– ഡോക്ടറേ...എനിക്ക് എത്രയും പെട്ടെന്ന് ഒരു അറ്റാക്ക് റെഡിയാക്കിത്തരണം
മൂന്നു മാസങ്ങൾക്കു മുൻപ് ഒപി മുറിയിലേക്കു തിരക്കിട്ടു കടന്നുവന്ന ആ മധ്യവയസ്കന്റെ ആവശ്യംകേട്ട് രേണു ആദ്യമൊന്ന് അമ്പരന്നുപോയി. ഹാർട്ട് അറ്റാക്കിനെക്കുറിച്ച് ഇത്രയും ലൈറ്റ് ആയ ഒരു ഫലിതം അവളുടെ രണ്ടരപതിറ്റാണ്ടു തികഞ്ഞ മെഡിക്കൽ ജീവിതത്തിൽ ആദ്യമായാണ് കേൾക്കുന്നത്. മധ്യവയസ്കനെങ്കിലും കണ്ടാൽ വളരെ സുമുഖൻ. കുലീനമായ സൗന്ദര്യം. കൃതാവിൽ ചെറിയ നര കയറിയിട്ടുണ്ടെന്നുമാത്രം. മുഖത്തിപ്പോഴും ചെറുപ്പം. കട്ടിമീശയിൽ യൗവനമിപ്പോഴും കടിച്ചുപിടിച്ചിരിക്കുന്നതുപോലെ തോന്നും. പേഷ്യന്റ് റജിസ്റ്ററിൽ നോക്കിയപ്പോഴാണ് അയാൾക്ക് വയസ്സ് 52 ആയെന്ന് മനസ്സിലായത്. അതൊക്കെ ഒരു പ്രായമാണോ? ‘ഫിഫ്റ്റീസ് ഈസ് ജസ്റ്റ് എ ബിഗിനിങ് മൈ രേണൂ...’ എന്നല്ലേ തോമസ് ഡോക്ടർ കഴിഞ്ഞദിവസവും പാർട്ടിയിൽവച്ചു പറഞ്ഞത്. അഞ്ചാമത്തെ പെഗിലേക്ക് ഐസ്ക്യൂബിടുമ്പോഴും കൈ വിറയ്ക്കരുത്.. എങ്കിൽ ചെറുപ്പം വിട്ടിട്ടില്ലെന്ന് ഉറപ്പിക്കാമെന്നതാണ് തോമസ് ഡോക്ടറുടെ ഫിലോസഫി. രേണു അത്രയൊന്നും പരീക്ഷണത്തിനു നിന്നുകൊടുക്കാറില്ല. രണ്ട് പെഗ്.. രണ്ടേ രണ്ടു പെഗ്.. അവിടംകൊണ്ട് മതിയാക്കുകയാണ് പതിവ്. അവൾക്കും വയസ്സ് 50 കഴിഞ്ഞതുകൊണ്ടൊന്നുമല്ല, രണ്ടു പെഗിൽ ലാസ്റ്റ് സിപ്പെടുത്ത് നാവുകുഴയാതെ ബൈബൈ പറഞ്ഞിറങ്ങുകയാണ് അവളുടെ ഒരു സ്റ്റൈൽ. പിറ്റേന്ന് മോണിങ് ഷിഫ്റ്റ് ഉള്ള രാത്രികളിൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കാറുമുണ്ട്.
അറ്റാക്ക് റെഡിയാക്കിത്തരണമെന്നു പറഞ്ഞ അപരിചിതനായ സുന്ദരനെ വലിയൊരു ചിരിയോടെയാണ് അവൾ അന്ന് ഒപി റൂമിലേക്കു വരവേറ്റത്. അവൾ ഇരിക്കാൻ പറയുംമുൻപേ അയാൾ തൊട്ടുമുന്നിലെ കസേരയിൽ ഇരിപ്പുറപ്പിച്ചിരുന്നു. കംപ്യൂട്ടർ സ്ക്രീനിൽ അയാളെക്കുറിച്ചള്ള പേഷ്യന്റ് ഡീറ്റെയിൽസ് വായിക്കുന്നതിനിടയിലും രേണു അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ലിനൻ ഷോർട്ട് കുർത്തയും പൈജാമയുമായിരുന്നു വേഷം. കയ്യിൽ സ്വർണത്തിന്റെ ഒരു ചെയിൻ. വിരലിലൊരു വജ്രമോതിരത്തിന്റെ വെൺതിളക്കം. കഴുത്തിൽ സ്വർണത്തിന്റെയൊരു സച്ചിൻ ചെയിൻ.. ഷർട്ടിന്റെ ബട്ടനുകൾക്കിടയിലൂടെ അയാളുടെ മാറിലെ ഇളംകറുപ്പുനിറത്തിലെ രോമങ്ങൾ കാണാം.. നെഞ്ചത്തൊട്ടിക്കിടക്കുന്നൊരു പ്ലാറ്റിനം പെൻഡന്റും. വൃത്തിയായി വെട്ടിയൊതുക്കിയ ബുൾഗാൻ, ഡൈ ചെയ്തതെങ്കിലും ആകർഷകത്വം തോന്നിക്കുന്ന കട്ടിമീശ. ബിസിനസുകാരനോ ഐടി പ്രഫഷനലോ മറ്റോ ആകാനേ തരമുള്ളൂ.
മുറിയിൽനിന്നിരുന്ന ജൂനിയർ ഡോക്ടർ എൽസയിലായിരുന്നു അയാളുടെ കണ്ണ്.
– കൊച്ച് ഈ നാട്ടുകാരിയാണോ? ഏതാ സഭ? പള്ളിയിലോ മറ്റോ കണ്ട് നല്ല പരിചയം..
എൽസ അതിനു മറുപടിയൊന്നും പറഞ്ഞില്ല. അവൾക്ക് മലയാളം നല്ല വശമില്ല. അയാൾ എൽസയെത്തന്നെ നോക്കിയിരിക്കുന്നതു കണ്ട് രേണുവിന് അരിശം തോന്നാതിരുന്നില്ല. അല്ലെങ്കിലും എൽസയെപ്പോലെ ഒരു സുന്ദരിക്കുട്ടി മുറിയിലുള്ളപ്പോൾ ഒരു പടുകിഴവൻപോലും തന്നെ ശ്രദ്ധിക്കാൻപോകുന്നില്ലെന്ന് രേണുവിന് അറിയാം. എൽസ ചെറുപ്പമാണ്. അടുത്തിടെമാത്രം ആശുപത്രിയിൽ ചാർജെടുത്ത ഗോവൻ മലയാളിക്കുട്ടി. അവളുടെ ചെമ്പിച്ചു ചുരുണ്ട മുടിയും പൂച്ചക്കണ്ണും കാണുമ്പോൾ തന്നെ ആരും വീണുപോകും.
–സീ മിസ്റ്റർ. ടോമി..
രേണു അൽപം കടുപ്പിച്ചാണ് അയാളുടെ പേര് വിളിച്ചത്.
– യെസ് ഡോക്ടർ... ഡോക്ടറ് എന്റെ രോഗചരിത്രോം ഭൂമിശാസ്ത്രവുമൊക്കെ വായിച്ചു തീരുംവരെ എന്തെങ്കിലും മിണ്ടിപ്പറഞ്ഞിരിക്കാമെന്നു കരുതി.. അല്ലാതെ...
– ഉവ്വ്.. മനസ്സിലായി...
അൽപസമയത്തെ നിശ്ശബ്ദത.
പ്രത്യക്ഷത്തിൽ അയാൾ ആരോഗ്യവാനാണ്. ഒരു ഹെൽത്ത് ചെക്കപ്പിനു വന്നുവെന്നേയുള്ളൂ. അല്ലാതെ പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ലെന്നു തോന്നുന്നു. അവൾ അയാൾ ചെയ്യേണ്ട രക്ത പരിശോധനകളും സ്കാനും നഴ്സിനോടു നിർദേശിച്ചു.
– പറയൂ മിസ്റ്റർ ടോമി
– ഡോക്ടറേ ഈ മിസ്റ്റർ വിളി വേണ്ട. ടോമി എന്നു പേര് വിളിച്ചാൽ മതി... എനിക്കത്ര പ്രായമൊന്നുമില്ല. ചിലപ്പോൾ ഡോക്ടറേക്കാൾ ഒന്നുരണ്ടുവർഷം ഇളയതാകാനേ തരമുള്ളൂ...
അതുകേട്ടപ്പോൾ ഒരു അൻപത്തിരണ്ടുകാരനിൽനിന്ന് അൻപതുകാരിക്ക് കിട്ടിയ ഏറ്റവും വലിയ അപമാനമായി രേണുവിന് തോന്നി....അവൾ അയാളുടെ ഫയൽ ക്ലോസ് ചെയ്ത് റൗണ്ട്സിനിറങ്ങി. അയാൾ ഇനി ഫോളോ അപ്പിനു വരാതിരിക്കട്ടെ എന്നു മനസ്സിൽ പിറുപിറുത്തുകൊണ്ടാണ് അയാൾക്കൊപ്പമുള്ള ആദ്യ കൂടിക്കാഴ്ച അവൾ അവസാനിച്ചത്.
പക്ഷേ, പിന്നെയും പിന്നെയും എത്രയോ കൂടിക്കാഴ്ചകൾ....അല്ല, കാഴ്ചയെന്നു മാത്രം ഉഴപ്പിപ്പറഞ്ഞാൽ അതൊരു നുണയാകുമെന്ന് അവൾക്കറിയാം. ഒപി മുറിയിൽനിന്നു തുടങ്ങിയ ആ പരിചയം ആശുപത്രികന്റീനിലെ ഉച്ചനേരങ്ങളിലേക്കും ബീച്ചിലെ വൈകുന്നേരങ്ങളിലേക്കും ക്ലബിലെ രാത്രിഗ്ലാസുകളിലെ ഐസ് തണുപ്പിലേക്കും വളർന്നത് എത്രവേഗമായിരുന്നു. ഒരേ മേശയ്ക്കിരുവശമിരുന്ന് നേരമ്പോക്കു പറഞ്ഞുതുടങ്ങിയ സൗഹൃദത്തിൽനിന്ന് ഒരേ ഗ്ലാസിൽനിന്നു പകർന്ന ലഹരിയുടെയും ഒരേ ചുണ്ടിൽനിന്നു നുകർന്ന പ്രണയത്തിന്റെയും ഉന്മാദങ്ങളിലേക്കു വളരുകയായിരുന്നു അവരുടെ അടുപ്പം. ചില പരിചയപ്പെടലുകൾ അങ്ങനെയാണെന്ന് ടോമി ഇടയ്ക്കിടെ ആത്മഗതം പറയും. രേണുവിന് അതറിയാഞ്ഞിട്ടല്ല. എങ്കിലും... എങ്കിലുമെന്നൊരു ചിന്തയ്ക്കുതന്നെ അർഥമില്ലെന്നാണ് തോമസ് ഡോക്ടർ പറയാറുള്ളതെന്ന് രേണു വെറുതെ ആശ്വസിക്കും. ഒരിക്കൽ ക്ലബിൽവച്ച് തോമസ് ഡോക്ടർക്ക് ടോമിയെ പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. പതിവു രണ്ട്് പെഗ് ഫിനിഷ് ചെയ്ത് രേണു ടോമിയുടെ ചുമലിൽചാരിയിരിക്കുമ്പോഴായിരുന്നു പെട്ടെന്നു തോമസ് ഡോക്ടറുടെ രംഗപ്രവേശം. രേണു ടോമിയുടെ ചുമലിൽനിന്ന് തല മാറ്റിയില്ല. ആ ചുമലിൽ ചാരിയിരിക്കുമ്പോഴൊക്കെ ഭൂമി അതിന്റെ സങ്കൽപ അച്ചുതണ്ടിലെന്നപോലെ ഒരു ശാന്തത അവളെ ഭ്രമണം ചെയ്തിരുന്നിരിക്കണം.
അപ്പോഴൊക്കെയും ടോമി ചുണ്ടിലേതോ ഗസലിന്റെ ഈണവുമായി കണ്ണടച്ചിരിക്കുകയായിരിക്കുമെന്നു രേണുവിനറിയാം. അല്ലെങ്കിലും അവൾ കൂടെയുള്ളപ്പോഴൊന്നും അയാൾ നിലംതൊട്ടിരുന്നില്ല. കയ്യിൽ കുടിച്ചുതീരാത്തൊരു ഗ്ലാസുണ്ടായിരിക്കും. അവസാനത്തെ സിപ് അയാൾ എപ്പോഴും ബാക്കിവയ്ക്കും. അതു രേണുവിനുള്ളതാണ്. ക്ലബിലെ പതിവു ജുബ്ബാഗായകൻ അയാളുടെ അവസാനപാട്ടും കീബോർഡിൽ വായിച്ചുകഴിഞ്ഞ്, എല്ലാവരും നാവുകുഴഞ്ഞും ചുവടിടറിയും അവിടംവിട്ടിറങ്ങിയെന്ന് ഉറപ്പാക്കിയശേഷമേ ടോമിയും രേണുവും ക്ലബ്ബിൽനിന്ന് ഇറങ്ങാറുള്ളൂ. എല്ലാ പകലുകളും പുലരുന്നത് ആ രാത്രിയുടെ ഗസലോർമകളിലേക്കും ലഹരിയിലേക്കും വന്നു ചിറകുരുമ്മിയിരിക്കാനാണെന്നുപോലും രേണുവിനു തോന്നി. മിക്ക രാത്രികളിലും അവരൊരുമിച്ചിരുന്നു. കണ്ടും കേട്ടും മിണ്ടിയും മിണ്ടാതെയും തൊട്ടും തൊടാതെയും ഒരേ ഇസിജി ഗ്രാഫിലെ രണ്ടു തരംഗങ്ങൾ പോലെ. തിരക്കുകാരണം ക്ലബിലേക്കു വരാൻ കഴിയാത്തപ്പോഴൊക്കെ പരസ്പരം പരിഭവം പറഞ്ഞു രാത്രി പുലർന്നു.
അന്നു ടോമിയെ പരിചയപ്പെടുത്തിക്കൊടുത്തപ്പോൾ തോമസ് ഡോക്ടർ അവളുടെ കയ്യിൽനുള്ളിക്കൊണ്ടു പറഞ്ഞത് രേണു ഇപ്പോഴും ഓർമിക്കുന്നു.
–ഞാൻ പറയാറില്ലേ രേണൂ.. ഫിഫ്റ്റീസ് ഈസ് ജസ്റ്റ് എ ബിഗിനിങ്....
ശരിയാണ്. അൻപതുകൾ അവൾക്കൊരു തുടക്കം മാത്രമായിരുന്നു...