‘‘ഈ മുടിക്കെട്ടിൽ ഇത്രയും എണ്ണ കോരിയൊഴിക്കണോ? വെറുതെയല്ല നീരുവീഴ്ചയും ശ്വാസംമുട്ടും വിട്ടുപോകാത്തത്....’’ കഴിഞ്ഞദിവസം അടുക്കളവരാന്തയിലിരുന്ന് തലയിൽ എണ്ണതേച്ചു മുടിവിടർത്തുന്നതിനിടെയാണ് അവൾ അകത്തുനിന്ന് അദ്ദേഹത്തിന്റെ അടക്കിപ്പിടിച്ച ആ സംസാരവും അനക്കിച്ചുമയും കേട്ടത്. അടുക്കളയിൽ ചുക്കുവെള്ളമെടുക്കാനോ മറ്റോ വന്നതായിരിക്കണം. എങ്കിലും അത്തരം വർത്തമാനങ്ങൾ പതിവില്ലാത്തതാണ്. ഒന്നുംരണ്ടുംപറഞ്ഞിരുന്ന കാലം മറന്നു. കുട്ടികൾ മുതിർന്നതിൽപിന്നെ വർത്തമാനം അവരോടായി; അവരോടു മാത്രമായി. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് അപ്പുവിനോടോ ഉണ്ണിയോടോ ആയിരിക്കും പറയുക. അവരാണ് അത് അവളുടെ കാതിലെത്തിക്കുക.
– അമ്മേ അച്ഛന് ഒരു ചുക്കുകാപ്പി വേണമെന്ന്..
– അമ്മേ അച്ഛൻ നടക്കാൻ പോകുകയാണെന്ന്..
– അമ്മേ അച്ഛൻ ഇന്ന് വരാൻ വൈകുമെന്ന്...
അങ്ങനെ അപ്പുവും ഉണ്ണിയുമാണ് അദ്ദേഹത്തിനുവേണ്ടി സംസാരിച്ചത്.
അവളും അങ്ങനെ തന്നെ... അദ്ദേഹത്തോട് എന്തെങ്കിലും നേരിട്ടു മിണ്ടിപ്പറഞ്ഞിട്ട് എത്രയോ കാലമായി.
– അച്ഛാ, അമ്മ ചോദിക്കുവാ ഇന്ന് ദോശയ്ക്കു സാമ്പാറാണോ ചമ്മന്തിയാണോ വേണ്ടതെന്ന്
– അച്ഛാ, അമ്മ പറയുവാ ഇന്നത്തേക്കുള്ള ഷർട്ട് ഇസ്തിരിയിട്ടു വച്ചിട്ടുണ്ടെന്ന്
– അച്ഛാ, അമ്മയ്ക്ക് ഇടയ്ക്കുവരാറുള്ള ആ നടുവേടന ഇപ്പോ ഇത്തിരി കൂടുതലാണെന്ന്
അങ്ങനെ അവൾക്കു പറയാനുള്ളതെല്ലാം അപ്പുവും ഉണ്ണിയും കൃത്യമായി അദ്ദേഹത്തെയും അറിയിച്ചുകൊണ്ടിരുന്നു. ഉണ്ണിയാണ് ആദ്യം ഉദ്യോഗം കിട്ടി വീടുവിട്ടത്. അപ്പോഴും അപ്പു അവൾക്കും അദ്ദേഹത്തിനുമിടയിൽ സംസാരത്തിന്റെ പാലമായി തുടർന്നു. അതുകൊണ്ടായിരിക്കാം വർഷങ്ങളായി തമ്മിൽതമ്മിൽ നേരിട്ടൊന്നും മിണ്ടാറേയില്ലല്ലോയെന്ന് അവളും അദ്ദേഹവും പരസ്പരം മറന്നു. പക്ഷേ ഇളയ മകൻ അപ്പുവും ഐടി ഉദ്യോഗം കിട്ടി കഴിഞ്ഞയാഴ്ച ഹൈദരാബാദിനു പോയതിൽ പിന്നെയാണ് വീട് പരിപൂർണ നിശ്ശബ്ദമായത്. അവൾക്കും അദ്ദേഹത്തിനുമിടയിലെ സംസാരത്തിന്റെ പാലമില്ലാതെയായത്. മക്കൾ രണ്ടുപേരും പോയതിൽപിന്നെ അദ്ദേഹത്തിന്റെ കാര്യങ്ങൾ അവളും അവളുടെ കാര്യങ്ങൾ അദ്ദേഹവും അറിയാതെയുമായി.
അദ്ദേഹം മിക്കപ്പോഴും ഉമ്മറത്തും ടിവിമുറിയിലെ സോഫയിലുംതന്നെ കഴിച്ചുകൂട്ടി. അവൾ എപ്പോഴും അടുക്കളയിലും പിന്നാമ്പുറത്തും. ഊണു കാലമായിക്കഴിഞ്ഞാൽ മേശപ്പുറത്തു വിളമ്പിവയ്ക്കും. അദ്ദേഹം അതു കഴിച്ചിട്ടെഴുന്നേറ്റു പോകുമ്പോൾ അവൾ പാത്രവും ഗ്ലാസുമെടുക്കാൻ ചെല്ലും. ചേനത്തണ്ട് തോരൻവച്ചതിന് ഉപ്പുകൂടിയോ ആവോ? ചോറിന് വേവു കുറവായിരുന്നോ ആവോ.. ആരോടു ചോദിക്കാൻ... അദ്ദേഹമൊന്നും പറയാറില്ല. അവളൊട്ടു ചോദിക്കാറുമില്ല. ഇപ്പോൾ അതൊക്കെ ഒരു ശീലമായിരിക്കുന്നു. തമ്മിൽതമ്മിൽ മിണ്ടാതായതിന്റെ ശൂന്യതയൊന്നും അവൾക്കു തോന്നാറില്ല. എല്ലാദിവസവും വൈകുന്നേരം ആറുമണിയായിക്കിട്ടാൻ അവൾ ആഗ്രഹിച്ചു. പിന്നെ കുറച്ചുനേരം അദ്ദേഹം വാർത്താചാനൽ വച്ചിരിക്കുന്നതു കാണാം. വാർത്ത കഴിഞ്ഞാൽ അവൾക്കു സീരിയൽ കാണാം. അപ്പോഴും അദ്ദേഹം ഒന്നും മിണ്ടാറില്ലെങ്കിലും ആ സോഫയിൽനിന്ന് എഴുന്നേറ്റു പോകാറില്ല. അത്താഴം വിളമ്പുംവരെ അവിടത്തന്നെ പടിഞ്ഞിരിക്കും. അത്രയും നല്ലത്. അത്താഴം കഴിഞ്ഞാൽ പിന്നെ അപ്പുവിന്റെയും ഉണ്ണിയുടെയും ഫോൺ വരും. ആദ്യം സംസാരിക്കുക അദ്ദേഹമാണ്. അതു കഴിഞ്ഞ് ഫോൺ അവൾക്കു കൊടുത്ത് കിടക്കാൻ പോകും. മക്കളോടു നീട്ടിപ്പരത്തിയുള്ള വിശേഷം പറച്ചിൽ കഴിഞ്ഞ് അത്താഴം കഴിച്ചതിന്റെ പാത്രങ്ങളും മോറി അടുക്കളയടച്ചു കിടപ്പുമുറിയിലെത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ കൂർക്കംവലി കേൾക്കാം. പ്രഷറിനും ഷുഗറിനുമുള്ള ഗുളിക കഴിച്ചിട്ടാണോ അദ്ദേഹം കിടന്നതെന്നറിയാൻ അവൾ മരുന്നുഡപ്പി പരിശോധിക്കും. അത് ഒരിക്കലും അദ്ദേഹം മുടക്കാറില്ല. അവൾക്ക് ഓർമിപ്പിക്കേണ്ടി വരാറുമില്ല.
ഒരേ മേൽക്കൂരക്കീഴിൽ രണ്ടു മൗനങ്ങളായി വീർപ്പുമുട്ടിക്കഴിയാൻ തുടങ്ങിയിട്ട് എത്രകാലമായെന്ന് അവൾക്കുതന്നെ നിശ്ചയമില്ല. അച്ഛന്റെ പെട്ടെന്നുള്ള മരണത്തെത്തുടർന്ന് അമ്മാവന്മാർ നടത്തിയ കല്യാണമായിരുന്നു. അവൾക്ക് തീരെ താൽപര്യമില്ലെന്നറിയിച്ചിട്ടും ഒടുക്കം വഴങ്ങേണ്ടിവന്നു. കല്യാണം കഴിഞ്ഞെത്തിയപ്പോഴാണ് അദ്ദേഹത്തിനും ഈ ബന്ധത്തിൽ താൽപര്യമില്ലായിരുന്നെന്ന് അറിഞ്ഞത്. രണ്ടുപേരുടെയും ആ താൽപര്യമില്ലായ്മ തുടക്കത്തിൽ ഒരു കല്ലുകടിയായെങ്കിലും പിന്നീട് അതൊരു ശീലമായി. അദ്ദേഹത്തിന്റെ വീട്ടിൽ പണിക്കുവന്നിരുന്ന സ്ത്രീ പറഞ്ഞാണ് അറിഞ്ഞത് അദ്ദേഹത്തിന് നാട്ടിലെ വേറൊരു കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന്. വീട്ടുകാർക്ക് എതിർപ്പായിരുന്നിട്ടും ആ കുട്ടിയെ മാത്രമേ വിവാഹം ചെയ്യൂ എന്ന പിടിവാശിയിലായിരുന്നുപോലും. അതിനിടയിലാണ് ആ കുട്ടിയുടെ അച്ഛന് ദൂരദിക്കിലെവിടെയോ ഉദ്യോഗം കിട്ടി അവർ താമസംമാറിപ്പോയത്. എന്നിട്ടും അവർ തമ്മിൽ കത്തിടപാടൊക്കെ ഉണ്ടായിരുന്നെന്നും പിന്നീടെങ്ങനെയാണ് ആ അടുപ്പം അവസാനിച്ചതെന്നറിയില്ലെന്നും പറഞ്ഞാണ് പണിക്കത്തി ആ കഥ നെടുവീർപ്പിട്ടുനിർത്തിയത്. കൂടുതലൊന്നും നുള്ളിപ്പെറുക്കിച്ചോദിക്കാൻ അവളും മിനക്കെട്ടില്ല. അല്ലെങ്കിലും അവൾക്ക് അദ്ദേഹത്തിന്റെ പ്രണയത്തിന്റെ ഫ്ലാഷ്ബാക് അറിഞ്ഞിട്ടെന്തുകാര്യം?
ചില പ്രണയങ്ങൾക്കെങ്കിലും സംഭവിക്കുന്ന അനിവാര്യമായ അശുഭപര്യവസാനം അവൾക്കും അറിയാവുന്നതാണല്ലോ. ചില ഉച്ചമയക്കങ്ങളിൽ അവൾ ആ പ്രണയം സങ്കൽപിച്ചുനോക്കാറുണ്ട്. ഇത്രയും മുരടനും കർക്കശസ്വാഭാവിയും അരസികനുമായ അദ്ദേഹത്തിന് ഒരു പ്രണയമുണ്ടായിരുന്നെന്നു വിശ്വസിക്കാൻപോലും അവൾക്കു കഴിയുമായിരുന്നില്ല. പണിക്കത്തി നുണ പറഞ്ഞതായിരിക്കുമോ എന്നുപോലും അവൾ സംശയിച്ചിട്ടുണ്ട്. പക്ഷേ അടുത്ത നിമിഷംതന്നെ അവളതു തിരുത്താറുമുണ്ട്. പ്രണയത്തോളം ഒരാളെ ഉന്മാദിയാക്കാൻപോന്ന മറ്റെന്തുണ്ട്. പ്രണയത്തോളം ഒരാളെ ഭാരമില്ലാതാക്കാൻപോന്ന മറ്റെന്തുണ്ട്? പ്രണയത്തോളം അദ്ദേഹത്തെ അത്രമേൽ മൃദുലനും രസികനുമാക്കാൻപോന്ന മറ്റെന്തുണ്ട്? തീർച്ചയായും അദ്ദേഹം അത്രമേൽ നല്ലൊരു കാമുകനായിരുന്നിരിക്കണം; അത്രമേൽ നല്ലൊരു ഭർത്താവാകാൻ അദ്ദേഹത്തിനു പിന്നീടു കഴിയാതെ പോയതും അതുകൊണ്ടാകണം.. എങ്കിലും അവൾക്കു പരിഭവമില്ല. അവൾക്കും ഒരിക്കലും ഒരു നല്ല ഭാര്യയാകാൻ കഴിഞ്ഞിട്ടില്ലല്ലോ എന്നു മനസ്സു വെറുതെ വിതുമ്പും. കാരണം? കാരണത്തിലൊക്കെ എന്തിരിക്കുന്നു എന്ന നെടുവീർപ്പോടെ അവൾ ആ വഴിവിട്ട ചിന്ത അവിടെ അവസാനിപ്പിക്കും.
അയ്യോ! പാലടപ്രഥമൻ ഇപ്പോൾ അടിയിൽ പിടിച്ചിട്ടുണ്ടാകും. ഓരോന്നാലോചിച്ച് നേരംപോയതറിഞ്ഞില്ല. നന്നായി ഇളക്കിക്കൊടുത്തില്ലെങ്കിൽ പായസം അടികരിഞ്ഞ മണം വരും. പിന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിലോ. വിഷുവിന് അച്ഛന് പാലടപ്രഥമൻ വേണമെന്ന് ഇന്നലെ അപ്പു ഫോൺവിളിച്ചപ്പോൾ പറഞ്ഞിരുന്നു. ആശ്വാസം.. വിഷുവിന് എന്തു പായസമായിരിക്കും അദ്ദേഹത്തിനു വേണ്ടതെന്ന് ആലോചിച്ച് അവൾ തലപുകച്ചിരുന്നു. അപ്പുവിനോടെങ്കിലും അദ്ദേഹത്തിനു പറയാൻ തോന്നിയല്ലോ. അത്രയും നല്ലത്. പാലട വേവിച്ചത് നെയ്യുചേർത്ത് ഇളക്കി തേങ്ങാപ്പാലു പിഴിഞ്ഞതിലേക്കു കശുവണ്ടിമൂപ്പിച്ചതും തേങ്ങാക്കൊത്തു വറുത്തതും ചേർത്തു വാങ്ങിവയ്ക്കുന്നതിനിടെയാണ് പിന്നിൽനിന്ന് അദ്ദേഹത്തിന്റെ വിളികേട്ടത്.
– ജാനകീ....
അദ്ദേഹം അങ്ങനെ പേരു വിളിച്ചുകേട്ട ഓർമയില്ല. അവൾ വെപ്രാളപ്പെട്ട് ഉരുളി അടുപ്പിൽനിന്നിറക്കിവച്ചു തിരിഞ്ഞുനോക്കി. ആ തത്രപ്പാടിനിടയിൽ കൈ പൊള്ളിയെന്നു തോന്നി. അവളതു ശ്രദ്ധിക്കാൻപോയില്ല. അദ്ദേഹം അടുക്കളവാതിൽക്കൽ വന്നു നിൽക്കുകയാണ്. അടുക്കളഭാഗത്തേക്കൊന്നും സാധാരണ വരാറില്ലാത്തതാണ്. തലേന്ന് ഇസ്തിരിയിട്ടുവച്ച കസവുമുണ്ടാണ് ഉടുത്തിരിക്കുന്നത്. കരയോഗക്കാരെ കാണാൻ പോയി മടങ്ങിവന്നതായിരിക്കണം. അടുക്കളത്തിണ്ണപ്പടിയിൽ ഒരു നൂറുരൂപാനോട്ടും ഒറ്റനാണയവും വെറ്റിലയിൽപൊതിഞ്ഞുവച്ചിട്ട് അദ്ദേഹം തിരിച്ചുനടന്നു..
–കൈനീട്ടമാണ്... അപ്പൂം ഉണ്ണീമൊന്നുമില്ലല്ലോ... നിനക്കിരിക്കട്ടെ...
മുണ്ടിന്റെ കസവുതുമ്പും പിടിച്ച് അടുക്കളവരാന്തയിലൂടെ അദ്ദേഹം തിരിച്ചുനടക്കുന്നത് അവൾ നോക്കിനിന്നു. ഇരുപത്തെട്ടുവർഷത്തെ വിവാഹജീവിതത്തിൽ ആദ്യമായാണ് അദ്ദേഹത്തിന്റെവക ഒരു വിഷുക്കൈനീട്ടം.. ഉരുളിയിൽനിന്നു കയ്യിൽ പറ്റിയ കരി കൈക്കലത്തുണിയിൽ തുടച്ച് ആ വെറ്റിലക്കൈനീട്ടമെടുത്തപ്പോൾ അവളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.
അദ്ദേഹത്തിനുള്ള പായസം ഒരു ഓട്ടുമൊന്തയിലാക്കി ഉമ്മറത്തേക്കു നടന്നപ്പോൾ അവൾ ഓർമിക്കുകയായിരുന്നു, അവളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടൊരു വിഷുക്കൈനീട്ടത്തെക്കുറിച്ച്... വയസ്സറിയിച്ച ശേഷമുള്ള ആദ്യ വിഷുക്കാലത്ത്, പുത്തൻ പട്ടുപാവാടയുടെ ഞൊറികൂട്ടിപ്പിടിച്ച് വീട്ടിലേക്കുള്ള ഇടവഴിയിൽ കുത്തുകല്ലിറങ്ങിവരുമ്പോൾ പിന്നിൽനിന്നുവന്നു കെട്ടിപ്പിടിച്ച് കയ്യിലൊരു കുമ്പിൾ കാരപ്പഴംവച്ചു കവിൾ ചുവന്നുതുടുപ്പിച്ച കൈനീട്ടത്തെക്കുറിച്ച്....ഈശ്വരാ...! ഇപ്പോഴും ആ ഓർമയിൽ കവിൾ തുടുക്കുന്നുണ്ടാകുമോ? അവൾ പരിഭ്രമത്തോടെ സാരിത്തലപ്പുകൊണ്ട് കവിൾ തുടച്ചു. പായസവുമായി ഉമ്മറത്തേക്കു ചെന്നപ്പോൾ അദ്ദേഹം ചാരുകസേരയിലിരിപ്പുണ്ട്; എന്തോ ആലോചനയിലാണ്.... നരച്ച താടിരോമങ്ങൾക്കിടയിലും അദ്ദേഹത്തിന്റെ കവിൾത്തടം ചുവന്നു തുടുത്തിരുന്നത് അവൾക്കു കാണാമായിരുന്നു... അവളെക്കണ്ടപ്പോൾ അദ്ദേഹം പെട്ടെന്ന് തോർത്തുമുണ്ടെടുത്ത് മുഖം തുടച്ചുകൊണ്ട് ഒരാത്മഗതം.......‘എന്താ ചൂട്.. വല്ലാത്ത ആവി...’.
ആ മുഖം കണ്ടപ്പോൾ, പണിക്കത്തി പറഞ്ഞ കഥയിലെ പ്രണയിനി പണ്ടെപ്പോഴോ കൊടുത്തൊരു സ്നേഹക്കൈനീട്ടം ഓർമിച്ചാകണം അദ്ദേഹത്തിന്റെ കവിൾ തുടുത്തതെന്ന് ജാനകി വെറുതെ ചിന്തിച്ചു. ജീവിതത്തിൽ ഒപ്പം കൂട്ടാനാകാതെ പോയ അനുരാഗിയെക്കുറിച്ചുള്ള ഓർമകളിൽ അദ്ദേഹം ഉമ്മറത്തും അവൾ അടുക്കളക്കോലായിലുമായി അന്നു നേരം കഴിച്ചു.