ADVERTISEMENT

പേന, പുസ്തകം പരഹസ്തം ഗതംഗതം എന്നാണ് പ്രമാണം. അന്യന്റെ കയ്യിലായാൽ പോക്ക് തന്നെ. നൊബേൽ സമ്മാനിത കൊളംബിയൻ നോവലിസ്റ്റ് ഗബ്രിയേൽ ഗാർസിയ മാർക്കേസ് അവസാന നോവൽ എഴുതി തൃപ്തി വരാതെ കയ്യെഴുത്തുപ്രതി നശിപ്പിക്കണമെന്ന് രണ്ടാൺമക്കളോടും പറഞ്ഞേൽപ്പിച്ചതാണ് ഡിമെൻഷ്യ രോഗത്തിൽ ഓർമകൾ മറയും മുമ്പേ. മാർക്കേസ് മരിച്ച് 10 വർഷം കഴിഞ്ഞപ്പോൾ അതു വെളിച്ചംകണ്ടു. മക്കളായാലും പരഹസ്തം ഗതംഗതം!

ഓഗസ്റ്റ് വരേയ്ക്കും എന്നാണ് നോവലിന്റെ പേര്. കഥാനായിക അന്ന മഗ്ദലീന വർഷത്തിലൊരിക്കൽ ഓഗസ്റ്റ് 16ന് അമ്മയുടെ ഓർമദിനത്തിൽ ശവകുടീരം സ്ഥിതി ചെയ്യുന്ന കരീബിയൻ ദ്വീപിൽ പോയി പൂക്കൾ അർപ്പിക്കും. ഒരിക്കൽ അവിടെ വച്ച് അന്തിക്കൂട്ടിന് ആളെ കിട്ടി. അതോടെ  അവരുടെ ആന്തരിക ജീവിതം തകിടംമറിയുന്നു. അനേകം ഭൗതിക–ആത്മീയ സമസ്യകളുള്ള പ്രമേയം.

നമ്മുടെ ഭൗതിക വിഷയം സാഹിത്യമല്ല. അതിന്റെ വാണിജ്യമാണ്. മാർക്കേസിന് ശതകോടികളാണ് പുസ്തകങ്ങളിൽ നിന്നു ലഭിച്ചത്. കൊളംബിയയുടെ കറൻസിയായ പെസോയുടെ 50000ന്റെ നോട്ടിൽ മാർക്കേസിന്റെ പടം പോലുമുണ്ട്. പണത്തിനു വേണ്ടിയല്ല, വലിയ എഴുത്തുകാരന്റെ അവസാന നോവൽ എന്ന നിലയിൽ തന്നെയാണ് പ്രസിദ്ധീകരിച്ചതെന്ന് ആൺമക്കളായ റൊഡ്രിഗോയും ഗൊൺസാലോയും ആണയിടുന്നുണ്ടെങ്കിലും ഇതിനും വരുമാനം ചില്ലറയല്ല.

സ്വീഡിഷ് ക്രൈം നോവലിസ്റ്റ് സ്റ്റെയിഗ് ലാർസൺ ‘ഡ്രാഗൺ ടാറ്റൂ’ മില്ലെനിയം സീരീസിൽ 3 പുസ്തകം എഴുതി  പ്രസിദ്ധീകരിക്കും മുമ്പേ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചു. മരണ ശേഷം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ 9 കോടി കോപ്പികളാണ് വിറ്റത്. സീരീസിൽ 10 പുസ്തകങ്ങൾ ലാർസൻ പ്ലാൻ ചെയ്തിരുന്നത്രെ. അതേ കഥാപാത്രങ്ങളെ വച്ച് ഡേവിഡ് ലാഗർക്രാന്റ്സ് എന്ന വേറൊരാൾ മൂന്നെണ്ണം കൂടി എഴുതി. അതും കോടികൾ കൊയ്തു.

മലയാളത്തിൽ ന്യൂജെൻ പുസ്തകം വായിക്കുന്നില്ലെന്ന പരാതിക്ക് പരിഹാരം പോലെ കുറച്ചു പുസ്തകങ്ങൾ ആയിരക്കണക്കിനാണു വിറ്റഴിയുന്നത്. ഇൻസ്റ്റയിൽ റീലിട്ടാണ് പ്രചാരണം. അഖിൽ പി.ധർമജന്റെ ‘റാം കെയർ ഓഫ് ആനന്ദി’, നിമ്ന വിജയിന്റെ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്നിവ വൻ വിൽപനയാണ്. ഒരിക്കലും പുസ്തകം വായിക്കാത്ത പിള്ളേരൊക്കെ വായിക്കുന്നു.

‘തേച്ചിട്ടു പോയ’ പ്രണയ കഥയ്ക്ക് എന്നും മാർക്കറ്റുണ്ട്. പ്രശസ്ത കഥാകൃത്ത് എൻ. മോഹനൻ 1997ൽ എഴുതിയ നോവൽ ‘ഒരിക്കൽ’ വീണ്ടും പ്രസിദ്ധീകരിച്ചപ്പോൾ ‘ഇൻസ്റ്റ ഇറക്കി’. പെട്ടെന്നു ഹിറ്റായി 25 പതിപ്പുകളായി. 

ഒടുവിലാൻ∙ലബ്ധപ്രതിഷ്ഠനായാൽ ഇംഗ്ലിഷിൽ കോടികളാണ് അഡ്വാൻസ്! ഭാവിയിൽ പുസ്തകം വിറ്റു കിട്ടാൻ പോകുന്ന റോയൽറ്റിയിൽ നിന്നു മുൻകൂറായി കോടികൾ നൽകും! അതും കൊണ്ടു ചുറ്റിയടിച്ചാണ് എഴുത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com