ആത്മഹത്യയുടെ പ്ലാൻ ബി ഓപ്ഷൻ; അവളിപ്പോൾ സന്തോഷവതിയാണ്...

HIGHLIGHTS
  • അഞ്ചു വർഷം പിന്നിട്ട പ്രണയത്തിന്റെ വേദനിപ്പിക്കുന്ന രാത്രികൾ... ഒറ്റപ്പെടലുകൾ..
  • ഇതെല്ലാം സമ്മാനിച്ച മുറിപ്പാടുകൾ അവളുടെ ശരീരത്തിലും മനസ്സിലും ഇപ്പോഴും തിണർത്തു കിടക്കുന്നുണ്ടെന്നു തോന്നി...
Indian woman
Representative Image. Photo By: Varavin88/shutterstock
SHARE

– എന്നോടു മാത്രമായൊരു ഇഷ്ടം എന്നെങ്കിലും നിനക്ക് ഉണ്ടായിരുന്നോ

ഉറങ്ങിക്കിടക്കുന്ന അയാളെ ഒരിക്കൽകൂടി തിരിഞ്ഞുനോക്കി, കിടപ്പുമുറിയുടെ വാതിൽ പാതിചാരി പുറത്തെ ബാൽക്കണിയിലേക്കിറങ്ങുമ്പോൾ അവൾക്കറിയാമായിരുന്നു, ഇത് അയാൾക്കൊപ്പം ഉറങ്ങിയുണരുന്ന അവളുടെ അവസാനത്തെ പ്രഭാതമാണെന്ന്. എങ്കിലും മനസ്സിൽ ഒരു തരിപോലും മരവിപ്പു തോന്നിയില്ല. കോഫി കഴിച്ചെന്നു വരുത്തി കുളിമുറിയിൽ ഇളംചൂടുവെള്ളംനിറച്ച ബാത്ത്ടബിൽ മുങ്ങിക്കിടന്നത് എത്രനേരമാണെന്ന് ഓർമയില്ല. അഞ്ചു വർഷം പിന്നിട്ട പ്രണയത്തിന്റെ വേദനിപ്പിക്കുന്ന രാത്രികൾ... ഒറ്റപ്പെടലുകൾ... ഇതെല്ലാം സമ്മാനിച്ച മുറിപ്പാടുകൾ ശരീരത്തിലും മനസ്സിലും ഇപ്പോഴും തിണർത്തു കിടക്കുന്നുണ്ടെന്നു തോന്നി.... ആ മുറിവുകളിലൂടെ, സങ്കടപ്പെടുത്തുന്ന ഓർമകളിലൂടെ വിരലോടിച്ച് ആ ടബ്ബിൽ കിടന്നു അവൾ മയങ്ങിപ്പോയിരിക്കണം. അപ്പോഴാണ് മൊബൈലിൽ ഒരു വാട്സാപ്പ് സന്ദേശത്തിന്റെ ശബ്ദം. നനഞ്ഞ വിരൽകൊണ്ട് സ്ക്രീൻ അൺലോക്ക് ചെയ്ത് വാട്സാപ് ഓപ്പൺ ചെയ്തപ്പോൾ ചാടിവീണത് ഒരു വോയിസ് മെസേജ് ആയിരുന്നു.

– ഇന്ന് കാണാം... ഹോട്ട് കപ്പ് കഫെയിൽ.. കൃത്യം 11 മണിക്ക്. 

രോഹിത്തിന്റെ മെസേജാണ്. അവൾ ഒരു തംസ് അപ് ഇമോജി തിരിച്ചയച്ചു.രോഹിത്തിനെ ആദ്യമായി കാണാൻ പോകുന്നപോലെ അവൾക്കു തോന്നി. സത്യത്തിൽ എത്രയോ വർഷങ്ങളായി അവനെ അറിയാം; അവന് അവളെയും. പക്ഷേ ഒരുമിച്ച് ഒരേ ക്ലാസിൽ പഠിച്ച ബാച്ച്‌മേറ്റ് സൗഹൃദത്തിനപ്പുറം ആ അടുപ്പം ഒരിക്കലും വളർന്നിട്ടില്ല; ഒരു നല്ല സൗഹൃദത്തിലേക്കുപോലും. അവളത് ആഗ്രഹിച്ചിട്ടുമില്ല. പക്ഷേ അവൻ ആഗ്രഹിച്ചിരുന്നു. അത് അവളുടെ സങ്കടജീവിതം കണ്ടുള്ള സഹതാപംകൊണ്ടൊന്നുമല്ലെന്നു തുറന്നുപറയുകകൂടി ചെയ്തപ്പോൾ ഒരിക്കൽ നേരിട്ടുകാണാമെന്ന് അവൾ സമ്മതിക്കുകയായിരുന്നു. എന്നുതൊട്ടാണ് അവൻ അവളെ  ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന് അവൾക്കറിയില്ല. അല്ലെങ്കിലും പുറംലോകത്തേക്കും ചുറ്റുമുള്ളവരിലേക്കുമുള്ള ജാലകങ്ങൾ ചേർത്തടച്ചുവച്ചായിരുന്നല്ലോ അവളുടെ ജീവിതം. അതിനെ ജീവിതമെന്നു വിളിക്കാൻപോലും കഴിയുമോ? 

ഓ.. സമയം ഒൻപതു കഴിഞ്ഞിരിക്കുന്നു. അവൾ ബാത്‌ടബ്ബിൽനിന്ന്് നനഞ്ഞ ടവൽചുറ്റി പുറത്തിറങ്ങി. നേരെ അടുക്കളയിലേക്ക്. ബ്രഡ് ടോസ്റ്റ് ചെയ്ത് ഒരു ബുൾസൈ തയാറാക്കി. ടോസ്റ്റ് ചെയ്ത ബ്രഡിന്റെ മുകളിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു ചീസ് മുറിച്ചുവച്ചു. അതിനു മേലെ സ്ട്രോബെറി ജാമിന്റെ ഒരു ടോപ്പിങ്ങുംകൂടി ആയപ്പോൾ ബ്രേക്ഫാസ്റ്റ് കളറായി. ഒരു നെസ്കഫേ ഇൻസ്റ്റന്റ് കോഫി കൂടി. പുറത്ത് ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. ജോൺസൺമാഷിന്റെ ഒരു പാട്ട് പ്ലേലിസ്റ്റിൽ സെർച്ച് ചെയ്ത് കണ്ടെത്തി ബ്ലൂടൂത്തിലേക്ക് കണക്ട് ചെയ്തു. ആഹാ.. പെർഫെക്ട്. അപ്പോഴാണ് പുറത്തുനിന്ന് കോളിങ്ബെൽ കേട്ടത്. വാരിച്ചുറ്റിയ ബാത്ടവൽ അപ്പോഴേക്കും ഉണങ്ങിത്തുടങ്ങിയിരുന്നു. ഇളംനീലനിറമുള്ള ആ ബാത്‌ടവൽ ഒന്നുകൂടി വരിഞ്ഞുമുറുക്കിച്ചുറ്റി അവൾ മുൻവശത്തെ വാതിൽ തുറന്നു. വേസ്റ്റ് എടുക്കാൻ എന്നും രാവിലെ വരാറുള്ള തമിഴത്തി മരതകമാണ്. 

– ജസ്റ്റ് വെയ്റ്റ് എ മിനിറ്റ് 

– എന്നാ വേഷമമ്മാ... 

മരതകത്തിന്റെ കിന്നാരം പറച്ചിലിനുനിൽക്കാതെ അവൾ അകത്തേക്കു പോയി. കിടപ്പുമുറിയിൽ തലേന്നുരാത്രി അയാൾ പൊട്ടിച്ച മദ്യക്കുപ്പി ചിന്നിത്തെറിച്ചു കിടന്നിരുന്നു. വലിച്ചു തീർത്തതും തീർക്കാത്തതുമായ സിഗരറ്റു കുറ്റികൾ... വലിച്ചുകീറിയ നൈറ്റ് ഡ്രസിന്റെ ബട്ടനുകൾ... എല്ലാം പെട്ടെന്നു തൂത്തുവാരി ഒരു പോളിത്തീൻ കവറിലാക്കി അവൾ മരതകത്തിനു കൊണ്ടുപോയിക്കൊടുത്തു. 

women-trafficking-in-gulf-the-accused-leaked-the-woman-complaint-from-the-minister-office
Representative Image. Image Credits: t:xijian/Istockphoto.com

– ഇന്ന് റൊമ്പ അഴകായിരിക്ക്.. എന്നാ സ്പെഷൽ? 

മരതകം പോളിത്തീൻബാഗ് ചവറുപെട്ടിയിലേക്കു കൊട്ടിയിടുന്നതിനിടെ അവളോട് ചോദിച്ചു. അവൾ അതിനു മറുപടി പറയാതെ വാതിലടച്ചു. 

അയാൾ അപ്പോഴും ഉണർന്നിട്ടില്ല. ഉറക്കച്ചടവിൽ എന്തൊക്കെ പിച്ചുംപേയും പറയുന്നത് അവൾ ശ്രദ്ധിക്കാൻ പോയതുമില്ല. ഉറങ്ങട്ടെ. നന്നായി ഉറങ്ങട്ടെ. ഉറങ്ങിയുണരുമ്പോഴെങ്കിലും അയാൾക്കൊരു നല്ല മനുഷ്യനാകാൻ കഴിയട്ടെ. പ്ലേലിസ്റ്റിലെ പാട്ടുകൾ പലതും പാടിത്തീർന്നുകൊണ്ടിരുന്നു. അവൾ വാർഡ്‌റോബിൽനിന്ന് പൂക്കളുടെയും ഇലകളുടെയും പ്രിന്റുള്ള കോട്ടൺ കുർത്തി തിരഞ്ഞെടുത്തു. 11 മണിക്കുമുൻപേ കോഫി ഷോപ്പിലെത്തേണ്ടതാണ്. കയ്യിൽക്കിട്ടിയ ഷോളെടുത്ത് അലക്ഷ്യമായി കഴുത്തിൽ ചുറ്റി. മുൻപൊരിക്കൽ അതേ ഷോൾതന്നെയാണല്ലോ ഫാനിൽ കെട്ടിത്തൂങ്ങാനുള്ള മുറുക്കമുണ്ടോ എന്നു പരിശോധിച്ചതെന്ന് അവൾ ഓർമിച്ചു. ആ നിമിഷത്തിന്റെ നിർവൃതിയിലെങ്ങാനും ആത്മഹത്യ ചെയ്തിരുന്നെങ്കിൽ എത്ര നല്ല ജീവിതമായിരുന്നു അവൾക്കു നഷ്ടപ്പെടുമായിരുന്നതെന്നും വെറുതെയോർത്തു. അതിനകം ജീവിതത്തെക്കുറിച്ച് അതീവഗൗരവത്തോടെയും മരണത്തെക്കുറിച്ച് അതീവ ലാഘവത്തോടെയുമുള്ള എത്രയെത്ര ചിന്തകൾ. ജീവിച്ചിരിക്കെത്തന്നെ മരിക്കാമെന്നും മരിക്കാതിരിക്കെത്തന്നെ ജീവിക്കാതിരിക്കാമെന്നുമുള്ള അതീവസങ്കീർണമായ തത്വചിന്തയിൽ വേണ്ടെന്നുവച്ച ആത്മഹത്യയുടെ പ്ലാൻ ബി ഓപ്ഷനുകൾ... 

എത്രനേരമങ്ങനെ ഓരോന്നോർമിച്ചും മറന്നും കടന്നുപോയെന്ന് അവളറിഞ്ഞതേയില്ല. ജനാലയ്ക്കപ്പുറം ഋതുക്കൾ മാറിവന്നത് അവൾ അറിഞ്ഞില്ല. നട്ടുച്ചകളിൽ നീന്തിനീന്തി ചിറകുപൊഴിഞ്ഞ് അവളുടെ പ്രിയപ്പെട്ട ഗോൾഡൻഫിഷ് അക്വേറിയത്തെ അനാഥമാക്കി യാത്രയായതും, അടുക്കളയിലെ തടിയലമാരയ്ക്കുള്ളിലെ പഞ്ചസാരഭാരണിയിൽനിന്നു ചോണനുറുമ്പുകൾ വരിവച്ചു ഘോഷയാത്രയ്ക്കുള്ള വട്ടംകൂട്ടിയതും കർപ്പൂരം പുകഞ്ഞുകെട്ട തുണിയലമാരയ്ക്കുള്ളിൽ ഇരട്ടവാലൻ ഇടംപിടിച്ചതും ചിതലുകൾ പുറ്റുപൊട്ടിച്ചു ധ്യാനം വെടിഞ്ഞതും അവൾ അറിഞ്ഞില്ല. പക്ഷേ എപ്പോഴൊക്കെയോ തൂണിനെച്ചുറ്റിവരിഞ്ഞു വളർന്ന മുല്ലവള്ളികളിൽനിന്നു വാസന മൊട്ടിട്ടിരിക്കണം. ജനാലയോടുചേർന്ന ചൈനീസ് മണികൾ ഇടയ്ക്കിടെ കാറ്റിൽ ഇളകിയാടിയിരിക്കണം. ജീവിതത്തിന്റെ നഷ്ടഗന്ധങ്ങളും നിറങ്ങളും സ്വരങ്ങളും അവൾപോലുമറിയാതെ അവളെ തേടിയെത്തിയിരിക്കണം. 

ഒടുക്കം, കണ്ണുതുറന്നപ്പോഴാണ് അവൾ എത്രയോ മഴവേനൽമഞ്ഞുകാലങ്ങളോളം ഉറങ്ങുകയായിരുന്നെന്ന് അവൾപോലും തിരിച്ചറിഞ്ഞത്. വർഷങ്ങൾ എത്രവേഗമാണ് കടന്നുപോകുന്നത്. ഓ.. ഈ ടബ്ബിലെ വെള്ളം ചൂടാറി തണുത്തുപോയിരിക്കുന്നു. ഇനി ഈ തണുത്ത വെള്ളത്തിൽ മുങ്ങിക്കിടന്നു നെഞ്ചിനു നീർക്കെട്ടു വരുത്തിവച്ചെന്നു പറഞ്ഞ് രോഹിത് മുഖം വീർപ്പിക്കും. ഇപ്പോഴും നീയെന്തിനാ പഴയ കാര്യങ്ങളൊക്കെ ഓർമിച്ചു സങ്കടപ്പെടുന്നതെന്നു ചോദിച്ചു ചേർത്തുപിടിക്കും. അപ്പോൾ ആ ഉണ്ടക്കവിളിങ്ങനെ കയ്യിൽകോരിയെടുത്ത് ഒറ്റയുമ്മകൊണ്ട് കുത്തിപ്പൊട്ടിക്കണം. കുനുകുനെ വളർന്ന കുറ്റിത്താടികൊണ്ട് കവിളിലിങ്ങനെ മുത്തിയുരുമ്മുന്ന നേരമത്രയും അവനെ കെട്ടിപ്പിടിക്കണം. ജീവിതം ഇത്രയേറെ മോഹിപ്പിക്കുന്നതാണെന്നു തിരിച്ചറിയാൻ രോഹിത്തിനെ കണ്ടുമുട്ടുന്നതുവരെ കാത്തിരിക്കേണ്ടിവന്നല്ലോ എന്നു പരിഭവം പറയണം. എന്നിട്ട് അവന്റെ കാതിൽ മെല്ലെ ചോദിക്കണം; പ്രണയത്തിന്റെ ആ ഹോട്ട് കപ്പ് കഫേയിലേക്ക് എന്തേ നേരത്തെ ക്ഷണിക്കാതിരുന്നതെന്ന്. ആത്മഹത്യയുടെ പ്ലാൻ ബി ഓപ്‌ഷൻ ജീവിതംതന്നെയാണെന്ന് എന്തേ നേരത്തെ പറഞ്ഞുതരാതിരുന്നതെന്ന്?  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA