ജീവിതം പ്രഭാമയം !

Dr. K J Yesudas And Wife Prabha Yesudas
യേശുദാസ്, പ്രഭ യേശുദാസ്
SHARE

യേശുദാസിനെയും പ്രഭയെയും ഒരുമിച്ചു കാണുമ്പോഴൊക്കെ കൂടുതൽ ശ്രദ്ധിച്ചത് പ്രഭയെയാണ്. വിഗ്രഹത്തിനു പൂമാല പോലെ, വിളക്കിന് നാളം പോലെ ദാസിന്റെ സാന്നിധ്യത്തിന് അവർ പ്രഭയേകുന്നു !

യേശുദാസ് പാടുമ്പോൾ കേട്ടിരിക്കുന്ന പ്രഭ ആസ്വദിക്കുകയല്ല, ധ്യാനിക്കുകയാണെന്നു തോന്നും... ആരാധനാലയങ്ങളിൽ ദാസിന്റെ അരികിൽ നിൽക്കുമ്പോഴൊക്കെ പ്രാർഥിക്കുകയല്ല, നിശബ്ദം കരയുന്ന മുഖമാണ് പ്രഭയുടേത്.  സൗഭാഗ്യങ്ങൾക്കെല്ലാം കണ്ണീരോടെ നന്ദി പറയുന്നതുപോലെ...  ഈയിടെ മൂകാംബികയിലും അതേ ഭാവം ! കണ്ണീരിന്റെ ചില്ലക്ഷരങ്ങൾ ! സഫല സുന്ദരമായ ദാമ്പത്യത്തിന്റെ പ്രഭാവലയം അവർ രണ്ടുപേരും ഒരുമിച്ചുണ്ടാവുമ്പോഴൊക്കെ കാണാറുണ്ട്.

ആഗ്രഹം തോന്നുമ്പോഴൊക്കെ ഇഷ്ടമുള്ള പാട്ട് പാടിത്തരാൻ ഒരാൾ കൂടെ.... അങ്ങനെയൊരു കൗതുകം മനസ്സിൽ വച്ചാണ് ദാസേട്ടനെപ്പറ്റി ഒരിക്കൽ പ്രഭച്ചേച്ചിയോടു സംസാരിച്ചത്. പത്തുവർഷം മുമ്പ് ദാസേട്ടന്റെ 70–ാം പിറന്നാൾ വേളയിലായിരുന്നു അത്. അന്നത്തെ ആ സംസാരം പ്രഭയുള്ളൊരാൾ എന്ന തലക്കെട്ടിൽ മനോരമയുടെ ഞായറാഴ്ചയിൽ പ്രസിദ്ധീകരിച്ചു. പ്രഭയുടെ  പേരിൽ തയാറാക്കിയ ആ കുറിപ്പ് പത്തു വർഷങ്ങൾക്കു ശേഷം വീണ്ടും വായിക്കുമ്പോൾ 

tear-09
ആരാധനാലയങ്ങളിൽ ദാസിന്റെ അരികിൽ നിൽക്കുമ്പോഴൊക്കെ പ്രാർഥിക്കുകയല്ല, നിശബ്ദം കരയുന്ന മുഖമാണ് പ്രഭയുടേത്.

പ്രഭയുള്ളൊരാൾ..

പ്രഭ യേശുദാസ്

എല്ലാവരും എഴുതിയിട്ടുള്ള ഗന്ധർവനെക്കുറിച്ചല്ല, എന്റെ ജീവിതം സംഗീതമാക്കിയ മനുഷ്യനെക്കുറിച്ചാണ് ഈ കുറിപ്പ്. ഇത് എഴുതാൻ തുടങ്ങുമ്പോൾ പാട്ടെഴുതാനിരിക്കുന്ന കവികളുടെ മുഖം എന്റെ മനസ്സിൽ വരുന്നുണ്ട്. 

എന്തെഴുതും! 

എവിടെ തുടങ്ങും!

ഈശ്വരൻ കംപോസ് ചെയ്‌ത ട്യൂണിനൊപ്പിച്ചുള്ള പാട്ടായിരുന്നു യേശുദാസിന്റെ ജീവിതം. ആ പാട്ടിൽ ചേർന്ന ശ്രുതി ഞാനും മൂന്നു മക്കളും!

k-j-yesudas-with-prabha-yesudas-01
കെ. ജെ യേശുദാസ്, പ്രഭ യേശുദാസ്

ദാസേട്ടൻ എന്നോടു പലപ്പോഴും പറയാറുണ്ട് – അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയാണ് ഞാനെന്ന്.  ആദ്യ ഭാര്യ സംഗീതമാണ് ദാസേട്ടന്!  അതിനുശേഷം ഞാനും മക്കളും. ആദ്യ ഭാര്യയെ അദ്ദേഹത്തെപ്പോലെ തന്നെ ഞങ്ങളും സ്‌നേഹിക്കുന്നുണ്ട്. അതു ഞങ്ങളുടെ കുടുംബരഹസ്യം! എന്റെ പതിനെട്ടാം വയസ്സിൽ ദാസേട്ടന്റെ ജീവിതത്തോടു ചേർന്നതാണ് ഞാൻ. അതിനും മുമ്പ് ഞാൻ കണ്ടിട്ടുണ്ട്, അദ്ദേഹത്തെ എന്റെ ക്ലാസിൽ പഠിച്ച പലർക്കുമെന്ന പോലെ എനിക്കും ചെറുപ്പക്കാരനായ ആ പാട്ടുകാരനെ ഇഷ്‌ടമായിരുന്നു. കാരണം എനിക്കു പാട്ട് ഇഷ്‌ടമായിരുന്നു.

1966 ജൂലൈയിൽ റിലീസായ കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ പരസ്യ വാചകം ഇപ്പോഴും എന്റെ ഓർമയിലുണ്ട് – കായംകുളം കൊച്ചുണ്ണി – നിങ്ങൾ കാത്തുകാത്തിരുന്ന ചിത്രം! അഭിനയ സമ്രാട്ടായ സത്യന്റെയൊപ്പം ഗാനഗന്ധർവനായ യേശുദാസ് പാടി അഭിനയിക്കുന്നു! ഞാനും എന്റെ ചേച്ചി ശശിയും അച്ചാച്ചന്റെയൊപ്പമാണ് കായംകുളം കൊച്ചുണ്ണി കാണാൻ പോയത്. കിന്നരി വച്ച തൊപ്പിയും നൂൽമീശയുമായി മെല്ലിച്ച ചെറുപ്പക്കാരൻ സുറുമ, നല്ല സുറുമ എന്നു പാടി ലജ്‌ജയോടെ നൃത്തം ചെയ്യുന്നതു കണ്ടപ്പോൾ ചിരി വന്നു. ഒന്നു പരിചയപ്പെടാൻ കഴിഞ്ഞെങ്കിലെന്ന് അന്നു മനസ്സിൽ തോന്നി. 

ആയിടയ്‌ക്കാണ് തിരുവനന്തപുരത്ത് യേശുദാസിന്റെ ഗാനമേള വന്നത്. കുടുംബാംഗങ്ങളോടൊപ്പം ഞാനും കേൾക്കാൻ പോയി.ഇഷ്‌ടമുള്ള പാട്ടുകൾ ആവശ്യപ്പെട്ട് സദസ്സിൽനിന്ന് ഗായകന് കുറിപ്പുകൾ കൊടുക്കും. അവയിൽ കുറെ പാട്ടുകൾ ഗായകൻ പാടും.  അതൊരു രസമാണ് അന്ന് ! ബന്ധുവായ ബേബിച്ചായനും ഞങ്ങളോടൊപ്പം പാട്ടു കേൾക്കാൻ വന്നിരുന്നു. ഇഷ്‌ടപ്പെട്ട പാട്ട് ബേബിച്ചായൻ ആവശ്യപ്പെട്ടത് രസമുള്ളൊരു രീതിയിലായിരുന്നു. കടലാസിനു പകരം പുതിയ അഞ്ചുരൂപാ നോട്ടിന്റെ വെളുത്ത ഭാഗത്ത് പാട്ടെഴുതി സ്‌റ്റേജിലേക്കു കൊടുത്തു

കെ. ജെ യേശുദാസ്
കെ. ജെ യേശുദാസ്

വില പിടിച്ച ആ കുറിപ്പു കണ്ട ഗായകൻ ഒന്നു ചിരിച്ചു. എന്നിട്ടു പാടി: പഞ്ചവർണ തത്ത പോലെ കൊഞ്ചിവന്ന പെണ്ണേ..  പാടിപ്പാടി പല്ലവി കഴിഞ്ഞ് ചരണത്തിലെത്തിയപ്പോൾ പാട്ട് ഇങ്ങനെ മാറി – അഞ്ചുരൂപ നോട്ടു കണ്ടെൻ നെഞ്ചു തകരണു പെണ്ണേ.. പഞ്ചസാര വാക്കുകൊണ്ടെൻ നെഞ്ചു തകരണു പെണ്ണേ.. എന്നതിനു പകരം ഗായകന്റെ കുസൃതി. അതു കേട്ടതോടെ എനിക്ക് ആളോട് ഇഷ്‌ടം കൂടി. പാട്ടുകളിലൂടെയാണ് ഞങ്ങളുടെ ഇഷ്‌ടം മുറുകിയത്. കുടുംബാംഗങ്ങൾ ഒത്തുചേർന്ന ചില ചടങ്ങുകളിൽ വച്ച് ഞങ്ങൾ കണ്ടു, പരിചയപ്പെട്ടു. 

ആദ്യമായി ദാസേട്ടന്റെ ശബ്‌ദം ഫോണിൽ കേട്ടത് ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ആകാശവാണിയിൽ നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങളിലൂടെ എല്ലാവരും കേട്ട ഈണവും ഇമ്പവുമുള്ള ശബ്‌ദമല്ല. പ്രകടമായ കൊച്ചി സംസാര ശൈലിയുണ്ട് അന്നൊക്കെ ആ സംസാരത്തിന്. പ്രഭയല്ലേ, നമ്മടെ ഒരു കൂട്ടുകാരന്റെ കല്യാണത്തിനു കനകക്കുന്ന് പാലസിൽ വന്നതാണ്. അപ്പോൾ വെറുതെ വിളിക്കാമെന്നു തോന്നി.

വിശേഷങ്ങൾ ചോദിച്ചു, ഞാൻ എന്തൊക്കെയോ പറഞ്ഞു.  ഫോൺ വയ്‌ക്കും മുമ്പ് ഒരു ചോദ്യം: ഇന്നു സെനറ്റ് ഹാളിൽ ഗാനമേളയുണ്ട്. പ്രഭ വരുമോ? അധികം നീളാത്ത ആ സംസാരത്തിനിടെ മൂന്നാലു തവണ ദാസ് ഇങ്ങനെ ആവർത്തിച്ചത് ഞാൻ ശ്രദ്ധിച്ചു: വെറുതെ വിളിച്ചതാണ് ! ആ വാചകം ഓരോ തവണ കേട്ടപ്പോളും എന്റെ മനസ്സ് എന്നോടു തിരുത്തിപ്പറഞ്ഞു: പ്രഭേ, വെറുതയല്ല ഈ വിളി!

പിറ്റേന്നു പരീക്ഷയാണ് എന്നിട്ടും ഗാനമേളയ്‌ക്കുള്ള ക്ഷണം നിരസിക്കാൻ എനിക്കു കഴിഞ്ഞില്ല. സെനറ്റ് ഹാളിലെ പരിപാടിക്കു ഞങ്ങൾ കുടുംബസമേതം പോയി.  പാട്ടുകേട്ടിരിക്കെ മൈക്കിലൂടെ ഇങ്ങനെയൊരു അനൗൺസ്‌മെന്റ്: അടുത്തതായി പ്രാണസഖീ എന്ന ഗാനം. പ്രാണസഖീ ഞാൻ വെറുമൊരു എന്ന പാട്ടു പ്രതീക്ഷിച്ചിരിക്കുകയാണ് എല്ലാവരും. ദാസേട്ടൻ പാടിയത് പ്രാണസഖീ.. നീയെവിടെ.. നീയെവിടെ എന്നൊരു പുതിയ പാട്ട്.  

k-j-yesudas-with-wife-prabha-03
കെ. ജെ യേശുദാസ്, പ്രഭ യേശുദാസ്

ദാസ് തന്നെ ട്യൂണിട്ടതാണ് ആ ഗാനം. സിനിമയ്‌ക്കു വേണ്ടി ചെയ്‌തതല്ല ! പിന്നെ ആർക്കു വേണ്ടിയായിരുന്നു ആ പാട്ട്! നീയെവിടെ.. നീയെവിടെ എന്നു പാടുന്നതു കേട്ടപ്പോൾ എന്നോടു ചോദിക്കുന്നതാണെന്ന് എനിക്കു തോന്നി. മനസ്സിലൊരു കുസൃതി തോന്നി. ഓഡിയൻസിനിടയിൽ ഇരുന്ന ഞാൻ കൈയുയർത്തി പാട്ടുകാരന്റെ നേരെ കാട്ടി – ഞാൻ ഇവിടെത്തന്നെയുണ്ട് എന്ന മട്ടിലൊരു ആംഗ്യം!  ഗായകൻ കണ്ടോ ആവോ!  എന്തായാലും ഞാൻ അതത്ര കാര്യമാക്കിയില്ല. പക്ഷേ, പിന്നീടൊരിക്കൽ കണ്ടപ്പോൾ ദാസ് പറഞ്ഞു: അന്ന് സെനറ്റ് ഹാളിൽ വന്നു അല്ലേ?! ഞാൻ കണ്ടായിരുന്നു.

ഞാൻ വിശ്വസിച്ചില്ല: വെറുതെയെന്തിനു കള്ളം പറയുന്നു.

അല്ല, ഞാൻ കണ്ടു, പ്രാണസഖീ നീയെവിടെ എന്നു പാടിയപ്പോഴല്ലേ..!

കേൾക്കെ കേൾക്കെ ചില പാട്ടുകളോട് ഇഷ്‌ടം കൂടുന്നതുപോലെ ഞങ്ങൾ മെല്ലെ മെല്ലെ സ്‌നേഹത്തിലായി.

വീട്ടിലെ ഇളയ മകളായിരുന്നു ഞാൻ.  വളരെ സ്‌ട്രിക്‌ടായ ഒരു ക്രിസ്‌ത്യൻ കുടുംബത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും. പരസ്‌പരം സ്‌നേഹിക്കുമ്പോഴും ഞാനും ദാസും ഒരു കാര്യം തീരുമാനിച്ചിരുന്നു – വീട്ടുകാരെ വിഷമിപ്പിച്ചാവരുത് ഞങ്ങളുടെ വിവാഹം. 

1969 ഒക്‌ടോബറിലായിരുന്നു വിവാഹ നിശ്‌ചയം. മോതിരം മാറലിലൂടെ എനിക്കു സ്വന്തമായിക്കിട്ടിയത് രത്നത്തെക്കാൾ കോടിപുണ്യമാർന്ന ഒരു അപൂർവ വൈഢൂര്യമായിരുന്നു – യേശുദാസ്! വിവാഹനിശ്‌ചയ ത്തിനു തൊട്ടുപിന്നാലെയാണ് ദാസിന് അപൂർവമായൊരു ബഹുമതി കിട്ടിയത്. മുംബൈയിലെ ഷൺമുഖാനന്ദ ഹാളിൽ യേശുദാസിന്റെ സംഗീത കച്ചേരി. കച്ചേരി കേൾക്കാൻ ഗുരുനാഥൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുമുണ്ടായിരുന്നു.

k-j-yesudas-with-wife-04
പ്രഭ യേശുദാസ്,കെ. ജെ യേശുദാസ്

ശങ്കരാചാര്യർ അനുഗ്രഹിച്ചു സമ്മാനിച്ച പൊന്നാട അന്ന് ഗുരുനാഥൻ യേശുദാസിനെ അണിയിച്ചു. ഗുരു തന്റെ പിൻഗാമിയെ അനുഗ്രഹിച്ചു വാഴിക്കുന്നതുപോലെ എനിക്കു തോന്നി. ജീവിതത്തിൽ ഞാൻ ഏറ്റവും അധികം അഭിമാനിച്ചത് അന്നാണ്. ഈ അപൂർവ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ ദൈവം എനിക്ക് അവസരം തന്നല്ലോ ! 

ആയിടയ്‌ക്ക് ഒരിക്കൽ ഞങ്ങൾ കുടുംബാംഗങ്ങളോടൊത്ത് കന്യാകുമാരിയിൽ പോയി.  സമുദ്രതീരത്ത് ഞങ്ങൾ എല്ലാവരും ഒന്നിച്ചിരിക്കുകയാണ്. ദാസ് ഒരു പാട്ടു പാടണം – ആരോ പറഞ്ഞു, എല്ലാവരും നിർബന്ധിച്ചു. സാഗരങ്ങളുടെ സംഗമസന്നിധിയിൽ വച്ച് ആ സന്ധ്യയ്‌ക്ക് ദാസ് പാടിയത് ഇന്നും എന്റെ കാതിൽ മുഴങ്ങുന്നുണ്ട് – ഇന്ദുലേഖേ.. ഇന്ദുലേഖേ.. ഇന്ദ്രസദസ്സിലെ.. നൃത്തലോലേ.. വയലാർ എഴുതിയ ആ പാട്ടിന് സിനിമയിൽ ആഹാ.. ആഹാ.. എന്ന ഹമ്മിങ് പാടിയത് പി. ലീലയാണ്. ഇവിടെ ആ ദൗത്യം എനിക്കു കൈവന്നു. 

ദാസിനൊപ്പം ഞാൻ കൂടെപ്പാടി. 

 

നവഗ്രഹ വീഥിയിലൂടെ.. 

നന്ദനവനത്തിൽ കതിർമണ്ഡപത്തിൽ

നവവധുവായ് വന്നു നീ, ആരുടെ

നവവധുവായ് വന്നു നീ..

എന്ന ഭാഗം വന്നപ്പോൾ ഞാൻ ആലോചിച്ചു: എന്തിനായിരുന്നു ആ പാട്ടുതന്നെ ദാസേട്ടൻ തിരഞ്ഞെടുത്തത്? മഹാസാഗരങ്ങൾ കേൾക്കെ ദാസേട്ടൻ പാടിയത് എന്നെപ്പറ്റിയായിരിക്കില്ലേ..! ഇന്നത്തെ പെൺകുട്ടികളുടെ ലോകത്തെക്കാൾ എത്രയോ ചെറുതായിരുന്നു ചെറുപ്പത്തിൽ ഞങ്ങളുടെ ലോകം. ആളുകളുമായി അധികം ഇടപഴകാനറിയാത്ത കുട്ടിയായിരുന്നു ഞാൻ. ദാസ് ആകട്ടെ അന്നേ പ്രശസ്‌തൻ.  എവിടെപ്പോയാലും ആളുകൾ പൊതിയും.  ആൾക്കൂട്ടത്തിനിടയിൽ ഒന്നും മിണ്ടാതെ, ഒതുങ്ങി മാറി നിന്ന മിണ്ടാപ്പൂച്ചയായിരുന്നു ഞാൻ. എന്നെ മാറ്റിയെടുത്തത്, ഞാനാക്കിയത് സത്യത്തിൽ ദാസേട്ടനാണ്. 

