കിയാ കിയാ !

car
പ്രതീകാത്മക ചിത്രം
SHARE

ഒരു തെളിഞ്ഞ പ്രഭാതത്തിൽ എന്റെ മുറ്റത്ത് കറുത്തു തിളങ്ങുന്ന ഒരു പുതിയ കാർ വന്നു നിന്നു. ‘കിയാ’ എന്നാണത്രെ അതിന്റെ പേര്. ഗിയറും ക്ലച്ചും ഒന്നുമില്ല. കയറിയിരുന്ന് ഓടിച്ചാൽ മാത്രം മതി.  ആക്‌സിലറേറ്ററും ബ്രേക്കും നമ്മൾ ചവിട്ടുന്നതിനനുസരിച്ച് ബാക്കിയൊക്കെ ആട്ടോമാറ്റിക്കായി നടന്നോളും. സ്റ്റീയറിങ്ങോ സുഖകരം സുന്ദരം. അതിനു പുറമേ എത്രയോ പുതിയ ഫീച്ചേഴ്‌സ്! ഗിയർ മാറ്റാനും ക്ലച്ച് അമർത്താനും മടിക്കുന്ന ഒരു അത്യന്താധുനിക തലമുറയാണല്ലോ ഇന്നുള്ളത്. അവരുടെ ആശയങ്ങളും ആശകളും കീശയും കണക്കിലെടുത്ത് ഒരു കാറ് രൂപപ്പെടുത്തിയെടുക്കാനാണ് ഇപ്പോഴത്തെ കമ്പനികൾ ശ്രമിക്കുന്നത്. ആഗ്രഹങ്ങൾക്ക് അതിരില്ലല്ലോ , കിട്ടുന്ന ലോണിനോ പരിധിയുമില്ല . പിന്നെന്താ? ആരും കൊതിക്കുന്നൊരു കാറ് സ്വന്തമാക്കാൻ ഒരു പ്രയാസവുമില്ല. അതിന്റെ ഫലമോ, തിരക്കേറിയ നഗര വീഥികളിൽ യാത്ര സുഗമമാവുന്നു, യാതൊരു സംഘർഷവുമില്ലാതെ. 

രണ്ടു നാൾ മുൻപ് വേറൊരു കിയാ കാറുമായി മറ്റൊരാൾ വന്നു. തിളങ്ങുന്ന നീല നിറം. ഗിയറുണ്ട്, ക്ലച്ചില്ല.  അദ്‌ഭുതത്തോടെയാണ് ഞാനീ രണ്ടു കാറും നോക്കിക്കണ്ടത്. ഇങ്ങനെയുള്ള കാറുകൾ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. കണ്ടിട്ടില്ല. വളരെ വേണ്ടപ്പെട്ട പുത്രതുല്യരായ രണ്ടുപേരാണ് രണ്ടു തവണയും കാറുമായി വന്നത്. ‘ദേവിയമ്മയ്ക്ക്’ ഒരു റൈഡ് കിട്ടുകയും ചെയ്തു.

പുതുപുത്തൻ കാറുകൾ പോയിക്കഴിഞ്ഞപ്പോൾ ഞാൻ രാമുവിനോട് ചോദിച്ചു. ‘എന്താ ആ കാറുകളുടെ പേര് ?’  ‘കിയോ കിയോ?’ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ‘‘അമ്മുമ്മേ കിയോ അല്ല കിയാ.  അതാ കമ്പനിയുടെ പേരാണ്. രണ്ടു കാറും രണ്ടു മോഡലാണ്. ഓരോന്നിനും പേരുമുണ്ട്.’’ അവൻ വിശദീകരിച്ചു. ഞാനും ചിരിച്ചു പോയി .

പഴയ കാലങ്ങളിലേയ്ക്ക് മനസ്സ് തിരിച്ചു നടക്കാൻ പിന്നെ താമസമുണ്ടായില്ല. പോകട്ടെ പോകട്ടെ ഇനിയും ഒരു അമ്പതു വർഷം പിന്നിലേയ്ക്ക് ! അന്ന് ഇന്നത്തെ പോലെ പെണ്ണുങ്ങൾ വാഹനങ്ങൾ ഓടിക്കുന്നത് സർവ സാധാരണമൊന്നുമല്ല. അപൂർവമായി ചിലർ ഓടിച്ചിരുന്നില്ല എന്നല്ല. ഇന്ന് അങ്ങനെയാണോ ?  സൈക്കിൾ മുതൽ വിമാനം വരെ സ്ത്രീകൾ കൈകാര്യം ചെയ്യുന്നു. അറുപതുകളുടെ ആദ്യം ബൈക്കോടിച്ചിരുന്ന ഹൃദയമണി എന്ന വനിതാ എഞ്ചിനീയറെ ഞാനിപ്പോഴും ഓർക്കുന്നു.  തിരുവനന്തപുരം നഗരത്തിൽ  അങ്ങനെ ബൈക്കോടിച്ചു നടന്നിരുന്ന ആദ്യത്തെ വനിതയാണോ, ഞങ്ങളുടെ അയൽവാസിയായ ആ ചേച്ചി എന്നെനിക്കറിയില്ല. പക്ഷേ ഞങ്ങൾ ആ തെരുവിലെ താമസക്കാർ ആദ്യമായാണ് ഒരു യുവതി  ബൈക്കോടിച്ചു പോകുന്നതും ബൈക്കിൽ വന്നിറങ്ങുന്നതും കാണുന്നത്. അതും ഒരു തമിഴ് പെൺകൊടി. ‘‘ആ ഹൃദയമണിയുടെ ഒരു ചങ്കൂറ്റം !’’ എന്നാണ് അന്ന് അവിടുത്തെ മുതിർന്ന പെണ്ണുങ്ങൾ പറഞ്ഞിരുന്നത്. ഇന്നോ, ബുള്ളറ്റോടിച്ചു കന്യാകുമാരി മുതൽ കശ്മീർ വരെ സാഹസിക യാത്ര നടത്തുന്ന എത്രയോ ധീര വനിതകൾ !

അനിയത്തിയേയും എന്നെയും ഡ്രൈവിംങ്ങ്  പഠിപ്പിക്കണമെന്ന് അച്ഛനെ നിർബന്ധിച്ചത് അമ്മയാണ് . എന്റെ അമ്മ വളരെ പുരോഗമിച്ച ഒരു മനസ്സിനുടമയായിരുന്നു. പുതിയ അംബാസഡർ കാറാണ്. അല്പം മടിച്ചെങ്കിലും അച്ഛൻ സമ്മതിച്ചു. ഇന്നത്തെ തലമുറയ്ക്ക് ആ വാഹനം പരിചിതമല്ല. ‘സ്റ്റെർഡി വെഹിക്കിൾ’ എന്നറിയപ്പെട്ടിരുന്ന അംബാസഡർ അന്ന് ഏവർക്കും പ്രിയപ്പെട്ടതായിരുന്നു. ക്ലച്ചും ബ്രേക്കും സ്റ്റിയറിങ്ങുമൊക്കെ അതികഠിനം എന്നേ  പറയേണ്ടു. ക്ലച്ചു മുഴുവൻ അമർത്താൻ കഴിയാതെ ഞങ്ങൾ ഗിയർ ഇടുമ്പോൾ കേൾക്കുന്ന ‘കിർർ’ ശബ്ദം അച്ഛന്റെ ബ്ലഡ് പ്രഷർ കൂട്ടി. അച്ഛൻ അക്ഷമനായി എന്നല്ലാതെ കുറെ ദിവസം ശ്രമിച്ചിട്ടും ഞാനോ അനിയത്തിയോ വണ്ടിയോട്ടം പഠിച്ചില്ല. അങ്ങനെ തോറ്റു പിന്മാറാമോ? പിന്നെ ഒരു ഏകാധ്യാപക ഡ്രൈവിംഗ് സ്കൂളിൽ ചേർന്നു. എന്റെ ദൈവമേ! ഒരു പഴഞ്ചടാക്ക് അംബാസഡറുമായി ആ ആശാൻ വന്നു. രണ്ടു സ്റ്റീയറിങ്ങും രണ്ടു ബ്രേക്കും ക്ലച്ചുമൊക്കെയുള്ള ഒരു പ്രത്യേക വണ്ടി. ഡ്രൈവിംഗ് പഠിപ്പിക്കാനായി ഡിസൈൻ ചെയ്തത്. അനിയത്തിയും ഞാനും കയറിക്കൂടി. ഒരാൾ പഠിക്കുമ്പോൾ മറ്റെയാൾ പിന്നിൽ നോക്കിയിരിക്കും. പിന്നിലിരിക്കുന്ന ആളുടെ ഊഴമെത്തുമ്പോൾ നെഞ്ചു പിടയ്ക്കും, ദേഹം വിറയ്ക്കും. 

‘‘ക്ലച്ചു മുഴുവൻ ചവിട്ടു കുട്ടീ’’ എന്ന് ആശാൻ പറയുമ്പോൾ ആരോഗ്യം മുഴുവൻ ഇടതു കാലിലേക്കാവാഹിച്ചു വേണം ചവിട്ടി താഴ്ത്താൻ. ആ യജ്ഞത്തിൽ അനിയത്തിയും ഞാനും സീറ്റിൽ നിന്ന് അരയടി പൊങ്ങും. രണ്ടാളും അന്ന് തീരെ മെലിഞ്ഞ് ദുർബലകളാണ്. പ്രായവും കുറവ് .

‘‘അയ്യ .. എങ്ങോട്ടാണീ പൊങ്ങി പോണത് ?’’ ആശാൻ കളിയാക്കും .

‘‘ബ്രേക്ക് ചവിട്ടു കുട്ടീ’’ എന്ന് പറയുമ്പോൾ തന്നെ ആശാൻ ആ വശത്തെ ബ്രേക്ക് ചവിട്ടിയിരിക്കും .  കാരണം ഞങ്ങൾ ചവിട്ടിയിട്ടു വണ്ടി നിൽക്കാതെ വല്ലയിടത്തും പോയി ഇടിച്ചത് തന്നെ. ആശാൻ ചീത്ത പറഞ്ഞ് ചെവി പൊട്ടിക്കും. ഞങ്ങൾക്ക് രണ്ടാൾക്കും വലിയ വിഷമമായി. പഠിത്തം നിർത്താനും വയ്യ. ഒരു ദിവസം അങ്ങനെ ശകാരം തകർക്കുമ്പോൾ ഞാൻ വണ്ടിയൊതുക്കി റോഡരികിൽ നിറുത്തി.

‘‘എന്താ കുട്ടീ, എന്തിനാ നിറുത്തിയത് ?’’  ആശാൻ അമ്പരന്നു.

‘‘എന്നെ വഴക്കു പറയരുത് ആശാനേ, എനിക്ക് പിന്നെ ഒന്നും ചെയ്യാനാവില്ല.’’ ഞാൻ പറഞ്ഞു. എന്റെ ഗദ്ഗദവും നിറഞ്ഞ കണ്ണുകളും സ്റ്റിയറിംഗ് പിടിച്ചിരിക്കുന്ന വിറയ്ക്കുന്ന കൈകളും ആശാനെ  സ്പർശിച്ചു എന്ന് തോന്നുന്നു.

‘‘അയ്യോ കുട്ടീ നിങ്ങൾ ഇങ്ങനെയാണെന്നു ഞാനറിഞ്ഞില്ല. ആമ്പിള്ളേരെയല്ലേ കൂടുതലും പഠിപ്പിക്കണത്. നല്ല ചീത്ത പറഞ്ഞില്ലെങ്കില് അവന്മാര് പഠിക്കൂല കേട്ടാ. ആ ശീലം വച്ച് അങ്ങ് പറയണതാ മക്കളേ.’’ 

ഏതായാലും പിന്നെയുള്ള വാത്സല്യ പൂർവമുള്ള തിരുത്തലുകളിൽ ഞങ്ങൾ ഡ്രൈവിംഗ് പഠിച്ചു , ലൈസൻസ് എടുത്തു .

അംബാസഡർ അന്ന് ഒരു ജനതാ കാറും ഫിയറ്റ് ഒരു ഫാഷൻ കാറുമാണ്.  പ്രീമിയർ പ്രസിഡന്റ് , പ്രീമിയർ പദ്‌മിനി അങ്ങനെ ഫിയറ്റ് രൂപം മാറി വന്നു. അച്ഛൻ ഒരു ‘പദ്‌മിനി’ എടുത്തു. അംബാസഡറിൽ ശീലിച്ച എനിക്ക് അതിലെ ഡ്രൈവിംഗ് വളരെ ഈസിയായി തോന്നി. അന്നത്തെ ഒരു ‘ഗ്ലാമർ’ കാറായ  ‘ഹെറാൾഡും’ കുറേക്കാലം ഞങ്ങൾക്കുണ്ടായിരുന്നു. അത് ഒരു കളിക്കാറു പോലെയാണ് എനിക്ക് തോന്നിയിരുന്നത്.

പിന്നെ എന്റെ ജീവിതത്തിൽ ഒരു പത്തിരുപതു കൊല്ലം കാറില്ലാക്കാലമായിരുന്നു. സാധാരണക്കാരന് കാറെന്ന ലക്ഷ്വറിയാകാം എന്ന ഭാഗ്യം കൊണ്ടു വന്നത് അതി മനോഹരമായ കൊച്ചു മാരുതിക്കാറായിരുന്നു. വില താങ്ങാവുന്നതായിരുന്നതു കൊണ്ട് എന്നെപ്പോലെയുള്ളവരൊക്കെ മാരുതി 800 എന്ന സ്വപ്നം സ്വന്തമാക്കി. പിന്നെ വന്ന ഓമ്‌നി, സെൻ, ആൾട്ടോ ഇങ്ങനെ പലതരം മാരുതി കാറുകൾ എത്രയോ കാലം മാർക്കറ്റ് കീഴടക്കിയിരുന്നു.

അങ്ങനെ ഞാൻ വീണ്ടും കാർ ഓടിക്കാൻ തുടങ്ങി. മാരുതി എന്റെ കയ്യിൽ ഒതുങ്ങുന്നതായിരുന്നു. ഓമ്‌നി യും മാരുതി 800 ഉം മകനും ഞാനും ഓടിച്ചിരുന്നു. 

കാലം മാറി. ഫാഷൻ മാറി.  എല്ലാവരും വലിയ കാറുകളിലേയ്ക്കു തിരിഞ്ഞു. കെട്ടുവള്ളം പോലെയുള്ള വിലകൂടിയ കാറുകൾ ഇന്ന് സുലഭം.  പേരുകൾ പറയാനാണെങ്കിൽ  ഈ ലേഖനത്തിൽ ഒതുങ്ങുകയില്ല . വലിയ കാറുകളുടെ വരവോടെ ഞാൻ ഡ്രൈവിങ്ങ് നിറത്തി. പ്രായവും രോഗവും കൂടി ബാധിച്ചപ്പോൾ സ്വയം തീരുമാനിച്ചു.

‘‘ഇനി വേണ്ട. എന്നെ മാത്രമല്ല. റോഡിൽ നടക്കുന്ന, വണ്ടികൾ ഓടിക്കുന്ന മറ്റുള്ളവരെയും പരിഗണിക്കണമല്ലോ.’’

(ഇത് പോലെ 85 വയസ്സായ ആ വൃദ്ധൻ ചിന്തിക്കുകയും വണ്ടി ഓടിക്കാതിരിക്കുകയും ചെയ്തിരുന്നു എങ്കിൽ എന്റെ മകൻ ഇങ്ങനെ വർഷങ്ങളായി കിടക്കയിൽ കിടക്കേണ്ടി വരുമായിരുന്നില്ല ) 

ഏതൊക്കെ പുതിയ ആഡംബര കാറുകൾ കണ്ടിട്ടും ഡ്രൈവിങ്ങ് സീറ്റിലിരിക്കാനുള്ള  മോഹം എനിക്കുണ്ടായില്ല. മക്കളും മരുമക്കളും കൊച്ചുമക്കളും മറ്റു വേണ്ടപ്പെട്ടവരുമൊക്കെ പുതിയ പുതിയ കാറുകൾ എടുക്കട്ടേ, ഓടിക്കട്ടെ . അതിലൊക്കെ ഇടയ്ക്കൊരു യാത്ര !  അതിനപ്പുറം എനിക്കെന്താണ് വേണ്ടത് !  

English Summary: Kadhaillayimakal column on driving experience  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA