വല്യമ്മച്ചീ, കേട്ടില്യോ.. സിനിമാനടി നയൻതാര ഇരട്ട പെറ്റെന്ന്...
ങ്ഹേ? അയ്ന് ആ പെങ്കൊച്ചിന്റെ കല്യാണം ഇന്നാളങ്ങട് കഴിഞ്ഞതല്യോ ഉള്ളൂ?
സോറി...പറഞ്ഞപ്പോ തെറ്റിപ്പോയതാ.. പെറ്റത് വേറൊരുത്തിയാ..
നീയെന്താ പറേണേ.. സ്വന്തം കൊച്ചുങ്ങളെ വേറൊരുത്തി പെറ്റെന്നോ?
അതേന്നേ.. സറോഗസിയാന്നാ പറയുന്നേ... അതുകൊണ്ട് വല്യമ്മച്ചി ഇനി കഷ്ടപ്പെട്ട് മാസക്കണക്കൊന്നും നോക്കണ്ട.
ന്റെ മാതാവേ.. സിസേറിയനും പോരാഞ്ഞ് ഇനി സറോഗസിയാണോ ഫാഷൻ?
അയ്യോ ഈ വല്യമ്മച്ചിയുടെയൊരു കാര്യം. സറോഗസി എന്നൊരു ഏർപ്പാടുണ്ട്. പെറാനുള്ള പെണ്ണിനെ വാടകയ്ക്കു കിട്ടും. പത്താംമാസം കൊച്ച് റെഡി.
ഇതൊരുമാതിരി റെഡിമെയ്ഡ് പരിപാടിപോലെയുണ്ടല്ലോ. കൊച്ചിന്റെ തന്തേനേം തള്ളേനേം വരെ വാടകയ്ക്കെടുക്കുവാന്നോ?
ഒന്നു പോ വല്യമ്മച്ചീ. കൊച്ച് അവരുടെ തന്നെയായിരിക്കും. പക്ഷേ പെറ്റത് വേറെ പെണ്ണാണെന്നു മാത്രം. അത്രേള്ളൂ.. അതാണ് സറോഗസി..
അതെന്നാടി കൊച്ചിനെ സ്വന്തം അമ്മ തന്നെ പെറ്റാല്? ആണും പെണ്ണുമായി ഒൻപതെണ്ണത്തിനെ പെറ്റതല്യോ ഞാൻ...... ഇക്കണ്ട പെണ്ണുങ്ങളൊക്കെ അവരുടെ പിള്ളാരെ തന്നെത്താനങ്ങു മുക്കിമുക്കിപ്പെറുകയല്യോ.. പിന്നെ നിന്റെ ഈ സിൽമാനടിക്കെന്താ പെറ്റാല്?
എന്റെ വല്യമ്മച്ചീ, ബോളിവുഡില് മുൻപേ തന്നെ പലരും ഇങ്ങനെയാ പിള്ളാരെയുണ്ടാക്കിയത്. ഇതൊക്കെ പുതിയ കാലത്തിന്റെ ഒരു ട്രെൻഡല്യോ...
എന്തോന്ന് ട്രെൻഡ്? ലോകാവസാനം വരുമ്പോ ഇതുപോലെ പല മറിമായങ്ങളും കാണേണ്ടിവരുമെന്ന് പണ്ടേയുള്ളോര് പറഞ്ഞതു വെറുതെയല്ല..
ഇതു മായയും മറിമായവുമൊന്നുമല്ല വല്യമ്മച്ചീ. അവരൊക്കെ വല്യ തിരക്കുള്ള സെലിബ്രിറ്റികളല്യോ.. അവർക്ക് പേറും പെറപ്പുമൊക്കെയായി എട്ടുപത്തുമാസം കുത്തിയിരിക്കാനൊക്കുവോ? പിന്നെ, പെറ്റ പെണ്ണുങ്ങളെപ്പോലെ തടിച്ചുവീർത്തിരുന്നാൽ ഇവരുടെ ഫിഗറൊക്കെ പോകില്ലായോ? സറോഗസിയാകുമ്പോ അമ്മാതിരി ഏനക്കെടുകളൊന്നൂല്യാ.. പത്താം മാസം കൊച്ചിനെ കയ്യിൽകിട്ടും.
എന്നാലും പെണ്ണുങ്ങളായാൽ പ്രസവിക്കണമെന്നല്യോ ശാസ്ത്രം. പണ്ട് നിന്റമ്മയ്ക്ക് വേദനയിളകി ആസ്പത്രീല് കിടക്കുമ്പോ അവിടത്തെ ഡോക്ടറുടെ നിർബന്ധം കാരണമാ സിസേറിയൻ ചെയ്തത്. ഞാനന്നേ സിസിലിയോട് പറഞ്ഞതാ; കൊച്ചിനെ തന്നെത്താൻ പ്രസവിക്കണമെന്ന്.. അവളത് കേട്ടില്ല. അതാടീ നിന്റെ അമ്മയ്ക്ക് ഇപ്പോഴും നിന്നോടൊരു സ്നേഹക്കുറവ്. മക്കളെ നൊന്തുപെറ്റാലേ സ്നേഹമുണ്ടാകൂ..
എന്റെ വല്യമ്മച്ചീ.. എന്നാ ഒരു വർത്തമാനമാ ഈ പറയുന്നേ.. എന്റമ്മച്ചി കേട്ടാൽ പിന്നെ കഞ്ഞിപോലും തന്നേക്കില്ല. പേറ്റുനോവിനിടയിൽ പ്രഷറ് താണ് ബോധം കെട്ടുപോയ എന്റമ്മച്ചി എങ്ങനെയാണ് തനിയെ പ്രസവിക്കുക. അതല്യോ അന്ന് സിസേറിയൻ ചെയ്തത്. അതുകൊണ്ടെന്നതാ കുഴപ്പം? എന്റമ്മച്ചിക്ക് എന്നോട് ഒരു സ്നേഹക്കുറവുമില്ല. എനിക്ക് അമ്മച്ചിയോടും. അമ്മയാകാൻ നൊന്തുപെറണമെന്നൊക്കെ ആരാ പറഞ്ഞേ?
നീയിതേ പറയൂള്ളൂന്ന് എനിക്കറിയാടീ.. ആ തള്ളേടെയല്യോ കുരിപ്പ്! അപ്പഴേ ഒരു സംശയം, ഈ സറോഗസി വഴി കൊച്ചുണ്ടായാൽ തള്ളയ്ക്കു പാലുണ്ടാകുമോ ?
അയ്ന് സാധ്യതയില്ല. അതിനെന്താ കൊച്ചിന് ഫോർമുല മിൽക് കൊടുക്കാലോ.
നന്നായി.. നിന്റെയൊരു ഫോർമുല.. നിന്റപ്പൻ ആന്റണി നാലു വയസ്സുവരെ എന്റെ പാല് കുടിക്കുമായിരുന്നു. അതിന്റെ നന്ദിയും സ്നേഹവും അവന് ഇപ്പോഴും എന്നോടുണ്ട്. പെണ്ണുമ്പിള്ളയുടെ വാക്കുംകേട്ട് പെറ്റമ്മയെ തള്ളിപ്പറയുന്നവനല്ല അവൻ.
എന്റെ വല്യമ്മച്ചീ.. അത് അപ്പൻ ഒരു നയത്തിലങ്ങനെ നിൽക്കുന്നതല്യോ.. വെറുതെ വല്യമ്മച്ചി കെറുവിക്കണ്ടല്ലോ എന്നു കരുതി അപ്പന്റെ ഒരു നയപരിപാടിയല്യോ. അല്ലാതെ നാലു വയസ്സുവരെ പാലു കുടിച്ചതിന്റെ സ്നേഹക്കൂടുതലൊന്നുമല്ലാ..
ഒന്നുപോടി പെണ്ണേ.. എന്തായാലും ഒരു കാര്യം പറയാം. പെണ്ണുങ്ങളായാൽ നൊന്തു പ്രസവിക്കണം. കുഞ്ഞുങ്ങളെ പാലുകൊടുത്തു വളർത്തണം. അല്ലാതെ സറോഗസിയും സർക്കസും കാണിച്ച് കൊച്ചുങ്ങളെയുണ്ടാക്കാനല്ല ദൈവം പെണ്ണുങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്.
അതെന്നാ വല്യമ്മച്ചീ, അപ്പോ പെണ്ണുങ്ങള് കൊച്ചുങ്ങളെയുണ്ടാക്കാനും വളർത്താനും മാത്രമാണോ? പെണ്ണുങ്ങൾക്കുമില്ലേ അവരുടെ ചോയ്സ്?
നീയെന്റെ കയ്യിൽനിന്നു മേടിക്കും. നീയും നിന്റെ ചോയ്സും.. ഒന്നെഴുന്നേറ്റുപോടീ പെണ്ണേ.. ന്റെ തമ്പുരാനേ.. ഈ പെങ്കൊച്ചിനു നല്ലതുമാത്രം തോന്നിക്കണേ... വല്ലവരും ചെയ്യണ പോക്കണംകേടുകണ്ട് അതിന്റെ തലതിരിയല്ലേ.. ചത്തുപോയ കാർന്നോമ്മാര് തലയ്ക്കു മീതെ നിൽക്കണുണ്ട്.. എല്ലാം കണ്ടുംകേട്ടുംകൊണ്ട്... നീയ് പെറണ കുഞ്ഞിന്റെ തലതൊട്ടിട്ടുവേണം എനിക്കു കണ്ണടയ്ക്കാൻ.. ഞങ്ങള് കണ്ടുപിടിക്കണ പയ്യനെയും കെട്ടി പത്താംമാസം മാലാഖ പോലൊരു ആൺകൊച്ചിനെ പെറ്റുതന്നേക്കണം. നിന്റെ അപ്പനോട് നിന്റെ കല്യാണക്കാര്യം ഞാൻ പറയുന്നുണ്ട്.. ഇനി വച്ചുതാമസിപ്പിക്കത്തില്ല. താമസിപ്പിച്ചാൽ പെങ്കൊച്ചുങ്ങള് കയ്യീന് പോകും...
അതെപ്പോ പോയീന്നു ചോദിച്ചാ മതി എന്റെ വല്യമ്മച്ചീ....അല്ല പിന്നെ...എന്റെ കാര്യം ഞാൻ നോക്കിക്കോളാം..
(ഒരു പൊട്ടിത്തെറി...ഒരു പൊട്ടിച്ചിരി.... ശുഭം)
Content summary : Pink Rose column by Riya Joy on surrogacy