മഴക്കാലം വന്നൂ മഴക്കാലം

rain
Representative Image. Photo Credit : gpointstudio / Shutterstock.com
SHARE

വീണ്ടും ഒരു ഇടവപ്പാതി ! അത് അങ്ങനെയല്ലേ? .വേനൽ വരും മഴ വരും മഞ്ഞു വരും... പിന്നെയും പിന്നെയും .. അസൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും (മഴക്കെടുതികളും നാശനഷ്ടങ്ങളും വിടുന്നു) മഴ ഇഷ്ടമല്ലാത്തവർ ചുരുക്കം.

എന്റെ ഓർമ്മക്കുറിപ്പുകൾ സമാഹരിച്ച്  കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഓർമകളിലെ പെരുമഴകൾ’ എന്ന പുസ്തകം വായിച്ചിട്ട് ഒരു സുഹൃത്ത്  ചോദിച്ചു.

‘‘മഴ നനയാറുണ്ടോ ഇപ്പോഴും ആ പഴയ കൊച്ചു കുട്ടിയെപ്പോലെ’’

‘‘ഇല്ല. ഫ്ലാറ്റിൽ അത് പറ്റുകയില്ല’’ എന്റെ മറുപടി.

മഴക്കളികളും മഴക്കുളികളും മഴക്കാഴ്ചകളും ഹരമായിരുന്ന ആ കുട്ടിക്കാലം എത്ര അകലെയാണ് (ഏറെ മുതിർന്നിട്ടും അതെല്ലാം തുടർന്നിരുന്നു ഞാൻ എന്നത് മറ്റൊരു തമാശ.)

ഞങ്ങളുടെ ഈ ഫ്ലാറ്റ് കെട്ടിടത്തിൽ മഴക്കാലത്ത് താഴെ കാർ പോർച്ചിൽ മുട്ടറ്റം വെള്ളം നിറയും. എല്ലായിടത്തും മുറ്റം സിമന്റ് ടൈൽസ് ഇട്ട് ഇന്റർലോക് ചെയ്തിരിക്കയല്ലേ? വെള്ളം മണ്ണിൽ അരിഞ്ഞു താഴ്ന്നു പോകുന്നതെങ്ങനെ ? ഒഴുകി പോകാനും ഇടമില്ല. റോഡും ഓടകളും നിറഞ്ഞു കവിയുമ്പോൾ ഇങ്ങോട്ടു വെള്ളം കയറുകയാണ് പതിവ്. ഒരു പുഴയായി മാറിയ റോഡിലൂടെ കാറുകൾ ബോട്ടു പോലെയാണ് പോയിരുന്നത്. (ലോക്ക് ഡൗണും, ക്വാറന്റൈനും കോറോണയുമൊക്കെ വരുന്നതിനു മുൻപുള്ള മഴക്കാലത്തെക്കുറിച്ചാണ് പറയുന്നത്. ഇപ്പോൾ ഈ റോഡിലൂടെ വാഹനങ്ങൾ പോകാറില്ലല്ലോ.) നാലു വീലുകളും കാറിനേക്കാൾ ഉയരത്തിൽ വെള്ളം തെറിപ്പിക്കും. ടൂ വീലറുകൾ ഒരു ജലധാരയുമായി പോകുന്നത് പോലെയാണ് വെള്ളം ചീറ്റിച്ചു കൊണ്ടു പോകുന്നത്. വാഹനത്തിൽ പോകുന്നവർക്ക് പ്രയാസമാണെങ്കിലും ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നോക്കുന്ന ഞങ്ങൾക്ക് നല്ല കാഴ്ചയാണ്. 

ഒരു പെരുമഴക്കാലത്ത് അത്യന്തം രസകരമായ ആ കാഴ്ച നോക്കി നിൽക്കുമ്പോൾ കുട്ടിക്കാലത്ത്  മഴപ്പുഴയിൽ കടലാസ്സു തോണിയിറക്കിയിരുന്നത് എനിക്കോർമ്മ വന്നു. ഉടനെ തന്നെ മിലിയും ഞാനും കൂടി കടലാസ്സു തോണിയുണ്ടാക്കി ബാൽക്കണിയിൽ നിന്ന് താഴത്തെ വെള്ളത്തിലേക്കിട്ടു. അവ മുങ്ങിപ്പോകാതെ ഒഴുകി നീങ്ങുന്നത് ഏറെ നേരം  നോക്കി നിന്നു. എന്റെ ഇത്തരം കുസൃതികൾക്ക് കൂട്ടു നിന്നിരുന്ന മറ്റൊരാളുണ്ടായിരുന്നു -എന്റെ മകൻ സൂരജ് ! രാമു ഇതിനൊന്നും വരാറില്ല. അവൻ സീരിയസാണ്. എന്റെ ഹ്യൂമർ സെൻസൊന്നും അവൻ അത്രയ്ക്ക് ആസ്വദിക്കാറില്ല. കുടുകുടെ ചിരിക്കാൻ എന്റെ കൂടെ കൂടുന്നത് ഇപ്പോൾ മിലിയാണ്.

‘‘പുറത്തു മഴ കോരിച്ചൊരിയുമ്പോൾ അകത്തടച്ചു മൂടിയിരിക്കാൻ എന്ത് രസമാണ്. എന്തെങ്കിലും ചൂടോടെ കഴിച്ചു കൊണ്ട് - അത് പരിപ്പ് വടയാകാം, ചിക്കൻ ഫ്രൈ ആകാം, വറുത്തെടുത്ത കപ്പലണ്ടിയാവാം - പുറത്തെ മഴ നോക്കിയിരിക്കണം.’’ ഒരു സുഹൃത്ത് ഒരിക്കലെഴുതി (അത് കത്തുകളുടെ കാലമായിരുന്നു.)

ഇപ്പോൾ അയാൾ പെൻഷൻ പറ്റി വീട്ടിലിരിക്കുകയാണ്. ഈയിടെ ഒരുദിവസം ആ കൂട്ടുകാരനെ വിളിച്ച് ഞാൻ ചോദിച്ചു.

‘‘മഴക്കാലത്ത് മാത്രമല്ല, എല്ലാക്കാലത്തും വീട്ടിലിരിക്കുന്ന സമയം വന്നല്ലോ. വല്ലതുമൊക്കെ ചൂടോടെ കഴിച്ച് രസിച്ചിരിക്കുകയാണോ?’’

‘‘അല്ല ദേവീ, വല്ലാത്ത ഒരു നിരാശ. എന്നും തിരക്കിട്ടു ജോലിക്കു പോവുകയും വിശ്രമമില്ലാതെ പല കാര്യങ്ങൾക്ക് ഓടി നടക്കുകയും ചെയ്തിരുന്നപ്പോഴല്ലേ വല്ലപ്പോഴും ഒരു മഴ ദിവസം വീട്ടിലിരിക്കുന്നതിന്റെ സുഖവും സന്തോഷവും അനുഭവപ്പെടൂ. ഇതിപ്പോൾ എന്നും ഒരു പോലെ. ഉണ്ണുക ഉറങ്ങുക പിന്നെയും തിന്നുക. കുറെ വായിക്കും എന്നാലും.’’

‘‘എന്ത് ചെയ്യാനാണ് .ഓരോ കാലത്തും ഓരോന്ന്. ഈ സമയവും കടന്നു പോകും. നമ്മളും. കിട്ടുന്ന സമയം സന്തോഷമായിരിക്കൂ’’ ഞാൻ ആശ്വസിപ്പിച്ചു.

ജോലി ചെയ്തിരുന്ന കാലത്ത് രാവിലെ തന്നെ മഴ തുടങ്ങുന്ന ദിവസങ്ങളിൽ ഓഫിസിൽ പോകാൻ എനിക്ക് മടിയായിരുന്നു. പലപ്പോഴും ലീവ് എടുത്ത് വീട്ടിലിരുന്നിട്ടുണ്ട്. ഞാനും മക്കളും കൂടി മഴയിൽ കുളിക്കുക, നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിക്കുക, മുറ്റത്തെ മഴവെള്ളത്തടാകത്തിൽ കടലാസ്സു വഞ്ചികൾ ഇറക്കുക അങ്ങനെ ആ ദിവസം ആനന്ദപ്രദമാക്കും. ചിലപ്പോൾ വൈകുന്നേരം ഓഫിസു വിട്ടു വരുമ്പോഴാവും മഴയെത്തുക. വീട്ടിലേയ്ക്കുള്ള ചെറിയ വഴിയിലൂടെ നടക്കുമ്പോൾ ഞാൻ മിക്കവാറും കുടമടക്കും. ഇരു വശത്തും വീടുകളുണ്ടെങ്കിലും മഴ പെയ്യുന്ന സന്ധ്യകളിൽ ആരെയും പുറത്തു കാണാറില്ല. വഴി വിജനം. മഴയിൽ ഒരു ഷവർ ബാത്തെടുത്ത്, കുത്തിയൊലിക്കുന്ന വെള്ളച്ചാലിൽ കാൽനനച്ച് വെള്ളം തെറിപ്പിച്ച് ഞാൻ താഴേയ്ക്ക് നടക്കും. അതൊരു കാലം !

ഏറെ വർഷങ്ങളായി മഴക്കാലത്ത് വീടിനുള്ളിൽ തന്നെ (ഇത് കേട്ടാൽ തോന്നും മറ്റു കാലാവസ്ഥകളിൽ പുറത്തിറങ്ങാറുണ്ടെന്ന്. ഇല്ല. ഇല്ല തന്നെ.)

മഴയോട് ഇത്രയും മോഹമുണ്ടെങ്കിൽ എന്തു കൊണ്ട് ഒരു മാസ്റ്റർപീസ് മഴക്കഥ എഴുതുന്നില്ല? ഈ ചോദ്യം പല തവണ കേട്ടു.

‘തൂവാനത്തുമ്പികൾ’ എന്ന സിനിമ കാണുന്നതിന് എത്രയോ മുൻപ് ഞാനൊരു മഴക്കഥ എഴുതിയിട്ടുണ്ട്. - ‘മകരമാസത്തിലെ മഴ.’ ജയകൃഷ്ണനും ക്ലാരയും മഴയും തമ്മിലുള്ള അഭേദ്യബന്ധം എന്റെ കഥയിലെ ചാൾസും ഗീതാഞ്ജലിയും തമ്മിലുണ്ട്. അവർ തമ്മിൽ കാണുമ്പോൾ മാത്രമല്ല, ഫോണിൽ സംസാരിക്കുമ്പോഴും കത്ത് വായിക്കുമ്പോഴും മഴപെയ്യും. പിൽക്കാലത്ത് തൂവാനത്തുമ്പികൾ കണ്ടപ്പോൾ ഞാൻ അമ്പരന്നു പോയി. പിന്നെ പുറത്തു പറയാനാവുമോ? കോപ്പിയടിച്ചു എന്നാവില്ലേ ? ഞാനതു പണ്ടേ എഴുതിയതാണെന്ന് തെളിയിക്കാൻ എനിക്കാവുമായിരുന്നില്ല. കാരണം ആ കഥ പ്രസിദ്ധീകരിച്ചിരുന്നില്ല. പിന്നീട്  പ്രസിദ്ധീകരിച്ചുമില്ല. പ്രശസ്തനായ ഒരെഴുത്തുകാരനും സിനിമാക്കാരനും പ്രശസ്തി ഒട്ടുമേയില്ലാത്ത  എഴുത്തുകാരിയുമാവുമ്പോൾ പേരുദോഷം ഈ പാവത്തിന് തന്നെയാവും .(ഇത്തരം അനുഭവങ്ങൾ പല എഴുത്തുകാർക്കും ഉണ്ടായതായി കേട്ടിട്ടുണ്ട് .) ഏതായാലും ഒരു ചെറുകഥാ സമാഹാരത്തിൽ ആ കഥ ചേർത്ത് ഞാൻ എന്നെ തൃപ്തിപ്പെടുത്തി ആശ്വസിപ്പിച്ചു. 

ഓരോ മഴക്കാലവും കഴിയുമ്പോൾ ഞാൻ ഓർക്കാറുണ്ട്. ഇതാ ഒരു മഴക്കാലം കൂടി എനിക്ക് നഷ്ടമായിരിക്കുന്നു. പിന്നെയും കാത്തിരിക്കുന്നു. വീണ്ടുമൊരു മഴക്കാലത്തിനായി.

English Summary: Web Column Kadhaillayimakal on Monsoon Memories

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.