കാഞ്ചനിലുണ്ട്, മാലയിൽ ഇല്ല...

കാഞ്ചനിലുണ്ട്, മാലയിൽ ഇല്ല...
SHARE

അവിവാഹിതനായ ചെറുപ്പക്കാരൻ ഹോട്ടലിൽ മുറിയെടുത്താൽ ആദ്യം ചെയ്യുക വാതിലടച്ചു കുറ്റിയിടുകയും വസ്ത്രങ്ങളഴിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയുമാണ് !

പിന്നെ ബർമുഡയോ കൈലിയോ എടുത്തണിഞ്ഞ് ജനാലകളുടെ തിരശീല ഇരുവശങ്ങളിലേക്കും വേർപെടുത്തി പുറംലോക കാഴ്ചകൾ കാണും. തിരിച്ചു വന്ന് മുറിയിലെ ചെറിയ ഫ്രിജ്ജിൽ ഫ്രീയായി കിട്ടുന്നത് എന്തൊക്കെയെന്നു പരതും. ഒന്നുമില്ലെന്നു മനസ്സിലാക്കെ, നിരാശയോടെ ടിവിയുടെ റിമോട്ട് കൈയിലെടുക്കും. 

ഇതേ പോലെ ഒരു ദിവസം കൊച്ചിയിലെ ഒരു ഹോട്ടൽ മുറിയിൽ, ജനാലയ്ക്കരികിൽ നിൽക്കെ, അടുത്തുള്ള അപ്പാർട്ട്മെന്റിന്റെ പത്താംനിലയിലെ ബാൽക്കണിയിൽ  യൗവനത്തിന്റെ പതാക പാറുന്നതു കണ്ടു. ബാൽക്കണിയിൽ ആരോ ഉണക്കാനിട്ട ദാഗ്രാ ചോളിയിൽ കാറ്റിന്റെ കുസൃതിക്കൈവിളയാട്ടം !

പ്രായം കൊണ്ട് 20 വയസ്സുള്ള പാവാട ! അതിൽ 18 നിറങ്ങളുടെ മഴവില്ല് ! പാവാടയെ താലോലിക്കാൻ പത്തുനില കയറി വന്ന കാറ്റിനോടു കുശുമ്പു തോന്നി ! പാവാടയുടെ ഉടമ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്നതും കാത്തു നിൽക്കെ.. ട്രിങ് ട്രിങ്..

എന്റെ മുറിയുടെ പുറത്തു നിന്ന് ആരോ ബെല്ലടിക്കുന്നു. 

കൈലി മാത്രമാണ് എന്റെ വേഷം. ഷർട്ട് ഇട്ടിട്ടില്ല. റൂംബോയ് ആയിരിക്കുമെന്ന ധൈര്യത്തോടെ വാതിൽ തുറന്നു.

അതൊരു പെൺകുട്ടിയായിരുന്നു. കൂടെ ഒരു ചെറുപ്പക്കാരനുമുണ്ട്. 

ഞാൻ പെട്ടെന്ന് വാതിലടച്ചിട്ടു പറഞ്ഞു.. എനിക്ക് ഡിൿഷനറി വേണ്ട.

സാധാരണ ഇങ്ങനെ വരുന്നത് ഡിൿഷനറികൾ‌ വിൽക്കുന്ന ചെറുപ്പക്കാരാണ്. അവർ പരിചമില്ലാത്ത ഇംഗ്ളീഷ് വാക്കുകളുടെ അർഥം ചോദിക്കും. ആ വാക്കുകൾ അറിയാൻ വയ്യെങ്കിൽ‌ ജീവിതത്തിന് അർഥമില്ലെന്ന് നമ്മളെ ബോധ്യപ്പെടുത്തും. എന്നിട്ട് ഡിൿഷനറി വാങ്ങിപ്പിക്കും.  എനിക്ക് ഡിൿഷനറി വേണ്ട.

പുറത്തു നിന്ന് പെൺകുട്ടിയുടെ ശബ്ദം കേട്ടു... ഞങ്ങൾ സെയിൽസ് റപ്രസെന്റേറ്റീവുമാരല്ല. 

പിന്നെയാരാ.. ?

ഞങ്ങൾ അൽപം മുമ്പു ഈ മുറി വെക്കേറ്റ് ചെയ്തു പോയവരാണ്..  

മറുപടി കേട്ട് വേഗം ഷർട്ട് ധരിച്ചിട്ട് വാതിൽ തുറന്നു. 

അലസമായി വേഷം ധരിച്ചിട്ടുണ്ടെങ്കിലും ചെറുപ്പക്കാരൻ സുമുഖനാണ്. പെൺകുട്ടിയെ കണ്ടാൽ അൽപം മുമ്പ് വെള്ളത്തിൽ നിന്ന് എടുത്തു വെയിലത്തു വച്ച നന്ത്യാർവട്ടപ്പൂ പോലെ തോന്നിച്ചു. 

ചെറുപ്പക്കാരൻ പറഞ്ഞു... ശല്യപ്പെടുത്തുന്നതിൽ സോറി. ഞങ്ങളുടെ ഒരു സാധനം കള‍ഞ്ഞു പോയി. അത് ഈ മുറിയിലുണ്ടോ എന്ന് ഒന്നു നോക്കാൻ അനുവദിക്കണം.

മുറി ഇപ്പോൾ എന്റേതാണല്ലോ. എന്റെ സ്വകാര്യതയിലേക്ക് അപരിചിതർ കടന്നു വരുന്നതിൽ ചെറിയ ഈർഷ്യയോടെ ഞാൻ പറഞ്ഞു.. എന്താണു നഷ്ടപ്പെട്ടത് ? ഞാൻ നോക്കാം. 

മറുപടി പറഞ്ഞത് പെൺകുട്ടിയാണ്.. അതുവേണ്ട സാർ, ഞങ്ങൾ നോക്കിയിട്ടു പെട്ടെന്നു പൊയ്ക്കോളാം.

പിന്നെയൊന്നും പറയാൻ കഴിയുംമുമ്പ് അവൾ വാതിൽ തുറന്ന് മുറിയിൽ കയറിക്കഴിഞ്ഞു.  അവളെക്കാൾ ആവേശത്തിൽ അവളുടെ പെർഫ്യൂമിന്റെ സുഗന്ധം മുറിയിലേക്ക് ഓടിക്കയറി, കൂടെ അയാളും കയറി വന്നു. 

അഴിച്ചിട്ട എന്റെ വസ്ത്രങ്ങൾ കട്ടിലിൽ നാണമില്ലാതെ കിടക്കുന്നുണ്ട്. അവ എടുത്ത് ഒളിപ്പിക്കാനായി ഞാൻ മുൻപേ ഓടി. 

യുവാവ് പറഞ്ഞു..  ഞാൻ കാഞ്ചൻ. ഇവൾ മാല. താങ്കൾ വരുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഞങ്ങൾ ഈ മുറി വെക്കേറ്റ് ചെയ്തു പോയത്. 

ഞാൻ പറഞ്ഞു.. നല്ല പേര്. ലൈലയും മജ്നുവും പോലെ..

പെൺകുട്ടി ചിരിച്ചു.. എന്റെ പേര് ശാരിക എന്നായിരുന്നു. ഇദ്ദേഹം കാഞ്ചൻ ആയതുകൊണ്ട് ഒരീണത്തിന് ഞാനും പേരു മാറ്റിയതാണ്. 

പെൺകുട്ടി ആദ്യം പോയത് കുളിമുറിയിലേക്കാണ്.  ചെറുപ്പക്കാരനാകട്ടെ വലിയ ശബ്ദത്തിൽ ഹോട്ടൽ മുറിയിലെ മേശ വലിപ്പുകൾ തുറക്കാനും അടയ്ക്കാനും തുടങ്ങി.  

പിന്നെ കട്ടിലിലെ വിരിപ്പുകൾ പൊക്കിയും തലയണകൾ എടുത്തുമാറ്റിയും പരിശോധിച്ചു. ഒടുവിൽ കട്ടിലിന്റെ  അടിയിലേക്ക് ഒരു പൂച്ചയെപ്പോലെ നൂഴ്ന്നു കയറി മറുവശത്തൂടെ പുറത്തു ചാടി. അപ്പോഴേക്കും പെൺകുട്ടിയും കുളിമുറിയിൽ നിന്നു പുറത്തു വന്നു.  

ഇവരുടെ പിന്നാലെ കയറി വന്ന റൂംബോയ് ഇതെല്ലാം കണ്ട് മുറിയുടെ മൂലയിൽ മടിച്ചു നിൽക്കുന്നുണ്ടായിരുന്നു. 

എന്തൊക്കെയാണ് ഈ സംഭവിക്കുന്നതെന്ന മട്ടിൽ ഞാനവനെ നോക്കി.  എന്നോടാണ് കൂടുതൽ കൂറ് എന്ന മട്ടിൽ അടുത്തു വന്നിട്ട് അവൻ അടക്കം പറഞ്ഞു.. സാർ, ഇവർ പാലക്കാട്ടു നിന്ന് ഹണിമൂണിനു വന്നതാ. രണ്ടു ദിവസം മുമ്പാണ് മുറിയെടുത്തത്. വന്നതിൽ പിന്നെ മുറിക്കു പുറത്തിറങ്ങിയിട്ടേയില്ല. 

പെൺകുട്ടി പറഞ്ഞു.. സാധനം വാഷ്റൂമിൽ ഇല്ല. ഇനിയെന്തു ചെയ്യും ?

ചെറുപ്പക്കാരന്റെ മറുപടി..  നീ കുറച്ചൂടെ ശ്രദ്ധിക്കണമായിരുന്നു.

അതു കേട്ടതോടെ അവൾക്കു ദേഷ്യം വന്നു.. ഞാനാണോ ശ്രദ്ധിക്കേണ്ടത് ?

പെട്ടെന്ന് ഞാൻ ഇടപെട്ടു.. നിങ്ങൾ വഴിക്കിടല്ലേ,.. പരിഹാരമുണ്ടാക്കാം. ഞാൻ സഹായിക്കാം.. 

അതോടെ പെൺകുട്ടി ചിരിച്ചുപോയി. അവൾ പറഞ്ഞു.. വേണ്ട, എന്തായാലും നഷ്ടപ്പെട്ടു. അതു പോട്ടെ.  ശല്യപ്പെടുത്തിയതിൽ സോറി.

പിന്നെയൊന്നും പറയാൻ നിൽക്കാതെ അവർ മുറിവിട്ടു പോയി. 

ഞാനും റൂംബോയ് പയ്യനും മാത്രം മുറിയിൽ ബാക്കിയായി.  

അതിസുന്ദരമായ ഒരു ആശയക്കുഴപ്പത്തിൽ ഞാൻ അവനോടു ചോദിച്ചു.. സത്യത്തിൽ എന്താണ് അവർക്കു നഷ്ടപ്പെട്ടത് ? 

അവൻ രഹസ്യം പോലെ പറഞ്ഞു.. ആ പെൺകുട്ടിയുടെ അരഞ്ഞാണം. സ്വർണം കൊണ്ടുള്ളതാ..!

ഞാൻ ചോദിച്ചു.. ഇപ്പോഴത്തെ കാലത്ത് ആളുകൾ പൊന്നരഞ്ഞാണമൊക്കെ ഇടുമോടേയ് ?

അതൊക്കെ എങ്ങനെയാ സാറേ ഞാൻ പറയുന്നത് !

അവനെ പുറത്താക്കി കതകടച്ചിട്ട് ഞാൻ നിൽക്കെ.. പുറത്തു നിന്നു വീണ്ടും ബെല്ലടിച്ചു.

വാതിൽപ്പഴുതിൽ മുഖം ചേർത്ത് ഞാൻ പറഞ്ഞു... എനിക്ക് അരഞ്ഞാണം ആവശ്യമില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA