സർക്കാരിന്റെ കണ്ണ് റിസർവ് ബാങ്കിന്റെ പണപ്പെട്ടിയിൽ

central-government-looking-to-rbi-for-money
SHARE

കണ്ണ് പണപ്പെട്ടിയിലാണ്. അതിന് കൃത്യമായ കാരണവുമുണ്ട്. നോട്ട് അസാധുവാക്കലിലൂടെ ലക്ഷ്യമിട്ട വരുമാനം കിട്ടിയില്ലെന്നു മാത്രമല്ല, പേരുദോഷം മിച്ചവുമായി. തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം. കമ്മി പരമാവധി കുറച്ച്, ആനുകൂല്യങ്ങള്‍ വാരിവിതറി പൂർണ ബജറ്റ് അവതരിപ്പിക്കുക എന്ന തന്ത്രമാണ് ഇനി  മുൻപിലുള്ളത്.

ഇതൊക്കെ ചെയ്യണമെങ്കിൽ പണം വേണം. ജിഎസ്ടി വരുമാനമാകട്ടെ പ്രതീക്ഷിച്ചതുപോലെ വരുന്നുമില്ല. 2018–19ൽ ജിഎസ്ടിയിൽനിന്നു ലക്ഷ്യമിട്ടത് 12.5 ലക്ഷം കോടി രൂപയാണ്. ലക്ഷ്യത്തിലെത്തണമെങ്കിൽ ഡിസംബറിലടക്കം ഇനിയുള്ള നാലുമാസവും 1.18 ലക്ഷം കോടി രൂപ വച്ച്  ഉണ്ടാക്കണം. അത് അസംഭവ്യമാണ്. പിന്നുള്ളൊരു മാർഗം ഓഹരി വിറ്റഴിക്കലാണ്. അതാകട്ടെ ലക്ഷ്യമിട്ടതിന്റെ ഏഴയലത്തുപോലും എത്തുന്നുമില്ല. നടപ്പുസാമ്പത്തിക വർഷത്തിൽ ഓഹരി വിറ്റഴിക്കലിലൂടെ ലക്ഷ്യമിട്ടത് 80000  കോടി രൂപ. ഇതുവരെ കിട്ടിയതാകട്ടെ 34,000 കോടി രൂപ മാത്രം.  

രാജ്യത്തെ ഉയർന്ന മൂല്യമുളള നോട്ടുകളെല്ലാം നിരോധിക്കുമ്പോൾ സർക്കാരിന്റെ ലക്ഷ്യങ്ങൾ  പലതായിരുന്നു. പ്രചാരത്തിലുള്ള നോട്ടുകളിൽ 3–4 ലക്ഷം കോടി രൂപയെങ്കിലും കള്ളപ്പണമാണെന്നും അത് തിരികെ ബാങ്കുകളിൽ എത്തില്ലെന്നും കണക്കുകൂട്ടി. ഇങ്ങനെ തിരികെ എത്താത്ത നോട്ടുകൾ സർക്കാരിന് ചെലവഴിക്കാനായി കിട്ടും. ആ പണം ഉപയോഗിച്ച് വികസന പദ്ധതികളും കടം എഴുതിത്തള്ളലുമൊക്കെ നടത്തി 2019ലെ വിജയവും സുഗമമാക്കാം. കണക്കുകൂട്ടലുകൾ പിഴച്ചു. വിപണിയിലുണ്ടായിരുന്ന പണം ഏതാണ്ട് 100 % തിരികെ എത്തി എന്നു മാത്രമല്ല ഇതിനു പകരം പുത്തൻ നോട്ടുകൾ അച്ചടിച്ചു നൽകേണ്ടിയും വന്നു. നോട്ട് അച്ചടിച്ചതിന്റെ ചെലവുപോലും നോട്ട് നിരോധനത്തിലൂടെ ഉണ്ടാക്കാൻ പറ്റിയില്ല. 

റിസർവ് ബാങ്ക് എല്ലാ വർഷവും സർക്കാരിന് ലാഭവിഹിതം നൽകാറുണ്ട്. ഇത്തവണയും നൽകി 50000 കോടി രൂപ. പക്ഷേ, സർക്കാരിന്റെ കണ്ണ് ലാഭവിഹിതത്തിലല്ല, പണപ്പെട്ടിയിൽത്തന്നെയാണ്. റിസർവ് ബാങ്കിന്റെ പണപ്പെട്ടിയിൽ നിറയെ പണമിരിക്കുമ്പോൾ എന്തിന് ദാരിദ്യം അനുഭവിക്കണം.

പണവും സ്വർണവും ബോണ്ടുകളും വിദേശ നാണ്യവുമൊക്കെയായി റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരം ഏതാണ്ട് 9.6 ലക്ഷം കോടി രൂപവരും. ഇതിന്റെ മൂന്നിലൊന്ന്. അതായത്, ഏകദേശം 3.6 ലക്ഷം കോടി രൂപ കിട്ടിയാൽ സർക്കാരിന് കാര്യങ്ങൾ എളുപ്പമായി. രാജ്യത്തെ കർഷകരുടെ കടം പൂർണമായി എഴുതിത്തള്ളാം. പണം വാരിയെറിഞ്ഞ് പദ്ധതികൾ പ്രഖ്യാപിക്കാം. കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നു പറഞ്ഞ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഗിലും വിളവെടുത്ത രാഹുൽ ഗാന്ധി അതേ നമ്പർതന്നെയാവും പൊതുതിരഞ്ഞെടുപ്പിലും പയറ്റുക. അതിനു തടയിടുകയുമാകാം. പക്ഷേ, പണം റിസർവ് ബാങ്കിന്റെ പെട്ടിയിലാണ്. 

കിട്ടാക്കടങ്ങളുടെ പേരിൽ  ബാങ്കുകൾക്കുമേൽ  ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാത്തതാണ് റിസർവ് ബാങ്കും സർക്കാരുമായുള്ള പ്രശ്നമെന്നൊക്കെ പറയുന്നെങ്കിലും യഥാർഥ പ്രശ്നം പണപ്പെട്ടിതന്നെയാണ്. പണപ്പെട്ടിയിൽ കൈവയ്ക്കാൻ സർക്കാരിനെ അനുവദിച്ചാൽ നാളെ രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ് കുറയുമെന്നും വായ്പ നൽകാൻ പോലും ആളുകൾ മടിക്കുമെന്നുമൊക്കെ റിസർവ് ബാങ്കിനറിയാം. സർക്കാരിനും ഇതൊന്നും അറിയാഞ്ഞിട്ടല്ല. പക്ഷേ, അവർക്കുമുൻപിൽ പ്രധാന വിഷയം 2010 ആണ്. 

രാജ്യാന്തര സാമ്പത്തിക വിദഗ്ധൻമാരായിരുന്ന മൻമോഹൻ സിങ്ങും രഘുറാം രാജനും ഉർജിത് പട്ടേലും രംഗരാജനുമൊക്കെയിരുന്ന കസേരയിൽ തങ്ങളുടെ ഇഷ്ടക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ ശക്തികാന്ത ദാസിനെ വാഴിക്കുമ്പോൾ അതിനു പിന്നിൽ താൽപര്യങ്ങളുണ്ടെന്നു വ്യക്തം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശക്തികാന്തിന് ധനകാര്യ മാനേജ്മെന്റിലുള്ള പരിചയം ഐഎഎസ് നേടി സർക്കാർ സർവീസിൽ എത്തിയതിനു ശേഷം മാത്രം. 

നോട്ട് അസാധുവാക്കൽ സമയത്ത് സർക്കാരിന്റെ ശബ്ദമായി പലപ്പോഴും കേട്ടത് ശക്തികാന്തിന്റെ സ്വരമായിരുന്നു. റിസർവ് ബാങ്കിന്റെ പരമാധികാരം സംരക്ഷിക്കാനായി ഏറ്റുമുട്ടി രണ്ടു ഗവർണർമാർ രാജിവച്ച ഒഴിവിൽ ശക്തികാന്ത് ദാസ് എഴുതുന്ന ചരിത്രം എന്താകുമെന്ന് കാത്തിരുന്നു കാണാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PANAPPETTY
SHOW MORE
FROM ONMANORAMA