അവളുടെ മുടി മുറിച്ചതാര്?!

penakathy-column-on-a-police-case
SHARE

രാത്രിയിൽ ഓട്ടോക്കാരൻ രാജേന്ദ്രന്റെ കൂടെ ടെറസിൽ കിടന്നുറങ്ങിയ ലയ എന്ന യുവതിയുടെ മുടി മുറിച്ച നിലയിൽ. ആരാണ് മുറിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. കത്രികയോ മൂർച്ചയുള്ള സാധനങ്ങളോ കിട്ടിയിട്ടില്ല. ടെറസിൽ മുടിയുടെ പാടുകളില്ല. 

ഇടപ്പള്ളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 

ആരു മുറിച്ചു?

എന്തിനു മുറിച്ചു?

ഈ വാർത്തയുടെ പിന്നിലെ കഥ തേടി യാത്ര ചെയ്യുകയാണ് അരുണാപുരം സതീഷ് എന്ന പത്രപ്രവർത്തകൻ.

ലയ 

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജേണലിസം വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങിയ ലയ എന്ന യുവതി ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തകയാണ്.  കോഴിക്കോടാണ് വീട്.  അന്ന കത്രിക്കടവ് എന്ന റിട്ടയേഡ് കോളജ് അധ്യാപികയുടെ ഇടപ്പള്ളിയിലെ വീട്ടിൽ പിജിയായി താമസിക്കുകയാണ് ഇപ്പോൾ. കോളജ് അധ്യാപികയായിരുന്ന കാലത്ത് അന്ന ജെജെ ഇരുമ്പനം എന്ന പ്രമുഖ പത്രപ്രവർത്തകനുമായി പ്രണയത്തിലായിരുന്നു. അതുകൊണ്ടുതന്നെ പത്രപ്രവർത്തനത്തിലെ കുഞ്ഞരിപ്രാവായ ലയയോട് അന്നയ്ക്ക് പ്രത്യേകിച്ച് ഒരിഷ്ടക്കൂടുതലുണ്ട്. അന്ന ടീച്ചർ അവിവാഹിതയാണ്. കിമി, മിമി, ഷമി, സെമി എന്നീ നാലു പൂച്ചകളാണ് ആ വീട്ടിലെ മറ്റ് അംഗങ്ങൾ. 

രാത്രി വൈകി ജോലി കഴിഞ്ഞു വരുകയും രാവിലെ വൈകി ഉണരുകയും ചെയ്യുന്ന പെൺകുട്ടികളെ കൊച്ചിയിൽ ഗൃഹനാഥകൾ പൊതുവേ പിജിയായി സ്വീകരിക്കാറില്ല. മകന്റെ ഭാര്യയായി പരിഗണിക്കുന്നതുപോലെയാണ് പലരുടെയും മനോഭാവം. ഇക്കാര്യത്തിൽ വലിയ ആശ്വാസമുണ്ട് ലയയ്ക്ക്. രാത്രി എത്ര വൈകി തിരിച്ചെത്തിയാലും അന്ന ടീച്ചർ  ഗേറ്റ് പൂട്ടില്ല.

കൊച്ചിയിലെ പ്രമുഖരുടെ ആത്മകഥ എഴുതിക്കൊടുക്കുകയാണ് ലയ ഇപ്പോൾ പ്രധാനമായും ചെയ്യുന്നത്. രണ്ട് സ്വർണ വ്യാപാരികളുടെയും ഒരു ആശുപത്രി ഉടമയുടെയും ഒരു പാട്ടുകാരന്റെയും ആത്മകഥ പുറത്തിറങ്ങിയത് വലിയ ചർച്ചയായിരുന്നു. മലയാള സിനിമയിലെ ഒരു പ്രശസ്ത നായികയുടെ ആത്മകഥയുടെ രചനയിലാണ് ഇപ്പോൾ. പേര് വെള്ളിയരഞ്ഞാണം 

ജോലിയുടെ ഭാഗമായി ധാരാളം യാത്ര ചെയ്യേണ്ടി വരാറുണ്ട് ലയയ്ക്ക്. ഓട്ടോയിലാണ് അവളുടെ യാത്രകൾ. 

ഓട്ടോക്കാരൻ രാജേന്ദ്രൻ

ഇടപ്പള്ളി സ്റ്റാൻഡിലെ ഓട്ടോക്കാരനാണ് രാജേന്ദ്രൻ. ഓട്ടോയുടെ പേര് സന്യാസിനി. വയലാർ ഗാനങ്ങളുടെ ആരാധകനാണ് അയാൾ. ലയ രണ്ടു തവണ തുടർച്ചയായി രാജേന്ദ്രന്റെ ഓട്ടോയിൽ കയറുകയും പിന്നീട് എല്ലാ ഓട്ടങ്ങൾക്കും അയാളെത്തന്നെ വിളിക്കുകയുമായിരുന്നു. ആ അനുഭവത്തെ അവൾ അഫിനിറ്റി എന്നാണ് വിശേഷിപ്പിക്കുന്നത്. 

ട്രാഫിക് ബ്ളോക്ക്, കണ്ടെയ്നർ ലോറികൾ, സിഗ്നൽ ലൈറ്റ് എന്നിവ മൂലം ഏതു സമയവും ബ്ളോക്കുണ്ടാകാവുന്ന നഗരമാണ് കൊച്ചി. ഈ അവസ്ഥകളിൽ ഫുട്പാത്തുകളിലൂടെ ഓടിക്കുകയും അതിവേഗം എല്ലാ വാഹനങ്ങളുടെയും മുന്നിലെത്തുകയും ചെയ്യും എന്നതാണ് രാജേന്ദ്രന്റെ വിരുത്. എത്ര വൈകിയിറങ്ങിയാലും കൃത്യസമയത്ത് സ്ഥലത്ത് എത്തിക്കും.

ലയ സന്യാസിനിയിലെ സ്ഥിരം യാത്രക്കാരിയായതോടെ ഓട്ടോക്കാരൻ രാജേന്ദ്രൻ പത്രപ്രവർത്തനത്തിലെ രണ്ട് പ്രധാന വാക്കുകൾ പഠിച്ചു. ഡെഡ് ലൈൻ, പ്ളേസ് ലൈൻ. 

ലയയ്ക്ക് എത്തേണ്ട സ്ഥലമാണ് പ്ളേസ് ലൈൻ. എത്തേണ്ട സമയമാണ് ഡെഡ് ലൈൻ. ഇതു രണ്ടും കൃത്യമായി പാലിക്കാൻ രാജേന്ദ്രൻ എന്നും ശ്രദ്ധാലുവാണ്. ലയ ഓട്ടോയിൽ കയറുമ്പോൾത്തന്നെ ഈ രണ്ടു വാക്കുകളും അയാൾ ചോദിക്കും. 

പത്രപ്രവർത്തകരുമായി യാത്ര ചെയ്യുന്നത് രാജേന്ദ്രനും ഇഷ്ടമാണ്. കാരണം രാഷ്ട്രീയക്കാരാണെങ്കിൽ ഡെസ്റ്റിനേഷൻ പോയിന്റിനോ യാത്രാസമയത്തിനോ കൃത്യത ഉണ്ടാവില്ല. വണ്ടിയിലിരുന്ന് ഉറക്കെ സംസാരിക്കും. യാത്ര ചെയ്യുന്ന ആളായിരിക്കില്ല ഓട്ടോചാർജ് തരുന്നത്. ചില പൊലീസുകാർ കയറിയാലുടനെ മീറ്ററിലേക്കു നോക്കും. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ഓട്ടോ നിർത്താൻ പറയുന്നവരാണ് സ്ത്രീകൾ. കുട്ടികൾ സീറ്റ് കുത്തിക്കീറും. അല്ലെങ്കിൽ പേന കൊണ്ട് കുത്തിവരയ്ക്കും. പാട്ടുകാരോ എഴുത്തുകാരോ ആണെങ്കിലോ കാലെടുത്തു സീറ്റിൽ വയ്ക്കും. പത്രപ്രവർത്തകർ പൊതുവേ ഇത്തരം ദോഷങ്ങൾ ഇല്ലാത്തവരാണ്. 

മുടി

അന്ന കത്രിക്കടവ് ഒരു ദിവസം അളവെടുത്തപ്പോൾ 60 സെമീ ആണ് ലയയുടെ മുടിയുടെ നീളം. അന്ന ടീച്ചറുടെ മുടിയുടെ നീളം 33 സെമീ. എറണാകുളം മഹാരാജാസിൽ താൻ പഠിപ്പിച്ച ഒരു കുട്ടിക്കു പോലും ലയയുടെ അത്രയും നീളത്തിൽ മുടിയുള്ളതായി അന്ന ടീച്ചർക്ക് ഓർമയില്ല. 

ജെജെ ഇരുമ്പനത്തിന് നീളമുള്ള മുടിയോട് ഒരിഷ്ടമുണ്ടായിരുന്നു. അത് അറിയാവുന്ന അന്ന ടീച്ചർ മുടിയെ സാദരം പരിപാലിക്കുകയും സമൃദ്ധമായി വളർത്തുകയും സമർഥമായി വിനിയോഗിക്കുകയും ചെയ്യുമായിരുന്നു.  

കാറ്റിൽ പറന്ന് മുഖത്തു വന്നു തൊടുന്ന പെൺമുടി ! അതായിരുന്നു അദ്ദേഹത്തിന്റെ ക്രേസ്. അതിനു വേണ്ടി  അധ്യാപികയും പത്രപ്രവർത്തകനും  ഒരുമിച്ച് എറണാകുളത്തെ പ്രൈവറ്റ് ബസുകളിൽ യാത്ര ചെയ്തത് എത്ര സായാഹ്നങ്ങൾ ! കലൂരിലെ ബസ് സ്റ്റാൻ‍ഡിൽ നിന്ന് കയറിയാൽ മുൻസീറ്റിൽ അന്നയ്ക്കും തൊട്ടു പിന്നിലെ സീറ്റിൽ കാമുകനും ഇരിക്കാം. എറണാകുളത്തെ സ്വകാര്യ ബസുകൾ വെകിളി പിടിച്ച കാട്ടുപോത്തുകളെപ്പോലെ യാത്ര ചെയ്യുന്നതിനാൽ മുടിയും വസ്ത്രങ്ങളും പറക്കുകയും ചെയ്യും !

സ്വന്തം മുടി ലയയെ അധികം അഹങ്കാരിയാക്കുന്നില്ല. മുടിയുടെ പരിപാലനം അന്ന ടീച്ചർ ഏറ്റെടുത്തിരുന്നതിനാൽ അവൾക്ക് അത് വലിയ ബാധ്യതയുമല്ല.

കുളിപ്പിന്നൽ, കുളി കഴിഞ്ഞുള്ള ചീകൽ, പുകയടിപ്പിക്കൽ, കറ്റാർവാഴ ജെൽ പുരട്ടൽ തുടങ്ങിയ കാര്യങ്ങളിൽ അന്ന ടീച്ചർ സഹായിക്കും.

ഒരിക്കൽ ഓട്ടോയിൽ വന്നിറങ്ങുമ്പോൾ ലയയുടെ മുടി കൈപ്പിടിയിൽ ഉടക്കി. അന്ന് നൂൽ പൊട്ടാതെ, ഇഴ പിരിയാതെ സൂക്ഷിച്ച് കുരുക്കഴിച്ചു കൊടുത്തത് രാജേന്ദ്രനാണ്. 

ജീവചരിത്രം എഴുതാൻ ഇരിക്കുമ്പോൾ ലയയോടു നടി പറഞ്ഞു... യുവർ ഹെയർ ഈസ് ഓസം ! ബട് ആൻ ആക്ട്രസ് കാണ്ട് അഫോഡ് സച്ച് ലെങ്തി ഹെയർ.  നടിക്കു മുടി പ്രധാനമല്ല.  സാഹചര്യങ്ങൾക്കനുസരിച്ചുള്ള പ്രോപ്പെർട്ടികളാണ് നടിക്കു വേണ്ടത്. 

എക്സ്ട്രാ ടെറസ്ട്രിയൽ

ഇടപ്പള്ളി സ്റ്റേഷനിലെ വനിതാ പൊലീസ് രമ്യ മുകുന്ദൻ ലയയോട് സംഭവം നടന്ന ടെറസിൽ വച്ചു ചോദിച്ചു:  നിങ്ങളെന്തിനാണ് ടെറസിൽ കിടന്നുറങ്ങിയത് ?

ലയ പറഞ്ഞു... എനിക്ക് വളരെ പരിചിതമായ സ്ഥലമാണ് ഈ ടെറസ്. വളരെ സേഫുമാണ്.

അന്ന കത്രിക്കടവിന്റെ വീടിന്റെ ടെറസാണ് അത്. അന്ന എന്നും രാവിലെ യോഗാ പരിശീലിക്കുന്നത് ഇവിടെയാണ്. ചെറിയ പൂന്തോട്ടം, മീൻ കുളം, തുണി ഉണക്കുന്ന രണ്ട് അയകൾ, ബാക്കി ആകാശം ഇതാണ് അതിന്റെ ടെറസ്പ്രകൃതി.  

അന്ന കത്രിക്കടവിനും വളർത്തു പൂച്ചകൾ‍ക്കും അന്ന് ചെങ്കണ്ണ് രോഗം ബാധിച്ചിരിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ നടിയുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചിരുന്നതിനാൽ കണ്ണുരോഗം വരാതിരിക്കാൻ അന്ന് വീട്ടിനുള്ളിൽ ‍കയറാതെ ടെറസിൽ കിടക്കാൻ ലയ തീരുമാനിക്കുകയായിരുന്നു. അൽപം കഴിഞ്ഞപ്പോൾ ഓട്ടോക്കാരൻ രാജേന്ദ്രൻ ഒരു പൊതിയുമായി ടെറസിലേക്കു വന്നു. ലയയ്ക്കുള്ള ബീഫ് പെരട്ടും കൊത്തുപൊറോട്ടയും പാഴ്സൽ വാങ്ങിയാണ് രാജേന്ദ്രൻ ‌എത്തിയത്. 

ഭക്ഷണം കഴിച്ച ശേഷം അന്ന ടീച്ചറുടെ യോഗാ മാറ്റ് ചെടികൾക്കു നടുവിൽ വിരിച്ച് ലയ അതിൽ കിടന്നു. രാജേന്ദ്രൻ കുറച്ചു മാറി അന്നത്തെ പത്രക്കടലാസ് വിരിച്ച് കിടന്നു.  

രാവിലെ ഉണരുമ്പോൾ ലയയുടെ മുടി തോളറ്റം വച്ച് കട്ട് ചെയ്ത നിലയിലായിരുന്നു. രാജേന്ദ്രനെ അവിടെ കാണാനുണ്ടായിരുന്നില്ല.

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ

വനിതാ പൊലീസ്: നിങ്ങളും ആ രാജേന്ദ്രനും ലിവിങ് ടുഗെദർ ആണോ?

ലയ: അല്ല ഗോയിങ് ടുഗെദർ ആണ്. ഞാൻ സ്ഥിരമായി അയാളുടെ ഓട്ടോയിലാണ് യാത്ര ചെയ്യാറുള്ളത്. 

രാത്രി മറ്റാരെങ്കിലും ടെറസിൽ വന്നിരുന്നോ?  ആരെയെങ്കിലും സംശയം?

അന്ന ടീച്ചറുടെ പൂച്ചകൾ ബീഫിന്റെ മണം പിടിച്ച് അന്നു രാത്രി ടെറസിൽ വന്നിരുന്നു. അവരെ ഞാൻ ഓടിച്ചു വിട്ടതാണ്.

നിങ്ങൾ എഴുന്നേൽക്കുമ്പോൾ രാജേന്ദ്രനെ കാണാനില്ലെന്ന് പറയുന്നുണ്ടല്ലോ. അയാൾ എവിടെപ്പോയതാണെന്ന് അറിയാമോ?

ബാക്കി വന്ന കൊത്തുപൊറോട്ടയും ബീഫും വേസ്റ്റ് ബിന്നിൽ കളയാൻ പോയതാണെന്നാണ് പറഞ്ഞത്. 

വനിതാ പൊലീസ് രമ്യ മുകുന്ദൻ  പറഞ്ഞു... ഇത് അവനല്ല !

സംഭവം തുടർക്കഥയായി പത്രത്തിലെഴുതാൻ വന്നു നിന്ന അരുണാപുരം സതീഷ് ചോദിച്ചു... പിന്നെയാര്? 

വനിതാ പൊലീസ് ഒന്നും പറയാതെ ചിരിച്ചു.

അരുണാപുരം സതീഷ് ആഹ്ളാദത്തോടെ ആലോചിച്ചു... നാളത്തെ തലക്കെട്ടു റെഡി. നാലു പൂച്ചകളുള്ള വീട്ടിൽ കണ്ണടച്ചു പാലു കുടിച്ചതാര് ?!

അയാൾ അതിവേഗം പത്രമോഫിസിലേക്കു പോയി.

Content Summary : Penakathy column on a police case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA