കോവിഡ് വന്ന് മൊത്തം ലോക്ഡൗണായപ്പോൾ ഇടിഞ്ഞു താഴ്ന്നു പോയ ബിസിനസ് രംഗമായിരുന്നു കോസ്മെറ്റിക്സ്. മാസ്ക്ക് ഇടുന്നവർക്ക് ലിപ്സ്റ്റിക് വേണ്ട, പൗഡർ വേണ്ട, എങ്ങും പോകാനില്ലാത്തതിനാൽ പെർഫ്യൂം വേണ്ട, മറ്റു പലതരം സൗന്ദര്യ സാധനങ്ങൾ വേണ്ട. ലോകമാകെ തകർന്നടിഞ്ഞത് ലിപ്സ്റ്റിക്കാണ്. മാസ്ക്കിനുള്ളിൽ കാണാൻ പറ്റാത്ത ചുണ്ടിനെ ചുവപ്പിച്ചിട്ടെന്തു കാര്യം?
അങ്ങനെ ലോകമാകെ സൗന്ദര്യ വസ്തുക്കളുടെ ബിസിനസ് 70% വരെ ഇടിഞ്ഞു. സർവ ബ്യൂട്ടി പാർലറുകളും സ്പാകളും പൂട്ടി. കല്യാണങ്ങളും ആഘോഷങ്ങളുമില്ല, ഉടുത്തൊരുങ്ങാൻ അവസരവുമില്ല. നിക്കറിട്ട് വീട്ടിലിരുന്നാൽ മതിയെന്നായി. എല്ലാം പോച്ചെന്നു വിചാരിച്ചിരുന്നപ്പോഴാണ് ലോക്ഡൗൺ കർട്ടൻ പതുക്കെ പൊങ്ങാൻ തുടങ്ങിയത്. പ്രതികാരം പോലെ ഇത്തരം സാധനങ്ങൾ വാങ്ങിക്കൂട്ടുകയാണു ലോകമാകെ.
ഇതൊരു പുതിയ സൈസ് പ്രതികാരമാണ്. രണ്ടു കൊല്ലം ചെയ്യാൻ പറ്റാതിരുന്നതെല്ലാം അത്രയും കാലത്തെ കുറവ് നികത്താനെന്നോണം വാശിയോടെ ചെയ്യുന്നു. തുറന്നു കൊടുത്ത സ്ഥലങ്ങളിലൊക്കെ ഹോട്ടലുകളും റസ്റ്ററന്റുകളും ഫുൾ, ആഘോഷങ്ങളും പാർട്ടികളും. പലരുടേയും വിചാരം ജനം ചെലവു ചുരുക്കി ശീലിച്ച സ്ഥിതിക്ക് കല്യാണമൊക്കെ വരും കാലത്ത് ആഡംബരം കുറച്ച് നടത്തുമെന്നാണ്. നേരേ മറിച്ചാണ് അനുഭവം. പ്രതികാരം പോലെ എല്ലാം കൂടുകയാണ് തുറന്നിടങ്ങളിലെല്ലാം.
ലോക്ഡൗൺ കാലത്തു തന്നെ ഓൺലൈനിൽ സാധനങ്ങൾ വാങ്ങൽ വർധിച്ചിരുന്നു. ലിപ്സ്റ്റിക് ഇട്ടിട്ടു കാര്യമില്ലാത്തതിനാൽ കണ്ണിനുള്ള സാധനങ്ങളുടെ വിൽപ്പന കൂടി. ഐ ഷാഡോ, ഐലൈനർ,മസ്ക്കാര...ഓൺലൈൻ യോഗങ്ങളിൽ പോലും കണ്ണുമാത്രമാണല്ലോ പുറത്തു കാണുന്നത്. എന്നാൽ പിന്നെ കണ്ണിനെ കോമളമാക്കുക തന്നെ. സോപ്പും സാനിറ്റൈസറും നിർമ്മിച്ചു കഴിഞ്ഞു കൂടിയ കോസ്മെറ്റിക് കമ്പനികളെത്ര! അവരുടെ ആഡംബര ബ്രാൻഡിൽ വില കൂട്ടി ഇറക്കിയ സോപ്പിനും സാനിറ്റൈസറിനും നല്ല വിൽപ്പനയുണ്ടായിരുന്നു.
ലോകമാകെ കോസ്മെറ്റിക് വ്യവസായം 50000 കോടി ഡോളറിന്റേതാണ്. ഫ്രാൻസും ഇറ്റലിയുമാണ് പ്രധാന കേന്ദ്രങ്ങൾ. ഐടിക്ക് സിലിക്കൺ വാലി പോലെ സൗന്ദര്യ സാധനങ്ങൾക്ക് ലിപ്സ്റ്റിക് വാലി എന്നൊരു പ്രദേശം തന്നെ ഇറ്റലിയിലുണ്ട്. ലോകത്തെ സൗന്ദര്യ ഉത്പന്നങ്ങളുടെ 55% ഇവിടെ നിന്നാണത്രെ. 1000 കമ്പനികളെങ്കിലുമുണ്ട്. പുതിയ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നു. ചെറിയൊരു പ്രദേശത്ത് 1500 കോടി ഡോളറിന്റെ (ഒരുലക്ഷം കോടി രൂപയിലേറെ) ഉത്പാദനം നടക്കുന്നുണ്ട്. ചുമ്മാതാണോ ഫ്രാൻസും ഇറ്റലിയുമൊക്കെ പണ്ടേ സമ്പന്ന രാജ്യങ്ങളായത്.
ഒടുവിലാൻ∙മാസ്ക്ക് തന്നെ ഫാഷനായി. സാരിക്കും മറ്റു വസ്ത്രങ്ങൾക്കും ചേരുന്ന മാസ്ക്ക് ധരിക്കണം. തുണിയിൽ പല നിറങ്ങളിലും പ്രിന്റുകളിലുമുള്ള മാസ്ക്കുകളുണ്ടാക്കിയാണു സർവ റെഡിമെയ്ഡ് വസ്ത്ര ബ്രാൻഡുകളും പിടിച്ചു നിന്നത്. അടിവസ്ത്ര ബ്രാൻഡുകളും മിച്ചം വന്ന തുണി മാസ്ക്ക് ആക്കി വിറ്റു ബിസിനസിൽ ഉടവു പറ്റാതെ കാത്തു.
Content Summary : Will revenge buying save the Indian luxury market?