അറിഞ്ഞും അറിയാതെയും

old-couple
Representative Image. Photo Credit: Ruslan Huzau / Shutterstock.com
SHARE

മാതാപിതാക്കളെ വൃദ്ധ സദനത്തിൽ കൊണ്ട് വിടുന്നതും അവരുടെ സ്വത്തുക്കൾ മക്കൾ കൈക്കലാക്കുന്നതും വയസ്സു കാലത്ത് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് അവർ വീടുകളിൽ  കിടന്നു നരകിക്കുന്നതുമൊക്കെ ഇപ്പോൾ സ്ഥിരം കണ്ണീർ കഥകൾക്കു വിഷയമാണ്. ദുഃഖകരമായ അവസ്ഥ തന്നെ.

അതേസമയം ജീവിതകാലം മുഴുവനും അച്ഛനമ്മമാരോടൊപ്പം കഴിയുന്ന മക്കളുമുണ്ട്‌. അവിടെയും പ്രശ്നങ്ങളുണ്ടാവും. ഇതിന് അറിഞ്ഞും അറിയാതെയും  ചില കാര്യകാരണങ്ങളുമുണ്ടാവാറുണ്ട്. വൃദ്ധരായ മാതാപിതാക്കൾ മക്കളുടെ കൂടെ താമസിക്കുമ്പോൾ അവരെ പ്രത്യേകം പരിഗണിക്കുന്നതും പരിഗണിക്കാതിരിക്കുന്നതും ഈ രണ്ടു ഗണങ്ങളിൽ പെടുന്നു. അറിഞ്ഞു കൊണ്ടും അറിയാതെ കണ്ടു.

ലീനയുടെ അമ്മയും അച്ഛനും അവളോടൊപ്പമാണ് താമസിക്കുന്നത്. അവൾ ഒറ്റക്കുട്ടിയാണ്. അവർക്കു വേറെ ആരുമില്ല. സത്യത്തിൽ അവളും ഭർത്താവും കുട്ടികളും അവളുടെ വീട്ടിൽ അവരോടൊപ്പം കഴിയുകയാണ്.

‘‘എന്റെ അമ്മ ഡയബറ്റിക്കാണ്. അച്ഛന് ആ പ്രശ്നമൊന്നുമില്ല. എല്ലാ മധുരവും കഴിക്കും. അമ്മയ്ക്ക് അതൊന്നും വേണ്ട. പക്ഷേ ഐസ് ക്രീം കണ്ടാൽ വിടില്ല. ഇഷ്ടംപോലെ എടുത്തു കഴിക്കും. ഷുഗർ വല്ലാതെ കൂടും. എന്റെ മക്കളും അവരുടെ അച്ഛനുമൊക്കെ അമ്മയെ ഒളിച്ചാണ് ഐസ് ക്രീം കഴിക്കാറുള്ളത്.’’ ലീന സങ്കടത്തോടെ പറഞ്ഞു.

‘‘അത് മനഃ പൂർവ്വമല്ലല്ലോ .അമ്മയ്ക്ക് സുഖമില്ലാത്തതു  കൊണ്ടല്ലേ ?’’ ഞാനവളെ ആശ്വസിപ്പിച്ചു .

‘‘പക്ഷേ ചേച്ചീ, ഞാൻ വല്ലപ്പോഴും അമ്മയ്ക്ക് ഒരു ബൗൾ ഐസ് ക്രീം കൊടുക്കും. ‘ദേ പാടില്ലാത്തതാണ്, ഇന്നത്തേക്ക് കഴിച്ചോ’ എന്ന് പറയുകയും ചെയ്യും .അമ്മയ്ക്കത് മനസ്സിലാവും.’’ ലീന തുടർന്നു.

‘‘അന്നും ഇന്നും എനിക്കിഷ്ടമുള്ളതെന്തും ഉണ്ടാക്കി തരും അമ്മ. അപ്പോൾ അമ്മയ്ക്കിഷ്ടമുള്ളത് വല്ലപ്പോഴുമെങ്കിലും ...’’ അതാണ് മകൾമനസ്സ് !

മൃദുല എന്റെ കൊച്ചു കൂട്ടുകാരിയാണ്.

‘‘വലിയ ചമ്മലായിപ്പോയേനെ ചേച്ചീ. അവളുടെ മുഖവുര.’’ 

‘‘കാര്യം പറയൂ.’’

‘‘അമ്മ കുറച്ചു ദിവസമായി ഇവിടെയുണ്ട് .’’ അമ്മ എന്നാൽ അവളുടെ അമ്മായിയമ്മ.

‘‘ഞങ്ങൾ രാത്രി ചോറുണ്ണാറില്ല. അമ്മയ്ക്ക് ചോറ് മതി. ഇന്നലെ അമ്മ നേരത്തെ കഴിക്കുകയും ചെയ്തു. ഞാൻ മക്കൾക്ക് ഊത്തപ്പം ഉണ്ടാക്കുകയായിരുന്നു. (ദോശ മാവിൽ സവാളയും പച്ചമുളകും പൊടിപൊടിയായി അരിഞ്ഞിട്ട് കട്ടിക്കു ചുട്ടെടുക്കുന്നതാണ് ഊത്തപ്പം.)

വീട് മുഴുവൻ അതിന്റെ മണം പരന്നു.കുട്ടികൾ കഴിച്ചു കഴിഞ്ഞ് പിന്നെയും മൂന്നെണ്ണമുണ്ട്. ഞാനതു കഴിക്കാൻ തുടങ്ങുകയായിരുന്നു. അപ്പോൾ വെറുതെ അമ്മയോടൊന്നു ചോദിയ്ക്കാൻ തോന്നി.

‘അമ്മ കഴിക്കുന്നോ?’ പെട്ടെന്ന് അമ്മ പറഞ്ഞു, ‘ഉണ്ടെങ്കിൽ അമ്മയ്ക്ക് ഒരെണ്ണം തന്നേക്കൂ മോളേ...’ ചേച്ചീ ചോദിക്കാതെ ഞാനങ്ങു കഴിച്ചിരുന്നെങ്കിലോ? കഷ്ടമായി പോയേനെ.’’

‘‘ങാ ഇതാണോ? നീ അറിഞ്ഞു കൊണ്ടു കൊടുക്കാതിരുന്നതല്ല. വേണമെന്ന് പറഞ്ഞപ്പോൾ കൊടുക്കുകയും ചെയ്തു.’’

‘‘എന്നാലും ചേച്ചീ എനിക്കങ്ങു വിഷമമായിപ്പോയി’’

ഇങ്ങനെയുമുണ്ട് മരുമക്കൾ എന്ന് ഞാൻ ഓർത്തു പോയി. ഒരു ചെറിയ കാര്യത്തിൽ അമ്മായിയമ്മയെ അറിയാതെ ഒഴിവാക്കി പോയെങ്കിൽ തെറ്റായേനെ എന്നോർത്ത് വിഷമിക്കുന്നവർ.

ഭാര്യയുടെ അമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു മരുമകനാണ് രവി .

‘‘അമ്മയെപ്പോലെ എന്നൊന്നും ഞാൻ പറയുന്നില്ല ദേവിചേച്ചീ. പക്ഷേ അമ്മയോടുള്ള സ്വാതന്ത്ര്യം എനിക്ക് അമ്മായിയമ്മയോടുമുണ്ട്. അവരുടെ മറ്റൊരു മകൻ തന്നെയാണ് ഞാൻ എന്ന് തന്നെയാണ് അവരും എന്നെ കരുതുന്നത്. ചിലപ്പോഴൊക്കെ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും മനപ്പൂർവ്വമായിരുന്നില്ല. ഒരു വഴക്കിലെത്താതെ അതൊക്കെ പോവുകയും ചെയ്തു. പരസ്പരമുള്ള സഹായ സഹകരണങ്ങൾ ഞങ്ങൾക്കു രണ്ടാൾക്കും മറക്കാനാവില്ലല്ലോ.’’

അമ്മയ്ക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ മുതൽ കൗതുകമുള്ള മറ്റെല്ലാം തന്നെ ഈ മകൻ വാങ്ങിക്കൊണ്ടു വരും. അയാൾക്ക്‌ ഇഷ്ടമുള്ളതെല്ലാം പാചകം ചെയ്യുകയും തുണികൾ വരെ അലക്കി കൊടുക്കയും ചെയ്യും ഈ അമ്മ.

‘‘ആ അമ്മ ഭാഗ്യവതി. അവരുടെ ഈ മരുമകനും ലക്കി’’ ഞാൻ അനുമോദിച്ചു.

പക്ഷേ അറിഞ്ഞു കൊണ്ട് അവഗണിക്കുന്നവർ എത്രയോ ഉണ്ട്. പ്രത്യേകിച്ചും ഭക്ഷണകാര്യത്തിൽ !

റീത്താമ്മ പ്രായം കുറഞ്ഞ ഒരു അമ്മയാണ്. ഭക്ഷണപ്രിയ. അവരുടെ മകൾ സുജ ഭർത്താവിനും മക്കൾക്കുമായി പലതും ഉണ്ടാക്കും. അമ്മയ്ക്ക് കൊടുക്കുകയില്ല എന്ന് മാത്രമല്ല, വേണോ എന്ന് ചോദിക്കുക പോലുമില്ലത്രേ! 

‘‘അതെ സമയം ഞാൻ എന്തെങ്കിലും ഉണ്ടാക്കിയാലോ? അപ്പോൾ അവൾ വന്ന് മുഴുവനും എടുത്തു കൊണ്ടുപോയി അവളും മക്കളും കൂടി തിന്നു തീർക്കും. ഉണ്ടാക്കിയ എനിക്ക് രുചി നോക്കാൻ പോലും കിട്ടുകയില്ല. ഭക്ഷണത്തിനു കണക്കു പറയുന്നത് നാണക്കേടല്ലേ? ഞാൻ പിന്നെ മിണ്ടൂല’’

റീത്താമ്മയുടെ വർത്തമാനം കേട്ട് ഞാൻ ചിരിച്ചു പോയി. റീത്താമ്മയുടെ മകളല്ലേ, ഞാൻ എന്ത് പറയാൻ ! 

‘‘എന്റെ ഒരു കാര്യത്തിലും അവൾക്കു ശ്രദ്ധയില്ല. വല്ലപ്പോഴും ഒരു സാരി, ഒരു നല്ല ബെഡ് ഷീറ്റ് ഒന്നും വാങ്ങിത്തരില്ല.’’

‘‘അതെന്തിനാ? തനിയെ വാങ്ങിക്കൂടെ ആവശ്യമുള്ളതൊക്കെ. പെൻഷൻ ഒക്കെ ഉള്ളതല്ലേ?’’ ഞാൻ ചോദിച്ചു .

‘‘എന്നാലും അവൾ തരുമ്പോൾ ഒരു സന്തോഷമല്ലേ ?’’ പാവം റീത്താമ്മ. അവർക്കു വേണ്ടത് മകളുടെ പരിഗണനയാണ്.

മറിയയുടെ പരാതി മറ്റൊന്നാണ്. അവരുടെ മകൾ സാറ ഭർതൃ ഗൃഹത്തിലാണ് താമസം. രണ്ടു മക്കളുമുണ്ട്‌.. അവിടെ സാറയ്ക്കു സ്വൈരമില്ല. മറ്റൊന്നുമല്ല. സാറയുടെ ഭർത്താവിന് അച്ഛനുമമ്മയും കഴിഞ്ഞേ എന്തുമുള്ളു അവർക്കും മകനെന്നു വച്ചാൽ ജീവൻ. അവരെ പിരിഞ്ഞു താമസിക്കില്ല. അവരുടെ എല്ലാക്കാര്യങ്ങളും നോക്കുന്നത് ആ മകനാണ്. എന്ന് വച്ച് ഭാര്യയെയും മക്കളെയും നന്നായി സംരക്ഷിക്കുകയും ചെയ്യുന്നുണ്ട് .

‘‘ഒരു പൈസ സമ്പാദിക്കാനാവില്ല. ഭക്ഷണം അവർക്കു കൂടി കൊടുക്കണ്ടേ? പിന്നെ മരുന്നും മന്ത്രവും. എല്ലാ ചെലവും വഹിക്കണ്ടേ? കുഞ്ഞുങ്ങൾക്കുപോലും ഒരു സ്പെഷ്യൽ ഉണ്ടാക്കാൻ പറ്റില്ല. അപ്പൊ ഓടിയെത്തും ആ അമ്മച്ചി..’’

‘‘കഷ്ടം. എന്റെ മറിയേ നിങ്ങളാണ് അവളോടൊപ്പം താമസിച്ചിരുന്നെങ്കിൽ അപ്പോഴും മകൾ ഈ പരാതി പറയുമോ?’’ ചോദിക്കാതിരിക്കാൻ എനിക്കായില്ല. മറിയ പിന്നെ മിണ്ടിയില്ല ..

മാളിൽ നിൽക്കുമ്പോൾ എന്റെ സുഹൃത്ത് യൂസഫിനെയും ഭാര്യ റസിയയെയും മക്കളെയും കണ്ടു. എന്നെക്കണ്ടപ്പോൾ അയാൾ  ചിരിച്ചു.

‘‘ബൈജുവും മിനിയും നാട്ടിൽ പോയിരിക്കുകയാ. ആ സമയം ഒന്ന് അടിച്ചു പൊളിക്കാമെന്നു കരുതി.’’

‘‘അതാരാ ?’’ മനസ്സിലായെങ്കിലും ഞാൻ ചോദിച്ചു .

‘‘യൂസഫിന്റെ ഫാദറും മദറും’’ വലിയ തമാശപോലെ റസിയ ചിരിച്ചു.

‘‘ഇന്ന് ലഞ്ച് പുറത്തു നിന്ന്. ഒരു സിനിമയും കാണണം. അവരുണ്ടെങ്കിൽ ഇതൊന്നും പറ്റില്ല.’’

‘‘അതെന്താ’’ ഞാൻ വീണ്ടും. തീരെ വയ്യാത്തവരൊന്നുമല്ല യൂസഫിന്റെ  ഉമ്മയും ഉപ്പയും. പിന്നെന്താ? ഞാൻ ആലോചിച്ചു നിന്നു. 

‘‘നിങ്ങളുടെ സ്വന്തം ഫാദറും മദറുമല്ലേ? ആഘോഷിക്കുമ്പോൾ അവർ കൂടെ ഉണ്ടായാലെന്താ?’’ (മറ്റുള്ളവരുടെ കാര്യത്തിൽ ഇങ്ങനെ ന്യായം പറയാൻ പോയാൽ അമ്മയെ ആരെങ്കിലും തല്ലുകയേ ഉള്ളൂ, എന്ന് പണ്ട് എന്റെ മകൻ പറയാറുണ്ടായിരുന്നു)

യൂസഫിന്റെ മുഖം മങ്ങി .

‘‘ഹോട്ടൽ ഫുഡ് ഒന്നും അവർക്കു പിടിക്കില്ല. പിന്നെ സിനിമ. ഇംഗ്ലിഷ് പടമൊന്നും അവർക്കു രസിക്കില്ല’’

‘‘എപ്പോഴും വേണ്ട. വല്ലപ്പോഴും അവരെ ഒന്ന് പുറത്തു കൊണ്ടുപോകണം. അവർക്കു പറ്റുന്ന ഭക്ഷണം ഹോട്ടലുകളിൽ ഉണ്ടാവും. പിന്നെ ഒരു മലയാളം സിനിമ അത് അവർക്കും ഇഷ്ടാവും.’’ ഇത്രയും പറഞ്ഞ് ഞാൻ നടന്നു.

വലിയ ആർഭാടങ്ങൾ കൊതിക്കുന്നവരല്ല എനിക്ക് പരിചയമുള്ള വയസ്സായ അച്ഛനമ്മമാർ മിക്കവരും. സ്വസ്ഥമായ ജീവിത സായാഹ്നം കൊതിക്കുന്നവരാണ് അധികവും. (അങ്ങനെ അല്ലാത്തവരും ഉണ്ടാവും)

ഒരു കുടുംബത്തെ ഞാൻ പ്രത്യേകം ഓർക്കുന്നു . അവിടുത്തെ അച്ഛനമ്മമാർക്ക് വീട്ടിലെ ഭക്ഷണം മതി. അത് ചൂടായും വൃത്തിയായും സമയത്തും കിട്ടണം. അവർ ധനികരാണ്. മറ്റൊന്നിനും അവർക്കു മകനെയും മരുമകളെയും ആശ്രയിക്കേണ്ടി വരില്ല. പക്ഷേ മകനും മരുമകളും അവരെ ശത്രുക്കളായി കണ്ടു. പാവം അവർക്കു വച്ച് വിളമ്പാനും അവരുടെ കാര്യങ്ങൾ നോക്കാനും അവർക്ക് ഒരു പരിചാരികയെ ആശ്രയിക്കേണ്ടി വന്നു. അതിൽ തെറ്റൊന്നുമില്ല. മക്കളെ ബുദ്ധി മുട്ടിക്കേണ്ടല്ലോ. പക്ഷേ വല്ലപ്പോഴും മകനോടും കുടുംബത്തോടുമൊപ്പം  ഭക്ഷണം കഴിക്കാൻ അവർക്കു വലിയ ആഗ്രഹമായിരുന്നു. അത് സാധിക്കാതെ അവർ ലോകം വെടിഞ്ഞു പോയി.

മരുമക്കളെ കുറ്റം പറയുന്നു എന്ന് കരുതരുത്. ഈ കൂട്ടത്തിൽ മക്കളുമുണ്ട്‌ എന്നതൊരു സത്യം .

ഇവരാരും ദരിദ്ര കുടുംബങ്ങളിൽ പെട്ടവരല്ല. മിഡിൽ ക്ലാസ് അല്ലെങ്കിൽ അപ്പർ ക്ലാസ്. ഇല്ലായ്മ കൊണ്ടാന്നുമല്ല. വിദ്യാഭ്യാസവും വിവരവും ഉള്ളവരാണ് അച്ഛനമ്മമാരും മക്കളും. പിന്നെന്താ? സുഖസൗകര്യങ്ങൾ നമുക്ക് മാത്രം മതി എന്ന മക്കളുടെ സ്വാർത്ഥതയോ? വയസ്സായവരോടുള്ള ഇഷ്ടക്കേടോ? ഇപ്പോഴത്തെ ചെറുപ്പക്കാർ ഇങ്ങനെയൊക്കെയാണ്.

വാർദ്ധക്യം രണ്ടാം ബാല്യമാണ്. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമൊക്കെ ബാലിശമാവും. എന്താ ചെയ്ക അല്ലേ ?

English Summary: Web Column Kadhaillayimakal on care for elderly parents

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.