ഹൗഡി മോദിയും ഹൗഡി ഇക്കോണമിയും

HIGHLIGHTS
  • ഇന്ത്യയിൽ എല്ലാം ശുഭമാണ് എന്നാണ് മോഡി സദസ്സിനോടു പറഞ്ഞത്.
  • കണക്കുകൾ പക്ഷേ ഈ അവകാശവാദങ്ങളോടു പൊരുത്തപ്പെടുന്നില്ല.
pm-narendra-modi-and-indian-economy
SHARE

‘ഹൗഡി’ എന്നത് അമേരിക്കയിലെ ടെക്സസിലും മറ്റും ആളുകൾ പരസ്പരം ആശംസിക്കുന്നതിന് ഉപയോഗിക്കുന്ന വാക്കാണ്. How do yo do? എന്നതിന്റെ ചുരുക്കിപ്പറച്ചിൽ. ഹൗഡി മോദി എന്നാൽ ‘മോദീ, സുഖമല്ലേ?’ എന്നർഥം.  

ലോകം അടുത്തകാലത്ത് കണ്ടതിൽവച്ച് ഏറ്റവും വലിയ പൊതുപരിപാടികൾക്കൊന്നിനാണ് ഹൗഡി മോദി പരിപാടിയിലൂടെ ഹൂസ്റ്റൺ സാക്ഷ്യംവഹിച്ചത്. ലോകത്തെ രണ്ടു രാഷ്ട്രത്തലവൻമാർ ഒരേ വേദിയിൽ ജനത്തെ അഭിസംബോധന ചെയ്തു. ഒരാൾ തിരഞ്ഞെടുപ്പു വിജയം ആഘോഷിക്കാനെത്തിയപ്പോൾ മറ്റേയാൾ അടുത്ത തിരഞ്ഞെടുപ്പിനുള്ള പ്രചാരണ വേദിയായി സദസ്സിനെ കാണുകയായിരുന്നു. 

ഇന്ത്യയിൽ എല്ലാം ശുഭമാണ് എന്നാണ് മോഡി സദസ്സിനോടു പറഞ്ഞത്. ഹൗഡി മോദി പരിപാടിക്ക് ദിവസങ്ങൾ മുൻപ് രാഹുൽ ഗാന്ധി ട്വിറ്ററിൽ ചോദിച്ച ‘ഹൗഡി ഇക്കോണമി’ എന്ന ചോദ്യത്തിനു മറുപടി കൂടിയായിരുന്നു മോദിയുടെ വാക്കുകൾ. 

എല്ലാം ശുഭമാണോ? 

കണക്കിലെ ചില കസർത്തുകൾകൊണ്ട് ഇന്ത്യയിൽ എല്ലാം ശുഭമാണെന്ന് സ്ഥാപിക്കാൻ മോദി ശ്രമിച്ചെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് ഇന്ത്യക്കാർക്കറിയാം. സാമ്പത്തിക സ്ഥിതി അത്ര നല്ല അവസ്ഥയിലാണെന്ന് സർക്കാരും പറയുന്നില്ല. കഴിഞ്ഞ 5 വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 7.5% വളർച്ചയുണ്ടെന്നാണ് മോദി ഹൂസ്റ്റണിൽ പറഞ്ഞത്. 2014 – 19 കാലയളവിൽ വിദേശ നിക്ഷേപം ഇരട്ടിയായെന്നും അദ്ദേഹം അവകാശപ്പെട്ടു. 5 ട്രില്ല്യൻ ഡോളർ സമ്പദ്‌വ്യവസ്ഥയെന്ന സ്വപ്നം പങ്കുവയ്ക്കാനും അദ്ദേഹം മറന്നില്ല. 

കണക്കുകൾ പക്ഷേ ഈ അവകാശവാദങ്ങളോടു പൊരുത്തപ്പെടുന്നില്ല. ജിഡിപി വളർച്ചാ നിരക്ക് 5 ശതമാനത്തിലെത്തി. 2014 ൽ മോദി അധികാരത്തിലെത്തിയതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്. മൻമോഹൻ സിങ്ങിന്റെ അവസാന വർഷത്തിൽ വളർച്ചാ നിരക്ക് 5 ശതമാനത്തിനു താഴേക്കു പോയിരുന്നു. നയപരമായ മാന്ദ്യകാലഘട്ടമായിരുന്നു അതെന്ന് എല്ലാവർക്കുമറിയാം. 1980 കളിലാണ് മുൻപ് ഇത്തരത്തിൽ കുറഞ്ഞ വളർച്ചാനിരക്ക് രേഖപ്പെടുത്തിയത്. 

തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തുന്നത്. തൊഴിലെടുക്കാൻ യോഗ്യരായ നഗരയുവാക്കളിൽ 7.8 ശതമാനത്തിനും തൊഴിൽ ലഭിക്കുന്നില്ല. ഗ്രാമീണ മേഖലയിൽ തൊഴിലില്ലായ്മാ നിരക്ക് 5.3%. ഓഗസ്റ്റിൽ അവസാനിച്ച ത്രൈമാസത്തിൽ ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് 9 ശതമാനമാണ്. 

സ്വകാര്യ നിക്ഷേപം 15 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോൾ. ഓഗസ്റ്റിൽ അവസാനിച്ച ത്രൈമാസത്തിലെ കണക്കനുസരിച്ച് ഇന്ത്യൻ കമ്പനികൾ 43,400 കോടി രൂപയുടെ പുതിയ പദ്ധതികളാണ് മുൻപോട്ടുവച്ചിട്ടുള്ളത്. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 81% കുറവ്! 

ചെലവിടാനുള്ള ആൾക്കാരുടെ കഴിവ് കുറയുന്നു എന്നതാണ് ഏറ്റവും പേടിപ്പെടുത്തുന്ന കാര്യം. ആളുകളുടെ ഉപഭോക്തൃ ശേഷി 18 വർഷത്തെ കുറഞ്ഞ നിരക്കായ 3.1% ആണ്. ആളുകളുടെ കൈയിൽ വാങ്ങാൻ പണമില്ലാതെ വന്നാൽ കച്ചവടങ്ങൾ കുറയും. കച്ചവടം കുറഞ്ഞാൽ ഉൽപാദനം കുറയും. ഉൽപാദനം കുറഞ്ഞാൽ ഫാക്ടറികള്‍ തൊലിലാളികളുടെ എണ്ണം കുറയ്ക്കുകയോ ലേഓഫ് പ്രഖ്യാപിക്കുകയോ ചെയ്യും. രാജ്യം മാന്ദ്യത്തിലേക്കു വഴുതിവീഴും. നിർഭാഗ്യകരമെന്നു പറയട്ടെ ഇന്ത്യയിൽ ഇപ്പോൾ കാണുന്നത് മാന്ദ്യത്തിന്റെ ലക്ഷണങ്ങളാണ്. 

മോദിയും ഇമ്രാനും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക വിമാനത്തിൽ അമേരിക്കയിൽ പറന്നിറങ്ങി പരിപാടികളിൽ പങ്കെടുത്തു മടങ്ങിയ അതേ സമയത്ത് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും അമേരിക്ക സന്ദർശിച്ചിരുന്നു. അദ്ദേഹം യാത്രാ വിമാനത്തിലാണ് സൗദിയിൽ എത്തിയത്. സൗദിയിൽനിന്ന് യാത്രാ വിമാനത്തിൽ അമേരിക്കയിലേക്കു പറക്കാനൊരുങ്ങിയ ഇമ്രാന് സൗദി രാജാവ് തന്റെ വിമാനം നൽകുകയായിരുന്നു. മോദിയുടെ ആഡംബര യാത്രയെ പുകഴ്ത്തിയും ഇമ്രാന്റെ ദയനീയാവസ്ഥയെ പരിഹസിച്ചും സമൂഹമാധ്യമങ്ങവിൽ ട്രോളുകൾ നിറഞ്ഞു. പക്ഷേ, ആളുകൾ മറന്ന ഒരു കാര്യമുണ്ട്. സാമ്പത്തികമായി തകർന്നു നിൽക്കുന്ന പാക്കിസ്ഥാന്റെ പ്രധാനമന്ത്രി ആഡംബരത്തിനു തയാറാകാതെ ചെലവുചുരുക്കലിന്റെ സന്ദേശം തന്റെ രാജ്യത്തിനു നൽകുകയായിരുന്നു എന്ന കാര്യം. ഇന്ത്യയിലാകട്ടെ റിസർവ് ബാങ്കിന്റെ കരുതൽ ധനംപോലും എടുത്തുപയോഗിക്കേണ്ട അവസ്ഥയിലും മാന്ദ്യം ഉണ്ട് എന്ന പൂർണമായി സമ്മതിക്കാൻപോലും സർക്കാർ തയാറാകുന്നിമില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