function-08
ന‌ടി ശാരദയെ കണ്ടുമുട്ടിയപ്പോൾ

ആ തണലിൽ ജീവിതം നാൽപതു വർഷമെത്തുമ്പോൾ എനിക്കു ലഭിച്ച സൗഭാഗ്യത്തിന് ഞാൻ ഓരോ നിമിഷവും ഈശ്വരനു നന്ദി പറയുന്നുണ്ട്. പെട്ടെന്നു ദേഷ്യം വരും ദാസിന്. അതിലും പെട്ടെന്നു തണുക്കും.  എല്ലാ കാര്യങ്ങളെയും വല്ലാത്ത ആത്മാർഥയോടെ സമീപിക്കുന്ന സ്വഭാവമുണ്ട്. അതുകൊണ്ടു തന്നെ പെട്ടെന്ന് ഇമോഷണലാകും. ഒരു സംഭവം എന്റെ മനസ്സിലുണ്ട്. മലയാള സിനിമാ ഗാനങ്ങളുടെ അമ്പതാം വാർഷികം തിരുവനന്തപുരത്തു നടക്കുന്നു.  മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു എന്ന വയലാറിന്റെ പ്രശസ്‌തമായ പാട്ട് വേദിയിൽ  പാടുമ്പോൾ ആ ശബ്‌ദം ഇടറി.  കണ്ണുകൾ നിറഞ്ഞ് ദാസേട്ടൻ പാട്ടു നിർത്തി.  മതങ്ങൾ തമ്മിലുള്ള വൈരത്തെപ്പറ്റി ദാസ് അന്ന് നിറകണ്ണുകളോടെ സംസാരിച്ചു. എഴുന്നേറ്റുനിന്ന് മിനിറ്റുകളോളം കൈയടിച്ചാണ് ഓഡിയൻസ് ദാസേട്ടനെ സപ്പോർട്ട് ചെയ്‌തത്.

പഴയൊരു കഥയാണ്.  അന്ന് ഞാനും ദാസേട്ടന്റെ സഹോദരി ജയമ്മയും അമ്മയും മദ്രാസിൽ ഒരുമിച്ചാണ് താമസം. ഞങ്ങൾക്ക് സിനിമ ഭയങ്കര ക്രേസാണ്. ഞങ്ങൾ തനിയെ തീയറ്ററിൽ പോകുന്നത് ദാസിന് അത്ര ഇഷ്‌ടമുള്ള കാര്യമല്ല. അദ്ദേഹം റെക്കോർഡിങിനും മറ്റും പോകുമ്പോൾ അമ്മച്ചി ഞങ്ങളെയും കൂട്ടി സിനിമയ്‌ക്കു ചാടും. മകൻ കൊണ്ടുപോകുമെന്നു കാത്തിരുന്നാൽ നടക്കില്ലെന്ന് അമ്മച്ചിക്ക് അറിയാം. സിനിമയ്‌ക്കു കൊണ്ടുപോകാമെന്നു പലപ്പോഴും പറയും. റെക്കോർഡിങിന്റെയും മറ്റും തിരക്കുമൂലം  കഴിയാറില്ല. ഇനി വീട്ടിലുണ്ടെങ്കിലോ ഷോയുടെ സമയമാകുമ്പോൾ ദാസിനു ഭയങ്കര തലവേദന, അല്ലെങ്കിൽ നെഞ്ചിനു വേദന! സിനിമയുടെ സമയം കഴിയുമ്പോൾ രോഗമൊക്കെ മാഞ്ഞുപോകും!

ഭയങ്കര പ്രൊട്ടക്‌ടീവുമാണ് ദാസേട്ടൻ. ഞങ്ങളുടെ എല്ലാക്കാര്യങ്ങൾക്കും താൻ ഒപ്പം വേണം എന്ന നിർബന്ധമുണ്ട്.  നല്ല ഭംഗിയായിരുന്നു ജയമ്മയെ കാണാൻ!  ആ ടെൻഷനും ഉണ്ടാവാം അന്നൊക്കെ മനസ്സിൽ! തിരക്കുകളെ സ്‌നേഹിച്ചായിരുന്നു എന്നും ഞങ്ങളുടെ ജീവിതം.  കച്ചേരിക്കും ഗാനമേളയ്‌ക്കു മൊക്കെ ശേഷം പണ്ടൊക്കെ രാത്രി വൈകി ദാസ് വീട്ടിൽ വരുമ്പോൾ മക്കൾ പലപ്പോഴും ഉറങ്ങിക്കഴിയും. അവർക്കു രാവിലെ സ്‌കൂളിൽ പോകേണ്ടതാണെന്ന് ഒന്നും നോക്കില്ല. വിളിച്ചുണർത്തും. കുറച്ചുനേരം അവരുടെ കൂടെ കളിച്ചിട്ടേ കിടക്കാൻ അനുവദിക്കൂ. 

Family
വിജയ് യേശുദാസിനൊപ്പം

മക്കളെപ്പറ്റി പറഞ്ഞപ്പോൾ ഒരു കാര്യം ഓർമ വന്നു. വിവാഹം കഴിഞ്ഞ് ഏഴു വർഷം കഴിഞ്ഞാണ് ഞങ്ങൾക്കു കുട്ടികളുണ്ടായത്.  അത് ദാസിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഞാൻ ഗർഭിണിയായ സമയം. ഒരു ഗാനമേള. അമ്പിളീ നിന്നെ പുൽകി എന്ന പാട്ട് ദാസ് പാടുന്നു. അതിൽ ഒരു വരിയിങ്ങനെയാണ് –

കാലമറിയാതെ ഞാൻ അച്‌ഛനായ്,

കഥയറിയാതെ നീ അമ്മയായ്..

അതു പാടിയപ്പോൾ ദാസിന്റെ കണ്ണു നിറയുന്നതു ഞാൻ ശ്രദ്ധിച്ചു. സദസ്സിലുള്ള എന്റെ മുഖത്തേക്കു കണ്ണീരോടെ ദാസേട്ടൻ നോക്കി. ഞാനും കരയുകയായിരുന്നു എന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്.

എപ്പോൾ ആ പാട്ടു കേട്ടാലും എന്റെ മനസ്സിൽ വരുന്നത് മക്കളുടെ മുഖമാണ്. ഇതുപോലെ ഒരായിരം പാട്ടുകളുണ്ട് മനസ്സിൽ.  അവയിൽ ആയിരം പാദസരങ്ങളോട് എനിക്ക് ഇഷ്‌ടം കൂടുതലുണ്ട്.  കാരണം ഞാനും ദാസും കൂടി ഒരുമിച്ച് ആദ്യമായി കണ്ട സിനിമയാണ് നദി. 

with-kids-06
മക്കളിൽ രണ്ടുപേർക്കൊപ്പം

എനിക്ക് ഇഷ്‌ടമുള്ളൊരു പാട്ടുണ്ട്, പ്രേമസർവസ്വമേ എന്ന പാട്ട്. ഞാൻ എത്ര പറഞ്ഞാലും ഗാനമേളകളിൽ അത് പാടാറേയില്ല. അതു ദാസേട്ടന്റെ മറ്റൊരു കുസൃതി. റേഡിയോയിൽ ശാസ്‌ത്രീയ സംഗീതം കേൾക്കുമ്പോൾ പണ്ടൊക്കെ കൂട്ടുകാർ കളിയാക്കുമായിരുന്നു: ഇതെന്താ ഇവർ തനെന്നാ, തോരനെന്നാ എന്നു ചോദിക്കുന്നത്? 

at-mannarashala-06
മണ്ണാറശാലയിൽ

അന്നൊക്കെ ഞാനും ചിന്തിക്കുമായിരുന്നു, ഇവർ പറയുന്നതു ശരിയാണല്ലോ!  അങ്ങനെയുള്ള ഞാൻ ദാസേട്ടനെ പരിചയപ്പെട്ടു. ആ സംഗീതം എന്റെ ജീവശ്വാസമായി. ഒടുവിൽ ഞാനും ശാസ്‌ത്രീയ സംഗീതം പഠിക്കാൻ തുടങ്ങി. ഇടയ്‌ക്കു കുറെക്കാലം ഞാൻ വീണയും അഭ്യസിച്ചു. മക്കളിൽ ആരെയെങ്കിലും പാട്ടുകാരാക്കാൻ ദാസേട്ടൻ ഒരിക്കലും നിർബന്ധം പിടിച്ചിട്ടില്ല.  മൂന്നുപേരും പാടുമായിരുന്നു. നല്ല ടാലന്റുണ്ടെങ്കിൽ മാത്രം പാട്ടിന്റെ ലോകത്തേക്കു വന്നാൽ മതിയെന്നായിരുന്നു ദാസേട്ടന്റെ തീരുമാനം. 

yesudas-mookambika
മകൻ വിജയ് യേശുദാസിനൊപ്പം

വിജയ് അന്നേ പാട്ടിന്റെ ആളായിരുന്നു. എല്ലാ കാര്യങ്ങളും പാടിക്കൊണ്ടേ ചെയ്യൂ. പാഠങ്ങൾ കാണാതെ പഠിക്കുന്നതും മറ്റും പാട്ടിന്റെ രൂപത്തിലാണ്. ചെറിയ ക്ലാസിലായിരിക്കുമ്പോൾ ഒരിക്കൽ സ്‌കൂൾ ടീച്ചർ അവനെ ഇതിനു വഴക്കു പറഞ്ഞു. ദാസേട്ടന് അത് ഇഷ്‌ടപ്പെട്ടില്ല. അവന്റെ ജീവിതം അതാണെങ്കിൽ ആ വഴിയിലൂടെ പോകട്ടെയെന്നായിരുന്നു തീരുമാനം. അവനെ ആ സ്‌കൂളിൽനിന്നു മാറ്റി. 

മക്കളിൽ ഒരാൾ ഡോക്‌ടറാകണമെന്നായിരുന്നു എന്റെ ആഗ്രഹം.  കാരണം ഞാൻ ചെറുപ്പത്തിൽ മോഹിച്ചതും സെക്കൻഡ് ഗ്രൂപ്പെടുത്തതും അതിനായിരുന്നു. പക്ഷേ എല്ലാവരും ഇഷ്‌ടപ്പെടുന്ന പാട്ടിനു പിന്നാലെയായി എന്റെ ജീവിതം. ആ പാട്ടിന് സർവകലാശാലകൾ ഡോക്‌ടറേറ്റ് ബിരുദം നൽകി ആദരിച്ചു.

k-j-yesudas-04
കെ. ജെ യേശുദാസ്

അതും ഈശ്വരന്റെ മറ്റൊരു വിസ്‌മയം! സാധാരണ ഭർത്താക്കന്മാരെപ്പറ്റി ഭാര്യമാർക്ക് എന്തൊക്കെപറയാൻ കാണും!  ഭർത്താവിന്റെ ജോലി, ഇഷ്‌ടങ്ങൾ, ഭക്ഷണരീതി, വിശ്വാസം, പെരുമാറ്റം.. അങ്ങനെ തനിക്കുമാത്രം അറിയാവുന്ന എന്തൊക്കെ സ്വകാര്യങ്ങൾ. 

അക്കാര്യത്തിലും ഞാൻ ഭാഗ്യവതിയാണ്. എന്റെ ഭർത്താവിനെപ്പറ്റി  ഇതെല്ലാം ലോകത്തെല്ലാവർക്കും അറിയാം. എന്നെപ്പോലെതന്നെഎല്ലാവരും  അദ്ദേഹത്തെ സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു.

ലോകം കേൾക്കാൻ കൊതിക്കുന്ന ആ ശബ്‌ദം എന്റേതു കൂടിയാണ്! അതല്ലേ, എന്റെ ജീവിത സൗഭാഗ്യം!

English Summary : Dr. K.J Yesudas, Prabha Yesudas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