ആണുങ്ങളുടെ ബ്ളൗസ്

Penakathy-column
SHARE

ഭാര്യമാരുമായി പിണങ്ങിയ നാലുപേർ ഒരു അപാർട്മെന്റെടുത്ത് താമസിക്കുകയായിരുന്നു. സജീവൻ, രാജീവൻ, സെബാസ്റ്റ്യൻ, അരവിന്ദൻ എന്നായിരുന്നു അവരുടെ പേരുകൾ. അവർ ആത്മാവിൽ പഞ്ചറായാവരും വേഷങ്ങളിൽ ധനികരുമായിരുന്നു. അവർ എല്ലാ ദിവസവും മദ്യം കഴിക്കുകയും കുറെ സമയം ചെലവിട്ടു കുളിക്കുകയും ചെയ്തു.

ട്രാൻക്വിൽ എന്നു പേരിട്ട അപ്പാർട്ട്മെന്റിലായിരുന്നു അവരുടെ താമസം. അവിടത്തെ എല്ലാ നിലകളിലും ബാൽക്കണികളിൽ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും വസ്ത്രങ്ങൾ ഉണങ്ങാനിടുമായിരുന്നു. ആ കാഴ്ചയില്ലാത്ത ഒരേയൊരു ബാൽക്കണി ഇവരുടേതായിരുന്നു.

ബാൽക്കണികൾ ചെറിയ അഴികളുള്ള, കറുത്ത പെയിന്റടിച്ച കമ്പി വലകൊണ്ട് അടച്ചു വയ്ക്കുന്നത് നഗരവാസികളുടെ ഒരു ആചാരമാണ്. തുറന്നു കിടന്നാൽ കാക്കകൾ ഭിക്ഷക്കാരെപ്പോലെ സംശയിച്ചും പ്രാവുകൾ ധനികരെപ്പോലെ ആത്മവിശ്വാസത്തോടെയും കയറി വരും. ഇതു രണ്ടും തടയാനാണ് ഇരുമ്പുവലകൾ. 

ഒരു ദിവസം രാവിലെ രാജീവനും സജീവനും ബാൽക്കണിയിലിരുന്ന് കാരംസ് കളിക്കുകയായിരുന്നു. അന്നേരമാണ് അപ്രതീക്ഷിതമായി മഴ വന്നതും മുകൾ നിലയിൽ എവിടെയോ നിന്ന് ഒരു ബ്ളൗസ് കാറ്റിൽ പറന്ന് താഴേക്കു വീണതും. തുറന്ന ബാൽക്കണിയിലൂടെ പറന്നു വന്ന് അത് കാരംസ് ബോർഡിന്റെ നടുവിൽ വന്നു വീണു. രാജീവൻ അടിച്ചു തെറിപ്പിക്കാൻ ഉന്നം വച്ചുകൊണ്ടിരുന്ന ചുവന്ന കട്ട ബ്ളൗസിനടിയിൽ പേടിച്ച് ഒളിച്ചു.

ചൂണ്ടുവിരൽ മടക്കി വെളുത്ത കട്ടയെ ഞോടിത്തെറിപ്പിക്കാനാഞ്ഞ രാജീവൻ ഒന്നു മടിച്ചു. ആ ബ്ളൗസിന്റെ ഉയർന്നു നിൽക്കുന്ന രണ്ടു യൗവന സങ്കൽപങ്ങളിൽ ഏതിലോ ഒന്നിന്റെ ഉള്ളിലാണ് അയാൾ ഉന്നം വച്ച ആ ചുവന്ന കട്ട.

രാജീവൻ അത്ഭുതത്തോടെ വിളിച്ചു പറഞ്ഞു... നോക്കൂ, ഒരു ബ്ളൗസ് ! അതോടെ സജീവനും പറഞ്ഞു... അതെ ചുവന്ന ബ്ളൗസ് ! സെബാസ്റ്റ്യനും അരവിന്ദനും ഓടി വന്നു.. ഇതാരുടെ ബ്ളൗസ്?

അരവിന്ദൻ ‍പറഞ്ഞു.. ചന്ദേരി സിൽക് കോട്ടൺ ബ്ളൗസ്. സൈസ് 36, പ്രായം 30, കല്യാൺ സിൽക്സ്.

