മറൈൻ ഡ്രൈവിന് അഭിമുഖമായുള്ള അപാർട്മെന്റിന്റെ നാലാംനിലയിൽ ജനാലയ്ക്കരികിൽ റോഡിലേക്കു നോക്കിയിരിക്കുകയായിരുന്നു ടോണി സക്കറിയ പാലത്തുങ്കൽ എന്ന പയ്യൻ.
മഴയത്ത് നടന്നു പോകുന്ന പെൺകുട്ടിയെക്കണ്ട് അവൻ വിളിച്ചു ചോദിച്ചു.. ലില്ലിക്കുട്ടിയാന്റീ, ഈ കൊച്ച് എനിക്കു ചേരുവോ?
ലില്ലിക്കുട്ടിയാന്റി ജനലിന്റെ അടുത്തേക്കു വന്നു. ചുവന്ന ചെക്ക് ഷർട്ടും ജീൻസും ധരിച്ച ഒരു പെൺകുട്ടി റോഡിലൂടെ നടന്നു പോകുന്നു... നീ അവൾക്കു ചേരില്ലെടാ..
അതിനു ആന്റിക്ക് അവളെ അറിയില്ലല്ലോ.. എന്നായി ടോണി.
എനിക്കു നിന്നെ അറിയാമല്ലോ. അതുപോരേ.. ?
ടോണി പാലത്തുങ്കൽ (19) ബൈക്കിൽ നിന്ന് വീണ് ഒരുമാസമായി ഫ്ളാറ്റിൽ വിശ്രമത്തിലാണ്. പഴയ സൈക്കിൾ ട്യൂബ് പഞ്ചറൊട്ടിച്ചതുപോലെ ശരീരം മുഴുവൻ പ്ളാസ്റ്ററും പഞ്ഞിയുമാണ്. ഒരുമാസം കൂടി വിശ്രമം വേണം.
മറൈൻ ഡ്രൈവിലെ കുക്കൂസ് നെസ്റ്റ് ഫ്ളാറ്റിൽ ടോണിയും ശുശ്രൂഷിക്കാൻ ഹോംനഴ്സ് ലില്ലിക്കുട്ടി കുര്യച്ചനും (55). പകൽ ഫ്ളാറ്റിൽ മറ്റാരുമില്ല.
ടോണിക്ക് മൂന്നുനേരം ഗുളികയും രണ്ടു നേരം ഇൻജക്ഷനും ഉണ്ട്. ബാക്കി സമയം രണ്ടാളും ടിവി കണ്ടും ഗെയിം കളിച്ചും വാചകമടിച്ചും കളയുന്നു.
ലില്ലിക്കുട്ടിയാന്റി പറഞ്ഞു.. ആ പെണ്ണിന്റെ വീട് കതൃക്കടവാണ്. നടപ്പു കണ്ടാലറിയാം, വെള്ളം പേടിയില്ലെന്ന്. ക്രിസ്ത്യാനിയാണ്. പക്ഷേ നീ ശ്രമിച്ചിട്ടു കാര്യമില്ല. മൊബൈലിൽ കുത്തുന്നതിന്റെ സ്പീഡ് കണ്ടോ... അവൾ ഫ്രീയല്ല, മോനേ..
ലില്ലിക്കുട്ടി കുര്യച്ചൻ രണ്ടു വർഷം മുമ്പുവരെ എറണാകുളത്ത് വിമൻസ് കോളജിലെ ലേഡീസ് ഹോസ്റ്റലിൽ വാർഡനായിരുന്നു. തേനീച്ചക്കൂട്ടിൽ റാണിയെപ്പോലെ എന്നാണ് അക്കാലത്തെപ്പറ്റി പുള്ളിക്കാരി പറയുക. ലേഡീസ് ഹോസ്റ്റലിനുള്ളിൽ 150 മുറികളും നാലു ഹാളും ലൈബ്രറിയും ഒരു മെസ്സുമുണ്ടെങ്കിലും എല്ലാ കുട്ടികൾക്കും കയറുകയും ഇറങ്ങുകയും ചെയ്യാൻ ഒരു വാതിലേയുള്ളൂ. അതുകൊണ്ട് തേനീച്ചക്കൂടെന്നാണ് ഹോസ്റ്റലിനെ ലില്ലിക്കുട്ടി വിളിക്കുന്നത്. ഉള്ളിൽ നിറയെ പെൺകുട്ടികളായതിനാൽ പുറത്തുള്ള പയ്യന്മാരും അങ്ങനെ വിളിക്കുന്നു.
രണ്ടു വർഷത്തെ പരിചയം കൊണ്ട് ലില്ലിക്കുട്ടി പെൺകുട്ടികളെ ഒറ്റനോട്ടത്തിൽ ഏതു തരമാണെന്ന് അളന്നുതൂക്കി മുറിച്ചിടും !
ടോണീ ചോദിച്ചു.. ആന്റിയുടെ അനുഭവത്തിൽ ഈ പെൺകുട്ടികൾ പൊതുവേ എങ്ങനെയാ ?
നാലു തരമുണ്ട്. ഒന്ന് പെൺകുട്ടികൾ, രണ്ട് ആൺകുട്ടികൾ, മൂന്ന് പൂച്ചക്കുട്ടികൾ, നാല് സ്വപ്നക്കുട്ടികൾ.
ടോണിക്കു വീണ്ടും സംശയം: ഇവരെ കണ്ടാലെങ്ങനെ തിരിച്ചറിയും ?
ഉദാഹരണത്തിന് മഴയത്ത് റോഡിലൂടെ നടക്കുന്ന നാലു പെൺകുട്ടികൾ. അവരിൽ സാധാരണ പെൺകുട്ടി കുട ചൂടി നനയാതെ നടക്കും. കുടയും ചൂടി വരുന്നവനെ മാത്രം പ്രേമിക്കുകയും ചെയ്യും. രണ്ടാമത്തെ ടൈപ്പ് പെൺകുട്ടികൾ അവരുടെ കൈയിൽ കുടയില്ലെങ്കിൽ റോഡിലൂടെ വരുന്നവരെയും കുട ചൂടാൻ അനുവദിക്കില്ല. മൂന്നാമത്തെ വിഭാഗക്കാർ സ്വന്തം കുട നനയ്ക്കില്ല. പയ്യന്മാരുടെ കുട വാങ്ങിച്ചിട്ട് അവന്മാരെ മഴയത്തൂടെ നടത്തും. നാലാമത്തെ വിഭാഗം നനഞ്ഞു നടക്കുന്നവനെ പ്രേമിക്കും.
ഇവരിൽ ഏതു കുട്ടിയെയാ വളയ്ക്കാൻ എളുപ്പം ?
ലില്ലിക്കുട്ടി ചിരിച്ചു.. പെൺകുട്ടികൾ പൊതുവേ വളയാറില്ല മോനേ, വളഞ്ഞെന്ന് നിനക്കൊക്കെ തോന്നുന്നതാ..
ടോണിക്കു സംശയം തീരുന്നില്ല... പെൺകുട്ടികൾ മൊത്തത്തിൽ എങ്ങനെയാ ? എന്തൊക്കെ ശ്രദ്ധിക്കും ?
പരിചയപ്പെടുന്ന സമയത്ത് വൻ തോതിലുള്ള തള്ളൽ ഒഴിവാക്കണം. മാന്യമായിട്ട് ഇടപെടണം. പരിചയപ്പെടാൻ വരുന്നവന്റെ കുറ്റങ്ങളും കുറവുകളുമൊക്കെ പെമ്പിള്ളേർ കൃത്യമായി ശ്രദ്ധിക്കും. പ്രണയത്തിലായാൽപ്പിന്നെ കുഴപ്പങ്ങളൊന്നും അവരുടെ കണ്ണിൽപ്പെടുകയേയില്ല. എന്നാൽ എല്ലാ നല്ല കാര്യങ്ങളും അവർ കാണുകയും ചെയ്യും.
ഈ പാട്ടുകാരെയൊക്കെ പെൺകുട്ടികൾക്കു ഭയങ്കര ഇഷ്ടമാണോ?
പണ്ടൊക്കെ അങ്ങനെയായിരുന്നു എന്നു കേട്ടിട്ടുണ്ട് ഇപ്പോൾ പാട്ടൊന്നും അത്ര പ്രധാന ഘടകമല്ല. നല്ല ഫുഡ് കിട്ടുന്ന ഹോട്ടൽ അറിയാവുന്നതൊക്കെയാ പ്രധാന കാര്യം.
ഇന്ത്യ ഓസ്ട്രേലിയയോടു കളിക്കാനിറങ്ങിയ ദിവസമായിരുന്നു അന്ന്. ഉച്ചയൂണു കഴിഞ്ഞ് ടോണിയും ലില്ലിക്കുട്ടിയാന്റിയും ടിവിയുടെ മുന്നിൽ ഇരിക്കുകയാണ്.
പെട്ടെന്ന് ടോണി വിളിച്ചു കൂവി.. കോലി ഔട്ടായി, ആന്റീ !
ലില്ലിക്കുട്ടി പെട്ടെന്ന് പറഞ്ഞു.. വൃത്തികേടു പറയാതെടാ ചെറുക്കാ..
ടോണി പറഞ്ഞു.. സത്യമാണ് ആന്റീ. ശരിക്കും ഔട്ടായി.
ലില്ലിക്കുട്ടി വിശദീകരിച്ചു.. പെൺപിള്ളേരുടെ അടുത്തു നിൽക്കുമ്പോൾ നീ ഇങ്ങനെയൊന്നും ഉറക്കെ വിളിച്ചു പറയല്ലേ, മോനേ... കോലി ഔട്ടായി, സച്ചിൻ ഔട്ടായി എന്നൊക്കെ അവർ പറയുന്നത് ഒരു കോഡ് ഭാഷയാണ്. അകത്തിടുന്ന ഡ്രസ് പുറത്തു ചാടിയെന്നാ അർഥം. മനസ്സിലായോ.. !
ടോണി ചമ്മലോടെ ചിരിച്ചു. എന്നിട്ടു ചോദിച്ചു: ആന്റീ, ഈ കോലി അനുഷ്കാ ശർമയുടെ വലയിലായതോടെ പെമ്പിള്ളേർ അവനെ ഉപേക്ഷിക്കില്ലേ.. ?
ലില്ലിക്കുട്ടി പറഞ്ഞു.. ഇല്ലെടാ മോനേ, ഈ നീർകോലി ഒരു പാവപ്പെട്ട ബോംബെക്കാരി പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചിരുന്നെങ്കിൽ ലോകത്തെ പെൺകുട്ടികളെല്ലാം നിരാശരായിപ്പോയേനെ! പിന്നെ അവന്റെ പിന്നാലെ നടന്നിട്ടു കാര്യമില്ല. ഇതിപ്പോൾ അനുഷ്കയ്ക്ക് കോലിയെക്കാൾ ഗ്ളാമറാണ്. എപ്പോൾ വേണമെങ്കിലും വിവാദങ്ങളുണ്ടാകാം. അതുകൊണ്ട് ആരാധികമാർക്ക് കാത്തിരിക്കാൻ ഇനിയും ചാൻസ് ഉണ്ട്.
ടോണി ചോദിച്ചു... ബസ് സ്റ്റോപ്പിലൊക്കെ പെൺകുട്ടികളെ മൈൻഡ് ചെയ്യാത്ത മട്ടിൽ നിന്നാലേ അവർ ശ്രദ്ധിക്കൂ എന്നൊക്കെ പറയുന്നത് നേരാണോ ആന്റീ..?
ലില്ലിക്കുട്ടി ചിരിച്ചു.. എടാ മണ്ടാ, മൈൻഡ് ചെയ്യുന്നവരെ മുട്ടിയിട്ട് നടക്കാൻ വയ്യ. പിന്നെയാ മൈൻഡ് ചെയ്യാത്തവർക്കു ചാൻസ്. പെൺകുട്ടികളെ ശ്രദ്ധിക്കാതെ നിൽക്കുന്നവനൊക്കെ ഭയങ്കര കള്ളനാ, മോനേ.. റെയ്ബാൻ ഗ്ളാസ് വച്ചിട്ട് വായി നോക്കുന്ന ടീംസാണ്.. ! അത്തരം തന്ത്രമൊന്നും ഇപ്പോൾ നടപ്പാവില്ല.
ലില്ലിക്കുട്ടിയാന്റി ടോണിയുടെ അടുത്തു ചെന്ന് താടിയിൽ പിടിച്ചു മുഖമുയർത്തിയിട്ടു ചോദിച്ചു.. സത്യത്തിൽ നിനക്ക് എന്താ പറ്റിയേ? എന്താ ഇത്രയും സംശയം ? എങ്ങനെയാ നിന്റെ കൈയൊടിഞ്ഞെ?
ഒരു പൂച്ചക്കുട്ടി കുറുകെച്ചാടിയതാ, ആന്റീ.. !
സെന്റ് തെരേസാസിലെ പൂച്ചക്കുട്ടിയാണോടാ...
ലില്ലിക്കുട്ടിയുടെ പൊട്ടിച്ചിരിയിൽ ടോണിയുടെ കഥ കഴിയുന്നു.