ഹാർഡ് വർക്ക് അല്ല; ഇനി വേണ്ടത് സ്മാർട് വർക്ക്

HIGHLIGHTS
  • പരീക്ഷകളിലും ഇന്റർവ്യൂകളിലും പിന്നാക്കം വലിക്കുന്ന ഘടകങ്ങൾ നമ്മെ നിയന്ത്രിക്കുന്നതു നമ്മൾ അറിയാറില്ല.
  • ആത്മപരിശോധനയും സ്വന്തം പോരായ്മകൾ കണ്ടെത്തി അംഗീകരിക്കാനുള്ള സന്നദ്ധതയും മെച്ചപ്പെടാൻ കഴിയുമെന്ന ആത്മവിശ്വാസവും വേണം.
work
SHARE

ടി.ബാലകൃഷ്ണൻ കേരളത്തിലെ പ്രശസ്തനായ ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2011ൽ അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ചു. ചെന്നൈയിലെ പൊലീസ് ആസ്ഥാനത്തു ക്ലാർക്ക് ജോലിയിലിരിക്കെയാണ് അദ്ദേഹം സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. പ്രായപരിധി അടുത്തെത്തിയിരുന്നു. ഇനി ഒരു അവസരമില്ല. പരീക്ഷ കഴിഞ്ഞു വന്ന് അദ്ദേഹം സഹപ്രവർത്തകർക്കു മധുരം നൽകി. ഫലം വരാൻ പിന്നെയുമുണ്ട്, നാലഞ്ചു മാസം!

മധുരസൽക്കാരം എന്തിനാണെന്നു ചോദിച്ചവരോട് അദ്ദേഹം പറഞ്ഞു: ‘സിവിൽ സർവീസിലേക്ക് പ്രവേശിക്കുന്നതിനു മുന്നോടി’. കടന്ന കൈയായി തോന്നാം. പക്ഷേ, താൻ നടത്തിയ പരിശ്രമങ്ങളിലും സ്വയംനവീകരണത്തിലുമുള്ള അചഞ്ചലമായ വിശ്വാസമാണ് അതിൽ പ്രതിഫലിച്ചത്. ആ ആത്മവിശ്വാസം ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തു.

വിജയപരാജയങ്ങളുടെ വിത്ത്

ബാലകൃഷ്ണനെപ്പോലെ ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരുണ്ട്? എന്നാൽ, ചിലർ മാത്രം വിജയിക്കുന്നു. പലരും പരാജയപ്പെടുന്നു. മറ്റു ചിലർ തിളക്കം കുറഞ്ഞ വിജയവുമായി പൊരുത്തപ്പെടുന്നു. ചിലർ ശരാശരി അധ്വാനംകൊണ്ടു വിജയിക്കുമ്പോൾ, മറ്റു ചിലർ കഠിനാധ്വാനംകൊണ്ടും പരാജയപ്പെടുന്നു. ശിഷ്ടകാലം മുഴുവൻ നിരാശരായി ജീവിക്കുന്നവരും കുറവല്ല. ‘എന്തെല്ലാം ചെയ്‌താലും എന്റെ ഗതി ഇതാണ്; എത്ര ശ്രമിച്ചിട്ടും വിജയിക്കാൻ എനിക്കു യോഗമില്ല’ എന്ന നിഗമനത്തിൽ ഇവർ എത്തിച്ചേരുന്നു.

വിദ്യാർഥിയായിരിക്കുമ്പോഴും ജോലിക്കുവേണ്ടി പരീക്ഷകൾ എഴുതിത്തുടങ്ങുമ്പോഴും ഇത്തരം വിപരീതചിന്തകളും പരാജയബോധവും ഉണരുന്നതു സ്വാഭാവികം. അത് ആത്മവിശ്വാസം കെടുത്തും. ആത്മവിശ്വാസമില്ലാതെ പങ്കെടുക്കുന്ന പരീക്ഷകളിൽ എങ്ങനെ ശോഭിക്കാൻ കഴിയും? ഈ മനോഭാവത്തിലും പ്രതികരണത്തിലും വിജയപരാജയങ്ങളുടെ വിത്ത് ഒളിച്ചിരിപ്പുണ്ട്.

പരീക്ഷകളിലും ഇന്റർവ്യൂകളിലും പിന്നാക്കം വലിക്കുന്ന ഘടകങ്ങൾ നമ്മെ നിയന്ത്രിക്കുന്നതു നമ്മൾ അറിയാറില്ല. പലപ്പോഴും പരീക്ഷാ രീതിയുടെ പോരായ്മയായോ ഇന്റർവ്യൂ നടത്തിയവരുടെ മുൻവിധികളായോ സ്വന്തം ഭാഗ്യക്കേടായോ പരാജയത്തെ വ്യാഖ്യാനിക്കാനാണ് നമുക്കു താൽപര്യം. ‘ഞാൻ എല്ലാം ഭംഗിയായി ചെയ്തു; പക്ഷേ, റിസൾറ്റ് വിപരീതം!’.

മറ്റുള്ളവരാണോ പ്രശ്നം?!

വാസ്തവത്തിൽ നമ്മൾ എല്ലാം ഭംഗിയായി ചെയ്തോ? അഥവാ ‘ഭംഗിയായി’ എന്നു നമ്മൾ കരുതുന്നതിൽ വല്ല പിശകുമുണ്ടോ? പരീക്ഷയ്ക്കുള്ള തയാറെടുപ്പിലും ഉത്തരങ്ങൾ എഴുതുന്ന ശൈലിയിലും ഇൻർവ്യൂവിലെ പെരുമാറ്റത്തിലും അടിസ്ഥാനപരമായ പിഴവോ ന്യൂനതയോ ഉണ്ടോ? ഇതെല്ലാം തുറന്ന മനസ്സോടെ പരിശോധിക്കാൻ പലപ്പോഴും നാം തയാറാകാറില്ല. ‘ഞാൻ എല്ലാം നന്നായി ചെയ്തു; മറ്റുള്ളവരാണു പ്രശ്നം’ എന്ന മനോഭാവമാണ് അതിനു തടസ്സം. അതൊരു ജാമ്യമെടുക്കലാണ്. കുറ്റം മറ്റുള്ളവരുടേതാണെങ്കിൽ നമുക്ക് ഒന്നും ചെയ്യാനില്ലല്ലോ!

ആത്മപരിശോധനയും സ്വന്തം പോരായ്മകൾ കണ്ടെത്തി അംഗീകരിക്കാനുള്ള സന്നദ്ധതയും മെച്ചപ്പെടാൻ കഴിയുമെന്ന ആത്മവിശ്വാസവും വേണം. എങ്കിലേ അധ്വാനത്തിന് അർഹമായ അംഗീകാരം ലഭിക്കൂ. സമബുദ്ധിയോടെയും ശുഭവിശ്വാസത്തോടെയുമുള്ള സമീപനമാണു ജീവിതവിജയത്തിന്റെ രഹസ്യം. പരിശോധിച്ചാൽ മാത്രം പോരാ, നാം പരിചയിച്ച രീതികൾ ബോധപൂർവം മാറ്റിയെടുക്കാനുള്ള നിരന്തരപരിശ്രമവും വേണം.

ഈ സ്വയംനവീകരിക്കലിലൂടെയല്ലാതെ ആരും ജീവിതത്തിൽ വിജയിക്കുന്നില്ല. ഓർക്കുക, നിരന്തരം പോളിഷ് ചെയ്തുചെയ്താണു വജ്രം തിളങ്ങുന്നത്. തിളക്കമില്ലെങ്കിൽ പോളിഷിങ് കുറവാണെന്നേ അർഥമുള്ളൂ.

ഓർക്കേണ്ടവ: ആത്മപരിശോധന, മാറാനുള്ള സന്നദ്ധത, ശുഭവിശ്വാസം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE STORIES FROM Vazhi Vilakku

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS