ലണ്ടനിൽ മുഴങ്ങിയത് മാറ്റത്തിന്റെ മണിനാദം

masala-bonds
SHARE

കേരളത്തിന്റെ മസാല ബോണ്ടിന്റെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ലിസ്റ്റിങ്ങിനോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മുഴക്കിയ മണി മാറ്റത്തിന്റേതായിരുന്നു. ആ മണിമുഴക്കം ചരിത്രത്തോട് പലതും വിളിച്ചു പറഞ്ഞു. മൂലധന ശക്തികളെ എക്കാലവും നഖശിഖാന്തം എതിർക്കുന്നവരെന്നു പറയുന്ന കമ്യൂണിസ്റ്റുകളുടെ കുലത്തിൽനിന്നുള്ള ഒരു മുഖ്യമന്ത്രി മൂലധനത്തിന്റെ കച്ചവടകേന്ദ്രത്തിൽ വ്യാപാരം തുടങ്ങുന്നതിനു മണിയടിച്ചതാണ് അതിന്റെ ചരിത്ര പ്രാധാന്യം. അവിടെയും തീരുന്നില്ല. കടന്നുവന്ന വഴികളിൽനിന്നുള്ള മാറിനടത്തവും കൂടിയാണത്. മൂലധന ശക്തികളില്‍നിന്നുള്ള പണത്തിനു പിന്നിൽ കാണാച്ചരടുകൾ ഉണ്ടാകുമെന്നു പറഞ്ഞ് എതിർത്തിരുന്നവരാണ് മൂലധനത്തിന്റെ മടയിൽ പണത്തിനായി എത്തിയത്. 

മസാല ബോണ്ട്

പണം ആവശ്യമുള്ളവർ : അത് കമ്പനികളോ സർക്കാരുകളോ ആകാം, പുറത്തിറക്കുന്ന നിക്ഷേപ പത്രങ്ങളാണ് ബോണ്ടുകൾ. നിശ്ചിത പലിശയിൽ കാലാവധി പൂർത്തിയാകുമ്പോൾ പണം തിരികെ നൽകുമെന്നുള്ള ഉറപ്പാണ് ബോണ്ടുകൾ നൽകുന്നത്. രൂപയിൽ അധിഷ്ഠിതമായി വിദേശ വിപണികളിൽ ഇറക്കുന്ന കടപ്പത്രങ്ങളാണ് മസാല ബോണ്ടുകൾ. നിക്ഷേപ കാലയളവിൽ രൂപയുടെ മൂല്യത്തിൽ ഉണ്ടാകുന്ന ലാഭ നഷ്ടങ്ങളുടെ റിസ്ക് ഇവിടെ നിക്ഷേപകനാണ്. നിക്ഷേപം നടത്തേണ്ടത് ഇന്ത്യൻ രൂപയിലാണ്. ചൈനയുടെ ഡിം സും ബോണ്ട്, ജപ്പാന്റെ സാമുറായി ബോണ്ട് എന്നിവയ്ക്കെല്ലാം സമാനമായ ഇന്ത്യൻ കടപ്പത്രം എന്നു വേണമെങ്കിൽ പറയാം. രാജ്യാന്തര തലത്തിൽ ഇന്ത്യൻ കറൻസിയുടെ പ്രചാരണവും ബോണ്ടിന്റെ ലക്ഷ്യമാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ മസാല ബോണ്ട് പുറത്തിറക്കിയ ആദ്യ സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിനു സ്വന്തം. 

