സുഖമേഖലയുടെ അതിരു ഭേദിക്കാം

HIGHLIGHTS
  • ഒരേ മുറിക്കുള്ളിലിരിക്കുന്ന ഒരാൾ എന്നും കാണുന്നത് ഒരേ ഭൂമിയും ഒരേ ആകാശവുമായിരിക്കും
  • മനുഷ്യജീവിതം മെച്ചപ്പെടുത്തിയ കണ്ടുപിടിത്തങ്ങളെല്ലാം വ്യത്യസ്തമായി ചിന്തിച്ചവരുടെയും വഴിമാറി നടന്നവരുടെയും സംഭാവനകളാണ്
goin up
SHARE

എന്റെ ബന്ധത്തിൽപ്പെട്ടൊരു സ്ത്രീ കഴിഞ്ഞ ദിവസം ഒരാവശ്യത്തിന് എന്നെ സമീപിച്ചു. സർക്കാർ ഉദ്യോഗസ്ഥയാണ്; അസിസ്റ്റന്റ് ഡയറക്ടറായി പ്രമോഷൻ കിട്ടി. പുതുതായി നിയമനം ലഭിച്ച സ്ഥലത്തേക്ക് തിരുവനന്തപുരത്തുനിന്നു 45 മിനിറ്റ് ബസ് യാത്രയുണ്ട്.

ഇത് അനീതിയാണെന്നും സ്വാധീനമുള്ള ചിലർക്കു നഗരത്തിൽ തന്നെ പോസ്റ്റിങ് കിട്ടിയെന്നുമായിരുന്നു ആവലാതി. എന്റെ സ്വാധീനം ഉപയോഗിച്ചു തിരുവനന്തപുരം നഗരത്തിലേക്കു ജോലിമാറ്റം വാങ്ങിക്കൊടുക്കണമെന്നായിരുന്നു ആവശ്യം.

‘പുതിയ സ്ഥലത്തു പോകാൻ എന്താണു തടസ്സം? മക്കളൊക്കെ വളർന്നു കോളജുകളിൽ പഠിക്കുകയല്ലേ? 45 മിനിറ്റിന്റെ ദൂരമല്ലേയുള്ളൂ? പ്രമോഷൻ സഹിതമുള്ള പോസ്റ്റിങ്ങല്ലേ? ഇതിലും എത്രയോ ദൂരെ യാത്ര ചെയ്തും മാറിത്താമസിച്ചും ജോലി നോക്കുന്നവരില്ലേ?’–എന്റെ ഈ ചോദ്യങ്ങൾക്കൊന്നും അവർക്ക് ഉത്തരമില്ലായിരുന്നു. മറിച്ച്, എന്റെ സ്വാധീനക്കുറവോ താൽപര്യക്കുറവോ കാരണം ഞാൻ പറയുന്ന ന്യായങ്ങളാണെന്ന് അവർ കരുതുകയും ചെയ്തു.

സ്ഥിരമായി ചെയ്യുന്ന ജോലികൾ ചെയ്യാനും പരിചയിച്ച സ്ഥലത്തു തന്നെ ജീവിക്കാനും മുൻപ് ഇടപഴകിയവരുമായിത്തന്നെ തുടർന്നും കഴിയാനുമുള്ള വാസന എല്ലാവർക്കുമുണ്ട്. കാരണം അതിനു പ്രത്യേകിച്ച് തയാറെടുപ്പൊന്നും വേണ്ടല്ലോ. പരിചയം തരുന്ന ധൈര്യവും സുഖവും ത്യജിക്കാൻ പലരും ഇഷ്ടപ്പെടുന്നില്ല. മാറ്റങ്ങൾ എപ്പോഴും നമ്മളിൽനിന്നു ചില പൊരുത്തപ്പെടലുകൾ ആവശ്യപ്പടും.

പരിചിത ഇടങ്ങളോടുള്ള മമത ഒരു ചങ്ങലയാണ്; നമ്മൾ സ്വയം ബന്ധിച്ച ചങ്ങല. പുതിയ വഴികളിലേക്കു നടക്കാൻ തുടങ്ങിയാൽ ചങ്ങല മുറുകും. എന്നാൽ, സാധ്യമായ പുതുവഴികളിലൂടെ നടക്കാതിരുന്നാൽ ചെറിയ ഒരു വൃത്തത്തിനുള്ളിൽ ജീവിതം ചുരുണ്ടുകൂടും.

ഈ സുഖമേഖലയുടെ (comfort zone) അതിരുകൾ ഭേദിക്കാൻ കഴിഞ്ഞെങ്കിലേ ജീവിതത്തിന്റെ സാധ്യതകൾ കണ്ടെത്താൻ കഴിയൂ. ഒരേ മുറിക്കുള്ളിലിരിക്കുന്ന ഒരാൾ എന്നും കാണുന്നത് ഒരേ ഭൂമിയും ഒരേ ആകാശവുമായിരിക്കും. പുതിയ വഴികളിലൂടെ നടക്കാനും പുതിയ ആശയങ്ങൾ പരീക്ഷിക്കാനും പരിശീലിക്കണം.

എന്നും സഞ്ചരിക്കുന്ന വഴി ഒന്നു മാറി നോക്കാം. അപരിചിതമായവയോടുള്ള ഭയം മാറ്റി ജീവിതത്തിന്റെ സാധ്യതകൾ തേടാം. പൂർണ സുരക്ഷിതത്വം മാത്രം ആഗ്രഹിക്കുന്നവർക്കു വ്യത്യസ്തമായി ഒന്നും ചെയ്യാൻ കഴിയില്ല. മനുഷ്യജീവിതം മെച്ചപ്പെടുത്തിയ കണ്ടുപിടിത്തങ്ങളെല്ലാം വ്യത്യസ്തമായി ചിന്തിച്ചവരുടെയും വഴിമാറി നടന്നവരുടെയും സംഭാവനകളാണ്. അവരാണ് ജീവിതത്തെ സമ്പന്നമാക്കുന്നവർ. ചെറിയ സാഹസികതകൾ നമുക്കും ശീലമാക്കാം. സുഖമേഖലയിലെ ദീർഘജീവിതം സമ്മാനിച്ച ആലസ്യത്തിൽ നിന്നു പുറത്തുകടക്കാം. ഇല്ലെങ്കിൽ ജീവിതം വിരസവും ശുഷ്കവുമായിത്തീരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE STORIES FROM Vazhi Vilakku

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS