്കുള്ള സിറ്റിയല്ല. അല്പം വികസിച്ച ഒരു ഗ്രാമം എന്നേ  പറയേണ്ടൂ. വീടുകളിൽ എല്ലാ കാര്യത്തിലും ഒരു ഗ്രാമീണ രീതി ആയിരുന്നു. ചക്കയും കപ്പയും കാച്ചിലും ചേനയും ചേമ്പും നനകിഴങ്ങുമൊക്കെ പുഴുങ്ങുക, കുട്ടികളെയെല്ലാം വിളിച്ചിരുത്തി കൊടുക്കുക, അതൊക്കെ അന്നത്തെ രീതികളായിരുന്നു. ആ കാലമൊക്കെ പോയില്ലേ? സന്ധ്യവരെ കളി തുടരും. അമ്മമാർ ചീത്ത പറയുമ്പോഴാകും കളി നിർത്തുക.                

എന്റെ വീടിന്റെ പരിസരത്ത് കായലും തോടും ഒന്നുമില്ല. സിറ്റിയിൽ തന്നെയാണ് വീട്. അതു കൊണ്ട് നീന്തൽ ഞങ്ങളുടെ ടൈംടേബിളിൽ ഉണ്ടായിരുന്നില്ല. അമ്മവീട്ടിൽ കൊണ്ടുപോയി, തൊട്ടു മുന്നിലുള്ള കായലിൽ എന്നെയും അനുജത്തിയേയും നീന്തൽ പഠിപ്പിക്കാൻ അമ്മ ഒരു വിഫലശ്രമം നടത്തി. അമ്മാവനാണ് കോച്ച്. വെള്ളത്തിൽ ഇറങ്ങിയാലുടനെ ഞാൻ അമ്മാവന്റെ കഴുത്തിൽ തൂങ്ങും. പിടി വിടില്ല. വെള്ളത്തിൽ തൊടാതെ എങ്ങനെ നീന്തു പഠിക്കും? രണ്ടു മൂന്നു ദിവസം ശ്രമിച്ച് പരാജയപ്പെട്ട് അമ്മാവൻ എന്നെയും അനുജത്തിയേയും കരയിൽ കയറ്റിവിട്ടു. കൂടെ പഠിക്കാൻ വന്ന കസിൻ സഹോദരന്മാരെല്ലാം ഒന്നാംതരമായി നീന്താൻ തുടങ്ങി. ഇന്നും എനിക്ക് നിരാശയുണ്ട്, അവരെപ്പോലെ വെള്ളത്തിൽ ചാടി നീന്താൻ കഴിഞ്ഞില്ലല്ലോ എന്ന്.

വർഷങ്ങൾക്കു ശേഷം തിരുവനന്തപുരം വാട്ടർ വർക്‌സിൽ സ്വിമ്മിങ് പൂൾ വന്നു. എന്റെ കൊച്ചനുജനും അനുജത്തിയും എന്റെ മകനുമൊക്കെ അവിടെ പോയി നീന്താൻ പഠിച്ചു. എനിക്ക് കഴിയാതെ പോയ ആ സ്‌കിൽ എന്റെ മക്കളെയും കൊച്ചുമക്കളെയും ഞാൻ സ്വിമ്മിങ് പൂളുകളിൽ കൊണ്ടുപോയി പഠിപ്പിച്ചു.  

അമ്മവീട്ടിൽ ഇന്നും വല്ലപ്പോഴും പോകുമ്പോൾ ഞാൻ ആ കായൽത്തീരത്ത് ചെന്ന് നോക്കി നിൽക്കും. തൊണ്ടഴുക്കാനായി കെട്ടിയ വട്ടങ്ങൾക്കുള്ളിൽ ആമ്പൽ പൂക്കൾ വിടരാറുണ്ട്. പുറം കായലിൽ ഓളങ്ങൾ തന്നെ. വള്ളങ്ങൾ പോകുന്നത് കാണാം. വരമ്പുകളിൽ കായ്ച്ചു നിൽക്കുന്ന തെങ്ങുകൾ! കളിക്കുന്ന കുട്ടികളുടെ ആരവം കേൾക്കുന്നുണ്ടോ? ഇല്ല. എല്ലാം നിശബ്ദം. നല്ല കാറ്റുണ്ടാവും. കാറ്റ്  മെല്ലെ എന്റെ ചെവിയിൽ മൂളും. "കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം!"                                           

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS