ചിലങ്കയഴിക്കാൻ എത്രയെളുപ്പം!

HIGHLIGHTS
  • മഴത്തുള്ളികൾ കവിളത്തേക്കു ചിന്നിവീണപ്പോൾ അവൾക്കു കുളിരുന്നപോലെ തോന്നി
  • കഴിഞ്ഞ ദിവസം ഏട്ടൻ കൈവീശി അടിച്ചതിന്റെ നോവു ചുവന്നുകിടന്നിരുന്ന കവിളത്ത് ആശ്വാസമായി മഴയുമ്മകൾ...
Woman walking on rainy day
Representative Image. Photo: Lunja/www.shutterstock.com
SHARE

‘‘ഓഫിസിൽ നൂറുകൂട്ടം തിരക്കുണ്ട് ജ്യോതി.. എന്തിനാണ് ഇങ്ങനെ വിളിച്ചു ശല്യപ്പെടുത്തുന്നത്. ഉള്ളിയോ തക്കാളിയോ മറ്റോ വാങ്ങാനാണെങ്കിൽ ഒരു വാട്സാപ് ഇട്ടാൽ പോരേ.. മനുഷ്യനെ മിനക്കെടുത്താനായിട്ട്...’’

അതുംപറഞ്ഞ് ദേവേട്ടൻ ഫോൺ കട്ട് ചെയ്തു. ചിന്നുവിന്റെ ക്ലാസ് ടീച്ചർ വിളിച്ച കാര്യം പറയാനായിരുന്നു ജ്യോതി വിളിച്ചത്. അതൊന്നു കേൾക്കാൻപോലും ദേവേട്ടനു സമയമില്ല. കുറേ നാളായി അങ്ങനെയാണ്. വാങ്ങാനുള്ള വീട്ടുസാമാനങ്ങൾ പറയാൻ മാത്രമായിരിക്കുന്നു ഫോൺവിളികൾ. അങ്ങനെ വിളിക്കാനും ജ്യോതിക്ക് ഇപ്പോൾ മടിയായി. എന്തിനാ വെറുതെ? പാലും പച്ചക്കറിയുമൊക്കെ ഈയിടെയായി ഫ്ലാറ്റിലെ സെക്യൂരിറ്റിയെ വിട്ടു വാങ്ങിപ്പിക്കുകയേ ചെയ്യാറുള്ളു. ഇതിപ്പോൾ ചിന്നുവിന്റെ കാര്യമായതുകൊണ്ടാണ് ദേവേട്ടനെ വിളിച്ചത്. അവൾക്ക് സ്കൂളിൽ ഒരു ഡാൻസ് പരിപാടി. അരങ്ങേറ്റം കഴിഞ്ഞ് ആദ്യത്തെ പരിപാടിയായതുകൊണ്ട് ഒഴിവാക്കാനും വയ്യ. ഡാൻസിനുള്ള പ്രാക്ടീസൊക്കെ കഴിഞ്ഞ് ചിന്നു വലിയ ആവേശത്തിലാണ്. അവൾക്കുവേണ്ട കോസ്റ്റ്യൂമിനെക്കുറിച്ചു പറയാനാണ് ടീച്ചർ വിളിച്ചത്. ടൗണിലെ ഒരു കടയിൽ ചമയങ്ങളൊക്കെ വാടകയ്ക്കു കിട്ടുമത്രേ. വൈകിട്ടു വരുംവഴി ആ കടയിലൊന്നു കയറാൻ പറയണമെന്നുണ്ടായിരുന്നു ദേവേട്ടനോട്. അതു കേൾക്കാൻപോലും കൂട്ടാക്കാതെ ഫോൺ വച്ചില്ലേ. സാരമില്ല. എന്തെങ്കിലും മീറ്റിങ്ങിലോ മറ്റോ ആയിരിക്കും. അല്ലെങ്കിലും സദാനേരവും അടുക്കളയിൽ കഴിയുന്ന അവൾ ഇതൊക്കെ എങ്ങനെയറിയാൻ?

ഫോൺവച്ച് അടുക്കളയിലേക്കു തിരിച്ചെത്തിയപ്പോഴേക്കും കുക്കർ മൂന്നുവട്ടം കൂകിക്കഴിഞ്ഞിരുന്നു. ദൈവമേ, ചോറു വെന്തു കുഴഞ്ഞുപോയിക്കാണുമോ? കൂർക്ക തൊലികളയാനും ചെമ്മീൻ കിള്ളാനും പോയ നേരംകൊണ്ട് അരി കുറച്ചേറെ നേരം വെള്ളത്തിൽകിടന്നു കുതിർന്നിരുന്നു. മൂന്നു വിസിലിന്റെ വേവുകൂടിയാകുമ്പോഴേക്കും അത്താഴച്ചോറിന്റെ കാര്യം പറയുകയേ വേണ്ട. ദേവേട്ടന് ചോറിന്റെ വേവു കൂടിയാലും കുറഞ്ഞാലും ഇഷ്ടമല്ല. കഴിഞ്ഞ ദിവസംകൂടിപറഞ്ഞതേയുള്ളൂ. ‘‘ചോറ് അടുപ്പത്ത് വച്ചിട്ട് നീയെന്തു മനോരാജ്യം കാണുകയാണ് ജ്യോതീ...’’ മനോരാജ്യം കണ്ട കാലം മറന്നെന്നു പറയണമെന്നുണ്ടായിരുന്നു ജ്യോതിക്ക്. പക്ഷേ അപ്പോഴേക്കും മീൻകൂട്ടാൻ വച്ച പിഞ്ഞാണം ദേവേട്ടൻ ചുമരിലേക്കു തട്ടിയെറിഞ്ഞു കഴിഞ്ഞിരുന്നു. അതിന്റെ ഒച്ചകൊണ്ട് അവൾ കാതുപൊത്തി. കുറച്ച് മീൻചാറ് കണ്ണിലും തെറിച്ചെന്നു തോന്നി. നല്ല എരിച്ചിലുണ്ടായിരുന്നു. മീൻചാറ് തുടയ്ക്കാൻ വാഷ്ബേസിനിലേക്കോടിയതുകൊണ്ട് മനോരാജ്യത്തിനു മറുപടികൊടുക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിലും തിരിച്ചെന്തെങ്കിലും പറയുന്നത് ദേവേട്ടന് ഇഷ്ടമല്ല. പെട്ടെന്നു ദേഷ്യം വരും. പിന്നെ കവിളത്തുകിട്ടും നല്ല പുകച്ചിലുള്ള അടി. ‘‘വലിയ ദേഷ്യക്കാരനാണ്, അവന്റെ അച്ഛനും അങ്ങനെ തന്നെയായിരുന്നു. നീ നോക്കിയും കണ്ടും നിന്നാൽ മതി ജ്യോതി...’’ ദേവേട്ടന്റെ അമ്മ തലേരാത്രി കൂടി പറഞ്ഞതേയുള്ളു.

കുക്കറിന്റെ വിസിൽ ഊരിമാറ്റി ചോറ് വാർപ്പുകലത്തിലേക്ക് ഊറ്റുന്നതിനിടയിലും ജ്യോതിയുടെ ആലോചന ചിന്നുവിന്റെ ഡാൻസ് പരിപാടിയെക്കുറിച്ചായിരുന്നു. ദേവേട്ടൻ രാത്രി വൈകി വീട്ടിലെത്തിയിട്ട് ടൗണിലെ കടയിൽ പോകാൻ നേരംകിട്ടിയെന്നുവരില്ല. അല്ലെങ്കിലും രാത്രി വീട്ടിലെത്തിയാലും ദേവേട്ടൻ എപ്പോഴും ലാപ്ടോപ്പും മൊബൈൽഫോണുമായിത്തന്നെയാണ് ഇരിപ്പ്. ചിന്നു അടുത്തുവരുമ്പോൾ എന്തെങ്കിലും ചോദിച്ചാലായി. ദേവേട്ടൻ വരുംമുൻപേ ഒന്നു ടൗൺവരെ പോയിവന്നാലോ? ആ ചമയക്കടയിൽ കയറി ചിന്നുവിന്റെ കോസ്റ്റ്യൂം വാങ്ങുകയും ചെയ്യാം. സെക്യൂരിറ്റിയോടു പറഞ്ഞാൽ പരിചയമുള്ള ഏതെങ്കിലും ഓട്ടോ വിളിച്ചുതരാതിരിക്കില്ല. ജ്യോതി വേഗം ചോറു വാർക്കാനിട്ടു. കൂർക്ക വെള്ളത്തിൽനിന്നു കോരിവാരി, കിള്ളിയ ചെമ്മീനൊക്കെ ഉപ്പും മഞ്ഞളും പുരട്ടി ഫ്രഡ്ജിലെ ഫ്രീസറിൽ കയറ്റി അടുക്കളയിൽനിന്നിറങ്ങിയപ്പോൾ സമയം മൂന്നുമണി.  ഫ്ലാറ്റ്പൂട്ടി ഇറങ്ങുംമുൻപേ ദേവേട്ടന് ടൗണിൽപോകുന്ന കാര്യം പറഞ്ഞ് ഒരു വോയിസ് മെസേജ് അയച്ചു. ഭാഗ്യം. മെസേജ് ഡെലിവേഡ് ആയിട്ടുണ്ട്. അത് ബ്ലൂ ടിക് ആകുംവരെ നോക്കിയിരുന്നാൽ പോക്ക് നടക്കില്ല. അല്ലെങ്കിലും ഈയിടെയായി പലപ്പോഴും ദേവേട്ടന് അയയ്ക്കുന്ന മെസേജുകളൊന്നും ദേവേട്ടൻ തുറന്നുനോക്കാറുപോലുമില്ല. 

ഫ്ലാറ്റിനു താഴെയെത്തിയപ്പോൾ സെക്യൂരിറ്റി ഗണേശൻ ഗേറ്റിൽതന്നെയുണ്ട്. അയാൾക്കു പരിചയമുള്ള ഓട്ടോ വിളിച്ചുവരുത്തി. ചിന്നുവിന്റെ ടീച്ചർ പറഞ്ഞുതന്ന മേൽവിലാസം ജ്യോതി ഓട്ടോക്കാരനോടു പറഞ്ഞു. അയാൾക്ക് ആ കട അറിയാമെന്നു പറഞ്ഞപ്പോൾ ദേവുവിന് സമാധാനമായി. ചെറിയ ഇടവഴികൾ പിന്നിട്ട്് വീതികൂടിയ ദേശീയ പാതയിലൂടെ ഓട്ടോ വേഗം കുതിച്ചുകൊണ്ടിരുന്നു. പുറത്ത് ഇളംചാറ്റൽമഴയുണ്ടായിരുന്നു. മഴത്തുള്ളികൾ കവിളത്തേക്കു ചിന്നിവീണപ്പോൾ ജ്യോതിക്കു കുളിരുന്നപോലെ തോന്നി. കഴിഞ്ഞ ദിവസം ദേവേട്ടൻ ദേഷ്യംകൊണ്ട് കൈവീശി അടിച്ചതിന്റെ നോവു ചുവന്നുകിടന്നിരുന്ന കവിളത്ത് ആശ്വാസമായി മഴയുമ്മകൾ. എന്തിനായിരുന്നു ദേവേട്ടൻ ഏറ്റവുമൊടുവിൽ അടിച്ചത്? കറന്റ് ബിൽ കൂടിയതിനോ? അതോ ചിന്നുവിന് അസൈൻമെന്റിനു മാർക്ക് കുറഞ്ഞതിനോ? അതോ ദേവേട്ടന്റെ ഫയൽ മേശവലിപ്പിൽനിന്നു മാറിയിരുന്നതിനോ? അതോ അവിയലിൽ തേങ്ങ കൂടുതൽ അരഞ്ഞുപോയതിനോ? എന്തിനായിരുന്നെന്ന് ജ്യോതിക്ക് ഓർമിക്കാൻ കഴിഞ്ഞില്ല. ‘‘അല്ലെങ്കിലും മോളതൊന്നും ഓർമിച്ചു മനസ്സിൽ വയ്ക്കല്ലേ, ദേവന് കുഞ്ഞുങ്ങളുടെ സ്വഭാവമാണ്.. മറന്നേക്ക്...’’ അമ്മയെപ്പോഴും പറയാറുണ്ട്. ചിലപ്പോൾ തല്ലാനും കുറ്റപ്പെടുത്താനും ദേവേട്ടന് പ്രത്യേകം കാരണം പോലും വേണ്ടല്ലോ എന്നു കരുതി ജ്യോതി നെടുവീർപ്പിട്ടു. 

അപ്പോഴേക്കും ഓട്ടോ ടൗണിലെത്തിക്കഴിഞ്ഞിരുന്നു. വീതി കുറഞ്ഞൊരു വഴിയിലേക്കു തിരിച്ചുനിർത്തിയിട്ട് ഓട്ടോക്കാരൻ പറഞ്ഞു, ‘‘ഈ കെട്ടിടത്തിൽ മൂന്നാമത്തെ നിലയിൽ ആദ്യം കാണുന്നതാണ് കട. ഇറങ്ങിക്കോളൂ.. ഞാൻ വെയിറ്റ് ചെയ്യാം.’’ ഡാൻസിനും നാടകത്തിനുമൊക്കെയുള്ള വേഷങ്ങളും മറ്റും വാടകയ്ക്കു കിട്ടുന്നൊരു കടയായിരുന്നു അത്; ചമയം. ചിന്നുവിന് വേണ്ടത് സീതയുടെ വേഷമാണ്. അവിടെയുള്ളൊരു പയ്യൻ കാവിവേഷമെടുക്കാൻ സ്റ്റോറിനകത്തേക്കു കയറിപ്പോയി. 

ജ്യോതി ആ സമയംകൊണ്ട് ആ കട മുഴുവൻ നടന്നുകാണുകയായിരുന്നു. ചുറ്റിലും നൃത്തവേഷംകെട്ടിയ ബൊമ്മകൾ...കഥകളി, കുച്ചിപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം മുതൽ കഥക്കും ഒഡീസിയും വരെ ആടാൻ ഒരുങ്ങിനിൽക്കുന്ന ബൊമ്മകൾ.. എത്ര ഭംഗിയായി ഉടുത്തുകെട്ടിയിരിക്കുന്നു ഓരോ രൂപവും എന്നു ജ്യോതിക്ക് ആശ്ചര്യം തോന്നി. ചുട്ടിയും വട്ടിയും ചിലങ്കയും കടുംചായത്തിലുള്ള വേഷങ്ങളും... ചുമരിനോടു ചേർന്നുള്ള കണ്ണാടികളിൽ കടുംനിറങ്ങളുടെ കരകാട്ടം.. ജ്യോതി ഒരു നിമിഷം അവളുടെ കുട്ടിക്കാലത്തെ യുവജനോത്സവവേദികളിലേക്കു മടങ്ങിപ്പോകുകയായിരുന്നു. എത്രയെത്ര നൃത്തയിനങ്ങൾക്ക് എഗ്രേഡ് വാങ്ങിച്ചു മോഹിച്ചു സ്വന്തമാക്കിയതായിരുന്നു കലാതിലകപ്പട്ടമെന്നോർത്ത് അവൾ നെടുവീർപ്പിട്ടു. ഇരുപതുവർഷം പഴയ ഓർമകൾക്കപ്പോഴും നിറംമങ്ങിയിരുന്നില്ല. പക്ഷേ, ഇതൊക്കെ ഓർമിക്കാൻ അവൾക്കെവിടെ നേരം... 

കുറ്റബോധത്തോടെ ഒരിക്കൽകൂടി അവൾ അപ്പുണ്ണിമാഷിന്റെ കഥാപ്രസംഗ ക്ലാസുകളും സരസ്വതി വാരസ്യാരുടെ ഡാൻസ് ക്ലാസും ഓർമിച്ചു. ശ്രുതിപ്പെട്ടിയുമായി ദേവകിടീച്ചറുടെ വീട്ടിൽ പാട്ടുപഠിക്കാൻ പോയ വൈകുന്നേരങ്ങളോർമിച്ചു. അപ്പോഴേക്കും കടക്കാരൻ ചിന്നുവിന്റെ വേഷം പായ്ക്ക് ചെയ്ത് ബിൽ തയാറാക്കിയിരുന്നു. കൗണ്ടറിൽ പണമടച്ച് താഴേക്കുള്ള  ഗോവണിപ്പടികൾ ധൃതിവച്ചിറങ്ങിയപ്പോൾ അവളുടെ കാലുകള്‍ മണിച്ചിലങ്കയണിഞ്ഞപോലെ കിലുങ്ങുന്നുണ്ടായിരുന്നു. കൈവിരൽത്തുമ്പുകളിൽ പതാക, അർധ പതാക, മയൂര മുദ്രകൾ വിരിയുന്നുണ്ടായിരുന്നു. മിഴികളിൽ ലാസ്യം വിടരുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഹാൻഡ് ബാഗിൽ മൊബൈൽഫോണിന്റെ  വൈബ്രേഷൻ. സിബ് തുറന്നു ധൃതിവച്ചു ഫോണെടുത്തപ്പോൾ ദേവേട്ടന്റെ ഒരു മിസ്ഡ്കോൾ...  പണ്ടത്തെ കലാതിലകപ്പട്ടത്തിന്റെ കഥ പറയാൻ അവളുടെ മനസ്സു വീർപ്പുമുട്ടുന്നുണ്ടായിരുന്നു. കൂത്തിനും കൂടിയാട്ടത്തിനും മുതൽ കഥാപ്രസംഗത്തിനും ലളിതഗാനത്തിനും വരെ വാങ്ങിക്കൂട്ടിയ സമ്മാനങ്ങളുടെ കഥ കേൾക്കുമ്പോൾ ദേവേട്ടൻ ഞെട്ടാതിരിക്കില്ല. ഓട്ടോയിൽ കയറിയ ഉടൻ ദേവേട്ടനെ തിരിച്ചുവിളിച്ചു.

– ഹലോ ദേവേട്ടാ...

– എവിടെപ്പോയി ചത്തുകിടക്കുകയായിരുന്നെടീ കൂത്തിച്ചീ?...

ഫോൺ കട്ടായി. അവളുടെ കാൽപാദങ്ങളിൽനിന്നു ചിലങ്കയഴിഞ്ഞുപോയി... മിഴികൾ സമുദ്രങ്ങളായി... കൈവിരൽത്തുമ്പുകളിൽനിന്ന് മുദ്രകൾ മാഞ്ഞുപോയി. കൂർക്ക തൊലികളഞ്ഞതിന്റെ കറപുരണ്ട് കറുത്തിരുണ്ട നഖം കടിച്ച് അവൾ ഓട്ടോയിൽ ചാരിയിരുന്നു. കവിളത്തേക്ക് വീണ്ടും മഴത്തുള്ളികൾ ചിന്നിവീണുകൊണ്ടിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS