ക; കായിലേക്കൊരു കീ!

HIGHLIGHTS
  • ഹൃദയമിടിപ്പുകൾ കുത്തിവരച്ച കടലാസിലെപ്പോലെ തിങ്കളും ചൊവ്വയും ബുധനും കയറ്റിറക്കങ്ങളില്ലാതെ കടന്നു പോകവേയാണ് ശനിയാഴ്ച വന്നത് !
  • അമ്മയ്ക്ക് 49. എനിക്ക് 25. അമ്മയുടെയും എന്റെയും കല്യാണം ഒരുമിച്ച് നടത്താമെന്ന് ഞാൻ തമാശ പറയുമായിരുന്നു
penakkathy icu
വര: മുരുകേശ് തുളസിറാം
SHARE

അമ്മ ഐസിയുവിൽ പോസ്റ്റായിട്ട് ഒരു മാസം! വിളിച്ചാൽ ഒരു നോട്ടം, പിന്നെ എന്നോടു പിണങ്ങിയിരിക്കുന്ന നേരത്തെന്നപോലെ, വേഗം കണ്ണടയ്ക്കും. 

ഒരു മാസമായി ഈ കാത്തിരിപ്പു മുറിയി‍ൽ ഞാനും പോസ്റ്റാണ്.  സന്ദർശകർക്കു നിയന്ത്രണം എന്നെഴുതിയ ഈ ബോർഡിനിപ്പുറം ഞങ്ങൾ കുറെ രക്തബന്ധുക്കൾ‍ ഇങ്ങനെ കാത്തിരിക്കുമ്പോൾ ശ്വേതരക്താണുക്കളും രോഗാണുക്കളും ഒരു നിയന്ത്രണവുമില്ലാതെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടേയിരുന്നു.

ഹൃദയമിടിപ്പുകൾ കുത്തിവരച്ച കടലാസിലെപ്പോലെ തിങ്കളും ചൊവ്വയും ബുധനും കയറ്റിറക്കങ്ങളില്ലാതെ കടന്നു പോകവേയാണ് ശനിയാഴ്ച വന്നത് ! 

അന്നു വൈകുന്നേരം ഞാനിങ്ങിനെ അമ്മേ, അമ്മേ, ശാലിനീ, ശാലിനി ആർ നായരേ എന്നൊക്കെ വിളിച്ചുകൊണ്ട് അരികിൽ ഇരിക്കേ, അമ്മ വലതുകൈ അൽപം ഉയർത്തി. 

രോഗികളുടെ ഇത്തരം ചലനങ്ങൾ വ്യാഖ്യാനിക്കാൻ ചിരിപരിചിതയായ ലിനി മാർക്കോസ് മാളികയിൽ എന്ന നഴ്സ് എന്റെ കൈ പിടിച്ച് അമ്മയുടെ കൈയിലേക്കു വച്ചിട്ടു പറഞ്ഞു; അമ്മയ്ക്ക് എന്തോ പറയാനുണ്ട് !

അമ്മ ചൂണ്ടുവിരൽ കൊണ്ട് എന്റെ കൈയിൽ എന്തോ എഴുതാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതുകണ്ട നഴ്സ് അമ്മയുടെ ചൂണ്ടുവിരൽ ഇളംചൂടു വെള്ളത്തിലേക്കു മുക്കി. അത് അമ്മയ്ക്കു ബോധിച്ചെന്നു തോന്നി.  നനഞ്ഞ ചൂണ്ടുവിരൽ കൊണ്ട് അമ്മ എന്റെ കൈയിലെഴുതി. വീണ്ടും മയക്കത്തിലേക്കു വീണു.

ക എന്ന അക്ഷരമായിരുന്നു എന്റെ കൈത്തണ്ടയിൽ തെളിഞ്ഞത് ! 

ക !

എന്തായിരിക്കും അതിനർഥം ?!

അമ്മയുടെ ഞാനറിയാത്ത ഫ്രണ്ട്സിനോ, അമ്മ പഠിപ്പിച്ച കുട്ടികൾക്കോ അർഥം അറിയാമോ? പറഞ്ഞുതരാമോ?

രാഗേന്ദുവിന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇത്. രാഗേന്ദു മണമില്ലാപ്പൂവ് എന്നതാണ് അവളുടെ ഫെയ്സ്ബുക്ക് നാമം !  ആൾ ഐടിയാണ്. പാടും, ആടും, എഴുതും, പൊരുതും !

രാഗേന്ദുവിന്റെ അമ്മ ശാലിനി ആർ നായർ മഹാരാജാസ് കോളജിലെ മലയാളം അധ്യാപികയായിരുന്നു. സി.ആർ. ഓമനക്കുട്ടന്റെ പ്രിയ ശിഷ്യ. അമൽ‍ നീരദ് ആദ്യ സിനിമ സംവിധാനം ചെയ്യും മുമ്പ് അനുഗ്രഹം തേടി അമ്മയ്ക്ക് സന്ദേശം അയച്ചതിനെപ്പറ്റി രാഗേന്ദു മുമ്പ് ഒരു കുറിപ്പ് ഇട്ടിരുന്നു.

രാഗേന്ദുവിന്റെ അടുത്ത പോസ്റ്റ് ഇന്നലെ വന്നു. 

ആ കായുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് ഞാൻ. അമ്മയ്ക്ക് ഇഷ്ടം കടമ്മനിട്ടയുടെ കവിതകളായിരുന്നു. ഏറ്റവും അധികം പറഞ്ഞിരുന്ന വാക്ക് കടുപ്പം ! ദേഷ്യം വരുമ്പോഴും മറ്റുള്ളവർ ഇഷ്ടമില്ലാത്തതു ചെയ്യുമ്പോഴും കടുപ്പം എന്നു പ്രയോഗിച്ച് കേട്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ച് ആഗ്രയിലേക്കു പോയിക്കഴിഞ്ഞപ്പോഴും അമ്മ പറഞ്ഞു; കടുപ്പമായിപ്പോയി !

കായുമായി വേറെ അമ്മയ്ക്ക് ബന്ധം നിങ്ങൾ കണ്ടിട്ടുണ്ടോ?

രാഗേന്ദുവിന്റെ അച്ഛൻ വിനയചന്ദ്രദാസ് ഇന്ത്യൻ റെയിൽവേയിലെ ജീവനക്കാരനായിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളോടു വല്ലാത്ത അഭിനിവേശമുണ്ടായിരുന്ന അദ്ദേഹം റിട്ടയർമെന്റിനു ശേഷം താജ്മഹലിലെ ഗൈഡായി മാറി. എപ്പോൾ വേണമെങ്കിലും താജിനുള്ളിൽ കയറാമെന്നതായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. രാഗേന്ദുവിന്റെ അച്ഛൻ പോയിട്ട് ഇപ്പോൾ ഏഴു വർഷമായി. 

ഫെയ്സ്ബുക്കിൽ അരുന്ധതി ചിത്രമൂലയുടെ മറുപടി ഇന്നലെ വന്നു. അവൾ‍ രാഗേന്ദുവിന്റെ വലിയമ്മയുടെ മകളാണ്.

ഹൈ രാഗീ, ശാലിനിച്ചിറ്റയുടെ തറവാട് എലപ്പുള്ളിക്കാവാണല്ലോ. അവിടെ രുധിരമാലക്കാവിൽ മീനമാസത്തിൽ കാവേറ് വഴിപാടുണ്ട്. വയസ്സു തെളിയിച്ച പെൺകുട്ടികളെ കസവുടുപ്പിച്ച് അണിയിച്ചൊരുക്കി അച്ഛന്മാർ തോളിലെടുത്ത് ക്ഷേത്രത്തിനു വലം വയ്ക്കുന്ന വഴിപാടാണത്. അതെപ്പറ്റിയാവുമോ ഈ ക! ഇത്തവണ ഉൽസവത്തിനു വരണമെന്ന് ചിറ്റ മോഹം പറഞ്ഞിരുന്നു. 

രാഗേന്ദു ഗൂഗിളിലിറങ്ങി നോക്കി. അടിത്തട്ടിൽ രാമു രാമമംഗലം  കാവേറിനെപ്പറ്റി എഴുതിയ ഒരു കുറിപ്പു കണ്ടു. പെൺകുട്ടികൾക്കു പറ്റിയ വരന്മാരെ കണ്ടെത്താനായിരുന്നു പണ്ടൊക്കെ കാവേറ് ആചാരം. അമ്പല മുറ്റത്തുവച്ചു തന്നെ അന്നൊക്കെ വിവാഹങ്ങളും നിശ്ചയിച്ചിരുന്നു. അച്ഛന്റെ തലപ്പൊക്കത്തിലിരിക്കുമ്പോൾ പെൺകുട്ടികൾക്കും ആൾക്കൂട്ടത്തിൽ നിന്ന് ഇഷ്ടപ്പെട്ട വരനെ കണ്ടെത്താ‍ൻ എളുപ്പം. അത്രയും വായിച്ചപ്പോൾ‍ രാഗേന്ദുവിനൊരു സംശയം തോന്നി. അച്ഛനും മകളും കണ്ടെത്തുന്നവർ രണ്ടു പേരായാലോ? ആരുടെ തീരുമാനം ജയിക്കും? ചോദിക്കാമെന്നു വച്ചാൽ തന്റെ അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത് ! 

എപ്പോഴെങ്കിലും അച്ഛൻ തന്നെ തോളിൽ എടുത്തിട്ടുണ്ടോ എന്ന് അവൾ ആലോചിക്കാൻ തുടങ്ങി. ഉണ്ട്, പണ്ട് നാലാം ക്ളാസിലെ അവധിക്കാലത്ത് തിരുവനന്തപുരത്ത് മൃഗശാലയിൽ പോയപ്പോൾ. കമ്പിവേലിക്കിപ്പുറത്തേക്ക് തല നീട്ടുന്ന പൊക്കക്കാരൻ ജിറാഫിന് തളിരില നീട്ടാനായിരുന്നു അത്.  ആ യാത്രയിൽ വിവേകാനന്ദപ്പാറയിലെ ശ്വാസകോശം പോലെ വികസിച്ച് ചുരുങ്ങുന്ന മഞ്ഞവെളിച്ചമുള്ള ധ്യാനമുറിയിൽ അച്ഛന്റെ പിന്നിൽ കണ്ണടച്ചിരുന്നു മടുത്തപ്പോൾ അമ്മ തുടയിൽ നുള്ളി തന്നെ കരയിച്ചു. ധ്യാനത്തിന്റെ നിശ്ബദതയെ മകൾ കരച്ചിൽ കൊണ്ട് കീറിയപ്പോൾ അധികം വെളിച്ചമില്ലാത്ത ആ മൂറിയിൽ നിന്ന് അമ്മയ്ക്ക് വേഗം പുറത്തു കടക്കാൻ പറ്റി ! അന്നും അമ്മ പറഞ്ഞു; കടുപ്പമാണ് ഈ വിനോദ സഞ്ചാരം !

ടെക്നോപാർക്കിന്റെ നടുമുറ്റത്ത് വലിയൊരു ഉൽസവം. ആൾക്കൂട്ടത്തിനു നടുവിൽ റാമ്പിലൂടെ അച്ഛന്മാരുടെ തോളിലിരുന്ന് വരുന്ന കുറെ പെൺകുട്ടികൾ!  ചുറ്റും ഇരമ്പുന്ന ചെറുപ്പക്കാരുടെ ആവേശക്കടലിന്റെ ശബ്ദം കേൾക്കാം... അഞ്ജന, കൃഷ്ണ, തൃഷ്ണ, വൈരാഗി, ജിലേന്ദു, പർവീണ, അനീഷ്യ, രാഗേന്ദു, സുൽത്താന... അച്ഛന്മാരുടെ തലപ്പൊക്കത്തിലിരുന്ന് പെൺകുട്ടികളും വിളിച്ചു കൂവുന്നുണ്ടായിരുന്നു... അച്ചു, കിച്ചു, പാച്ചു, തേച്ചു, മച്ചു... എന്തു രസമായിരിക്കും ആ ഉൽസവം ! അച്ഛൻ വന്നില്ലെങ്കിൽ പകരമൊരു ജെസിബി ആയാലും മതി!

ഐസിയുവിന്റെ കിളിവാതിലിൽ നിന്നു തലനീട്ടി നഴ്സ് വിളിക്കുന്നു; വിസിറ്റിങ് ടൈമായി.

സമയമായത് അവൾ ശ്രദ്ധിച്ചിരുന്നില്ല. ഐസിയുവിന്റെ മുന്നിലുള്ളത് ഡിജിറ്റൽ ക്ളോക്കാണ്. ഹൃദയമിടിപ്പിന്റെ ടിക് ടിക് ഇല്ലാത്ത ക്ളോക്ക്. നിലച്ചാലും തിരിച്ചറിയാൻ എളുപ്പമല്ല. 

പുതിയ വർത്തമാനങ്ങളില്ലാത്ത പത്രക്കടലാസ് പോലെ അമ്മയുടെ മുഖം ! അവൾ‍ വെളുത്ത പുതപ്പുയർത്തി അമ്മയുടെ ഇടത്തു കാൽപ്പാദത്തിൽ ചൂണ്ടുവിരൽ കൊണ്ട് കിക്കിളി എന്നെഴുതി. അമ്മ ചിരിക്കുന്നില്ല.  എത്ര അലാറമായി വന്നലറിയാലും ഉണരാ‍ത്ത മകളെ ഉണർത്താൻ അമ്മ കണ്ടു പിടിച്ചിരുന്ന വഴിയായിരുന്നു അത് !  കാൽപാദങ്ങളിലെ കിക്കിളി !

നിരാശയോടെ അവൾ തിരിച്ചിറങ്ങുമ്പോൾ പുതപ്പിനെക്കാൾ ചുളിഞ്ഞത് ലിനി നഴ്സിന്റെ മുഖമാണ്. വൃത്തിയായി വിരിച്ച പുതപ്പ് ചുളുക്കിയതിലാണ് അവർക്ക് ഈർഷ്യ. 

ശവങ്ങളെ പുതപ്പിക്കുന്നതുപോലെയാണ് ഐസിയുവിൽ കിടക്കുന്നവരെ ഇവർ പുതപ്പിക്കുന്നത്: രാഗേന്ദു തിരിച്ചിറങ്ങി. പിന്നെ മുറിയിൽപ്പോയി ഒരു ഡ്രിങ്ക് മിക്സ് ചെയ്തു. ശിവ്കുമാർ ശർമയുടെ തുമ്‍രിയിൽ അലിയിച്ച് ഒരു സിപ്പ് !

കോളജിൽ പ്രഫ. ശാലിനിയുടെ സഹപ്രവർത്തകനായിരുന്ന പ്രഫ. കൃഷ്ണ മോഹന്റെ വാട്സാപ്പ് സന്ദേശം അടുത്ത ദിവസമെത്തി. അദ്ദേഹമിപ്പോൾ വാഷിങ്ടണിലാണ്. 

എന്റെ കൈയിൽ ഒരു ജിമുക്കി കമ്മലുണ്ട് ! വർഷങ്ങൾക്കുമുമ്പ് കടം വാങ്ങിയതാണ് ഞാനത്.  ശാലിയുടെ വിവാഹത്തിനും മുമ്പാണ്. അന്ന് അവളും ഞാനും ജൂനിയർ ലക്ചർമാരാണ്. ടീച്ചേഴ്സ് ഹോസ്റ്റലിലായിരുന്നു ശാലി താമസം.  അന്നു രാവിലെ ഞാൻ ചെന്ന് പണം കടം ചോദിച്ചു. ഇടയ്ക്കിടെ അതൊക്കെ പതിവാണ്. സ്വർണം തരാം, പണയം വച്ചോളൂ എന്ന് ശാലി പറഞ്ഞു.  ഞാൻ തന്നെയാണ് ജിമുക്കി ഊരിയെടുത്തത് ! എന്റെ ചുണ്ടുകൊണ്ട് !

രാഗേന്ദു വിസ്മയിച്ചു... ചുണ്ടുകൊണ്ട് !  

കൃഷ്ണ മോഹൻ പറഞ്ഞു...   കോളജിൽ ഓണാഘോഷമായിരുന്നു. രണ്ടു കൈവെള്ളയിലും മൈലാഞ്ചിയിട്ടു നിൽക്കുകയായിരുന്നു അവൾ. പിരിവെട്ടി മുറുകിയ കമ്മലായിരുന്നു. വിരൽത്തുമ്പിന് വഴങ്ങിയില്ല.

രാഗേന്ദു ചോദിച്ചു... ആ കമ്മൽ  ?

കളഞ്ഞിട്ടില്ല. എന്റെ കൈയിൽത്തന്നെയുണ്ട്.

എംടി എഴുതിയ ഒരു വാചകത്തിലേക്ക് അവൾ പിൻനടന്നു, എത്ര രമണീയം ആ കാലം !

മെന്റലിസ്റ്റ് മനോ എന്ന ഫെയ്സ്ബുക്ക് ഐഡി കണ്ടപ്പോൾ രാഗേന്ദുവിന് ആദ്യം ചിരിയാണ് വന്നത്. മനസ്സ്, സരസ്, തപസ്സ്, അഹസ്, വചസ് എന്ന് പേരിനു നിർവചനമെഴുതിയിരുന്ന ഒരു ഫെയ്സ്ബുക്ക് പ്രൊഫൈൽ. ആകാശത്തേക്ക് ഉയർത്തിയ കൈ, അതിലൊരു വെളുത്ത ചെമ്പകപ്പൂവ്. അതായിരുന്നു ഡിപി.

പ്രഫഷനൽ മെന്റലിസ്റ്റ് എന്ന് അയാൾ സ്വയം പരിചയപ്പെടുത്തി. അമ്മയെ ഒന്നു നേരിൽ കാണണമെന്നതായിരുന്നു ആവശ്യം. അവൾ പറഞ്ഞു; ഡോക്ടർമാർ അനുവദിക്കുമോ എന്നറിയില്ല.

ഡോക്ടർ അറിയാതെ കയറാൻ പറ്റില്ലേ? നഴ്സിന്റെ വേഷത്തിൽ. 

അതിലൊരു കുസൃതിയുണ്ടെന്ന് അവൾക്കും തോന്നി. ഒരുപാട് നിയന്ത്രണങ്ങൾ ഉള്ളപ്പോൾ ലംഘിക്കാനും ലംഘിക്കുന്നതു കാണാനും ഒരു രസം. 

അമ്മയെ കണ്ടിട്ട്?

വാക്കുകളുടെ സൂത്രത്താക്കോലിട്ട് ഞാൻ അമ്മയുടെ മനസ്സു തുറക്കും. ക പുറത്തെടുക്കും. 

ചില വാക്കുകൾ അയാൾ തന്നെ പറഞ്ഞു... ക്യാംപസ്, കാമം കദളി, കടൽ, കുപ്പിവള, കാപ്പി, കരിമ്പ്, കിനാവ്. ഇതു സാംപിൾ, വെരി സിംപിൾ.

രാഗേന്ദു പറഞ്ഞു.... കടലിനെക്കാൾ ചിലപ്പോൾ കടലയായിരിക്കും കൂടുതൽ ചേരുന്നത്. മസാല ചേർത്ത് വറുത്ത കടല അമ്മയ്ക്ക് ഇഷ്ടമായിരുന്നു. ഓരോ മണിയെടുത്ത് വായിലേക്കും മറ്റൊന്ന് മുറ്റത്തേക്കും എറിഞ്ഞ് അമ്മ മഴ നോക്കിയിരിക്കുമായിരുന്നു. 

ജോൺസൺ മാഷ്ടെ പാട്ട്?

അല്ല. സാക്കിർ ഹുസൈന്റെ തിമിർപ്പ്. അകലെ ആകാശത്ത് മിന്നലിന്റെ പുളപ്പ്, അരികെ ഉസ്താദിന്റെ തകധിമി. അതായിരുന്നു കോംബോ.നി ങ്ങൾ എപ്പോൾ വരും?  തിരിച്ചറിയാൻ ഒരു ഫോട്ടോ അയയ്ക്കാമോ ?

അയാൾ ചിരിച്ചു... ഞാൻ ഓരോ ദിവസവും ഓരോ വേഷത്തിലാണ്. ഇന്നത്തെ ഞാനല്ല, നാളെ ! അതുകൊണ്ട് ഫോട്ടോ ആർക്കും അയയ്ക്കാറില്ല. 

അയാൾ വന്ന് അമ്മയെ കാണണമെന്ന് രാഗേന്ദുവിനു മോഹം തോന്നി. 

കൂട്ടുകാരി ജീവിത ചോദിക്കുന്നു... നിന്റെ കല്യാണം! അതിലുമുണ്ട് ഒരു ക!

അതിനെപ്പറ്റിയാവില്ല. അമ്മയ്ക്ക് 49. എനിക്ക് 25. അമ്മയുടെയും എന്റെയും കല്യാണം ഒരുമിച്ച് നടത്താമെന്ന് ഞാൻ തമാശ പറയുമായിരുന്നു. 

അപ്രതീക്ഷിതമായി അവളുടെ അച്ഛൻ വിനയചന്ദ്ര ദാസിന്റെ സന്ദേശം വന്നു... കാത്തിരിപ്പ് എന്നൊരു വാക്കുണ്ട്, നിന്റെ അമ്മ ഉദ്ദേശിച്ചത് അതാവാൻ സാധ്യതയില്ല. അവൾ ഒരിക്കലും എന്നെ കാത്തിരുന്നിട്ടില്ല. 

അവൾ പറഞ്ഞു... ഉണ്ട്, ഒരിക്കൽ. എനിക്ക് ഓർമയുണ്ട്. ഞാൻ വയസ്സറിയിച്ച ദിവസം. അന്ന് അച്ഛൻ കാമാഖ്യ ക്ഷേത്രം കാണാൻ പോയതായിരുന്നു. 

അവൾ അർധോക്തിയിൽ നിർത്തി.  ആലിലയിൽ കാൽവിരലുണ്ണുന്നപോലെ മലർന്നു കിടക്കുന്ന ഒരു വൃദ്ധനെ ധൃതി പിടിച്ച് കുറെയാളുകൾ ഐസിയുവിലേക്കു കൊണ്ടുവരുന്നതു കണ്ടു. പിന്നാലെ അന്നങ്ങളുടെ ഘോഷയാത്ര !

പിന്നെയും കാകൾ പറന്നു വന്നു. അവൾ‍ ഇനി അമ്മയെ കാണാനുള്ള നല്ലസമയം കാത്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA