ജനസംഖ്യാശോഷണത്തിന്റെ ബോംബ് ഭീഷണിയിൽ ജപ്പാൻ!

HIGHLIGHTS
  • പ്രായമായവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ തൊഴിൽമേഖലയാണ് ഏറ്റവും വലിയ ഭീഷണി നേരിടുന്നത്
japan-population
SHARE

ഭയാനകമായൊരു ജനസംഖ്യാ ബോംബ് തങ്ങൾക്കുമേൽ പൊട്ടുമോയെന്ന കനത്ത ഭീതിയിലാണു ജപ്പാൻ. ജനസംഖ്യാവളർച്ച നിലച്ചതോടെ രാജ്യത്തിന്റെ എല്ലാ മേഖലകളും മാന്ദ്യത്തിലേക്കു വീഴുമെന്ന നിലയിലാണിപ്പോൾ.

കുട്ടികളേക്കാൾ മരിച്ചവർ!

ലോകത്തെതന്നെ ഏറ്റവും ഗുരുതരമായ ജനസംഖ്യാശോഷണം നേരിടുന്ന രാജ്യമാണിപ്പോൾ ജപ്പാൻ. ഇങ്ങനെ പോയാൽ എട്ടു വർഷത്തിനുള്ളിൽ അതിഗുരുതരമായ സ്ഥിതിയിലേക്കു ജപ്പാൻ നിലംപതിക്കുമെന്ന് ജനസംഖ്യാവിദഗ്ധർ മുന്നറിയിപ്പു നൽകിയിരിക്കുന്നു. പ്രസവപ്രായമെത്തിയ വനിതകളുടെ എണ്ണം എട്ടു വർഷത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു പതിക്കുമെന്നും തുടർന്നു ജനസംഖ്യാശോഷണം തിരിച്ചുപോക്കില്ലാത്തത്ര ഗുരുതരനിലയിലാകുമെന്നുമാണു പഠനം. 2022ൽ 8 ലക്ഷം കുട്ടികളാണു ജപ്പാനിലുണ്ടായത്. എന്നാൽ, മരണമടഞ്ഞവരുടെ എണ്ണം ഇതിനേക്കാൾ കൂടുതലാണ്. സജീവസമൂഹമായി നിലനിൽക്കുന്നതിനു ഭീഷണിയായ തരത്തിൽ ജപ്പാന്റെ ജനനനിരക്കു കുറഞ്ഞതായി പ്രധാനമന്ത്രി ഫുമിയോ കിഷിദ ഈയിടെ പ്രസ്താവിച്ചിരുന്നു.

തൊഴിൽമേഖലയ്ക്കും ദോഷം

സമൂഹത്തിൽ പ്രായമായവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ തൊഴിൽമേഖലയാണ് ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. തൊഴിലെടുക്കാൻ ശേഷിയുള്ള യുവജനങ്ങളുടെ എണ്ണത്തിലുള്ള കുറവ് ഇപ്പോൾത്തന്നെ വികസനമാന്ദ്യം നേരിടുന്ന ജപ്പാൻ സമ്പദ്‌‌വ്യവസ്ഥയെ കൂടുതൽ കുഴപ്പങ്ങളിലേക്കു തള്ളിവിടും. വിരമിക്കൽ പ്രായം 68 ആയി ഉയർത്തിയും വിരമിച്ചവരെ വീണ്ടും താൽക്കാലിക അടിസ്ഥാനത്തിൽ ജോലിക്കെടുത്തും ഈ പ്രതിസന്ധി നേരിടണമെന്നാണു രാഷ്ട്രീയകക്ഷികൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്. ലോകത്തെ ഏറ്റവും ഉയർന്ന ആയുർദൈർഘ്യം ഉള്ള രാഷ്ട്രങ്ങളിലൊന്നാണു ജപ്പാൻ. 1500 പേരിൽ ഒരാൾ വീതം 100 വയസ്സു പിന്നിട്ടവരാണ്.

ലിംഗസമത്വത്തിൽ ഏറെ പിന്നിൽ

ലിംഗസമത്വ സൂചികയിൽ ജപ്പാൻ ഏറെ പിറകിലാണെന്നതും ജനസംഖ്യാശോഷണവുമായി ബന്ധപ്പെട്ട മറ്റൊരു കടുത്ത പ്രശ്നമാണ്. ലോക സാമ്പത്തിക ഫോറം കഴിഞ്ഞ വർഷം പുറത്തിറക്കിയ ലിംഗസമത്വ സൂചികയിൽ 146 രാഷ്ട്രങ്ങളിൽ 116–ാം സ്ഥാനത്താണു ജപ്പാൻ.

വലിയതോതിൽ പുരുഷകേന്ദ്രീകൃത മനോഭാവം നിലനിൽക്കുന്നു. 20 അംഗ മന്ത്രിസഭയിലെ വനിത പ്രാതിനിധ്യം 2 മാത്രം. വീട്ടിലെ പാചകജോലിയിൽ സ്ത്രീകളുടെ പങ്ക് 80 ശതമാനത്തോളമാകുമ്പോൾ പുരുഷൻമാരുടേത് 8 ശതമാനം മാത്രമാണ്. വീട്ടുജോലികളിൽ സ്ത്രീകളേക്കാൻ കൂടുതൽ പുരുഷപങ്കാളിത്തം ഉള്ള ഏക ജോലി ഗാർഹികമാലിന്യം പുറത്തുകൊണ്ടുപോയി വയ്ക്കുന്നതാണ്. 49% പുരുഷൻമാർ ഇതു ചെയ്യുമ്പോൾ സ്ത്രീകളുടെ ശതമാനം 43. ഇത്തരം കാരണങ്ങളാൽ പുതിയ തലമുറ പെൺകുട്ടികൾ കല്യാണം കഴിക്കാനും പ്രസവിക്കാനും വിമുഖത പുലർത്തുന്നതായി സാമൂഹികശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Videsha Vishesham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS