ലേറ്റസ്റ്റ് തലമുറയെ ജെൻ ആൽഫാ എന്നാണു വിളിക്കുന്നത്. ജനിച്ചു വീണതേ ഇന്റർനെറ്റിലും കളിച്ചുവളർന്നതേ സ്മാർട്ട് ഫോണിലും. സൈബർ ലോകത്താണു ജീവിതം. തെക്കോട്ട് പോകാൻ പറഞ്ഞാൽ വടക്കോട്ടേ പോകൂ... പക്ഷേ ഇവരുടെ കാലത്തേക്കാണ് എഐ എന്ന നിർമ്മിത ബുദ്ധിയുടെ അപ്ളൈഡ് രൂപമായ ജനറേറ്റീവ് എഐ വന്നു വീഴുന്നത്.
ലോകത്ത് സകല രാജ്യങ്ങളും ജിഎഐയുടെ പേരിൽ നിലവിളിയാണ്. ഇതു കീഴടക്കിയിട്ടു ബാക്കികാര്യം എന്നാണ് ആമോദമായി മോദിയും ബ്രിട്ടനിലെ ഋഷി സുനക്കുമൊക്കെ മസിലു പിടിക്കുന്നത്. അമേരിക്കയും ചൈനയും ഇപ്പോൾ തന്നെ വളരെ മുന്നിലായതിലാണ് മറ്റെല്ലാവർക്കും ചങ്കിടിപ്പ്.
ജിഎഐ കാരണം കമ്പനികളുടെ കാര്യക്ഷമത കൂടും, ഉപഭോക്തൃ സ്വഭാവങ്ങളും ആവശ്യങ്ങളും മുൻകൂട്ടി അറിയാം, തട്ടിപ്പുകൾ കണ്ടുപിടിക്കാം. കണ്ടന്റ് ഉണ്ടാക്കാനും കഴിയും. ടെക്സ്റ്റും പടവും സംഗീതവും സാഹിത്യവും സിനിമയുമെല്ലാം മനുഷ്യൻ ഉണ്ടാക്കും പോലെ തന്നെ എഐ തരും. മനുഷ്യനു പാരയാണല്ലോന്നു ചോദിച്ചാൽ അതെ, നിലവിലുള്ള പണികൾ പതിനായിരക്കണക്കിന് ഇല്ലാതാകാം.
കാലത്തേ തന്നെ ചങ്കിൽകൊള്ളുന്ന വർത്തമാനം പറയുകയാണെന്നു വിചാരിക്കരുത്. ഇന്ത്യയിൽ 54 ലക്ഷം പേരാണ് ഐടി ജോലിക്കാരായിട്ടുള്ളത്. വലിയൊരു വിഭാഗം സോഫ്റ്റ്‌വെയറുകളുടെ ലോ ലവൽ കോഡ് എഴുത്തുകാർ. എഐ സോഫ്റ്റ്‌വെയറുകൾ വന്ന് പണി ഇല്ലാതാക്കുമെന്നാണു ഭീഷണി. പന്തലിട്ടു പ്രതിഷേധ ധർണ നടത്തിയിട്ടു പ്രയോജനമില്ല, പകരം ‘അപ്സ്കിൽ’ ചെയ്യാൻ നോക്കുകയാണ്. തലയ്ക്കു മീതേ വെള്ളം വന്നാൽ അതുക്കുമേലേ തോണി!
പുതിയൊരു പണി ഇറങ്ങിയിട്ടുണ്ട്–പ്രോംറ്റർ! ജിഎഐ സോഫ്റ്റ്‌വെയറുള്ള യന്ത്രത്തോട് എന്താണു വേണ്ടതെന്നു കൃത്യമായി പറഞ്ഞു കൊടുക്കലാണ് പ്രോംറ്റിങ്. ഗൂഗിൾ സെർച്ച് കൊടുക്കുമ്പോൾ കറക്റ്റ് കീവേഡ് കൊടുക്കുന്നതിന്റെ ജിഐ വേർഷൻ. ഉദാ.–ജാവാ ടെക്നോളജിയിൽ ഒരു ലൈബ്രറി മാനേജ്മെന്റ് സിസ്റ്റം ഉണ്ടാക്കണമെന്ന് യന്തിരനോട് പറഞ്ഞു ഫലിപ്പിക്കണം. ടെക്കിക്ക് അതറിയണമെന്നില്ല. സോഫ്റ്റ്‌വെയറിന്റെ 50% കരട് അഥവാ ഡ്രാഫ്റ്റ് എഐ തരും.
നാല് മേഖലകളിലാണ് ബുദ്ധിയുള്ള മെഷീനുകൾക്കു മുൻകൈ. 1.കസ്റ്റമർ ഇൻഫർമേഷൻ– പുതിയ ഹൈബ്രിഡ് കാറിനെപ്പറ്റി വാഹന ഡീലറുടെ എക്സിക്കുട്ടൻ പറയുന്നതിനേക്കാൾ നന്നായി പറയും. 2.സെയിൽസും മാർക്കറ്റിംഗും–സർഗാത്മക കണ്ടന്റ് നൽകും. 3. സോഫ്റ്റ്‌വെയർ.4. ആർ ആൻഡ് ഡി.
എൻജിനീയറിംഗ് കോഴ്സുകളുടെ സിലബസ് ആകെ മാറ്റേണ്ടിവരും. പട വന്നിങ്ങു കേറി, ആ വടിയിങ്ങെട് കുഞ്ഞിപ്പെണ്ണേ എന്നു പറഞ്ഞിരുന്നിട്ടു കാര്യമില്ല. എല്ലാ രാജ്യങ്ങളും ജിഎഐക്കു വേണ്ട പടയൊരുക്കത്തിലാണ്.
ഒടുവിലാൻ∙ ബിസിനസ് ബൂം കോളത്തിന്റെ സാമ്പിളും വിഷയവും കൊടുത്താൽ ഇതേ ശൈലിയിൽ ജിഎഐ എഴുതിത്തരുമത്രെ. എങ്കിലതൊന്നു കാണട്ടെ!