വിമർശനങ്ങളും യാഥാർഥ്യവും 

കടം വാങ്ങുന്നവന്റെ തിരിച്ചടവു ശേഷി കടം നൽകുന്നവന്‍ ഉറപ്പാക്കും. ഇവിടെയും സംഭവിച്ചിരിക്കുന്നത് അതുതന്നെ. തിരിച്ചടവിന് ശേഷിയുള്ളവന് കുറഞ്ഞ പലിശയ്ക്ക് വായ്പ കിട്ടും. അല്ലാത്തവർക്ക് കൂടിയ പലിശയ്ക്ക് വായ്പ എടുക്കേണ്ടിവരും. കിഫ്ബിയുടെ മസാല ബോണ്ടിനെതിരെ ഉയർന്നിരിക്കുന്ന പ്രധാന ആരോപണം അതിന്റെ ഉയർന്ന പലിശയാണ്. ഒരു ശതമാനത്തിൽ താഴെ മാത്രം പലിശയാണ് ലണ്ടനിലെ ബാങ്കുകൾ വായ്പയ്ക്ക് ഈടാക്കുന്നത്. അങ്ങനെയൊരു നാട്ടിൽ 9.723% പലിശയ്ക്കാണ് കേരളം ബോണ്ടുകൾ വിൽക്കുന്നത്. രാജ്യാന്തര റേറ്റിങ് ഏജൻസികളായ എസ് ആൻഡ് പി, ഫിച്ച് എന്നിവ നൽകുന്ന ക്രെഡിറ്റ് റേറ്റിങ് ആണ് ഇവിടെ മാനദണ്ഡം. എഎഎ റേറ്റിങ് ഉള്ള രാജ്യങ്ങൾക്കും സംസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കും. ദൗർഭാഗ്യവശാൽ കേരളത്തിന്റെ ക്രെഡിറ്റ് റേറ്റിങ് ബിബി ആണ്. രാജ്യാന്തര വിപണിയിൽനിന്നു കടം കിട്ടുക അത്ര എളുപ്പമല്ല. അപ്പോൾ സ്വാഭ്വാവികമായും ഉയർന്ന പലിശ നൽകേണ്ടിവരും. ബോണ്ടുകൾ വാങ്ങിയ കമ്പനിയെക്കുറിച്ചുള്ളതാണ് മറ്റൊരു ആരോപണം. കനേഡിയൻ കമ്പനിയായ സിഡിപിക്യുവിന് എസ്എൻസി ലാവ്‌ലിനുമായുള്ള ബന്ധമാണ് പ്രശ്നം. ബോണ്ട് വാങ്ങുന്ന കമ്പനിയുടെ വിശ്വാസ്യതയും മറ്റും പരിശോധിക്കാനുള്ള ചുമതല റിസർവ് ബാങ്കിന്റേതാണ്. 2150 കോടി രൂപയാണ് നിക്ഷേപമായി ലഭിച്ചത്. ഇതിന് വർഷം ഏതാണ്ട് 210 കോടി രൂപ വാർഷിക പലിശ നൽകണം. അഞ്ചു വർഷമാണ് ബോണ്ടിന്റെ കാലാവധി. അതായത് അഞ്ചു വർഷം കഴിയുമ്പോൾ ഏതാണ്ട് 3200 കോടി രൂപ മടക്കി നൽകേണ്ടിവരും. 

പണം എന്തിന്? 

പ്രളയത്തിൽ തകർന്ന കേരളത്തിന് പുനർനിർമാണത്തിന് വൻതോതിൽ പണം വേണം. അതിന് കടമെടുപ്പല്ലാതെ മറ്റു കാര്യമായ മാർഗങ്ങൾ ഇല്ല. മസാല ബോണ്ടുകളിൽ കിട്ടുന്ന പണം ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്കുവേണ്ടി മാത്രമേ വിനിയോഗിക്കാവൂ എന്നാണ് നിയമം. പലിശ നിരക്കല്ല, കിട്ടിയ പണം എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് ഇവിടെ പ്രശ്നം. റവന്യൂ വരവിന്റെ നല്ല ശതമാനവും ശമ്പളത്തിനും പെൻഷനുംവേണ്ടി ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. റവന്യൂ പിരിവ് കാര്യക്ഷമമാക്കുകയും. ചെലവു ചുരുക്കുകയും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുകയുമാണ് കേരളത്തിനു മുൻപിലുള്ള രക്ഷാ മാർഗങ്ങൾ. വായ്പയെടുത്ത് ആർഭാടമായി വിവാഹം നടത്തുകയും ആഡംബര വീട് പണിയുകയും ചെയ്യുന്ന നാട്ടിൻപുറം മലയാളിയുടെ മാനസികാവസ്ഥയാണ് സർക്കാരിനുമെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. വലിയൊരു കടക്കെണിയാകും നമ്മെ കാത്തിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