മറ്റു മൂന്നു പേരും അത്ഭുതപ്പെട്ടു നോക്കുന്നതു കണ്ട് അരവിന്ദൻ പറ‍ഞ്ഞു... എന്റെ അമ്മ ടെയ്‍ലറായിരുന്നു. 

ആ ബ്ളൗസെടുക്കാൻ സെബാസ്റ്റ്യന്റെ കൈനീണ്ടു. അന്നേരം പുറത്തുനിന്ന് ആരോ ബെല്ലടിച്ചു. അവർ ഉറപ്പിച്ചു. ആ ബ്ളൗസിന്റെ ഉടമയായിരിക്കും. 

അതൊരു കൊച്ചു പെൺകുട്ടിയായിരുന്നു. അവൾ മുഖം മാത്രം അകത്തേക്കു നീട്ടി തല കുലുക്കി ചോദിച്ചു.. ഇവിടെ കറന്റുണ്ടോ?

ഉണ്ടല്ലോ. 

മമ്മി ചോദിക്കാൻ വിട്ടതാണ്.

രാജീവൻ‍ പറഞ്ഞു.. ഒന്നൂടെ നോക്കട്ടെ മോളേ. 

അയാൾ ചില സ്വിച്ചുകൾ ഓൺ ചെയ്തുനോക്കിയിട്ടു പറഞ്ഞു... ഉണ്ട്. മോളുടെ വീട്ടിൽ ഇല്ലേ.?

അറീല്ല എന്നു പറഞ്ഞ് അവൾ ഓടിക്കളഞ്ഞു. അടുത്ത നിലയിലേക്കുള്ള പടവുകളിലൂടെ ആരോ എറിഞ്ഞ ഒരു റബർ ബോൾ പോലെ തുള്ളിച്ചാടി അവൾ അപ്രത്യക്ഷയായി.

സെബാസ്റ്റ്യൻ പറഞ്ഞു.. ഞാനും അതുപോലെ ചാടട്ടേ.

സജീവൻ കളിയാക്കി: നടു ഉളുക്കുമേ... 

ഉളുക്കുവാണേൽ ഉളുക്കട്ടെ. അയാൾ സ്റ്റെപ്പുകളിലൂടെ ചാടാൻ തുടങ്ങി. അതുകണ്ട് ബാക്കി മൂന്നുപേരും പറഞ്ഞു.. എന്നും യോഗാ ചെയ്യുന്നതിന്റെ ഗുണമാണ്.

രാജീവൻ ചോദിച്ചു... എത്രയാ അവന്റെ പ്രായം ?

52.

അത് എന്താ മാറാത്തത് ?

സജീവൻ മൊബൈൽ ഫോണെടുത്ത് ക്യാരംസ് ബോർഡും ബ്ളൗസും ഒപ്പം കൂട്ടുകാരെയും കാണും വിധം ഫോട്ടോപിടുത്തം തുടങ്ങി. എടുത്ത ചില ഫ്രെയിമുകൾ നോക്കിയിട്ട് അയാൾ പറഞ്ഞു.. മെൻസ് കോളജിൽ നട്ടുച്ചയ്ക്ക് ഒരു പെൺകുട്ടി വന്നതുപോലെ !

അതിലും നല്ല ആംഗിൾ ഞാനെടുക്കാം എന്നായി അരവിന്ദൻ. അയാൾ ഒരു പൂവില്ലു പോലെ കാരംസ് ബോർഡിന്റെ നടുവിലേക്ക് വളഞ്ഞു നിന്നിട്ടു പറഞ്ഞു.. നന്നായി വിരിച്ചിട്ട ബ്ളൗസ് ടോപ് ആംഗിളിൽ പറക്കാൻ കൊതിക്കുന്ന ചിത്രശലഭം ചിറകുവിരിച്ചതു പോലെ തോന്നും !

സെബാസ്റ്റ്യൻ അരവിന്ദനെ കളിയാക്കി... ഓ, നീ എഴുത്തുകാരനാണല്ലോ. ഭാവന നല്ലതു തന്നെ. 

അരവിന്ദന് അത് ഇഷ്ടപ്പെട്ടു. അയാൾ വിവരിക്കാൻ തുടങ്ങി. ഒരു സ്ത്രീ ഒരേ സമയം ധരിക്കുന്ന 12 വസ്ത്രങ്ങളിൽ ഒന്നു മാത്രമാണ് ബ്ളൗസ്. അതിന് സ്വതന്ത്രമായ ഒരു വ്യക്തിത്വമില്ല. അത് സാരിയുടെ അനുസരണയുള്ള സഹയാത്രികയാണ് ! 

അതൊക്കെ ശരി തന്നെ പക്ഷേ ഇത് ആരുടേതായിരിക്കും ? 

രാജീവൻ പറഞ്ഞു... അരുന്ധതിയുടേതാണ്. 

അതാരാ അരുന്ധതി?

അറിയില്ല. എന്റെയോ നിങ്ങളുടെയോ ഭാര്യമാരുടേതല്ലാത്ത ഒരു പേര് പറഞ്ഞെന്നേയുള്ളൂ.

സജീവൻ പറഞ്ഞു... എന്തിനാ ഇത്രയൊക്കെ ആലോചിക്കുന്നത്. ഈ ബ്ളൗസ് വേസ്റ്റ് ബാസ്കറ്റിൽ കളഞ്ഞാൽപ്പോരേ?

അതു വേണ്ട. വേസ്റ്റ് എടുക്കാൻ വരുന്നത് തമിഴത്തി കണ്ണകിയാണ്. അവർക്കു സംശയം തോന്നും. 

എന്തു സംശയം തോന്നാ‍ൻ? തോന്നട്ടെ. ഭാര്യയും മക്കളുമില്ലാത്ത നമ്മൾക്ക് ഗോസിപ്പ് ഒരു ഗോപിക്കുറിയാണ്. നമ്മൾക്കു വേണ്ടത് സദാചാര ബോധമല്ല. സദാ ചാര ബോധമാണ്. ചാരന്മാരെപ്പോലെ നടക്കുക.

സെബാസ്റ്റ്യൻ ചാരന്മാരുടെ നടപ്പ് അഭിനയിച്ച് അടുക്കളയിലേക്കു നടന്നു. ഫ്രിഡ്ജിനുള്ളിലെ സ്വർണവെളിച്ചത്തിൽ നിന്ന് ഒരു കുപ്പിയെടുത്തിട്ടു പറഞ്ഞു.. നമ്മൾക്കൊരെണ്ണം വീശിയാലോ?

വീശാം.

അവർ നാലുപേരും ഊണു മേശയ്ക്കരികിലേക്കുപോയി.

അരവിന്ദൻ പറഞ്ഞു... ഞാൻ ഒന്നൂടെ ഒന്നു നോക്കിയിട്ടു വരാം. കണ്ണുതെറ്റിയാൽ അതു വീണ്ടും പറന്നു പോയാലോ !

അനന്തരം അവർ നാലുപേരും നിറഞ്ഞ ഗ്ളാസുകളായി പതഞ്ഞു തുളുമ്പി. 

നല്ല നേരം നാലുമണിയായി. നഗരത്തിന്റെ ആസക്തികൾ സായാഹ്ന വെയിലിൽ നടക്കാനിറങ്ങി.

മുകൾ നിലയിൽ നിന്ന് കുസൃതിത്തുള്ളിച്ചാട്ടത്തോടെ രാവിലെ കണ്ട റബർ ബോളും അവളുടെ അമ്മയും പടികളിറങ്ങി വരുന്നത് സെബാസ്റ്റ്യൻ കണ്ടു. 

അവൾ പാടുന്ന നഴ്സറിപ്പാട്ടിന്റെ ഒരല അയാളെ വന്നു തൊട്ട് പടിയിറങ്ങിപ്പോയി... 

ബ്ളാ ബ്ളാ ബ്ളാക്ക് ഷീപ് ഹാവ് യു എനി ബ്ളൗസ്..! 

സെബാസ്റ്റ്യൻ ആ പാട്ടിന് ഒന്നു കൂടി കാതോർത്തു, വിശ്വാസം വരാതെ... 

Content Summary: Penakathy Column by Vinod Nair on Blouse

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA