പെണ്ണുടലിലേക്കു ‘തെറി’ക്കുന്ന വാക്ക്

pinkrose-column
Image Credit: Nicoleta Ionescu/Shutterstock.com
SHARE

– ഈ ചെറുക്കന് ഇതെന്തിന്റെ കേടാ? 

– ഏതു ചെറുക്കന്റെ കാര്യമാ ഔതച്ചേടത്തീ?

– ടീവീല് കാണിച്ചില്ല്യോ.. സിനിമേലുള്ളൊരു കൊച്ചൻ ഇന്റർവ്യൂല് എന്തോ വേണ്ടാതീനം പറഞ്ഞെന്ന്? 

– ഓ അതാണോ... 

– ഇക്കണ്ട ടിവിക്കാര് ക്യാമറേം കുടച്ചക്രവുമായി നിൽക്കുമ്പോൾ ഇമ്മാതിരി കോപ്പിലെ വർത്തമാനം പറയേണ്ട വല്ല കാര്യവുമുണ്ടോ? 

– നല്ല ആളാ.. ഔതച്ചേടത്തീടെ കെട്ട്യോൻ രണ്ടെണ്ണം അകത്താക്കിയാല്, പണ്ട് അയലത്തെ അവറാന്റെ അടുക്കളപ്പുറത്തു ചെന്ന് പൂരപ്പാട്ടല്ലായിരുന്നോ? വായ് നിറച്ച് പറഞ്ഞും മേടിച്ചുമല്യോ എന്നും മടങ്ങിവരാറുള്ളൂ?

– എടീ പെണ്ണേ, തെറി പറയാൻ പാടില്ലെന്നല്ല. പക്ഷേ അതിനൊരു നേരോം കാലോം നോക്കണ്ടേ? ഇനിയിപ്പോ കേസായി...പൊലീസായി.. കണക്കായിപ്പോയീ..

തെറികേട്ടുകേട്ട് കാതു ചെകിടിച്ചുപോയൊരു പെണ്ണുമ്പിളക്കാലമുണ്ടായിരുന്നു ഔതച്ചേടത്തിക്ക്. അന്തിയായാൽ അതിയാനു രണ്ടു മോന്തണം. നാലു കാലേൽ വീട്ടിൽ വന്നാൽ കലം രണ്ടെണ്ണം പൊട്ടിക്കണം.. ഓതച്ചേടത്തീടെ കരണത്തും. അതു കഴിഞ്ഞ് അയലത്തെ അവറാന്റെ നെഞ്ചത്തോട്ടു കേറും. പണ്ടെങ്ങാണ്ട് അവറാന്റെ അപ്പന്റെയപ്പൻ അതിരു മാന്തിയെടുത്ത് രണ്ടു മൂട് മരച്ചീനി വച്ചതുതൊട്ടു പറഞ്ഞുതുടങ്ങും. അവറാനും മോശമല്ല. കണക്കിനു തിരിച്ചുപറയും. ഒടുക്കം നാലു കാലിലും നിൽപുറയ്ക്കാതെ രണ്ടുപേരുടെയും വെളിവുപോകുമ്പോൾ മേരിപ്പെണ്ണ് വന്ന് അവറാനെ അകത്തേക്കു താങ്ങിപ്പിടിച്ചുകൊണ്ടുപോകും... ‘ഔതേ ഒന്നെന്നെപ്പിടിച്ചേ’ എന്നും പറഞ്ഞ് അതിയാനും അന്നേരം വെട്ടിയിട്ട ചക്കപോലെ മറിഞ്ഞുവീഴും.. പത്തെൺപതുകിലോ തൂക്കമുള്ള അതിയാനെ വലിച്ചുമിഴച്ചും തിണ്ണയിലേക്കു ചേർത്തുകിടത്തുമ്പോൾ ഔതച്ചേടത്തിയും നല്ല നാല് വർത്തമാനം തിരിച്ചുപറയും.. 

‘അല്ലെങ്കിലും ആരായാലും തെറി പറഞ്ഞുപോകില്ലേ അച്ചോ.. മൻഷ്യന്മാർക്ക് ഇച്ചിരി മനസ്സമാധാനം വേണ്ടേ?’

പെസഹാകുർബാനയ്ക്കു മുൻപുള്ള ആണ്ടുകുമ്പസാരത്തിനു  മുട്ടുകുത്തിനിൽക്കുമ്പോൾ ഗബ്രിയേലച്ചൻ ചോദിക്കും

‘ഔതേ.. ഭർത്താവിനെ തെറി പറയുന്നതു ദൈവത്തിനു നിരക്കാത്തതെന്ന് നീ അറിയുന്നതല്യോ...’

ഔതച്ചേടത്തി അന്നേരം മുട്ടിൽനിന്നുകൊണ്ട് തെറിപറച്ചിലിന്റെ ന്യായം പറയും... 

‘അള മുട്ടിയാൽ ചേരേം കടിക്കുമെന്നല്ല്യോ.. അത്രേം നിവൃത്തി കെട്ടിട്ടാണച്ചോ... അല്ലാതെ വെള്ളേം വെള്ളേമുടുത്ത് വേദപുസ്തകോം വായിച്ച് നല്ലപുള്ളയായിരിക്കുമ്പോഴല്ലല്ലോ ഞാൻ അതിയാനോട് തെറി പറയുന്നത്... അച്ചനങ്ങ് ക്ഷമിച്ചേക്ക്.. അതിനുംകൂടി ചേർത്ത് ഞാൻ രൂപക്കൂടിനു മുന്നിൽ തിരി കത്തിച്ചേക്കാം...’

അപ്പോ അതാണ് കാര്യം. തെറിക്കും വേണമൊരു നേരും നെറീം.. 

പിന്നെന്താന്നു വച്ചാൽ, ലോകമുണ്ടായ കാലം മുതൽ മലയാളിക്കു വീട്ടിലിരിക്കണ പെണ്ണുങ്ങളെ മെയ്ക്കട്ടുകേറിക്കൊണ്ടേ തെറി പറയാൻ അറിയൂ... ഉണ്ണാനും ഉറങ്ങാനും മുള്ളാനും മുക്കാനും കൊച്ചുങ്ങൾ അമ്മയെ കൂട്ടുപിടിക്കുംപോലെ, ആവശ്യത്തിനും അനാവശ്യത്തിനും അമ്മയെ ചേർത്തേ ചിലർ തെറി പറയൂ... മാതൃഭക്തിയുടെ എമ്മാതിരി മാരക വെർഷൻ!!! എങ്ങാണ്ടു കുഴീലോ ചാരത്തിലോ സ്വസ്ഥമായിക്കിടക്കുന്ന അമ്മയെവരെ എന്തിനാണ് ഇവരിങ്ങനെ ഇടയ്ക്കിടെ തെറിപറഞ്ഞ് കുത്തിയെഴുന്നേൽപ്പിക്കുന്നതെന്നു മാത്രം മനസ്സിലാകുന്നില്ല. 

സ്ത്രീയെന്നാൽ അമ്മയാണ് പെങ്ങളാണ് ദൈവമാണ് എന്നതിനൊപ്പം മലയാളിക്ക് ഒരു വിശേഷണം കൂടി ചേർത്തുവയ്ക്കാം. സ്ത്രീയെന്നാൽ അമ്മയാണ് പെങ്ങളാണ് ദൈവമാണ്, പിന്നെ തെറിയുമാണ്.. സ്ത്രീയുമായും അവളുടെ ശരീരവുമായും ബന്ധപ്പെടുത്തിയല്ലാതെ പറയാനറിയില്ലാത്തത്ര ശുഷ്കവും ദരിദ്രവുമായിപ്പോയി മലയാളത്തിന്റെ തെറിസംസ്കാരം. തെറിച്ചുപോയവന്റെ ഭാഷയെന്നൊക്കെ കാൽപനികവൽക്കരിക്കുമ്പോഴും തെറിക്ക് പെണ്ണിന്റെ ഉടലിലേക്കു മാത്രം മഷിചാലിക്കുന്ന ലിപികൾ എങ്ങനെ വന്നുപോയി?  കാലമിത്ര പുരോഗമിച്ചിട്ടും പുതിയ വാക്കുകൾ പല ഭാഷകളിൽനിന്നും കടംകൊണ്ടിട്ടും തെറിവാക്കുകൾക്ക് ഇപ്പോഴും പെണ്ണുടൽ വിട്ടു മോചനം കിട്ടാത്തതു കഷ്ടമായിപ്പോയി. ഇനിയെങ്കിലും അമ്മക്കൈ വിടുവിച്ച് പുതിയ അസ്ഥിത്വം തിരയട്ടെ നമ്മുടെ തെറിക്കുഞ്ഞുങ്ങൾ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}